ന്യൂയോർക്ക്:  ലിബിയയിൽ ഐഎസ് കൊടുംഭീകരർ അതിക്രൂരമായി തലയറുത്തുകൊലപ്പെടുത്തിയ ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രിസ്ത്യൻ യുവാക്കളുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാജ്ഞലിയർപ്പിക്കുവാനും ഐക്യദാർഡ്യ പ്രഖ്യാപിക്കുവാനുമായി സ്റ്റാറ്റൻ ഐലന്റിലെ Archangel Michael and St Mena Coptic Orthodox Church-ൽ കൂടിയ സമ്മേളനം ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളുടെ മേലദ്ധ്യഷന്മാരുടെയും വൈദീക ശ്രേഷ്ഠരുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാ സാന്ദ്രമായി. കത്തോലിക്ക സഭാ, ഗ്രീക്ക് ഓർത്തഡോക്‌സ്, സിറിയൻ ഓർത്തഡോക്‌സ്, എത്യോപ്യൻ ഓർത്തഡോക്‌സ്, അർമ്മീനിയൻ ഓർത്തഡോക്‌സ് തുടങ്ങിയ സഭാ വിഭാഗങ്ങളിലെ മെത്രാപ്പൊലീത്തമാരോടും  വൈദീകരോടുമൊപ്പം പ്രാദേശീക സംസ്ഥാനതല രാഷ്ട്രീയ നേതാക്കൾ, സാംസ്‌കാരിക നായകന്മാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കുചേർന്നു.

കത്തോലിക്ക സഭ ന്യൂയോർക്ക് ആർച്ച് ഡയോസിസ് അധിപൻ കർദ്ദിനാൾ തിമോത്തി ഡോളൻ തന്റെ പ്രസംഗത്തിൽ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭയോട് ഐക്യദാർഢ്യ പ്രഖ്യാപിക്കുകയും മധ്യ പൂർവ്വേഷ്യൻ മേഖലകളിൽ ക്രൈസ്തവർക്കെതിരെ നടന്നു വരുന്ന ക്രൂരതയ്‌ക്കെതിരെ ലോക ക്രൈസ്തവ സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി.

സമ്മേളനത്തിൽ സിറിയൻ ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായി പങ്കെടുത്ത അമേരിക്ക, കാനഡ, യൂറോപ്പ് ക്‌നാനായ ആർച്ച ഡയോസിസ് അധിപൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ്, മലങ്കര ആർച്ച് ഡയോസിസ് ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസിനെ പ്രതിനിധീകരിച്ച് റവ. ഫാ. ജോസഫ് വർഗീസ് (വികാരി) സെന്റ് മേരീസ് ചർച്ച് ബർഗൻ എന്നിവരുടെ സാന്നിധ്യവും സന്ദേശവും  ശ്രദ്ധേയമായി. ക്രൈസ്തവ വിശ്വാസത്തിനും സഭയ്ക്കുമായി കൊല്ലപ്പെടുന്നവർ രക്ത സാക്ഷികളാണെന്നും കഴുത്തറുക്കപ്പെടുന്ന നിമിഷം വരെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചവരായി വീഡിയോ ദൃശ്യങ്ങളിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ഇരുപത്തിയൊന്ന് കോപ്റ്റിക്ക് യുവാക്കളുടെ മാതൃക വിശ്വാസത്തെ മുറുകെപ്പിടിക്കുവാനുള്ള മുഖാന്തിരമായി തീരട്ടെയെന്ന് ആർച്ച് ബിഷപ്പ് ആയൂബ് സിൽവാനിയോസ് പ്രസ്താവിച്ചു. വിവിധ ക്രൈസ്തവ സമൂഹം കൂടുതൽ കൂടുതൽ അടുക്കുവാൻ കൂട്ടക്കുരുതി വഴിതെളിച്ചു, സഹോദരങ്ങളുടെ വേർപാടിൽ ദുഃഖിക്കുകയല്ല മറിച്ച് ക്രൂശിൽ തൂക്കപ്പെടുവനായ ക്രിസ്തുവിന്റെ നാമത്തിൽ പ്രത്യാശയുള്ളവരായി തീർന്ന് കൂടുതൽ ശക്തിയാർജ്ജിക്കുവാൻ നമുക്ക് കഴിയണമെന്ന് റവ. ഫാ. ജോസഫ് വർഗീസ് ഉദ്‌ബോധിപ്പിച്ചു.

സമീപ കാലത്ത് വർദ്ധിച്ചു വരുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുവാനും നടപടികൾ സ്വീകരിക്കാനും മടിക്കുന്ന പാശ്ചാത്യ ശക്തികൾക്കെതിരെ വെരി റവ. ജോൺ ക്വോറി (ഈസ്‌റ്റേൺ ആർച്ച് ഡയോസിസ് പാത്രിയർക്കാ പ്രതിനിധി) ശബ്ദമുയർത്തി. ആർച്ച് ബിഷപ്പ് ആബ്ലനാ സെക്കരിയാസ് (എതോപ്യൻ ഓർത്തഡോക്‌സ് ചർച്ച്), ബിഷപ്പ് ടിക്കോൺ (അമേരിക്കൻ ഓർത്തഡോക്‌സ് ചർച്ച്) ബിഷപ്പ് സെവസ്റ്റിയാനോസ് സീല (ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ച്) ബിഷപ്പ് വില്ല്യം മർഫി (കാത്തലിക്ക് ചർച്ച്  ലോംഗ് ഐലന്റ്) വെരി. റവ. സൈമൺ ഒഡബാഷ്യൻ, വെരി. റവ. മാമിഗോൺ കെലിഡ്ജാൺ, ആർച്ച് ബിഷപ്പ് ബജാജ് ബർസിമായന്റെ പ്രതിനിധി റവ. ഫാ. ഏബ്രഹാം മൽക്കിസിയാൻ (അർമ്മേനിയൻ സഭ) തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

എറിട്രിയൻ ഓർത്തഡോക്‌സ് അമേരിക്കൻ ഭദ്രാസനം, നോർത്ത് ഈസ്റ്റ് മലങ്കര ഓർത്തഡോക്‌സ് ഭദ്രാസന മെത്രാപ്പൊലീത്ത, സഖറിയാ മോർ നിക്കളാവോസ് തിരുമേനി എന്നിവരുടെ അനുശോചന സന്ദേശം ചടങ്ങിൽ വായിക്കുകയുണ്ടായി. ഫെബ്രുവരി 19ാം തിയതി വൈകുന്നേരം 7 മണിക്ക് സ്റ്റാറ്റൻ ഐലന്റിലെ കോപ്റ്റിക്ക് ദേവാലയത്തിൽ ചേർന്ന സമ്മേളനത്തിൽ കോപ്റ്റിക്ക് ക്രമം അനുസരിച്ചിള്ള അനുസ്മരണ ശുശ്രൂഷ നടന്നു. സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ട നിരവധിയാളുകൾ പ്രാർത്ഥനയോടു നിറകണ്ണുകളോടുകൂടി ശുശ്രൂഷകളിലും സമ്മേളനത്തിലും പങ്കു ചേർന്നു. ബിജു ചെറിയാൻ അറിയിച്ചതാണിത്.