കൊച്ചി: താരസംഘടനായ എ.എം.എം.എ യിലെ പ്രശ്നങ്ങൾക്ക് കാരണം സിദ്ദിഖ്, ഗണേശ് കുമാർ, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിർമ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബർട്ടി ബഷീർ. ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടർന്നാൽ മോഹൻലാൽ അധികം വൈകാതെ പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലിബർട്ടി ബഷീർ നിലപാട് വിശദീകരിക്കുന്നത്.

സിദ്ദിഖ്, മുകേഷ്, ഗണേശ് ഇങ്ങനെയുള്ള നാലഞ്ച് ആൾക്കാർ തുടക്കം മുതലേ ദിലീപിനെ സഹായിച്ച് കൊണ്ട്, ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന വ്യക്തികളാണ്. ഇന്നലെ സിദ്ദിഖ് ഒരു പത്രസമ്മേളനം നടത്തി ജഗദീഷ് ഒരു പത്രക്കുറിപ്പും ഇറക്കി. കോളേജുകളിൽ പ്രിൻസിപ്പൽ ആയി ജോലിയെടുത്ത വ്യക്തിയാണ് ജഗദീഷ്. ഒരു സിനിമാ നടനാണെന്നതിനുപരി ആ വ്യക്തിത്വം എപ്പോഴും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്. എന്റെ കുറേ ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ്. സിനിമയിൽ പറയുന്ന ഒരു ദു:ശീലവും അനാവശ്യവും ഇല്ലാത്ത വ്യക്തിയാണ്. മദ്യപാനം, ചീട്ടുകളി തുടങ്ങി ഒന്നും തന്നെയില്ലാത്ത ക്ലീനായ വ്യക്തിയാണ്. അദ്ദേഹം എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിന്റെ അനുമതിയോട് കൂടി നോട്ട്സ് ഉണ്ടാക്കിയാണ് പത്രക്കുറിപ്പ് കൈമാറിയത്.

എന്നാൽ സിദ്ദിഖ് ചെയ്തത് അതല്ല. സിദ്ദിഖ് കെ.പി.എ.സി.ലളിതയെയും ചേർത്ത് ലോക്കേഷനിൽ വച്ച് പത്രസമ്മേളനം നടത്തി. ആരോടും കൂടിയാലോചിക്കാതെ സ്വന്തം മനസാലെ പറഞ്ഞ കാര്യങ്ങളാണ്. അതിൽ ഏറ്റവും പ്രാധാന്യം കൊടുത്തത് ദിലീപിന്റെ രക്ഷയ്ക്കാണ്. ദിലീപിനെതിരേ പൊലീസിന് കൊടുത്ത മൊഴി ഇന്ന് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അതിന് വിരുദ്ധമായാണ് പത്രസമ്മേളനത്തിൽ സിദ്ദിഖ് കാര്യങ്ങൾ പറഞ്ഞത്. എല്ലാ പ്രശ്നങ്ങൾക്കും തുടക്കം മുതലേ ഉള്ള കാരണം ഈ നാലഞ്ച് ആൾക്കാരാണ്. ഇന്നസെന്റേട്ടൻ അതൊരു വിധത്തിൽ കൊണ്ടുപോയി. മോഹൻലാൽ വന്നപ്പോൾ ഇതിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മോഹൻലാലിനെയും സമ്മർദ്ദത്തിൽ ആക്കുന്നത് ഈ നാലഞ്ച് ആൾക്കാരാണ്.

ഡബ്ല്യു.സി.സി മുഴുവൻ തുറന്ന് പറഞ്ഞിട്ടില്ല. അവർ ഉയർത്തുന്ന തർക്കം 100 ശതമാനം ശരിയാണ്. രേവതി ഒക്കെ പത്ത് മുപ്പത്തിയഞ്ച് വർഷമായി സിനിമയിലുണ്ട്. അവർക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതിൽ ഒരു 10 ശതമാനം മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ. ദിലീപിന്റെ പക്ഷം ചേർന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹൻലാൽ അവിടെ നിസ്സാരനായി പോകുന്നത്. മോഹൻലാൽ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് നല്ല രീതിയിൽ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹൻലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനിൽക്കില്ല.

ഈ പോക്ക് ഇങ്ങനെ പോയാൽ ചിലപ്പോൾ അയാൾ രണ്ട് വർഷത്തിനുള്ളിൽ രാജിവച്ച് പോയിക്കളയും. ഇങ്ങനത്തെ വൃത്തികേടിനൊന്നും ലാലിനെ കിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വർഷം മമ്മൂട്ടി ആ സംഘടനായിൽ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയിൽ സാധാരണ മെമ്പർഷിപ്പുമായി അയാൾ നിൽക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല.

ഡബ്ല്യു.സി.സി ആരോപണങ്ങൾ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണം. ചാനലിൽ വരുന്ന നാലഞ്ച് ആളുകൾ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകൾ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു വാര്യർ പ്രത്യക്ഷത്തിൽ വരാത്തത്, അവർ മോഹൻലാലിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതാണ്, അവർ സിനിമയിൽ സജീവമാണ്. അതുകൊണ്ടാണ് അവർ നിശ്ശബ്ദരായിരിക്കുന്നത്. പക്ഷേ, മനസ് ആ കുട്ടികൾക്കൊപ്പമാണ്. മഞ്ജു വാര്യർ ഇവരെ വിട്ടുപോകില്ല. കാരണം ഈ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു വാര്യർ എല്ലാം സഹിച്ചത്. ഈ കുട്ടിക്ക് വേണ്ടിയാണ് ഡബ്ല്യു.സി.സി എന്ന സംഘടന ഉണ്ടായത്. അവർ ഇങ്ങനെ നിശ്ശബ്ദരായിരിക്കുന്നത് കണ്ട് മിണ്ടുന്നില്ല എന്ന് വിചാരിക്കണ്ട. അവർ അമ്മയിൽ നിന്നും രാജിവയ്ക്കൊന്നുമില്ല. അതിനുള്ളിൽ നിന്ന് തന്നെ അവർ പോരാടും.

ഇനിയും പുതിയ പുതിയ ആരോപണങ്ങൾ വരും, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളിൽ പെടും. കുറച്ചാളികൾ ധൈര്യം കാണിച്ചാൽ മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവർക്കും ധൈര്യമാകും. ചുരുക്കം ചിലർക്കേ അത്തരം അനുഭവങ്ങൾ ഇല്ലാത്തവർ ഉണ്ടാകൂ. മറ്റുള്ളവരെല്ലാംഅതെല്ലാം നേരിടാൻ സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്-ലിബർട്ടി ബഷീർ പറയുന്നു.