തിരുവനന്തപുരം: ലൈഫ് 2020 ഭവനങ്ങൾ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ ആരംഭിക്കും. ലൈഫ് മിഷൻ 2017-ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങർക്ക് സുരക്ഷിത ഭവനങ്ങൾ നൽകി.

2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകൾ ലഭ്യമായി. ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിലാണ് നവംബർ ഒന്ന് മുതൽ അർഹതാ പരിശോധന ആരംഭിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ നൽകേണ്ടതാണ്.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ മുഴുവനും സമർപ്പിക്കുവാൻ കഴിയാതിരുന്നവർക്ക് പരിശോധന സമയത്ത് ആയത് സമർപ്പിക്കാവുന്നതാണ്. അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിലാണ് പരിശോധന നടക്കുന്നത്.