- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദാരവൽക്കരണം: ഇന്ത്യയെമാറ്റിയെടുത്ത, ഉണർത്തിയ 30 വർഷങ്ങൾ
പ്രിയപ്പെട്ട യുവാക്കളെ ഇന്ന് നിങ്ങൾ അനുഭവിക്കുന്ന ജീവിത സൗകുമാര്യങ്ങൾക്ക് നിങ്ങൾ ഒരു വ്യക്തിയോട് വളരെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ശ്രീ മന്മോഹൻ സിങ്. അദ്ദേഹം 1991 ജൂലൈ മാസം കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ കൊണ്ടുവന്ന, പിന്നീട് പല പരിഷ്കാരങ്ങളിലൂടെ നടപ്പാക്കിയ ലൈസൻസ് കോട്ട രാജിനെ പൊളിച്ചടുക്കലും ഇന്ത്യൻ എക്കണോമിയെ തുറന്നുവിടലും ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പല ജീവിത ക്ഷേമങ്ങൾക്കും അടിസ്ഥാനം. നമ്മൾ അതിനെ ഉദാരവൽക്കരണം എന്ന് വിളിക്കുന്നു. ഉദാരവൽക്കരണത്തിന്റെ ഇരട്ട സഹോദരനായ ആഗോളവൽക്കരണവും കൂടെ പടി പടിയായി നടപ്പാക്ക പെട്ടു . ഇതു രണ്ടും ചേർന്നാണ് കഴിഞ്ഞ തലമുറയുമായി നോക്കുമ്പോൾ നിങ്ങളിൽ കാണുന്ന സകലമാന ജീവിത സൗകുമാര്യങ്ങൾക്കും, ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിലേ ക്കും നമ്മെ ഉയർത്തിയത്.
നവ ലിബറൽ നയങ്ങൾ, ആഗോളീകരണം എന്നുള്ള വാക്കുകളെ ഏതോ ആപത്ത് വച നങ്ങളാണെന്ന മട്ടിൽ നിരന്തരം ഉപയോഗിച്ച് , ആഗോള മുതലാളിത്തം, ഓഹരി വിപണികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കൾ എന്നൊക്കെ പറഞ്ഞു ലിബറൽ എന്ന് സ്വയം കുപ്പായമിട്ടുനടക്കുന്ന, Liberal Hat syndrome (LHS) ത്തിന്റെ അസ്ക്യതയുള്ള ചിലർ എഴുതി, പ്രസംഗിച്ചു് യുവാക്കളെ അബദ്ധ ധാരണകളിൽ വർഷങ്ങളായി നിർത്തിയിരിക്കുന്നു. അതി തീവ്ര മുതലാളിത്തം മുതലായ വലിയ വാക്കുകൾ ഒക്കെ കണ്ടുപിടിച്ചു് അവർ യുവാക്കളുടെ കാഴ്ചപ്പാടുകളെ തെറ്റിദ്ധരിപ്പിച്ചുവെച്ചിരിക്കുന്നു. മാനവരാശി വളർന്ന്, മാനവരാശിയുടെ സാമ്പത്തിക വ്യവസ്ഥ വികസിച്ചു്, അതി സങ്കീർണമായി ഗഹനമായി complex ആയി പരന്നു കിടക്കുന്നത് മനസ്സിലാക്കാൻ ശ്രമിക്കാതെ അവർ നടത്തുന്ന മുടന്തൻ പ്രയോഗം മാത്രമാണ് അതിതീവ്ര മുതലാളിത്തം എന്നത്. അപ്പോൾ എന്താണ് ഉദാരവൽക്കരണം ആഗോളവൽക്കരണം. നമുക്ക് വരിവരിയായി നോക്കാം . ഒരു ലേഖനത്തിൽ ഒരു പക്ഷെ ഈ ആശയം മുഴുവനായി വിശദീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല . നിരന്തരം എഴുതേണ്ടിവരും. ആദ്യം തന്നെ പറയട്ടെ Liberalisation , Neo Liberalisation എന്നീ വാക്കുകളിൽ വലിയ അർത്ഥ വ്യത്യാസമെന്നും ഇല്ല. ആദ്യത്തേത് പ്രയോഗിക്കുമ്പോൾ ഒരു ഗുമ്മു പോരാത്തതുകൊണ്ടു ഈർഷ്യ മുഴുവൻ പ്രതിഫലിക്കാത്തതുകൊണ്ട് Neo എന്ന സംജ്ഞ ചേർക്കുന്നു എന്ന് മാത്രം . (ലോകത്തെമ്പാടും അങ്ങനെതന്നെ. കേരളത്തിലെ മാത്രം കാര്യമല്ല).
ഉദാരവൽക്കരണത്തിലേക്കുള്ള സാമ്പത്തിക നയ മാറ്റം, ഇക്കണോമിയെ തുറന്നുവിടൽ, ഇന്ത്യയുടെ പശ്ചാത്തലത്തിൽ വേറെയായി തന്നെ വായിക്കേണ്ടിയിരിക്കുന്നു. ഉദാരവൽക്കരണം, ലിബറലിസം, എന്ന പ്രയോഗം ഇന്ത്യയുടെ പശ്ചാത്തലത്തിൽ കാണുമ്പോൾ അടിസ്ഥാനപരമായി തന്നെ കോണ്ടെക്സ്ച്വൽ വ്യത്യാസമുണ്ട്. ഇന്ത്യയുടെ കോണ്ടെക്സ്റ്റിൽ ഉപയോഗിക്കുമ്പോൾ 'ലൈസൻസ് കോട്ട രാജ്' ൽ പെട്ട് ചക്രശ്വാസം വലിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മുരടിപ്പിൽ നിന്ന് രക്ഷിക്കാനായി കൊണ്ടുവന്ന സാമ്പത്തിക നയ മാറ്റങ്ങളെ നമ്മൾ വിളിക്കുന്ന പേരാണ് ഉദാരവൽക്കരണം. രാജ്യത്തിന്റെ forex reserve രണ്ടാഴ്ചത്തേക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു, സ്വർണം ശേഖരം വിമാനത്തിൽ കൊണ്ടുപോയി ലണ്ടനിൽ കൊണ്ടുപോയി പണയം വെക്കേണ്ടി വന്നു എന്നുള്ള ജനറൽ നരേറ്റീവിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൊണ്ടുവന്ന നയ മാറ്റങ്ങൾ എന്നൊക്കെയുള്ള രീതിയിലല്ല ഇത് കാണേണ്ടത്. അല്ലാതെതന്നെ ഇക്കണോമിയുടെ എല്ലാമേഖലകളിലും മുരടിപ്പ് ബാധിച്ച അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ആവശ്യമായ സാമ്പത്തിക നയമാറ്റമായി വേണം ഇന്ത്യയുടെ കോണ്ടക്സ്റ്റിൽ ഉദാരവൽക്കരണത്തെ, ശ്രീ മന്മോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണങ്ങളെ കാണാൻ. ഇതിനെ Liberal Hat Syndrome (LHS) അസ്ക്യതയുള്ള ചിലർ ഒരു pejorative അർത്ഥ ധ്വനിയോടെ നവ ഉദാരവൽക്കരണം, Neo Liberalism ഇന്ത്യക്ക് ആപത്ത് എന്ന ധ്വനിയോടെ സംസാരിക്കുന്നു, ഓഹരി വിപണിക്കു വേണ്ടിയുള്ള കളമൊരുക്കലാണ് എന്നൊക്കെയുള്ള ബാലിശതകൾ വിളമ്പുന്നു.
അക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ലൈസൻസ് രാജിന്റെ ഭീകരത, സാമ്പത്തിക നയ മണ്ടത്തരങ്ങൾ, വിവരിക്കുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വിശദമാകും. നിങ്ങളുടെ കൈയിൽ കെട്ടുന്ന റിസ്റ്റ് വാച്ചില്ലേ അത് , HMT റിസ്റ്റ് വാച്ചു്, ലഭ്യത കുറവായിരുന്ന അത് നിങ്ങൾക്ക് വാങ്ങിക്കണമെങ്കിൽ, ആർക്കെങ്കിലും പാരിതോഷികമായോ മറ്റോ കൊടുക്കാൻ ആവശ്യമെങ്കിൽ, Member of Parliament നോട് പോയി റെക്കമെൻഡേഷൻ ചെയ്ത് M P കോട്ട പ്രകാരം സങ്കടിപ്പിക്കണം. Can you believe it now. ഒരു ഇരു ചക്ര വാഹനം, ഇപ്പോൾ നിങ്ങൾ തക്കാളി വാങ്ങിക്കു ന്നതുപോലെ ഷോ റൂമിൽ പോയി വാങ്ങി കൊണ്ടുവരുന്ന ഇരുചക്രവാഹനം, Bajaj ന്റെ സ്കൂട്ടർ, ലഭിക്കണമെങ്കിൽ എട്ട് വർഷമാണ് വെയ്റ്റിങ് ലിസ്റ്റ്. രണ്ടു കമ്പനികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. വേറൊരു കമ്പനിക്കും ഇരുചക്രവാഹനം ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് ഇല്ല . കൊടുക്കില്ല. സർക്കാർ നിശ്ചയിക്കും എത്രെണ്ണം വരെ ഉത്പാദിപ്പിക്കാം എന്ന്. അത്ര എണ്ണമേ കമ്പനി ഉൽപാദിപ്പിക്കാവൂ. നിങ്ങൾക്ക് കിഴക്കമ്പലത്ത് ഒരു Kitex തുടങ്ങണമെങ്കിൽ ഡൽഹിയിൽ ചെന്ന് കാണുന്നവരെയൊക്കെ കണ്ട് വേണ്ടപോലെ കണ്ട് കമ്പനി തുടങ്ങാനുള്ള ലൈസൻസ് വാങ്ങികൊണ്ടുവരണം. ഡൽഹി പറയും നിങ്ങൾക്ക് എത്ര ഉൽപാദിപ്പിക്കാം എന്ന്. ഉൽപാദനം കൂട്ടണമെങ്കിൽ വീണ്ടും ഡൽഹിയിൽ നിന്ന് സമ്മതം വാങ്ങണം. ഇതിനൊക്കെ ഒത്താശ ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്കൊരു ഫാക്റ്ററി തുടങ്ങാം. ഇല്ലെങ്കിൽ ഇല്ല. നിങ്ങൾക്ക് ആ കാശ് ബാങ്കിലിട്ട് പലിശ വാങ്ങി ജീവിക്കാം അത്രതന്നെ. ഒരു ഇലക്ട്രോണിക്സ് ഉപകരണം ഉണ്ടാക്കണമെങ്കിൽ, ഉദാഹരണമായി ഒരു VCR, floppy disk, ടേപ്പ് റെക്കോർഡർ ഉത്പാദിപ്പിക്കുന്ന കമ്പനി തുടങ്ങണ മെങ്കിൽ ലൈസൻസ് തരില്ല. ഏതെങ്കിലും ഒരു ചിറ്റിലപ്പള്ളിക്ക് വൈറ്റ് ഗൂഡ്സ് , വാഷിങ് മെഷീനോ റഫ്രിജറേറ്ററോ, ഉണ്ടാക്കുന്ന കമ്പനി തുടങ്ങമെങ്കിൽ ലൈസൻസ് കിട്ടില്ല അല്ലെങ്കിൽ കൺട്രോൾഡ് ആണ്. അക്കാലത്തെ ഈ ഒത്താശ നടത്തികൊടുക്കുന്നവരുടെ സ്വാധീന ശക്തി ഒന്നാലോചിച്ചു നോക്കുക. അക്കാലത്തെ നമ്മുടെ M P മാരുടെ , വാഴുന്നോരുടെ, അധികാരശക്തി ഒന്നാലോചിച്ചു നോക്കുക. (ഭരണ സിരാകേന്ദ്രത്തിൽ സ്വാധീനമുള്ള പലരും നമുക്ക് അന്നുണ്ടായിരുന്നു. എന്ത് കാര്യം. മാള കാർക്ക് ലഭിച്ചത്, മാള - പാറശാല , മാള - കോവളം , മാള - മഞ്ചേശ്വരം മുതലായ KSRTC ബസ് സർവീസുകൾ മാത്രം. മറിച്ചു റയിൽവേ കൊച്ചു ഫാക്ടറി പഞ്ചാബുകാർ കൊണ്ടുപോയി).
അന്നത്തെ പലിശ നിരക്ക് അറിയാമോ. നിങ്ങൾക്ക് ഒരു കച്ചവടത്തിന് അല്ലെങ്കിൽ ഒരു ഫാക്ടറി തുടങ്ങാൻ, ഒരു കാറുവാങ്ങാൻ; കാറ് വാങ്ങാൻ ബാങ്കിൽ നിന്നും കടം കിട്ടണമെങ്കിൽ നിങ്ങൾ പിടിപാടുള്ള വ്യക്തിയായിരിക്കണം എന്നത് വേറെ വശം; ബാങ്കിൽ നിന്ന് കിട്ടുന്ന വായ്പക്കുള്ള പലിശ നിരക്ക് 18 മുതൽ 21 ശതമാനം വരെ ആയിരുന്നു. ഈ പലിശ നിരക്കിൽ ഏതു ചിറ്റിലപ്പള്ളി മാർക്കാണ് ലോക മാർക്കറ്റിൽ ഒരുല്പന്നമുണ്ടാക്കി മത്സരിക്കാൻ കഴിയുക. അന്നത്തെ ഇൻഫ്ളേഷൻ നിരക്ക് 16 ശതമാനത്തിനു മുകളിൽ ആയിരുന്നു. എന്തുകൊണ്ടാണ് പലിശ നിരക്ക് ഇത്ര കൂടുതൽ. RBI അവരുടെ ഇൻഫ്ളേഷൻ നിയന്ത്രണ നയത്തിനു വേണ്ടി , മോണിറ്ററി പോളിസി യുടെ ഭാഗമായി SLR, CRR എന്നൊക്കെയുള്ള നിരക്കുകൾ വളരെ ഉയർത്തിയാണ് വെച്ചിരുന്നത്. അന്നത്തെ SLR 38.5 ശതമായിരുന്നു . CRR 25 ശതമാനവും. (എന്നിട്ടും നിയന്ത്രണം വിട്ടുപോയ ഇൻഫ്ളേഷൻ നിരക്ക് ആണ് 16 ശതമാനം എന്നോർക്കുക ). എന്നുവച്ചാൽ അതിനർത്ഥം ബാങ്കുകൾക്ക് അവർ സ്വരൂപിച്ച 100 രൂപയിൽ 63 രൂപയും സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കണം എന്നർത്ഥം . സ്വാഭാവികമായും മണി സപ്ലൈ കുറവാകുന്നു .പലിശനിരക്ക് ഉയർന്നു നിൽക്കുന്നു . ഇത്രയും ഉയർന്ന പലിശനിരക്കിൽ കടമെടുത്ത കമ്പനികൾ എങ്ങനെയാണ് ലോക മാർക്കെറ്റിൽ മത്സരിച്ചു് അവരുടെ ഉല്പന്നങ്ങൾ വിൽക്കുക. സ്വാഭാവികമായും ഇക്കോണമിയുടെ വളർച്ച അക്കാലത്ത് കുപ്രശസ്തമായ ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് 2 ശതമാനത്തിനും 3 ശതമാനത്തിനും ഇടയ്ക്കായിരുന്നു. ഇപ്പോഴത്തെ SLR 18 ശതമാനവും CRR 4 ശതമാനവും ആണെന്ന് ഓർക്കുക. അതു കൊണ്ടാണ് ഇന്നത്തെ ബാങ്കുകൾ വെഹിക്കിൾ ലോൺ എടുക്കൂ എടുക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ പുറകെ വരുന്നത്. നമ്മുടെ നാട്ടിലെ ദിവസക്കൂലിക്കാർക്കു ഒരു മോട്ടോർ ബൈക്ക് ഓടിച്ചു പണിക്ക് പോകാൻ കഴിയുന്നത്. നമ്മുടെ ചുറ്റുമുള്ള സാധാരണക്കാരെ നിരീക്ഷിച്ചാൽ മതി ഇതെല്ലാം അറിയാൻ . വലിയ സൈദ്ധാന്തിക പഠനമൊന്നും ആവശ്യമില്ല. ഇത്തരം മാറ്റങ്ങൾ മനസ്സിൽ കണ്ടുകൊണ്ടുതന്നെയാണ് ശ്രീ മന്മോഹൻ സിങ് ഉദാരീകരണം എന്ന നയ മാറ്റം, ഇന്ത്യൻ ഇക്കണോമിയെ തുറന്നുവിടൽ, നടപ്പാക്കിയത്. LHS ന്റെ അസ്ക്യത ഇല്ലാത്തവർക്ക് ഇത് മനസ്സിലാകുന്നു.
1991 ൽ ഇന്ത്യ ഒരു ഡിഫോൾട്ട് ന്റെ വക്കിലായിരുന്നു. ഡിഫോൾട്ട് എന്നു പറഞ്ഞാൽ ഇന്ത്യ ലോകമാർകെറ്റിൽ നിന്നെടുത്തിരിക്കുന്ന കടങ്ങളുടെ ഘഡുക്കൾ തെറ്റിക്കുക എന്നർത്ഥം. ഇന്ത്യാ ഗവർമെന്റ് നേരത്തെ ഇറക്കിയിരുന്നു ബോണ്ട് കൾ വട്ടം കൂടിവരുമ്പോൾ കൊടുക്കാൻ കാശില്ലാത്ത അവസ്ഥ എന്നൊക്കെ അർത്ഥം. അങ്ങനെസംഭവി ച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കുള്ള ഇന്ത്യയുടെ വിശ്വാസ്യത തകരും. രാജ്യം ചില ആഫ്രിക്കൻ രാജ്യങ്ങൾ, അർജന്റീന എന്നീ രാജ്യങ്ങളെ പോലെ ഇന്ഫ്ളേഷന്റെ കയത്തിൽ പോയി പെട്ടേനെ. വിലക്കയറ്റം തൊഴിലില്ലായ്മ ഇതൊക്കെ പരിണിതഫലവും. ഇന്ത്യയുടെ വളർച്ച രണ്ടു പതിറ്റാണ്ടെങ്കിലും പുറകിലേക്ക് പോകുമായിരുന്നു. ഈ ദുരവസ്ഥയിൽ നിന്നാണ് ഒരു അവധൂതനെപ്പോലെ വന്ന് ശ്രീ മന്മോഹൻ സിങ് ഇന്ത്യക്കാരെ സംഭാവ്യമായിരുന്ന പട്ടിണിയിൽ നിന്നും പരിവട്ടങ്ങളിൽ നിന്നും രക്ഷപെടുത്തിയത്. 'സാമ്രാജ്യത്വ' വാദിയായ അമേരിക്ക ക്കാരന്റെ പരിപ്രേക്ഷ്യത്തിലല്ല നവ ലിബറലിസത്തെ നമ്മൾ കാണേണ്ടത്. നമ്മളുടെഅവസ്ഥ എന്തായിരുന്നു നമ്മുടെ ഇക്കോണമി എങ്ങനെയാണ് ഓടിക്കൊണ്ടിരുന്നത് എന്ന പരിപ്രേക്ഷ്യത്തിലാണ് നാo നമ്മുടെ നയങ്ങളെ വിലയിരുത്തേണ്ടത്. ജൂലൈ 1991 ലെ ബഡ്ജറ്റ് അവതരണവേളയിൽ ശ്രീ മന്മോഹൻ സിങ് പറഞ്ഞു. 'We shall prevail, we shall overcome'. (Liberal Hat Syndrome ത്തിന്റെ അസ്ക്യത ഉള്ളവർ പ്രസംഗിക്കുന്നത് എപ്പോഴും സംശയത്തോടെ മാത്രം കാണുക. ഇന്റലെക്ച്വൽ ഓണസ്റ്റി അവർക്ക് ഒരു പ്രതിബദ്ധതയല്ല).
ഈയിടെ സമകാലിക മലയാളം വാരികയിൽ കണ്ട ചില വരികൾ വായിക്കുക (ലക്കം 10 , ജൂലൈ 19, 2021). 1) 'സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്ന മട്ടിലാണ് അദ്ദേഹം പ്രസംഗിച്ചുതുടങ്ങിയത് ' 2) 'വ്യവസായങ്ങൾക്കുള്ള സർക്കാർ സംരക്ഷണവും പിന്തുണയും അവയുടെ പ്രയോജനക്ഷമതയെ ബാധിക്കുന്നുണ്ടെന്നും അത് ആഗോളവിപണിയിൽ മത്സര ക്ഷമത ഇല്ലാതാക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. 3) '1991 ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധിക്ക് കാരണമായത് ഇതാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇതിന് മന്മോഹൻ സിങ് കണ്ടെത്തിയ പരിഹാരം വിപണി തുറന്നു നല്കലായിരുന്നു' 4) 'ഓഹരി വിപണികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കലായിരുന്നു അതെന്ന് ഇന്ന് ഏവരും സമ്മതിക്കുന്നു'' ചില വാക്കുകൾ ശ്രദ്ധിക്കുക 'മട്ടിലാണ് ', 'അദ്ദേഹത്തിന്റെ വാദം' , 'അദ്ദേഹം കണ്ടെത്തിയത് '. (ഇതിനെ വെല്ലുന്ന വേറെയും പല വരികൾ ഈ ഒരു ലേഖനത്തിലുണ്ട്. താല്പര്യമുള്ളവർക്ക് റെഫർ ചെയ്യാവുന്നതാണ്). ആ 'എവരിൽ' ഓഹരി വിപണിയെ കുറിച്ച് അടിസ്ഥാന ധാരണയുള്ള ആരും 'ഒരു ഏവരും' 'അത് സമ്മതിക്കുന്നില്ല'.
സോഷ്യലിസ്റ്റ് സമ്മോഹനങ്ങളാൽ നെഞ്ച് വിംബ്രിച്ചു നടന്നിരുന്ന നമ്മുടെ അന്നത്തെ രാഷ്ട്രീയ നേതൃത്വം മുഴുവൻ കക്ഷി ഭേദമെന്യേ എല്ലാവരും ശ്രീ മന്മോഹൻ സിങ് ന്റെ ഈ നയം മാറ്റത്തെ എതിർത്തിരുന്നു. അവരെയെല്ലാം തിരസ്കരിച്ചുകൊണ്ട് അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുവാനുള്ള ആശയ ബലം ശ്രീ മന്മോഹൻ സിങ് ന് ഉണ്ടായിരുന്നു. പുതിയ തലമുറ യുവാക്കൾ ആ ഒരു തീരുമാനത്തിന്റെ വില മുഴുവനായി മനസ്സിലാക്കുക. ഇന്ത്യൻ ഇക്കോണമി എന്ന ആന അതോടുകൂടിയാണ് എഴുന്നേറ്റു നടന്നു തുടങ്ങിയത്. ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നത് ആ ആനയുടെ നടത്തത്തിൽ അടിയുറപ്പും ബലവും വന്നതുകൊണ്ടാണ്. ലോക രാഷ്ട്രനേതാക്കളെല്ലാം ഇന്ത്യയുടെ സൗഹൃദത്തിനായി വരുന്നതും ആ ആന സൈനികമായും സാമ്പത്തികമായും ശക്തിപ്പെട്ടതുകൊണ്ടാണ്. ജി 7 മുതലായ പ്രബലമായ രാഷ്ട്രങ്ങളുടെ സഭയിൽ പ്രത്യേക ക്ഷണിക്കപ്പെട്ട അതിഥി ആയി ഇന്ത്യക്ക് ഇരിക്കാനൊക്കുന്നത്. വലിയൊരു comity of nations ഇന്ത്യയെ പ്രബല ശക്തിയായി മാനിച്ചുകൊണ്ട് വിലപേശലുകളും കൂടിയാലോചനകളും ഇന്ത്യയുമായി നടത്തുന്നത് അന്ന് മന്മോഹൻ സിങ് ഉം കൂടെയുണ്ടായിരുന്ന അന്നത്തെ RBI Governor Sri S. Venkitaramanan തുടങ്ങിയ മനീഷികളും ഇന്ത്യക്കൊരു ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കിതന്നതുകൊണ്ടുകൂടിയാണ്. നിശ്ചയമായും അന്നത്തെ പ്രധാന മന്ത്രി The all knowing and The silent ശ്രീ നരസിംഹ റാവു പിന്നിൽ നിന്ന് അടിയുറച്ച പിന്തുണ ഇവർക്ക് നൽകി.
അന്നത്തെ ഒരു സാധാരണ തൊഴിലാളിയുടെ കൂലി 35 - 45 രൂപ മാത്രമാണെന്നറിയുക. അതേ സാധാരണ തൊഴിലാളി ഇന്ന് 750 രൂപ വരെ ദിവസ കൂലി വാങ്ങിക്കുന്നു, ഒരു രൂപക്ക് ഒരു കിലോ അരിയും. ഒരു സർക്കാർ ഗുമസ്തന്റെ മാസപ്പടി അക്കാലത്ത് ആയിരത്തിന് താഴെ ആയിരുന്നു. വിവാഹാലോചന പരസ്യങ്ങളിൽ കാരണവന്മാർ അഭിമാനത്തോടെ പരസ്യം ചെയ്യുമായിരുന്നു 'നാലക്ക ശമ്പളമുള്ള സുമുഖനായ വരന് വധുവിനെ തേടുന്നു'. എന്നുവച്ചാൽ ആയിരം രൂപ എന്റെ മകൻ മാസപ്പടി വാങ്ങിക്കുന്നുവെന്ന്. ഇന്നോ അഞ്ചക്ക ശമ്പളം ആണെങ്കിൽ പോലും ആരും പറയാറില്ല എന്ന് മാത്രമല്ല മിക്കവരും അതൊരു വിലകുറഞ്ഞ പറച്ചിലാണെന്ന് വിചാരിക്കുന്നു.
ടെലിഫോൺ കണക്ഷൻ വീട്ടിലുള്ളവർ ലക്ഷാധിപതികളാണ്. ഒരു S T D വിളിക്കണമെങ്കിൽ മിനുട്ട് നു 22 രൂപ കൊടുക്കണമെന്ന് മാത്രമല്ല അതൊന്ന് കണക്ട് ചെയ്തുകിട്ടണമെങ്കിൽ പലപ്പോഴും ഉച്ചവരെ കാത്തിരിക്കണം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ ഗൾഫിലെ മക്കളുമായി ബന്ധപ്പെടാൻ STD ബുക്ക് ചെയ്ത് രാവിലെ മുതൽ ഉച്ചവരെ കാത്തിരിക്കുന്ന കാരണവന്മാരെ ഉമ്മ മാരെ നിങ്ങൾക്ക് ദിവസേന കാണാം. ഇന്നോ പോക്കറ്റിൽ മൊബൈൽ ഫോൺ ഇല്ലാത്തൊരാളെ നിങ്ങൾക്ക് പരിചയമുണ്ടോ. ടി വി സെറ്റുകളും, മിക്സര് ഗ്രൈൻഡറുകളും റഫ്രിജറേറ്റര് കളും ഇന്നു സാധാരണക്കാരുടെ ജീവിതനിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഇതൊക്കെ വിലയിരുത്താൻ സ്ഥിതിവിവരകണക്കുകളുടെ, വേൾഡ് ബാങ്കിന്റെ , പഠനം ഒന്നും ആവശ്യമില്ല. അത്തരം പഠനങ്ങളൊക്കെ ഉദ്ധരിച്ചു് സമർത്ഥിക്കാൻ ശ്രമിക്കുന്നവർ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ദൂരെ നിൽക്കുന്നവരാണ്. സാധാരണക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന ഇത്തരം പുരോഗമനങ്ങളൊക്കെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ശ്രീ മന്മോഹൻ സിങ് ഉദാരീകരണം എന്ന നയ മാറ്റം കൊണ്ടുവന്നതെന്ന് അറിയണം. മറ്റു മാർഗ്ഗങ്ങളില്ലെന്ന 'മട്ടിലല്ല' അദ്ദേഹം മുന്നോട്ടുപോയത്.
ദൂരദർശൻ മാത്രമാണ് ടെലികാസ്റ്റർ. പന്ത്രണ്ട് ചാനലിൽ കൂടുതൽ ഉള്ള ടി വി വാങ്ങി കാശു കളയുന്നതെന്തിനാടാ എന്ന് കാരണവന്മാർ യുവാക്കളെ പ്രാകി. ഇന്ന് ആയിരക്കണക്കിന് ചാനലുകളാണ് വിവിധ വിനോദ ഉപാധികളുമായി ഇന്ത്യയിൽ പ്രക്ഷേപണം നടത്തുന്നത്. ഇവയൊക്കെ നിലനിന്ന് പോകാനുള്ള പ്രധാനമായും പരസ്യവരുമാനത്തിലൂടെ മാത്രം നിലനിന്ന് പോകുന്നതിന്റെ സാമ്പത്തിക dimension മനസ്സിലാക്കിയ ഒരാൾക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മനസ്സിലാക്കാൻ സൈദ്ധാന്തിക പഠനങ്ങളൊന്നും നടത്തേണ്ട കാര്യമില്ല. 1990 കളിൽ ഒരു ഇരുചക്രവാഹനം വാങ്ങാൻ 8 വർഷത്തെ വെയ്റ്റിങ് ലിസ്റ്റ് ആണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഒരു വര്ഷം ഇന്ത്യ രണ്ടു കോടി ഇരുചക്ര വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നു. ലോകത്തെ പല രാജ്യങ്ങളിലേക്കും ജപ്പാനോടും ചൈനയോടും മത്സരിച്ചുകൊണ്ടു നമ്മുടെ ബജാജ് ഉം TVS മുതലായ വണ്ടികൾ ആഫ്രിക്കയിലും തെക്കൻ അമേരിക്കയിലും വിൽക്കുന്നു. ഇന്ത്യൻ വ്യവസായ സംരംഭകരുടെ ഒരു സാദ്ധ്യതയും ഇല്ലാതായില്ല. അവർ പല മേഖലകളിലും നിരന്തരം വളരെ വളരെ വളർന്നു.
ഒരു ഇന്ത്യക്കാരന്റെ ജീവിതദൈര്ഘ്യം, ലൈഫ് എക്സ്പെക്റ്റൻസി 1991 ൽ 59 ആയിരുന്നു . ഇന്നത് 70 നു മുകളിലാണ്. ശിശുമരണനിരക്ക് 1991 ൽ ആയിരത്തിന് 128 ആണെങ്കിൽ ഇന്നത് 29 ൽ താഴെയാണ് . ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ 46 ശതമാനത്തിന് മുകളിലായിരുന്നത് ഇന്ന് 21 ശതമാനം മാത്രമാണ് . എങ്കിലും ദോഷൈകദൃക്കുകൾക്ക് അളക്കാൻ പലതും കിടപ്പുണ്ട്. അവർ ആദ്യം മനസ്സിലാക്കേണ്ടത് 1991 ൽ 85 കോടി മാത്രമുണ്ടായിരുന്ന ഈ നമ്മൾ 135 കോടി ആയി വളരുകയും പല സംസ്കാരങ്ങളും പല ഭാഷകളും പല ആഹാര രീതികളുമുള്ള ഒരു ജനത ജനാധിപത്യം നിലനിർത്തികൊണ്ട് പട്ടിണി മരണങ്ങൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന ഫണ്ടമെന്റൽ നേട്ടം കാണാൻ പഠിക്കുക.
1991 ജൂലൈ ൽ ശ്രീ മന്മോഹൻ സിങ് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ നമ്മുടെ ഫോറെക്സ് റിസർവ് വെറും 758 മില്യൺ ഡോളർ മാത്രം ആയിരുന്നു. പെട്രോളിയം മുതലായ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ രണ്ടാഴ്ചത്തേക്ക് മാത്രം തികയുന്ന അവസ്ഥ. ആ അപകടകരമായ അവസ്ഥ തരണം ചെയ്യാനായിട്ടാണ് അന്നത്തെ നമ്മുടെ സർക്കാർ 47 ടൺ സ്വർണം ലണ്ടനിൽ കൊണ്ടുപോയി പണയം വെച്ചത്. അമ്മയുടെ ജിമിക്കി കമ്മൽ പണയം വെക്കുന്നതിൽ നിന്ന് വലിയ വ്യത്യാസം ഒന്നും ഇതിനില്ല. സ്വർണത്തിന്റെ പ്യൂരിറ്റി ഉറപ്പുവരുത്തിയാണ് അവർ നമുക്ക് 400 മില്യൺ ഡോളർ കടം തന്നത്. ഇന്നോ ഇന്ന് അതേ ഇന്ത്യ 600 ബില്യൺ ഡോളർ റിസർവുമായി ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ തലയുയർത്തി നടക്കുന്നു. ഇതേക്കുറിച്ചു പല സന്ദേഹ വാദികളും ഇത് കുറെ ഷെയർ മാർക്കറ്റിലേക്ക് വന്നതല്ലേ എന്ന് പറഞ്ഞേക്കാം. അതേ. പക്ഷെ ഇതു ഇന്ത്യയിൽ കൊണ്ടുവന്നു നിക്ഷേപിക്കാൻ തീരുമാനിച്ച വെൽത്ത് ഫണ്ടുകൾക്ക്, ഫണ്ട് മാനേജർമാർക്ക്, പോകാൻ വേറെയും പല രാജ്യങ്ങൾ ഉണ്ടായിരുന്നു. ഇൻഡോനേഷ്യ, ബ്രസീൽ , വിയറ്റ്നാം എന്നിങ്ങനെ. ആ മാനേജർമാർക്ക് അവരുടെ ഫണ്ടുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് വളരെ ആകാംക്ഷയുണ്ട് . വളരെ പഠിച്ചു തന്നെയാണ് അവർ ഒരു നിക്ഷേപരാജ്യം തീരുമാനിക്കുന്നത്, ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്തതുകൊണ്ടിരിക്കുന്നത്.
അടിസ്ഥാനമായി ഇവിടെ മനസ്സിലാക്കേണ്ടത് ഒരു ജനതയുടെ പുരോഗതിയുടെ അനിവാര്യതയാണ്. മാനവരാശി നേടിയെടുക്കുന്ന ടെക്നൊളജിക്കലും അല്ലാതെയുമുള്ള പുരോഗതികൾ ഇനിയൊരു നാളേക്ക് മാറ്റി വെക്കപെടരുത്. ഓരോ മാറ്റിവെക്കപെടലുകളും ഒരു തലമുറയുടെ ജീവിതത്തിൽ നിന്നുമുള്ള ജീവിത സൗകുമാര്യങ്ങളുടെ നിരാസമാണ്. ആ പുരോഗമനത്തിന് ധാരാളം investment, capital, ആവശ്യമാണ്. ദൈനം ദിന കാര്യങ്ങള് നടത്താന് പെടാപാടുപെടുന്ന ഒരു മൂന്നാം ലോകരാജ്യത്തിനു സ്വന്തം വ്യവസായങ്ങളിലൂടെ മൂലധനം മിച്ചം ഉണ്ടാക്കി , ടാക്സ് പിരിച്ചുള്ള, മൂലധന സ്വരൂപിക്കലിനു പരിമിതികളുണ്ട്, അത് അപര്യാപ്തമാണ്. അങ്ങനെയുള്ള മൂലധന സ്വരൂപിക്കലി ലൂടെ നടപ്പാക്കപെടുന്ന പദ്ധതി പ്രവര്ത്തനങ്ങള് ദശാബ്ദങ്ങളോളം പുറകിലായി മാത്രം നടക്കുന്നു. പലപ്പോഴും ഒരു തലമുറ കഴിഞ്ഞാണ് ഒരു പ്രോജക്ട് മുഴുവനാകുന്നത്. നിങ്ങളെന്തിനാണ് നിങ്ങളുടെ കാലപ്പഴക്കം ചെന്ന ആശയങ്ങളുടെ പേരിൽ പല തലമുറകൾക്കും ടെക്നൊളജികൾ നൽകുന്ന ഈ സൗകര്യങ്ങൾ അപ്രാപ്യമാക്കുന്നത്. മറിച്ച് international മാര്ക്കiറ്റ്ല്, മൂലധനം, നിക്ഷേപ സാധ്യത തേടി നടക്കുന്നു. എന്തുകൊണ്ട് ഉപയോഗപെടുത്തിക്കൂട. ഈ ഉപയോഗപ്പെടുത്തലിന്റെ പേരാണ് ഉദാരവൽക്കരണം.
അങ്ങനെ ഉപയോഗപ്പെടുത്തുമ്പോൾ ഇന്ത്യയുടെ മാർക്കറ്റിനോടുള്ള വിശ്വാസ്യത കൂടുന്നതിനനുസരിച്ചു ഇന്ത്യയിലേക്ക് പണം ഒഴുകുന്നു. ആ പണം ഉപയോഗിച്ച് ലോക ജനത നേടിയെടുത്ത നേടിയെടുത്തുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകളെ വാങ്ങി അല്ലെങ്കിൽ കോ ഓപ്റ്റ് ചെയ്തു ഇന്ത്യക്കാർക്ക്, ഇന്ത്യയുടെ ഈ തലമുറയ്ക്ക്തന്നെ, പ്രയോജനപ്പെടുന്നരീതിയിൽ ഫാക്ടറി കളിലൂടെയും മറ്റും ഉൽപാദനമുണ്ടാക്കി ഇന്ത്യക്കാരുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രക്രിയയുടെ പേരാണ് globalization അല്ലെങ്കിൽ ആഗോളവൽക്കരണം. ആ പ്രക്രിയക്ക് നമ്മൾ അനുവാദം കൊടുത്തതുകൊണ്ടാണ് ഇന്ന് നമ്മുടെ മക്കൾ ചൈന ക്കാരുടെ മക്കളും ജപ്പാൻ കാരുടെ മക്കളും ഉപയോഗിക്കുന്ന അത്യാധുനിക മായ സ്മാർട്ട് ഫോണുകളും മോട്ടോർ ബൈക്കുകളും ഉപയോഗിക്കാൻ കഴിയുന്നത്. 5 ജി പോലുള്ള അതിനൂതനമായ സാങ്കേതിക വിദ്യകൾ ലോകത്ത് ഉപയോഗിച്ച് തുടങ്ങുന്ന അതേ കാലത്തിൽ നമ്മൾക്കും ഉപയോഗിക്കാൻ കഴിയുന്നത്. ആ പ്രക്രിയ ഗവർമെന്റ് ഓഫ് ഇന്ത്യ അനുവദിച്ചതുകൊണ്ടാണ് ബിൽ ഗേറ്റ്സ് മാരുടെ മക്കളും എലോൺ മസ്ക് മാരുടെ മക്കളും ഉപയോഗിക്കുന്ന ലാപ്ടോപ്പ് കൾ അതേ പ്രോസസിങ് കഴിവുള്ള കമ്പ്യൂട്ടറുകൾ നമ്മുടെ മക്കളും ഉപയോഗിക്കുന്നത്. അത് ഉപയോഗിക്കാനുള്ള ടാലന്റും അറിവും നമ്മുടെ മക്കൾക്കും ഉണ്ടായത്. അവർ കാലഘട്ടത്തിന്റെ പുറകിലായി പോകാതിരുന്നത്. ഉദാരവൽക്കരണത്തെയും ആഗോളവൽക്കരണത്തെയും ഇങ്ങനെയൊക്കെ കാണാൻ പഠിക്കുക.
ഇതൊക്കെനടപ്പാക്കിയെടുക്കാൻ ശ്രീ മന്മോഹൻ സിങ് നും അക്കാലത്തെ സഹ മനീഷികൾക്കും അഭിമുഖീകരിക്കേണ്ട കടമ്പകളും, ഇന്ത്യൻ രൂപയുടെ മൂല്യം രണ്ടു ഗഡുക്കളായി കുറച്ചതും കുറക്കേണ്ടി വന്നതിന്റെ കാരണങ്ങളും, പൊതു മേഖലക്ക് മാത്രമായി എന്ന് പറഞ്ഞു മാറ്റിവെച്ചിരുന്ന മേഖലകളും അവയെ പ്രൈവറ്റ് മേഖലക്ക് തുറന്നുകൊടുക്കേണ്ട തിന്റെ ആവശ്യകതകളും മുതലായ വിഷയങ്ങൾ ഇനിയൊരു ലേഖനത്തിലേക്ക് മാറ്റിവെക്കുന്നു.
N B : സമകാലിക മലയാളം വാരികയിലെ, ലക്കം 10 ജൂലൈ 2021, 'പരിഷ്കാരത്തിന്റെ 30 വർഷം' എന്ന ലേഖനമാണ് മുകളിലെ എന്റെ ഈ ലേഖനത്തിനുള്ള പ്രചോദനം.