- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന പദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ല; ലൈഫ് മിഷനിലേത് സമാനതകളില്ലാത്ത പാർപ്പിട വികസനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമാനതകളില്ലാത്ത പാർപ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസു വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലര വർഷം പിന്നിട്ട എൽഡിഎഫ് സർക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,50,547 വീടുകളാണ് പൂർത്തിയായത്. ഇതു വഴി പത്തു ലക്ഷത്തിലേറെ പേർക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. കേരളത്തിൽ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന ധാരാളം പേരുണ്ട്. അവരിൽ നിന്ന് ലഭിച്ച അപേക്ഷകൾ സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അർഹരായ എല്ലാവർക്കും വീട് നൽകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷൻ. സർക്കാർ അധികാരമേറ്റ ഉടനെ നാലു മിഷനുകളാണ് രൂപീകരിച്ചത്. എന്തിനാണ് മിഷനുകൾ എന്ന് ചോദിച്ചവരുണ്ട്. എന്നാൽ, കാര്യങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ ഇതുവഴി കഴിഞ്ഞുവെന്ന് ഇപ്പോൾ വ്യക്തമായി.
പാർപ്പിട രംഗത്ത് ഇതിനുമുമ്പും ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രശ്നത്തിന് പരിഹാരമായില്ല. ഇത് കണക്കിലെടുത്താണ് സമ്പൂർണ പാർപ്പിട പദ്ധതി നവകേരള കർമ പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗം തകർച്ചയെ നേരിടുന്ന നിലയിലായിരുന്നു. ഇപ്പോൾ വലിയ മാറ്റമാണ് ഈ രംഗത്തുണ്ടായത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചുവെന്ന് എന്നു മാത്രമല്ല, 6.8 ലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുകയും ചെയ്തു. കോവിഡ് മഹാമാരിയെ ഒരു പതർച്ചയുമില്ലാതെ നേരിടാൻ സർക്കാരിനെ പ്രാപ്തമാക്കിയത് ശക്തമായ പൊതുജനാരോഗ്യമേഖലയാണ്. ആരോഗ്യമേഖലയെ ഈ രീതിയിൽ ശക്തിപ്പെടുത്തുന്നതിൽ ആർദ്രം മിഷന്റെ പങ്ക് വലുതാണ്.
ഹരിതകേരളം മിഷനിലൂടെ സംസ്ഥാനത്തെ പ്രകൃതിയും വെള്ളവും കൃഷിയും മെച്ചപ്പെടുത്താനുള്ള വലിയ ഇടപെടലാണ് നടന്നത്. വിവിധ കാരണങ്ങളാൽ പൂർത്തിയാകാതെ പോയ വീടുകളുടെ നിർമ്മാണമാണ് ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. 52,607 വീടുകൾ ഈ ഘട്ടത്തിൽ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതിൽ 87,697 വീടുകൾ പൂർത്തിയാക്കി. ആകെ ഗുണഭോക്താക്കൾ 98,326. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 108 ഗ്രാമപഞ്ചായത്തുകൾ ലക്ഷ്യം പൂർണമായും നിറവേറ്റി.
പി.എം.എ.വൈ അർബൻ പ്രകാരം 63,449 വീടുകളും റൂറൽ പ്രകാരം 17,149 വീടുകളും ഇതിനൊപ്പം പൂർത്തിയാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ലൈഫുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. രണ്ടു വ്യത്യസ്ത പദ്ധതികളുടെ ഗുണഫലം ഇതുവഴി ഭവനരഹിതർക്ക് ലഭിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും നാലുലക്ഷം രൂപയുടെ സഹായം സർക്കാർ ഉറപ്പാക്കി.
മൂന്നാംഘട്ടത്തിൽ ഭൂമിയില്ലാത്തവരുടെ ഭവന നിർമ്മാണമാണ് ഏറ്റെടുത്തത്. ഇതിൽ 52 സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. അഞ്ച് സമുച്ചയങ്ങൾ രണ്ടു മാസത്തിനകവും 32 സമുച്ചയങ്ങൾ മെയ് മാസവും പൂർത്തിയാകും. സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയിൽപെടുത്തിയാണ് 14 സമുച്ചയങ്ങൾ നിർമ്മിക്കുന്നത്.
വടക്കാഞ്ചേരി നഗരസഭയിൽ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോൺസർഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിർമ്മിക്കുന്നുണ്ട്. എന്നാൽ, അവിടെ ഇതൊന്നും നടക്കാൻ പാടില്ല എന്നാഗ്രഹിക്കുന്ന ചിലർ ഉണ്ടെന്നാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയതിലൂടെ തെളിയുന്നത്.
നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്‌ത്താനും ജനങ്ങൾക്കു ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കാനുമാണ് ഒരു കൂട്ടർ അപവാദ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയത്. എന്നാൽ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന ഇത്തരം വികസന പദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിർമ്മാണമാണ് സർക്കാർ ഇതുവരെ പൂർത്തിയാക്കിയത്. ലക്ഷ്യമിട്ട എല്ലാ വികസനപദ്ധതികളും കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലിും തടസ്സമില്ലാതെ പൂർത്തിയാക്കാനാണ് സർക്കാരിന്റെ ശ്രമം. നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസവും ഒരുമിച്ചുകൊണ്ടുപോകുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്.
പരിമിതികൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കും. ഇനിയും ഏറെ ചെയ്യാൻ ബാക്കിയുണ്ട്. സമൂഹത്തിന്റെ പിന്തുണയോടെയാണ് രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയത്. ജനങ്ങൾ കൂടെയുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും മറികടക്കാനാകുമെന്ന വിശ്വാസം സർക്കാരിനുണ്ട്.
ലൈഫ് പദ്ധതി വിജയിപ്പിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിച്ചത്. പുതുതായി ഭരണമേറ്റ ഭരണാധികാരികൾ ഈ കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. വലിയ ഉത്തരവാദിത്വമാണ് അവർക്ക് നിർവഹിക്കാനുള്ളത്. കോവിഡ് ഭീഷണി ഗൗരവമായി കാണണം. കോവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികൾ പുനരുജീവിപ്പിക്കണം. മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്നുറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്.
ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും ലൈഫ്മിഷൻ സിഇഒ. യു.വി. ജോസും ചടങ്ങിൽ പങ്കെടുത്തു. രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഗുണഭോക്തത്താക്കളുടെ സംഗമം വിവിധ മേഖലകളിൽ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വട്ടിയൂർക്കാവിലെ വാഴോട്ടുകോണം പാപ്പാട്ട് ലൈഫ്മിഷനിൽ നിർമ്മിച്ച വീട് കാലത്ത് മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും സന്ദർശിച്ചു