- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹുഭാഷാ നിഘണ്ടു നിർമ്മിക്കാൻ കൈപ്പറ്റിയത് 7.81 ലക്ഷം രൂപ; അഞ്ച് വർഷമായിട്ടും നിഘണ്ടു നിർമ്മിക്കാതെ വീഴ്ച്ച വരുത്തിയ ആൾ ഇപ്പോൾ കേരള സർവകലാശാല മഹാ നിഘണ്ടു എഡിറ്റർ; മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ.പൂർണിമ മോഹന്റെ അയോഗ്യതയ്ക്ക് കൂടുതൽ തെളിവുകൾ
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായി അനധികൃതനിയമനം ലഭിച്ചെന്ന് ആരോപിക്കപ്പെടുന്ന ഡോ. പൂർണിമാ മോഹൻ മുമ്പ് ബഹുഭാഷാ നിഘണ്ടു തയാറാക്കാൻ യുജിസി ഫണ്ട് കൈപ്പറ്റിയ ശേഷം അലംഭാവം കാണിച്ചയാളെന്ന് റിപ്പോർട്ടുകൾ. 7,81,600 രൂപ യുജിസി ഫണ്ട് കൈപ്പറ്റിയെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന ഗുരുതര ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് ഇത്തരത്തിലൊരു പശ്ചാത്തലമുള്ളയാളെയാണ് കേരള സർവകലാശാല മഹാനിഘണ്ടുവിന്റെ ചുമതല ഏൽപിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് പൂർണിമാ മോഹന്റെ നിയമനം സംബന്ധിച്ച പരാതി ആദ്യമായി ഗവർണർക്ക് നൽകിയത്. പ്രധാന ദ്രാവിഡ ഭാഷകളുടെയും ഏതാനും ഇൻഡോ-യൂറോപ്യൻ ഭാഷകളുടെയും നിഘണ്ടുവായ 'ബഹുഭാഷാ ബോധിനി' തയാറാക്കാനാണ് ഡോ. പൂർണിമാ മോഹന് 2012 ഫെബ്രുവരിയിൽ യുജിസി തുക അനുവദിച്ചത്. യുജിസി ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ, സംസ്കൃത സർവകലാശാലയ്ക്കു കൈമാറിയിരുന്നു. 5 വർഷം കഴിഞ്ഞിട്ടും നിഘണ്ടു നിർമ്മാണം ആരംഭിക്കാത്തതു കൊണ്ട് അനുവദിച്ച തുക മടക്കി നൽകാൻ സംസ്കൃത സർവകലാശാലാ അധികൃതർ പ്രഫസറോട് ആവശ്യപ്പെട്ടു.
നിഘണ്ടു നിർമ്മാണത്തിന് യുജിസി അനുവദിച്ചിരുന്നത് 2 വർഷം ആയിരുന്നു. ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് പ്രഫസർ വരുത്തിയതെന്നാണ് ആക്ഷേപം. വിവിധ ഭാഷകളിൽ പാണ്ഡിത്യമുള്ള ബഹുഭാഷാ പ്രതിഭ ആയതു കൊണ്ടാണ് ഇവരെ സർവകലാശാലാ ഓർഡിനൻസിലെ യോഗ്യതാ വ്യവസ്ഥകൾ ലംഘിച്ച് എഡിറ്ററായി നിയമിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ പൂർണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. കാലടി സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം അദ്ധ്യാപികയായ പൂർണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.
മഹാനിഘണ്ടു മേധാവിക്കു മലയാളത്തിൽ സെക്കൻഡ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും വേണമെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ നിന്നു ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. പകരം മലയാളത്തിലോ സംസ്കൃതത്തിലോ പിഎച്ച്ഡി എന്നു കൂട്ടിച്ചേർത്തു. സർവകലാശാലാ ഓർഡിനൻസിൽ നിശ്ചയിച്ച യോഗ്യതയിൽ മാറ്റം വരുത്താൻ വൈസ് ചാൻസലർക്കോ സിൻഡിക്കറ്റിനോ അധികാരം ഇല്ലെന്നിരിക്കെയാണു വേണ്ടപ്പെട്ടയാളെ നിയമിക്കാൻ ഈ മാറ്റം വരുത്തിയതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിക്കുന്നു.
മലയാളം മഹാനിഘണ്ടു (ലെക്സിക്കൺ) മേധാവി നിയമനത്തിനുള്ള യോഗ്യതകൾ തിരുത്തിയ വിജ്ഞാപനം പുറത്തുവന്നിരുന്നു. യോഗ്യതായി സംസ്കൃത ഗവേഷണ ബിരുദവും ചേർത്താണ് വിജ്ഞാപനം. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. വിജ്ഞാപനം സർവകലാശാല ഓർഡിനൻസിന് വിരുദ്ധമാണെന്നാണ് ആരോപണം.
മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞൻപിള്ള, ഡോ. ആർ.ഇ. ബാലകൃഷ്ണൻ, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരൻനായർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് ഇതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചത്. മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നൽകിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചിരുന്നു. ഇതിനിടെയാണ് യോഗ്യതകൾ തിരുത്തി സർവകലാശാല വിജ്ഞാപനം പുറത്തുവന്നത്.
കാലടി സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപികയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതു ലക്ഷ്യം വച്ചായിരുന്നു യോഗ്യത മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയതെന്ന് വ്യക്തമാണെന്നാണ് ആരോപണം. ജനുവരി 28 ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരികാതിരുന്നത് ദുരൂഹമാണ്. സർവകലാശാല ഓർഡിനൻസിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റം വരുത്തുവാൻ സർവകലാശാല വിസി ക്കോ സിണ്ടിക്കേറ്റിനോ അധികാരമില്ലെന്ന് ശശികുമാറും പറയുന്നു.
മഹാ നിഘണ്ടു മേധാവിക്ക് മലയാള ഭാഷയിൽ ബിരുദാനന്തരബിരുദം അനിവാര്യമാണെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. നിലവിലെ മറ്റ് യോഗ്യതകളോടൊപ്പം സംസ്കൃതം കൂട്ടിചേ ർത്തതാണെന്ന വാദം മുന്മന്ത്രി കെ.ടി.ജലീൽ വിവാദ ബന്ധു നിയമനത്തിന് നടത്തിയ വിജ്ഞാപനത്തിന് സമാനമാണെന്നും അഭിപ്രായം ഉയരുന്നു, യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്സിക്കൺ മേധാവിയുടെ യോഗ്യതകൾ നിശ്ചയിച്ച് നിയമനം നടത്തിയ വൈസ് ചാൻസലറെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിൽ നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.
മഹാനിഘണ്ടു എഡിറ്റർ സ്ഥാനത്തേക്കു യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണു ലഭിച്ചതെന്നും ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം മാത്രമാണു നടത്തിയതെന്നും കേരള സർവകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിഘണ്ടു നിർമ്മാണത്തിൽ അറിവില്ലെന്നു തെളിയിച്ച പ്രഫസറെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ച കേരള സർവകലാശാലയുടെ നടപടി റദ്ദാക്കാൻ വിസിക്കു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.