കൊച്ചി: ദിലീപ് അറസ്റ്റിലായ ദിവസമാണ് ലിബർട്ടി ബഷീർ നന്നായി ഉറങ്ങിയത്. വിതരണക്കാരുടെ സംഘടനയിൽ നിന്ന് ലിബർട്ടി ബഷീറിനെ പുറത്താക്കിയത് ദിലീപിന്റെ തന്ത്രങ്ങളായിരുന്നു. അറസ്റ്റിലായ ശേഷം ദിലീപിനെതിരെ പലതും ലിബർട്ടി ബഷീർ തുറന്നു പറഞ്ഞു. അതിൽ ഒന്നാണ് ഇന്ന് കേരള കൗമുദിയോട് വെളിപ്പുടെത്തിയതും. ഇവിടെ കരഞ്ഞുകൊണ്ടിരിക്കുന്ന മഞ്ജുവാര്യരെ താൻ കണ്ടുവെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. നന്ദിയില്ലാത്ത ചതിയനായി ദിലീപിനെ വിശേഷിപ്പിക്കുന്നു.

കേരള കൗമുദിയിലെ ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ചിരിതൂകുന്ന ക്രൂരനായ തമാശക്കാരനാണ് ദിലീപ്. നന്ദി ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. പണത്തോടുള്ള ആർത്തിയിൽ എന്തും ചെയ്യാൻ മടിക്കില്ല. എന്നാേട് എന്തിന് പക തോന്നിയെന്ന് അറിയില്ല. അവനെ സ്‌നേഹിക്കുകയും കൈപ്പിടിച്ചുയർത്തുകയുമാണ് ചെയ്തത്. എന്നിട്ടു പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു. മൂന്നു കാര്യങ്ങളാണ് എന്റെ മനസിലേക്ക് ഇപ്പോൾ കടന്നുവരുന്നത്.

സിനിമാ വിതരണക്കാരനായ ദിനേശ് പണിക്കരെ ജയിലിലടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ദിലീപിനെ നിർമ്മാതാക്കളുടെ സംഘടന രണ്ടു വർഷത്തേക്ക് വിലക്കി. ഈ സമയം ദിലീപിനായി പട്ടണത്തിൽ സുന്ദരൻ' എന്ന ചിത്രം ചെയ്യാൻ താൻ തയ്യാറായി. 2004 ലാണ് സംഭവം. 28 ലക്ഷം രൂപ ദിലീപിന് പ്രതിഫലമായി നൽകാമെന്നും ഏറ്റു. പിന്നീട് സിനിമ ചെയ്യാതെ ദിലീപ് എന്നെ വട്ടംചുറ്റിച്ചു. എങ്ങനെയോ സിനിമ പൂർത്തിയാക്കിയപ്പോൾ 60 ലക്ഷം രൂപ വേണമെന്നായി. അല്ലെങ്കിൽ ഡബ്ബിംഗിന് എത്തില്ലെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്നിൽ നിന്ന് 60 ലക്ഷവും പിടിച്ചുവാങ്ങിയെന്ന് പറയാം. ദിലീപിനായി ഒരു സഹായം ചെയ്യാൻ പോയപ്പോൾ എനിക്കിട്ട് എട്ടിന്റെ പണി തന്നു.

ദിലീപ് അടുത്തകാലത്തൊന്നുമല്ല കാവ്യയെ മീശ പിരിച്ചു കാണിച്ചത്

മീശമാധവൻ സിനിമയുടെ 125 ാം ദിവസം ആഘോഷിക്കുന്ന ചടങ്ങ് എറണാകുളം ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുകയാണ്. ഏകദേശം രാത്രി 12 മണിയായി കാണും. ഒരു മുറിക്ക് മുന്നിലൂടെ നടന്നുനീങ്ങുമ്പോൾ ദിലീപിന്റെ മുൻ ഭാര്യയിരുന്ന് കരയുന്നു. എന്താ കുട്ടിയെന്ന് ചോദിച്ചു. ഒരു മണിക്കൂറായി ചേട്ടൻ പോയിട്ട്, കാണുന്നില്ലെന്നായിരുന്നു മറുപടി. കിടക്കയിൽ മകളുമുണ്ടായിരുന്നു. ഹോട്ടലിന് പുറത്തേക്കിറങ്ങാൻ പോയപ്പോൾ ബാത്ത്‌റൂമിന്റെ വശത്ത് നിന്ന് ദിലീപും കാവ്യയും സംസാരിക്കുന്നു. അവരെ വീട്ടിൽ കൊണ്ടുവിട്ടിട്ടു പോരേ ഇതെന്ന് താൻ ചോദിച്ചു. എന്നിട്ട് നേരം പുലരുവോളം സംസാരിക്കാനും പറഞ്ഞു. ഇരുവരും മിണ്ടാതെ നിൽക്കുന്ന രംഗം ഇന്നും എന്റെ മനസിലുണ്ട്.

സംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മന്ത്രി എ.കെ. ബാലന്റെ മുന്നിലിരിക്കുന്ന സമയം. തിയേറ്റർ ഉടമകൾക്ക് ഒരു വർഷം നാലര കോടിയോളം രൂപ ലാഭം ലഭിക്കുന്നുണ്ടെന്ന് ദിലീപിന്റെ വെളിപ്പെടുത്തൽ. കള്ളപ്പണം ലഭിക്കുന്നവർക്കായിരിക്കുമെന്ന് താൻ തിരിച്ചടിച്ചു. അതോടെ എന്റെ സംഘടനയെ പൊളിക്കാൻ ദിലീപ് കച്ചകെട്ടിയിറങ്ങി. മുൻ സംഭവങ്ങളും മനസിലുണ്ടാകും. ഒരു രൂപ കൈവിട്ടുകളിക്കാത്ത ദിലീപ് പൾസർ സുനിയേയും ചതിച്ചു. സുനി നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാമെന്നായിരുന്നു വാഗ്ദാനം.

ഇത് നീട്ടി നീട്ടി കൊണ്ടുപോയി അവനെയും പറ്റിക്കുമായിരുന്നു. ഇത്രയും നാൾ സഹപ്രവർത്തകരെ പറ്റിക്കുകയും തൊഴിച്ചെറിയുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഇന്നനുഭവിക്കുന്നത്. ദിലീപിന്റെ കരാളഹസ്തത്തിൽ നിന്ന് ഇനിയെങ്കിലും മലയാള സിനിമയ്ക്ക് മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.