ന്യൂഡൽഹി: നവജാത ശിശു മരിച്ചെന്ന് തെറ്റായി വിലയിരുത്തിയ സംഭവത്തിൽ ഡൽഹി ഷാലിമാർ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. ഡൽഹി സർക്കാരിന്റേതാണ് നടപടി. ആശുപത്രിക്ക് വീഴ്ച വന്നുവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. വീഴ്ചയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

നവംബർ 30നാണ് ഷാലിമാർ ബാഗിലെ മാക്‌സ് ആശുപത്രിയിൽ വർഷ എന്ന ഇരുപത്തൊന്നുകാരിക്ക് ആണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. അതിൽ പെൺകുഞ്ഞ് ജനിച്ചയുടൻ മരിച്ചു. ആൺകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടർമാർ അറിയിച്ചു.

ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്കു കൈമാറി. സംസ്‌കാര ചടങ്ങിനു തയ്യാറെടുക്കുമ്പോൾ കുഞ്ഞിന് അനക്കം കാണുകയായിരുന്നു. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികിൽസയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. ഇതിനെതിരെ വൻ പ്രതിഷേധവും ഉണ്ടായിരുന്നു.

കൂടാതെ കുട്ടിയുടെ ചികിൽസയ്ക്ക് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കി പിതാവ് ആശിഷ് കുമാർ മറ്റൊരു പരാതിയും ആശുപത്രിക്കെതിരെ നൽകിയിരുന്നു.