കണ്ണൂർ: സൗന്ദര്യവും അഭിനയ സിദ്ധിയുമുള്ള നടന്മാരെ മുളയിൽ തന്നെ നുള്ളിക്കളയാൻ ദിലീപ് എന്നും ശ്രമിച്ചിരുന്നുവെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് പ്രസിഡണ്ട് ലിബർട്ടി ബഷീർ. പൃഥ്വിരാജ് സിനിമയിൽ വന്നതു മുതൽ തന്നെ അയാളെ ഒതുക്കാൻ കരുനീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവ് കൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.

ബിജുമേനോനേയും തകർക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നു. എന്നാൽ കലാമികവിൽ അദ്ദേഹം ഇപ്പോഴും ചലച്ചിത്രമേഖലയിൽ നിൽക്കുന്നു. ഈ രണ്ടു പേരുടേയും ഒട്ടേറെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ബഷീർ പറയുന്നു. ഇതിന് പുറമേ മറ്റ് ചില നടന്മാരെക്കൂടി ഒന്നുമല്ലാതാക്കി ദിലീപ് ഇരുത്തിയിട്ടുണ്ട്. നിർമ്മാതാവും സംവിധായകനും നായക സ്ഥാനത്ത് തീരുമാനിച്ചവരെ ദിലീപിന്റെ ഇടപെടൽ മൂലം ഇല്ലാതാക്കിയിട്ടുണ്ട്. ഇത്തരം അനാവശ്യ ഇടപെടുകൾക്കെല്ലാം ഇനി പര്യവസാനമാകും. ബഷീർ പ്രത്യാശ പ്രകടിപ്പിച്ചു.

മലയാള സിനിമാ മേഖലയിലെ എല്ലാ സംഘടനകളേയും തന്റെ ചൊൽപ്പടിക്കു നിർത്തി ആധിപത്യം സ്ഥാപിക്കാനാണ് ദിലീപ് ശ്രമിച്ചത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു നടനും ഇത്രയും ക്രൂരമായ ചരിത്രമില്ല. നടിയെ അപമാനിച്ച സംഭവത്തിലൂടേയാണ് ഇയാളുടെ മുഖം മൂടി അഴിയുന്നത്. സിനിമയെ വളർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ക്വട്ടേഷൻ സംഘവുമായല്ല. വളർന്നു വരുന്ന കലാകാരന്മാർ തന്റെ സേവകനായി ഇരുന്നാൽ മാത്രം സിനിമയിൽ റോൾ എന്ന പതിവ് മാറണം. ഇപ്പോൾ ദിലീപ് പെട്ടിരിക്കയാണ്. ഇനി ഒരിക്കലും അയാൾക്ക് പഴയ കളി കളിക്കാനാകില്ല. ദിലീപ് യുഗത്തിന്റെ പര്യവസാനമായിരിക്കുന്നു. ബഷീർ പറഞ്ഞു.

വളരെ ശക്തമായി തന്നെ ചലച്ചിത്ര രംഗത്ത് എക്സിബിറ്റേഴ്സിന്റേയും നിർമ്മാതാക്കളുടേയും ഉൾപ്പെടെയുള്ള സംഘടനകൾ വരും. ചലച്ചിത്ര മേഖലയിലെ എല്ലാവരും സഹകരിച്ചു കൊണ്ടായിരിക്കും അത്. ആരുടേയും മേധാവിത്വത്തിലായിരിക്കില്ല. ഒട്ടേറെ പേർ തന്നെ ബന്ധപ്പെടുന്നുണ്ട്. എല്ലാം കലങ്ങി തെളിയട്ടെ. എന്നാണ് ഞാൻ പറഞ്ഞത്. അടുത്ത മാസത്തോടെ ചലച്ചിത്ര മേഖലക്ക് പുനർജ്ജനി ഉണ്ടാക്കുന്ന സംഘടനകൾ വരും.

പണത്തിന്റെ സ്വാധീനത്തിൽ എല്ലാം കീഴ്മേൽ മറിക്കുന്നവരെയല്ല പകരം സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഉണ്ടാവുക. ചെറുതും വലുതുമായ എല്ലാവരേയും ഈ സംഘടനകൾ ഉൾക്കൊള്ളും. കലാകാരന്മാരോടും അനുബന്ധമായി പ്രവർത്തിക്കുന്നവരോടും സ്നേഹവും ആദരവും ഉണ്ടാകും. പേര് ദോഷം വന്ന മലയാള സിനിമാ മേഖലയെ ജനകീയ സ്വഭാവത്തിലൂടെ മാറ്റിയെടുക്കുമെന്ന് ബഷീർ പറഞ്ഞു.