- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഐസി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞിട്ട് ഒന്നര വർഷം; ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പോലും കോടതി അലക്ഷ്യം ഭയന്ന്; നിയമനത്തിനായി നടപടികളൊന്നും സ്വീകരിക്കാതെ അധികൃതർ; അഞ്ച് ഡിവിഷനുകളിലെ ഇരുന്നൂറോളം ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ
തിരുവനന്തപുരം: 2019 സെപ്റ്റംബർ- ഡിസംബർ കാലയളവിൽ പരീക്ഷ നടന്ന എൽഐസി അസിസ്റ്റന്റ് ലിസ്റ്റിൽ നിന്നും ഒന്നര വർഷമായിട്ടും നിയമനം നടത്താനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പരാതി. 2020 ജനുവരിയിൽ റിസൾട്ട് പ്രസിദ്ധികരിച്ചിട്ടും ഇന്നുവരെയും ഒക്കൂട്ടത്തിൽ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നതാണ് ഉദ്യോഗാർത്ഥികളുടെ പരാതി. കേരളത്തിലെ അഞ്ച് ഡിവിഷനുകളിലെ 165 ഉദ്യോഗാർത്ഥികളും 38 എം പാനൽഡ് കാൻഡിറ്റേറ്റുകളും അടക്കം 203 പേരാണ് എൽഐസിയുടെ അനാസ്ഥ മൂലം പെരുവഴിയിൽ നിൽക്കുന്നത്.
2019 സെപ്റ്റംബറിലാണ് എൽഐസി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഒക്ടോബറിൽ പ്രിലിംസും ഡിസംബറിൽ മെയിൻസും നടന്നു. അഞ്ച് ഡിവിഷനുകളിൽ നടന്ന മെയിൻസിന്റെ റിസൾട്ട് പ്രഖ്യാപിച്ചത് 2020 ജനുവരി 16 നാണ്. എന്നാൽ മറ്റ് മൂന്ന് ഡിവിഷനുകളുടെ റിസൾട്ട് പ്രഖ്യാപിച്ചിരുന്നില്ല. എൽഐസിയിലെ 45 താൽക്കാലിക ജീവനക്കാർ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ഈ ഡിവിഷനുകളിലെ റിസൾട്ട് പ്രഖ്യാപിക്കുന്നത് ഹൈക്കോടതി തടയുകയായിരുന്നു. ഈ വിധിക്കെതിരെ ഉദ്യോഗാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയും ഈ പ്രശ്നം ഒത്തുതീർക്കാനും തടഞ്ഞുവച്ചിരിക്കുന്ന റിസൾട്ട് പ്രഖ്യാപിക്കാനും സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ വർഷം ജൂണിൽ എൽഐസിയുടെ അഭിഭാഷകൻ അഫിഡവിറ്റ് സമർപ്പിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. അത് പ്രകാരം എൽഐസി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി പ്രത്യേക പരീക്ഷ നടത്തി. എന്നാൽ നിലവിലെ ജീവനക്കാരാരും അത് എഴുതിയില്ല.
റിസൾട്ട് പ്രഖ്യാപിക്കാത്തതിനെതിരെ ഈ വർഷം ഫെബ്രുവരിയിൽ ഒരു ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയും റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന് അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. എന്നാൽ കോടതി വിധി വന്നിട്ടും റിസൾട്ട് പ്രഖ്യാപിക്കാൻ എൽഐസി അധികൃതർ തയ്യാറായില്ല. അതിനെതുടർന്ന് അതേ ഉദ്യോഗാർത്ഥി കോടതി അലക്ഷ്യത്തിന് കേസ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ എൽഐസി ധൃതിപ്പെട്ട് റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിദ്ധീകരിച്ച റിസൾട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം ഉദ്യോഗാർത്ഥികൾ നിയമനനടപടികൾക്കായി ബന്ധപ്പെടേണ്ടത് അതാത് ഡിവിഷനുകളിലെ പി ആൻഡ് ഐആർ മാനേജരെയാണ്. എന്നാൽ അതിന് ശേഷം നിയമനം സംബന്ധിച്ച് വ്യക്തമായ യാതൊരു മറുപടിയും എൽഐസിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. കോവിഡ് മൂലം 50 ശതമാനം ജീവനക്കാർ വർക്ക് ഫ്രം ഹോമാണ്, മേലുദ്യോഗസ്ഥരിൽ നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നിയമനം നീട്ടിക്കൊണ്ടുപോകുകയാണ് അധികൃതർ.
2019 സെപ്റ്റംബറിൽ നോട്ടിഫിക്കേഷൻ വന്ന ലിസ്റ്റാണ് നിയമനനടപടികൾ പോലും ആരംഭിക്കാതെ നീണ്ടുപോകുന്നത്. മുംബൈയിലെ എൽഐസിയുടെ ഹെഡ് ഓഫീസിലേയ്ക്കും എൽഐസി ചെയർമാനുമടക്കം പല പരാതികളും ഉദ്യോഗാർത്ഥികൾ അയച്ചെങ്കിലും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് അവർ പരാതിപ്പെടുന്നു. കുമ്പിളിൽ എത്തിയ തൊഴിൽ ഓരോ ദിവസവും കഴിയുന്തോറും അകന്നകന്ന് പോകുന്നത് നിസഹായരായി നോക്കി നിൽക്കാൻ മാത്രമെ ഉദ്യോഗാർത്ഥികൾ സാധിക്കുന്നുള്ളു.