തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഈ സാമ്പത്തികവർഷം 87,000 വീടുകൂടി നിർമ്മിച്ചുനൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. 13,600 വീട് ഇതിനകം കൈമാറി. 100 ദിന പരിപാടിയിൽ മാത്രം 1200 വീട് നൽകി. 25,000 പേർ ഭൂമി വാങ്ങി. പുതിയ ഗുണഭോക്തൃ കരടുപട്ടിക ഡിസംബറിലും അന്തിമ പട്ടിക ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കും. പദ്ധതിക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും പി കെ ബഷീറിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

2.62 ലക്ഷം വീട് ഒന്നാം പിണറായി സർക്കാർ കൈമാറി. ഇനി അഞ്ചു ലക്ഷം വീടാണ് ലക്ഷ്യം. യുഡിഎഫിന്റെ 2011-16ൽ നിർമ്മിച്ചത് വെറും 3724 വീടാണ്. അധികാരത്തിൽ വന്നാൽ ഈ പദ്ധതി തന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞവരാണ് കോൺഗ്രസ് നേതാക്കൾ. പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.