വിജയ് മല്യ 9000 കോടി രൂപയുമായി ലണ്ടനിലേക്ക് മുങ്ങിയതും പഞ്ചാബ് നാഷണൽ ബാങ്കിനെപ്പറ്റിച്ച് നീരവ് മോദി 11,400 കോടി രൂപ തട്ടിച്ചതും റോട്ടോമാക്ക് കമ്പനി ഉടമ ബാങ്കുകൾക്ക് 4500 കോടി രൂപയോളം നൽകാതെ മുങ്ങിയതും അവരുടെ അതിബുദ്ധികൊണ്ടാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽവരെ കൈയിട്ടുവാരുന്ന ബാങ്കുകൾ, പലവട്ടം അബദ്ധം പറ്റിയിട്ടും അതിസമ്പർക്ക് വാരിക്കോരി വായ്പ കൊടുക്കുന്നതെന്തിനാണ്? വർഷങ്ങളായി ഇത്തരം കൊള്ളക്കാരെ സഹായിക്കുന്ന സർക്കാർ നിലപാടാണ് കടം കൊടുത്ത കാശ് കിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലേക്ക് ബാങ്കുകളെ എത്തിക്കുന്നത്. അതിൽ മുന്നിട്ടുനിൽക്കുന്നത് നരേന്ദ്ര മോദി സർക്കാരും.

സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ കിട്ടാക്കടം നികത്തുന്നതിന് പതിനൊന്ന് വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയത് 2.6 ലക്ഷം കോടി രൂപയാണ്. പാവപ്പെട്ടവന്റെ നികുതിപ്പണമാണ് കോടീശ്വരന്മാർ തിരിച്ചടയ്ക്കാത്ത വായ്പകൾക്ക് പകരമായി സർക്കാർ നൽകുന്നത്. കിട്ടാക്കടവും കോടീശ്വരന്മാരുടെ വായ്‌പ്പാത്തട്ടിപ്പുകളും പരിഹരിക്കുന്നതിനാണ് ഇത്രയും കോടി രൂപ സർക്കാർ ബാങ്കുകൾക്ക് നൽകുന്നത്. പതിനൊന്ന് വർഷത്തിനിടെ കേന്ദ്രം ബാങ്കുകൾക്ക് നൽകിയ തുക, ഗ്രാമീണ വികസനത്തിന് നീക്കിവെച്ച തുകയുടെ ഇരട്ടിയോളം വരും. റോഡ് വികസനത്തിന് ലക്ഷ്യമിട്ടിരിക്കുന്ന തുകയേക്കാൾ മൂന്നര ഇരട്ടിയും.

മൂന്ന് ധനമന്ത്രിമാരാണ് ഇക്കാലയളവിൽ കേന്ദ്രസർക്കാരിൽ ചുമതലയിലുണ്ടായിരുന്നത്. പ്രണബ് മുഖർജിയും പി.ചിദംബരവും അരുൺ ജെയ്റ്റ്‌ലിയും. നടപ്പുസാമ്പത്തിക വർഷത്തെയും അടുത്ത സാമ്പത്തികവർഷത്തെയും നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ീക്കിവെച്ചിരിക്കുന്നത് 1.45 ലക്ഷം കോടി രൂപയാണ്. 2010-11 സാമ്പത്തിക വർഷം മുതൽ 2016-17 സാമ്പത്തിക വർഷം വരെ ബാങ്കുകൾക്ക് ഓഹരി വിൽപനയിൽനിന്ന് 1.15 ലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 1.8 ലക്ഷം കോടി രൂപ ലാഭവും. എന്നാൽ, പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടം എഴുതിത്ത്തള്ളുന്നതോടെയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.

അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്ന പേരിൽ സാധാരണക്കാരിൽനിന്ന് പിഴയീടാക്കുന്ന പൊതുമേഖലാ ബാങ്കുകൾ അതിസമ്പന്നരെ കാണമ്പോൾ കവാത്ത് മറക്കുന്നത് പതിവാണ്. ജീവനക്കാരുടെ വേതനത്തിനുവേണ്ടി സ്വകാര്യബാങ്കുകളെക്കാൾ കോടിക്കണക്കിന് രൂപ ചെലവിടാനും പൊതുമേഖലാ ബാങ്കുകൾക്ക് മടിയില്ല. സ്വകാര്യമേഖലയിലെ ബാങ്കുകൾ 2016-17 കാലയളവിൽ വരുമാനത്തിന്റെ 8.7 ശതമാനമാണ് ജീവനക്കാരുടെ ശമ്പളത്തിനായി ചെലവിട്ടതെങ്കിൽ, എസ്.ബി.ഐയിൽ അത് 12.7 ശതമാനവും മറ്റ് പൊതുമേഖലാ ബാങ്കുകളിൽ അത് 10.7 ശതമാനവുമാണ്.