- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സാരിയുടുക്കാൻ സമരം നടത്തി എയർ ഇന്ത്യയെ മുട്ടുകുത്തിച്ചു; വൻ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ; ബാബാ രാംദേവിന്റെ മരുന്നിൽ മനുഷ്യാസ്ഥികൾ ഉണ്ടെന്ന് തെളിയിച്ചു; തമിഴ്‌നാട്ടിലെ ജാതി മതിൽ തകർത്തു; ഇപ്പോൾ ഡൽഹിയിൽ ജെസിബിക്ക് വട്ടം നിന്ന് താരമായി; 74ാം വയസ്സിലും സമരജീവിതം; സിപിഎമ്മിന്റെ പെൺപുലി ബൃന്ദ കാരാട്ടിന്റെ കഥ
ഡൽഹിയിൽ ആദ്യമായി ആം ആദ്മി പാർട്ടി അധികാരത്തിൽ കയറിയ സമയം. എന്തുകൊണ്ട് ഇന്ത്യയിൽ ഇതുപോലെ ഒരു മാറ്റം ഉണ്ടായി എന്ന് വിശദമായി പഠിക്കാൻ എത്തിയതായിരുന്നു, ന്യൂയോർക്ക് ടൈംസിന്റെ ഏഷ്യൻ കറസ്പോൻഡന്റ് റിച്ചാർഡ് ഡെന്നറ്റ്. ആ അനുഭവം അദ്ദേഹം എഴുതിയിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷത്തിന് ആം ആദ്മിക്ക് ഒപ്പം എത്താനായില്ലെന്ന്. അതിലെ ഒരു വാചകം ഇങ്ങനെ- '' സിപിഎം ജനറൽ സെക്രട്ടറി വലിയൊരു ഫയലുമായി തന്റെ ഓഫീസിലേക്ക് എല്ലാ ദിവസവും നടന്നുപോകുന്ന ആ വഴിയിൽ തന്നെയാണ്, ആം ആദ്മി കെജ്രിവാളിന്റെ നേതൃത്വത്തിൽ വൈദ്യുതി സമരം നടത്തിയത്. പക്ഷേ ഇടതുനേതാക്കൾ തിരിഞ്ഞുനോക്കിയില്ല. വലിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന തിരക്കിൽ ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കൾ സാധാരണക്കാരനോട് സംസാരിക്കാൻ പോലും മറന്നു.''
വളരെ സത്യസന്ധമായ ഒരു വിലയിരുത്തലായിരുന്നു ഇത്. മുടവന്മുഗൾ കൊട്ടാരത്തിന്റെ മതിൽ ചാടി എകെജി ഐതിഹാസികമായ മിച്ചഭൂമി സമരത്തിന് നേതൃത്വം കൊടുത്തത് അടക്കമുള്ള പാവങ്ങൾക്ക് വേണ്ടിയുള്ള സമര പരമ്പരകൾ എല്ലാം പഴങ്കഥ. ഇന്ന് കെ റയിലിനുവേണ്ടി പാവങ്ങളുടെ കിടപ്പാടത്തിൽ കുറ്റിയടിക്കുന്ന തിരക്കിലാണ്, കേരളത്തിലെ സിപിഎം നേതാക്കൾ. എന്നാൽ അപ്പോഴാണ് ഡൽഹിയിൽനിന്ന് എകെജിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരു ഇടിമുഴക്കം കേൾക്കുന്നത്. സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും, ഡൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും കടകളും തകർക്കുന്നതിനിടെ ആ ഒറ്റയാൾ പോരാട്ടം സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. അതാണ് സഖാവ് ബൃന്ദകാരാട്ട്. 74 വയസ്സുള്ള ഈ വയോധിക വേണ്ടി വന്നു, കണ്ണില്ലാത്ത ഭരണകൂട ഭീകരതതെ ചെറുത്തുതോൽപ്പിക്കാൻ. നോക്കണം രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ എവിടെപ്പോയി എന്ന ചോദ്യത്തിന് കോൺഗ്രസിനും മറുപടിയില്ല.
ഡൽഹിയിൽ നിസ്സഹായരായി നിൽക്കുന്ന ആളുകൾക്കിടയിലേക്കാണ് ധൈര്യപൂർവം സിപിഎം നേതാവ് ബൃന്ദ കാരാട്ട് കടന്നുവന്നത്. സുപ്രീംകോടതിയുടെ സ്റ്റേ ഓർഡറും ഉയർത്തിപ്പിടിച്ചുവന്ന അവർ ബുൾഡോസറുകൾ തടഞ്ഞു. അധികൃതർക്ക് സ്റ്റേ ഓർഡർ കൈമാറി.ഡൽഹി കോർപറേഷൻ അധികാരികൾക്ക് മുന്നിൽ അക്രമം തടഞ്ഞ് നിന്ന വൃന്ദ ഒരു ദിവസം കൊണ്ട് രാജ്യത്തെ സമരനായിക ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് മണിക്കൂർ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ബൃന്ദയുടെ ആവശ്യം അംഗീകരിച്ച് അധികൃതർക്ക് മടങ്ങേണ്ടിവന്നത്.
പക്ഷേ ബൃന്ദകാരാട്ട് എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒരു പുത്തരിയല്ല എന്ന് വ്യക്തമാവും. ഇതിനെക്കാൾ എത്രയോ വലിയ കൊമ്പന്മാരെ മുട്ടുകുത്തിച്ച ചരിത്രമാണ് ആ പെൺപുലിയുടേത്.
ഒരു കോസ്മോപൊളിറ്റൻ ജീവിതം
പഞ്ചാബിയായ പിതാവ്, ബംഗാളിയായ അമ്മ. ജീവിത പങ്കാളി മലയാളി. പാശ്ചാത്യ വിദ്യാഭ്യാസത്തിനുശേഷം വൻതുക ശമ്പളമുള്ള എയർഹോസ്റ്റസ് ജോലി വലിച്ചെറിഞ്ഞ് എടുത്ത് ചാടിയത് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്. ശരിക്കും നമുക്ക് വിചിത്രം എന്ന് നോന്നാവുന്ന ഒരു ജീവിതമാണ് അവരുടേത്.
കൊൽക്കൊത്തയിൽ 1947 ഒക്ടോബർ 17നാണ് ബൃന്ദ ജനിക്കുന്നത്. സൂരജ് ലാൽ ദാസ് എന്നാണ് അച്ഛന്റെ പേര്. ഒരു സഹോദരനും മൂന്ന് സഹോദരികളുമുണ്ട്. അഞ്ചാം വയസ്സായപ്പോഴേക്കും ബൃന്ദക്ക് അമ്മ ഒഷ്റുകോന മിത്ര നഷ്ടമായി. പിന്നീട് ബൃന്ദയുടെ അച്ഛൻ രണ്ടാം വിവാഹം ചെയ്തതും ഒരു മലയാളിയെയാണ്. പ്രകാശ്കാരാട്ടുമായി വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ തനിക്ക് കേരളവുമായി ബന്ധം തുടങ്ങിയിരുന്നുവെന്ന് ബൃന്ദ പറയുന്നത് ഇതിന്റെ പേരിലാണ്.
'''എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്, 1953ൽ. അച്ഛൻ വീണ്ടും വിവാഹിതനായി, 1960ൽ. വധു അന്ന് കൊൽക്കത്തയിലുണ്ടായിരുന്ന കോട്ടയംകാരി സുശീല കുരുവിള. രാജ്യത്തിന്റെ ആദ്യ ധനകാര്യമന്ത്രി ജോൺ മത്തായിയുടെ മകൻ ദുലീപിന്റെ ആദ്യ ഭാര്യയായിരുന്നു സുശീല. അവർ വിവാഹബന്ധം വേർപെടുത്തി ഏതാനും വർഷം കഴിഞ്ഞ് സുശീല എന്റെ അച്ഛനെ വിവാഹം ചെയ്തു. അവർ തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾ എത്രയോ തവണ അവർക്കൊപ്പം കോട്ടയത്തു വന്നിരിക്കുന്നു. സുശീലയുടെ അമ്മയെ അമ്മച്ചിയെന്നും അച്ഛനെ അപ്പച്ചിയെന്നുമാണ് ഞാൻ വിളിച്ചിരുന്നത്. നിറയെ റബറൊക്കെയുള്ള വീടാണ്. സുറിയാനി ക്രിസ്ത്യാനികൾ.
സുശീലയുടെ ആദ്യ വിവാഹത്തിലെ മകനും ഞങ്ങൾക്കൊപ്പമാണു വളർന്നത്. സുശീല ഏതാനും വർഷം മുൻപ് മരിച്ചു, കൂനൂരിൽവച്ച്. കേരളത്തിലെ പ്രസംഗങ്ങളിൽ മലയാളപദങ്ങൾ പ്രയോഗിക്കുന്നതിന്റെ രഹസ്യം കോട്ടയത്തെ ബാല്യകാലദിവസങ്ങളാണ്. 'എനിക്കു മലയാളം പറയാൻ അറിയില്ല. കേട്ടാൽ മനസ്സിലാവും. പ്രകാശിന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ താൻ മലയാളം പഠിക്കുമായിരുന്നു'- ബൃന്ദ കാരാട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബൃന്ദയുടെ സഹോദരിയായ രാധിക റോയ്, എൻഡിടിവി എഡിറ്ററും ഉടമയുമായ പ്രാണോയ് റോയിയെയാണ് വിവാഹം ചെയ്തത്. ബൃന്ദകുടുംബത്തിലെ പലരും പല മേഖലകളിലായി പ്രശ്സതരാണ്. ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 16ാം വയസ്സിൽ മിരിൻഡ ഹൗസ് എന്ന ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കി.1971 ൽ കൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
മിനി സ്‌കർട്ടിൽ എയർ ഇന്ത്യയെ മുട്ടുകുത്തിച്ചു
അക്കാലത്ത് തന്റെ മനസ്സു നിറയെ നാടക മോഹമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും ബൃന്ദ പറഞ്ഞിട്ടുണ്ട്. ലണ്ടനിലെ നാടക സ്‌കൂളുകളായ റാഡയിലോ ലാംഡയിലോ പഠിക്കണമെന്നു മോഹം. എന്നാൽ, അതിനുമുൻപ് സ്വന്തം കാലിൽനിൽക്കാൻ കെൽപുവേണമെന്ന് അച്ഛൻ. അങ്ങനെയാണ് എയർ ഇന്ത്യയിൽ എത്തുന്നത്. ആദ്യം കൊൽക്കത്തയിൽ. ലണ്ടനിൽ ഒഴിവുവന്നപ്പോൾ അവിടേക്ക്. ജോലിക്കൊപ്പം നാടകം പഠിക്കാൻ സായാഹ്ന കോഴ്‌സുകൾക്കും ചേർന്നു. ആ സമയത്താണ് പ്രസിദ്ധമായ മിനി സ്‌കർട്ട് സമരം ഉണ്ടായത്.
വനിതാ ജീവനക്കാർ നിർബന്ധമായും മിനി സ്‌കർട്ട് ധരിക്കണം എന്ന നിയമത്തെ അവർ എതിർത്തു.മിനി സ്‌കർട്ട് യൂനിഫോം നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഒടുവിൽ എയർ ഇന്ത്യ മാനേജ്‌മെന്റ് ഡ്രസ് കോഡ് ഭേദഗതി ചെയ്തു. വനിതാ ജീവനക്കാർക്ക് സാരിയും സ്‌കർട്ടും തിരഞ്ഞെടുക്കാൻ അനുമതി കിട്ടി. ബൃന്ദ നടത്തിയ ആദ്യത്തെ സമരം അതായിരുന്നു. ''സാരിക്കുവേണ്ടിയുള്ള സമരമായിരുന്നില്ല അത്. വേഷം അടിച്ചേൽപ്പിക്കുമെന്ന് ധാർഷ്ട്യത്തിന് എതിരെയായിരുന്നു. ആ സമരം പിന്നീട് സമാനമായ വിഷയങ്ങളിൽ ഇടപെടുന്നവർക്ക് ഊർജ്ജമായി''- ബൃന്ദ പിന്നീട് പറഞ്ഞു.
വൻതുക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്ന ഒരു യുവതിക്ക് വട്ടാണെന്നാണ് അന്നും ഇന്നും പറയുക. വെറും 22ാമത്തെ വയസ്സിലാണ് ബൃന്ദ എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് വിപ്ലവ പാതയിലേക്ക് എടുത്തു ചാടുന്നത്. നിരന്തരായ വായനയും, അക്കാലത്തെ ലോക രാഷ്ട്രീയവും അവരുടെ വീക്ഷണത്തെ മാറ്റിമറിക്കയായിരുന്നു.
ലണ്ടനിൽവച്ചാണ് വൃന്ദ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ചു മനസ്സിലാക്കുന്നതും സിപിഎമ്മിൽ ചേരാൻ തീരുമാനിക്കുന്നതുമൊക്കെ. അതേ കാലത്താണ് വെലംസ് സ്‌കൂളിലെ സഹപാഠി സുഭാഷിണി അലി ലണ്ടൻവഴി നാട്ടിലേക്കു മടങ്ങുന്നത്. ലണ്ടനിലെ ഒരു റസ്റ്ററന്റിൽ കണ്ടുമുട്ടുകയും കമ്യൂണിസ്റ്റാവാൻ തീരുമാനിച്ചുവെന്നു രണ്ടു പേരും പരസ്പരം പറയുകയുമായിരുന്നു. വൈകാതെ വൃന്ദ കൊൽക്കത്തയിലെത്തി. സുഭാഷിണിയുടെ പരിചയക്കാരനായ ഒരു സഖാവിലൂടെയാണ് ഞാൻ ബിമൻ ബോസിനെ പരിചയപ്പെട്ട് പാർട്ടിയിലേക്കു കടക്കുന്നത്. വൃന്ദയ്ക്കുശേഷം സുഭാഷിണിയും പൊളിറ്റ് ബ്യൂറോ അംഗമായി.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെയും മുൻ സിപിഎം സെക്രട്ടറി സുന്ദരയയ്യുടെയുമൊക്കെ പിന്തുണ അവൾക്ക് ഉണ്ടായിരുന്നു.
കാരാട്ടിനെ പ്രണയിച്ച് ദാമ്പത്യത്തിലേക്ക്
ആദ്യം കൊൽക്കത്തിയിലും പിന്നീട് ഡൽഹിയിലുമാണ് അവർ പ്രവർത്തിച്ചത്. ഈ ഡൽഹിക്കാലത്തിലാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി പ്രണയത്തിൽ ആവുന്നത്. അന്ന് എകെജിയുടെ സെക്രട്ടറിയായിരുന്നു പ്രകാശ്. അതേക്കുറിച്ച് ബൃന്ദ പിന്നീട് ഇങ്ങനെ പറഞ്ഞു.-''പാർട്ടിയിലായിരിക്കെയാണു ഞാൻ പ്രകാശുമായി പ്രണയത്തിലാവുന്നത്. എന്റെ ജീവിത്തിലെ ഏറ്റവും പ്രധാന സംഗതി പാർട്ടിയാണ്. അതിന്റെ ഭാഗമല്ലാത്ത ഒരാളെ വിവാഹം ചെയ്യുക ആലോചിക്കാനാവില്ല. അടിസ്ഥാന ആശയഗതികൾ യോജിക്കാത്തവർ എങ്ങനെ ഒത്തുപോകും?''- അവർ പറയുന്നു. ''പരസ്പരം രക്തഹാരം അണിയിക്കുംമുൻപ് ഞങ്ങൾ രണ്ടു പേരും ഓരോ പ്രതിജ്ഞ എഴുതിത്ത്ത്ത്ത്തയാറാക്കിയിരുന്നു. പരസ്പരം ആലോചിക്കാതെ, പരസ്പരം കാണിക്കാതെ. ഞങ്ങളതു വായിച്ചു. കേട്ടവർക്കു വിശ്വസിക്കാനായില്ല, രണ്ടു പ്രതിജ്ഞകളുടെയും സത്ത ഏതാണ്ട് ഒന്നുതന്നെ. ഞങ്ങളുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പങ്കാളിത്തം എപ്പോഴും ഞങ്ങളുടെ പ്രവർത്തനത്തെയും വിപ്ലവാഭിമുഖ്യത്തെയും ശക്തിപ്പെടുത്തണമെന്ന്''.ബൃന്ദ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
''വിവാഹത്തിനു മുൻപ് ഞങ്ങൾ പരസ്പരം ധാരാളം സംസാരിച്ചിട്ടുള്ളതാണല്ലോ. അതുകൊണ്ടുകൂടിയാവാം ആ പ്രതിജ്ഞകളിലെ ആശയം ഒരേപോലെയായത്''. ഈ പ്രതിജ്ഞകൾ പിന്നീട് കാണാതായി. കണ്ടെടുക്കാൻ ബൃന്ദയും പ്രകാശും പിന്നീടു പലതവണ ശ്രമിക്കുകയും, കിട്ടിയില്ല. അത് കിട്ടാഞ്ഞത് നന്നായി എന്നും കിട്ടിയിരുന്നെങ്കിൽ അവയ്ക്കു പാർട്ടി രേഖകൾക്കു തുല്യമായ പദവി കൈവരുകയും അവയിലെ വാക്കുകൾ മാത്രമല്ല കുത്തും കുനിപ്പും വിശകലനവിധേയമാകുകയും തർക്കം ഉടലെടുക്കുകയും ചെയ്യുമായിരുന്നുവെന്നും ബൃന്ദ പിന്നീട് തമാശപോലെ പറഞ്ഞിരുന്നു.
ബൃന്ദയെ പ്രകാശ് ആദ്യം കാണുന്നത് പക്ഷേ കൊൽക്കത്തയിലെ എസ്എഫ്‌ഐ ആസ്ഥാനത്തു വച്ചല്ല, ലണ്ടനിൽവച്ചാണ്. ബൃന്ദയന്ന് എയർ ഇന്ത്യയിൽ ജോലിക്കാരിയാണ്. പ്രകാശ് എഡിൻബറ സർവകലാശാലയിൽ എംഎസ്സി വിദ്യാർത്ഥി.ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ നടത്തിയ ചടങ്ങിൽ സത്യജിത് റേയെത്തി. റേയെ കാണാനെത്തിയതാണു പ്രകാശ്. അവിടെ റേയോട് ഓരോരോ ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടികളിൽ വെളുത്തു മെലിഞ്ഞ സുന്ദരിയെ പ്രകാശ് പ്രത്യേകമായി നോക്കി. അന്ന് മൊട്ടിട്ട അനുരാഗമാണ് പിന്നീട് വളർന്നത്.
വിവാഹം നടക്കുമ്പോൾ ബൃന്ദക്ക് 27വയസ്സായിരുന്നു. പ്രകാശിനേക്കാൾ നാലുമാസം മൂപ്പ്. 1975 നവംബർ ഏഴിന്, ഒക്ടോബർ വിപ്ലവവാർഷിക ദിവസം, ഡൽഹിയിൽ വീണാ മജുംദാറിന്റെ വീട്ടിൽ നടന്ന പ്രതിജ്ഞവായന കേട്ടതും വിവാഹച്ചടങ്ങിൽ പങ്കെടുത്തതും എ.കെ.ഗോപാലൻ, സുശീല ഗോപാലൻ, ഹർകിഷൻ സിങ് സുർജിത്, തുടങ്ങി മുപ്പതോളം പേരാണ്.
എതായും അവർ ആഗ്രഹിച്ചതുപോലെയുള്ള ഒരു രാഷ്ട്രീയ ജീവിതമാണ് പിൽക്കാലത്ത് ഉണ്ടായത്. ഭർത്താവ് സിപിഎം ജനറൽ സെക്രട്ടറിയായപ്പോൾ, ഭാര്യ പിബി അംഗമായി. 2005ൽ സിപിഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള അവർ ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടാണ്. രാജ്യസഭാംഗം എന്ന നിലയിലും സ്ത്യത്യർഹമായ പ്രകടനമാണ് അവർ കാഴ്ചവെച്ചത്.
പക്ഷേ പ്രകാശ് കാരാട്ടിനെപ്പോയെ ത്വാത്വക വിഷയങ്ങളിൽ ആയിരുന്നില്ല പത്നിയുടെ ഫോക്കസ്. നിരവധി ജനകീയ സമരങ്ങളാണ് അവർ ഏറ്റെടുത്തത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ രാജ്യസഭാഗം കൂടിയായ അവർ എക്കാലവും മുന്നിൽ നിന്നിരുന്നു. ലിംഗവിവേചനം സിപിഎമ്മിൽ പോലും ഉണ്ടെന്ന് തുറന്നടിച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
ബാബാ രാംദേവും ജാതിമതിലും
2005-06ൽ ഒന്നാം യുപിഎ സർക്കാറിന്റെ കാലം. ബാബാ രാംദേവിന്റെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ വൃന്ദ കാരാട്ട് സുപ്രധാനമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. 2005ൽ കമ്പനി തയ്യാറാക്കിയ മരുന്നുകളിൽ മൃഗങ്ങളുടെ ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികളുമുണ്ടെന്ന് അവർ തെളിയിച്ചു. 2006ന്റെ തുടക്കത്തിൽ, ബാബ രാംദേവിന്റെ കമ്പനി ലൈസൻസിംഗും ലേബലിങ് വ്യവസ്ഥകളും ലംഘിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതായി അവർ അവകാശപ്പെട്ടു.
ബാബ രാംദേവ് ആരോപണങ്ങൾ നിഷേധിച്ചു, എന്നാൽ പിന്നീട് കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള കമ്പനി തൃപ്തികരമായ വിശദീകരണത്തോടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.ദിവസങ്ങൾക്ക് ശേഷം ബാബ രാംദേവിന്റെ അനുയായികളും സിപിഎം പ്രവർത്തകരും ഡൽഹിയിൽ ഏറ്റുമുട്ടി. ബാബാ രാംദേവിന് പിന്തുണയുമായി ആര്യസമാജം പ്രവർത്തകർ വൃന്ദ കാരാട്ടിന്റെ കോലം കത്തിച്ചു. രോഷാകുലരായ സമരക്കാരെയും സിപിഎം പ്രവർത്തകരെയും പിരിച്ചുവിടാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു.
പക്ഷേ ബൃന്ദയുമായുള്ള ഏറ്റുമുട്ടലിൽ രാംദേവിന് ശരിക്കും പരിക്കേറ്റിരുന്നു. സ്വകാര്യലാബിൽ നടന്ന പല പരിശോധനയിലും രാംദേവിന്റെ മരുന്നുകളുടെ ഗുണനിലവാരം മോശമാണെന്ന് വ്യക്തമായി. അന്ന് ശോഭ കെട്ടുപോയ രാംദേവ് ഉയർത്ത് എഴുനേറ്റ് വന്നത് ഇപ്പോൾ മോദി സർക്കാറിന്റെ കാലത്താണ്.
തമിഴ്‌നാടിന്റെ ഏക്കാലത്തെയും വലിയ ശാപമായിരുന്നു ജാതി കലാപങ്ങൾ.
2006 സെപ്റ്റംബറിൽ, ജാതി സംഘർഷങ്ങൾ നടന്ന മധുര ഗ്രാമം സന്ദർശിക്കാൻ വൃന്ദ എത്തി. അവരുടെ സന്ദർശനം പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞ് ഭരണകൂടം അവരെ വഴിയിൽ തടഞ്ഞു. ഗ്രാമത്തിൽ മീറ്റിംഗുകൾ നടത്താൻ അവർക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
ഗ്രാമത്തിലേക്കുള്ള വഴിയിൽ പൊലീസ് കാർ തടഞ്ഞപ്പോൾ വൃന്ദ കാരാട്ട് പ്രതിഷേധവുമായി റോഡിൽ കുത്തിയിരുന്നു. നടുറോഡിലെ സമരം കുറച്ചുനേരം തുടർന്നു. പൊലീസ് വഴങ്ങുകയും അവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ അതോടെ സംഭവത്തിന് ദേശീയമാനങ്ങൾ കൈവന്നു. നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായി. പിന്നീട് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ ജാതിമതിലുകൾ പൊളിച്ച് കളഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരെ സധൈര്യം
2021 മാർച്ചിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്. എ ബോബ്‌ഡെ ബലാത്സംഗക്കേസ് പ്രതിയോട് വിവാദപരമായ ഒരു പരാമർശം നടത്തി. ബലാത്സംഗത്തിന് ഇരയായ പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത് ആണ് വിവാദമായത്. ഇതിനെതിരെ വൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് എഴുത്തയച്ചു. പരാമർശം തിരുത്തണം എന്നായിരുന്നു ആവശ്യം. അഭിപ്രായം പിന്തിരിപ്പൻ എന്നായിരുന്നു അവരുടെ അഭിപ്രായം. ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പ്രതിയോട്, 'നിങ്ങൾ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ?' എന്ന് ചോദിച്ചിരുന്നു.
വൃന്ദ കാരാട്ട് തന്റെ കത്തിൽ പറഞ്ഞു, 'പെൺകുട്ടിക്ക് പതിനാറ് വയസ്സുള്ളപ്പോൾ ഈ ക്രിമിനൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവൻ തന്റെ കുറ്റകൃത്യം 10-12 തവണ ആവർത്തിച്ചു. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് വിവാഹം കഴിക്കാൻ സമ്മതം കാണിക്കുന്നുണ്ടോ?. എന്തായാലും, ഈ പെൺകുട്ടിയെപ്പോലെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കാര്യത്തിൽ, സമ്മതത്തിന്റെ പ്രശ്നമില്ലെന്ന് നിയമം വ്യക്തമാണ്. ഇത്തരം ചോദ്യങ്ങൾ ഇരകളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം കണക്കിലെടുത്ത് തന്റെ പരാമർശങ്ങൾ പിൻവലിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയോട് അവർ ആവശ്യപ്പെട്ടു. 'ദയവായി ഈ അഭിപ്രായങ്ങളും ചോദ്യങ്ങളും പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യുക' -അവർ പറഞ്ഞു.ബൃന്ദ ഇടപെട്ടതോടെ സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചു.
സ്റ്റാൻ സ്വാമിക്കുവേണ്ടി കാമ്പയിൻ
2021 ജൂലൈയിൽ, ഝാർഖണ്ഡിലെ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് വൃന്ദ കാരാട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിനെതിരെ കാമ്പയിൻ ആരംഭിച്ചു.എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിലാണ് സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ഒക്ടോബറിൽ റാഞ്ചിക്കടുത്തുള്ള നാംകൂമിലെ ബഗൈച്ച വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തതു മുതൽ തലോജ സെൻട്രൽ ജയിലിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളും ജയിലിലെ മോശം മെഡിക്കൽ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷയെ എൻ.ഐ.എ ആവർത്തിച്ച് എതിർത്തിരുന്നു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ അഞ്ചിന് സ്റ്റാൻ സ്വാമി അന്തരിച്ചു.
ഇത് ചില ഉദാഹരണങ്ങൾ മാത്രം. കേരളത്തിൽ നടിയ ആക്രമിച്ച കേസ് തൊട്ട്, സിസ്്റ്റർ സെഫിയുടെ നാർക്കോഅനാലിസ് വിവരം പുറത്ത് വിട്ടത് അടക്കമുള്ള നിരവധി സംഭവങ്ങളിൽ അവർ പ്രതികരിച്ചു. പ്രതിഷേധിച്ചു. പ്രകാശ് കാരാട്ടിനും യെച്ചൂരിക്കും പകരം ബൃന്ദാകാരാട്ടിന് ജനറൽ സെക്രട്ടറിയാവാൻ ഒരു അവസരം കൊടുക്കയാണെങ്കിൽ സിപിഎമ്മിന്റെ അവസ്ഥ എത്രയോ മാറുമായിരുന്നുവെന്ന് പല വിലയിരുത്തലും ഉണ്ടായിട്ടുണ്ട്.
സ്വന്തം മക്കൾ ഇല്ലെങ്കിലെന്ത്?
പ്രകാശ് കാരാട്ട് -ബൃന്ദ ദമ്പതികൾ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചവരാണ്.
പാർട്ടിക്കായി ജീവിക്കുമ്പോൾ കുഞ്ഞുങ്ങളെ പരിപാലിക്കുക പ്രയാസമാവുമെന്ന്, പാർട്ടിയിലെ തങ്ങളുടെ തലതൊട്ടപ്പൻ കൂടിയായ പി.സുന്ദരയ്യയാണ് ഇവരെ ഉപദേശിച്ചത്. മറ്റൊരർഥത്തിൽ, തന്റെ മാതൃക പകർത്താനാണു സുന്ദരയ്യ ഉപദേശിച്ചത്. എന്നാൽ, തന്റെ തീരുമാനം ശരിയായിരുന്നെങ്കിലും ഒരു പിഴവുപറ്റിയെന്നു സുന്ദരയ്യ പിന്നീട് ബൃന്ദയോടു പറഞ്ഞു. ഭാര്യ ലീലയോട് ആലോചിക്കാതെ തീരുമാനമെടുത്തതായിരുന്ുന അത്. അതുകൊണ്ടുതന്നെ, 'മക്കൾ വേണ്ടായെന്നു തീരുമാനിക്കേണ്ടത് പ്രകാശല്ല, ബൃന്ദയാണ്. പ്രകാശിന്റെ നിലപാട് അടിച്ചേൽപിക്കരുത്'- ഇങ്ങനെയാണ് സുന്ദരയ്യ കൊടുത്ത ഉപദശം.
പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തതിൽ തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് ബൃന്ദ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ''എന്റെ സഹോദരങ്ങൾ സുരജിത്തിന്റെയും ജൂനിയുടെയും അകാലമരണം വേദനാജനകമായിരുന്നു. അവരുടെ മക്കളെ ഞങ്ങൾ വളർത്തി. അതുകൊണ്ട്, മക്കളുടെയും കൊച്ചുമക്കളുടെയും സ്‌നേഹം ഞങ്ങളനുഭവിക്കുന്നു. പിന്നെ പാർട്ടിയും ജനങ്ങളുമുണ്ട് കുടെ. അതുകൊണ്ട് ഈ ജീവിത സായാഹ്നത്തിലും ഒറ്റപ്പെടൽ തീരെയില്ല.''.
മരണങ്ങളും ദുഃഖങ്ങളും ബൃന്ദയുടെ കുടെപ്പിറപ്പാണ്- ''എന്റെ കൊച്ചുമകൻ (ജൂനിയുടെ മകൾ സൊനാലിയുടെ മകൻ) ഇഷാന്റെ മരണം. അതിന്റെ ദുഃഖം എന്നെ വിട്ടുപിരിഞ്ഞിട്ടില്ല. വിട്ടുപിരിയില്ല. ജീവിതത്തിൽ എനിക്കു പല കയറ്റിറക്കങ്ങളുമുണ്ടായിട്ടുണ്ട്. മരണം എനിക്കൊപ്പം എന്നുമുണ്ടായിരുന്നു. സഹോദരനും സഹോദരിയും മരിച്ചു; ഒരു അത്യാഹിതത്തിൽ അമേരിക്കയിൽവച്ച് ഇഷാനും. അവനെക്കുറിച്ചുള്ള ഓർമകൾ മറികടക്കാൻ എനിക്കു സാധിച്ചിട്ടില്ല''.- അാവർ പറയുന്നു.
ലോകം മുഴവൻ കമ്യൂണിസം തകർന്ന ഈ കാലഘട്ടത്തിലും വിപ്ലവം വരുമെന്ന് തന്നെയാണ് ബൃന്ദ വിശ്വസിക്കുന്നത്. -''ഞാനീ പ്രായത്തിലും ദിവസവും എഴുന്നേറ്റ് പാർട്ടിക്കായി പ്രവർത്തിക്കുന്നത് എന്തിന്റെ പേരിലാണ്? വിപ്ലവപാതയിലുള്ള വിശ്വാസമൊന്നു മാത്രമാണു കാരണം. ലോകത്തു മറ്റൊന്നിനും എനിക്കു പ്രവർത്തിക്കാനുള്ള ഊർജം തരാനാവില്ല. നമുക്കു ചുറ്റുമുള്ള അസമത്വങ്ങളും അവ മുതലെടുക്കാനുള്ള വലതുപക്ഷ ശ്രമങ്ങളും കാണുമ്പോൾ വിപ്ലവം വരുമെന്നുതന്നെയാണു വിശ്വാസം. നൂറു വർഷം മുൻപ് ഒക്ടോബർ വിപ്ലവത്തിലൂടെ റഷ്യയിലുയർന്ന തീപ്പൊരികളാണു പ്രചോദനം. ഉറച്ച ബോധ്യങ്ങളോടെ ഇന്ത്യയിൽ പാർട്ടിയുടെ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഞാൻ എത്രകാലംകൂടി ജീവിക്കുമെന്നറിയില്ല. എന്നാലും വിപ്ലവം സാധ്യമാണെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.''- അവർ ഉറച്ചു പറയുന്നു.
സ്ത്രീവിരുദ്ധ മൂൻവിധികൾ സിപിഎമ്മിലും
സ്ത്രീവിരുദ്ധ മുൻവിധികൾ സിപിഎമ്മിലും ഉണ്ടെന്ന് അവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ''സമൂഹത്തിൽ സ്ത്രീജീവിതം പ്രയാസമുള്ളതാണ്. പാർട്ടിയിൽ അത്ര പ്രയാസം തോന്നിയിട്ടില്ല. സമൂഹത്തിലേൽക്കാവുന്ന മുൻവിധികൾ പാർട്ടിയിൽ വലിയൊരളവുവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. എനിക്കു വേണ്ടിയല്ല, ലിംഗപരമായ മുൻവിധികളുടെ പേരിൽ പാർട്ടിക്കുള്ളിൽ എനിക്കു നിരാശ തോന്നിയ സന്ദർഭങ്ങളുണ്ട്. ക്ഷോഭവുമുണ്ടായിട്ടുണ്ട്.'' അങ്ങനെ ഒരു സിപിഎം പാർട്ടികോൺഗ്രസിൽനിന്നുതന്നെ ബൃന്ദ നേരത്തെ ക്ഷുഭിതായയി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
''രാഷ്ട്രീയ സമരങ്ങളുടെ മുൻനിരയിലേക്കു സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഞാൻ പാർട്ടി പ്രവർത്തനം തുടങ്ങിയത് ആൺഭൂരിപക്ഷമുള്ള തൊഴിലാളി യൂണിയൻ രംഗത്താണ്, ടെക്‌സ്‌റ്റൈൽ തൊഴിലാളികൾക്കിടയിൽ. അതും, ഡൽഹി നഗരത്തിൽ. അന്നൊക്കെ സ്ത്രീ പ്രാധിനിത്വം കറുവായിരുന്നു. ഇപ്പോൾ അത് മാറിയിട്ടുണ്ട്.'- ബൃന്ദ ചൂണ്ടിക്കാട്ടുന്നു. മലയാളം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും കേരളത്തിന്റെ മരുമകൾ എന്ന് കേൾക്കുന്നത് ആഹ്ലാദം ഉണ്ടാക്കുന്നുവെന്നും അവർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ' മലയാളം സ്ഫുടമായി സംസാരിക്കാൻ അറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാവും. കേരളീയ വിഭവങ്ങൾ കുറച്ചൊക്കെ ഉണ്ടാക്കാനും അറിയാം. എവിടെ പോയാലും മലയാളികൾ നൽകുന്ന സ്നേഹവും അമ്പരിപ്പിക്കുന്നതാണ്'- ബൃന്ദ ചൂണ്ടിക്കാട്ടുന്നു.
ബംഗാളിലും തൃപുരയിലുമൊക്കെ അധികാരം പോയി സിപിഎം വെറും കേരളാ പാർട്ടിയായി മാറിയതിനുപിന്നിൽ കൃത്യമായ സമരങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതാണെന്ന് സിപിഎം തന്നെ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ പക്ഷത്തുനിന്ന് പോരടിക്കാൻ കഴിയുന്ന നേതാക്കൾ ഇന്ന് സിപിഎമ്മിൽ ഇല്ല. ഈ 74ാം വയസ്സിലും ഡൽഹി ജഹാംഗീർപുരിയിൽ ഒറ്റക്ക് ബുൾഡോസർ തടഞ്ഞുകൊണ്ട് ബൃന്ദകാരാട്ട്, തന്റെ പാർട്ടിയിലെ നേതാക്കളുടെ നിഷ്‌ക്രിയത്വത്തെ കൂടിയാണ് പരോക്ഷമായി ചോദ്യം ചെയ്യുന്നത്.
വാൽക്ക്ഷണം: കെ റെയിലിനുവേണ്ടി കേരളത്തിൽ വലിയ തോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുന്ന സമയമാണിത്. നന്ദിഗ്രാം- സിംഗൂർ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാൾ ഘടകം നൽകിയ മുന്നറിയിപ്പുകൾ പോലും കേരളഘടകം അവഗണിക്കുന്നു. ഡൽഹിയിലെ പാവങ്ങളുടെ കണ്ണീർ കാണുന്ന സഖാവ് ബൃന്ദക്ക് പക്ഷേ കേരളത്തിലെ പാവങ്ങളുടെ വേദന കാണാൻ കഴിയുന്നില്ല. അതാണ് രാഷ്ട്രീയം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ