'തെന്നിമാറുന്ന പന്നിക്കുട്ടി'... രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി അലക്സാണ്ടർ ബോറിസ് ഡി പെഫെൽ ജോൺസൺ എന്ന ബോറിസ് ജോൺസനെ പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷമായ ടോറികളിലെ വിമതരും രഹസ്യമായി വിളിക്കാറുള്ളത് അങ്ങനെയാണ്. കാരണം അയാളെ എന്ത് ചെളിവാരി എറിഞ്ഞാലും വീഴ്‌ത്താൻ കഴിയില്ല എന്നായിരുന്നു വിശ്വാസം. ചെളിയിൽ തിമിർക്കുന്ന പന്നിക്കുട്ടിയെപ്പോലെ അയാൾ തെന്നിതെന്നി വീഴാതെ രക്ഷപ്പെടും. മുമ്പ് കോവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ വസതിയിൽ പാർട്ടി നടത്തിയത് ഉൾപ്പെടെ ബോറിസിനെതിരെ വിമതർ പലതവണ കെണിയൊരുക്കിയിട്ടുണ്ട്. പക്ഷേ അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ അയാൾ അത് പൊളിച്ച് ചാടി.

പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു. ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ബോറിസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയായത്. ഇക്കാര്യത്തിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയിൽ നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെക്കൂടാതെ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച മുപ്പതോളം പേർ ഇതിനോടകം രാജിവെച്ചു. ആ രാജിപരമ്പരക്ക് ഒടുവിലാണ് ബോറിസിനും സ്ഥാനം ഒഴിയേണ്ടിവന്നത്. അതായത് സ്വന്തം പാർട്ടിക്കാർ കുത്തി പുറത്താക്കിയെന്ന് ചുരുക്കം.

പക്ഷേ ലോകത്തിലെ നേതാക്കളിൽ നമ്പർ വൺ ഷോമാനാണ് 58 കാരനായ ബോറിസ് ജോൺസൻ. കവിയാണ്, എഴുത്തുകാരനാണ്, ഒന്നാന്തരം പ്രാസംഗികനാണ്, നിത്യ കാമുകനാണ്. വാ തുറന്നാൽ വിവാദമുണ്ടാക്കുന്ന കാര്യത്തിൽ ട്രംപ് മാത്രമേ ബോറിസിന് ഒപ്പം വരൂ. ആരെയും കൂസാത്ത തന്റെടിയാണ്, പത്രപ്രവർത്തകനിൽ നിന്ന് പ്രധാനമന്ത്രിയായ ഈ മനുഷ്യൻ. കാഴ്ചയിലും സ്വഭാവത്തിലും 'അടിപൊളി' ആണ് ബോറിസ്. ബോ ജോ എന്നാണ് ന്യുജൻ വിശേഷണം. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ പതനത്തിലേക്കു വഴിതെളിച്ചതും ആ അടിപൊളി സ്വഭാവവും, തന്നിഷ്ടവും, തന്നെയാണ്.

ബാല്യത്തിൽ കേൾവിക്കുറവ് ഉള്ളയാൾ

ഇന്ന് ജീവിതം ആഘോഷിക്കുന്ന ബോറിസ് കുട്ടിക്കാലത്ത് കേൾവിക്കുറവുള്ളയാളും സുഹൃത്തുക്കൾ ഇല്ലാത്ത ഏകാന്തപഥികനും ആയിരുന്നു. 1964 ജൂൺ 19ന് ന്യൂയോർക്കിൽ ബ്രിട്ടിഷ് ദമ്പതികളുടെ മകനായി ജനനം. ന്യൂയോർക്കിൽ ജനിച്ചതിനാൽ ജോൺസന് യുഎസ് പൗരത്വവുമുണ്ട്. ബോറിസ് ജനിക്കുമ്പോൾ പിതാവ് സ്റ്റാൻലി ജോൺസന് വെറും 23 വയസും മാതാവ്, ഷാർലറ്റ് ഫോസെറ്റിന് വെറും 22 വയസ്സുമായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം പഠക്കാൻ എത്തിയായിരുന്നു സ്റ്റാൻലി. ഷാർലറ്റ് ലിബറൽ ബുദ്ധിജീവികളുടെ കുടുംബത്തിൽ നിന്നുള്ള ഒരു കലാകാരിയാണ്. സ്റ്റാൻലിയുടെ പഠനം കഴിഞ്ഞ് ദമ്പതികളും മകനും, തങ്ങളുടെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങി. അങ്ങനെ ഷാർലറ്റിന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിഞ്ഞു. ഈ സമയത്ത്, അവൾ മകനോടൊപ്പം ഓക്സ്ഫോർഡിന്റെ പ്രാന്തപ്രദേശമായ സമ്മർടൗണിൽ താമസിച്ചു. അവർക്ക് മൂന്ന് സഹോദരങ്ങൾ കൂടിയുണ്ടായി. പിതാവിന് പിന്നീട് ലോക ബാങ്കിൽ ഉദ്യോഗം കിട്ടി അമേരിക്കയിലേക്ക് പോയതിനാൽ അമ്മയാണ് ബോറിസിനെ നോക്കിയത്.

കുട്ടിക്കാലത്ത്, ബോറിസ് ഏറെക്കുറേ നിശബ്ദനായിരുന്നു. കേൾവിക്കുറവ് പരിഹരിക്കാൻ നിരവധി ഓപ്പറേഷനുകൾ നടത്തി. ഇതുമൂലം കുട്ടിക്കാലത്ത് സഹോദരങ്ങൾ മാത്രമായിരുന്നു കൊച്ചു ബോറിസിന്റെ സുഹൃത്തുക്കൾ. ആ ഊഷ്മള ബന്ധം ഇപ്പോഴും അവർ തുടരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം മാതാപിതാക്കൾ ഡിവോഴ്സ് ആവുകയും ചെയ്തു. എഴുത്തുകാരിയും പത്രപ്രവർത്തകയുമായ റേച്ചൽ ജോൺസൺ ആണ് ബോറിസിന്റെ ഇളയ സഹോദരി. പക്ഷേ ബോറിസിന്റെ പിതാവിന്റെ വംശവേരുകൾ കിടക്കുന്നത് തുർക്കിയിലാണ്. തുർക്കി-സർക്കാസിയൻ വംശജനായ ഒട്ടോമൻ ആഭ്യന്തര മന്ത്രിയും പത്രപ്രവർത്തകനുമായ അലി കെമാൽ ആയിരുന്നു ജോൺസന്റെ പിതാമഹൻ.

ജോൺസൺ ബ്രിട്ടീഷ് മാതാപിതാക്കൾക്ക് ന്യൂയോർക്ക് സിറ്റിയിൽ ജനിച്ചതിനാൽ, അദ്ദേഹം ആദ്യം ബ്രിട്ടീഷ്-അമേരിക്കൻ ഇരട്ട പൗരത്വം നേടിയിരുന്നു. പിന്നീട് ഇതിന്റെ പേരിൽ ഒരു ടാക്സ് തർക്കം ഉണ്ടായപ്പോൾ, യുകെയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി യുഎസ് പൗരത്വം അദ്ദേഹം ഉപേക്ഷിക്കയായിരുന്നു.

പത്രപ്രവർത്തകനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്

എൺപതുകളിൽ ഓക്‌സ്‌ഫോർഡിൽ പഠിക്കാൻ എത്തുമ്പോൾ മൂന്നു ലക്ഷ്യങ്ങളാണ് ബോറിസിന് ഉണ്ടായിരുന്നത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മികച്ച ഡിഗ്രി, സുന്ദരിയായ ഭാര്യ, ബിട്ടീഷ് പ്രധാനമന്ത്രി പദം. അതുമൂന്നും അദ്ദേഹം വാശിയോടെ നേടി എടുക്കുകയും ചെയ്തു. ഭാര്യമാരുടെയും പ്രണയിനികളുടെയും എണ്ണം അൽപ്പം കൂടി എന്നുമാത്രം!

ഓക്സ്ഫോർഡിൽ സ്‌കോളർഷിപ്പോടെയായിരുന്നു ബോറിസിന്റെ പഠനം. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ്, ലാറ്റിൻ, പുരാതന ഗ്രീക്ക് ഭാഷകളിൽ പരിജ്ഞാനമുണ്ട്, തന്റെ പത്രങ്ങളിലെ കോളങ്ങളിലും പ്രസംഗങ്ങളിലും ക്ലാസിക്കൽ റഫറൻസുകൾ പതിവായി ഉപയോഗിക്കാറുണ്ട്. ഒന്നാന്തരം സംഗീത പ്രേമിയും സിനിമാ ഭ്രാന്തനുമാണ് അദ്ദേഹം. ഇഷ്ട ചിത്രം ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ഗോഡ് ഫാദർ ആണ്. 'അവസാനം ഒന്നിലധികം പ്രതികാര കൊലപാതകങ്ങൾ' നടക്കുന്നുണ്ട് എന്നാണ് ഇതിന് കാരണം എന്നാണ്, അടി തിരിച്ചടി എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ബോറിസ്, ഈ പടം ഇഷ്ടപ്പെടുന്നതിന് കാരണമായി പറഞ്ഞത്.

പത്രപ്രവർത്തകനായാണു പ്രഫഷനൽ ജീവിതം ആരംഭിക്കുന്നത്. 'ദ് ടൈംസ്' പത്രത്തിൽ പ്രവർത്തിക്കവേ വ്യാജ ഉദ്ധരണി കെട്ടിച്ചമച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. പിന്നീട് 'ഡെയ്‌ലി ടെലഗ്രാഫ്' പത്രത്തിൽ പ്രവർത്തിച്ച അദ്ദേഹം 1999-2005 കാലത്ത് 'ദ് സ്പെക്ടേറ്റർ' എന്ന പത്രത്തിന്റെ എഡിറ്ററായി. പത്ര പംക്തികാരനെന്ന നിലയിൽ ശ്രദ്ധേയനായ ജോൺസന് 2.75 ലക്ഷം പൗണ്ട് (2.6 കോടി രൂപയോളം) പ്രതിവർഷ വരുമാനമുണ്ടായിരുന്നു.

ഏതെങ്കിലും ഒരു രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിനാണല്ലോ നാം ഒരു പൊളിറ്റിക്കൽ മൂവ്മെന്റിൽ അംഗമാവുക. എന്നാൽ ബോറിസ് ജോൺസനെ സംബന്ധിച്ച് അങ്ങനെ ഒന്നുമില്ല. അദ്ദേഹം തന്റെ സുഹൃത്തുക്കളോടും, മാധ്യമ രംഗത്തെ ഗോഡ്ഫാദർമാരോടുമൊക്കെ ചോദിച്ച് തനിക്ക് തിളങ്ങാൻ പറ്റുന്ന പാർട്ടി എന്ന നിലയിൽ കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുക്കയായിരുന്നു. 1997ലാണ് ആദ്യ തിരഞ്ഞെടുപ്പു മത്സരം. അതിൽ തോറ്റതിനു പിന്നാലെ ടിവി ഷോകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാക്ചാതുരി നന്നായുള്ള ബോറിസ് അതോടെ ജനങ്ങളുടെ പ്രിയ താരം ആയി. 2001ൽ വീണ്ടും പാർലമെന്റിലേക്കു മത്സരിച്ചു ജയിച്ചു. ടിവി ഷോകളിലെ പ്രശസ്തി അദ്ദേഹത്തിന് നന്നായി ഗുണം ചെയ്തു.

പിന്നീടങ്ങോട്ട് വെച്ചടി വളർച്ചയായിരുന്നു. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായിരുന്നു ജോൺസൺ. 2012 ലണ്ടൻ ഒളിംപിക്സിന്റെ നടത്തിപ്പ് പേരു നേടിക്കൊടുത്തു. 201618 കാലത്ത് തെരേസ മേ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി. ബ്രെക്സിറ്റ് സംബന്ധിച്ചു കൂടുതൽ തീവ്ര നിലപാടുള്ള ജോൺസൺ മേയുമായുള്ള അഭിപ്രായഭിന്നത മൂലം 2018 ജൂലൈയിൽ രാജിവയ്ക്കുകയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിൽ മേ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്നുവെന്നായിരുന്നു ജോൺസന്റെ ആരോപണം.

മെയ്‌ക്കു പിന്നാലെ അധികാരത്തിലെത്തിയ ജോൺസനെ മുൻഗാമിയുടെ തന്നെ വിധിയാണു കാത്തിരുന്നത്. 2018ൽ മെയ്‌ക്കെതിരെ ഉൾപാർട്ടി വോട്ടെടുപ്പു നടന്നെങ്കിലും അവർ 83 വോട്ടുനേടി അവിശ്വാസത്തെ അതിജീവിച്ചു. പക്ഷേ, 6 മാസത്തിനുശേഷം രാജിവച്ചൊഴിയാൻ നിർബന്ധിതയായി. ഇപ്പോൾ അതേ വഴിയിലൂടെയാണ് ജോൺസണും പുറത്തുപോയത്. ജൂൺ ആറിനു നടന്ന കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിൽ 148ന് എതിരെ 211 വോട്ടു നേടിയാണ് ജോൺസൺ രക്ഷപ്പെട്ടത്. പക്ഷേ, കഷ്ടിച്ച് ഒരു മാസം തികച്ചതും രാജിവയ്ക്കേണ്ടി വന്നു.

'നുണകൾ കൊണ്ട് മെനഞ്ഞെടുത്ത ജീവിതം'

എന്നാൽ ബോറിസ് ജോൺസന് ബ്രിട്ടിനൽ അടക്കം ഒരുപാട് എതിരാളികളുമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം തന്നെ 'നുണകൾ കൊണ്ട് മെനഞ്ഞെടുത്തതായിരുന്നു' എന്നാണ് വിഖ്യത മാധ്യമമായ ഡെയ്ലി മെയിൽ എഴുതിയത്. സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി നുണകളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഒു അവിഹിതബന്ധത്തിന്റെ പേരിൽ ടോറി നേതാവായിരുന്ന മൈക്കൽ ഹോവാർഡ് തന്റെ പത്രത്തിൽ നിന്ന് ബോറിസിനെ പിരിച്ചു വിടുകയായിരുന്നു. ഇതേ അവിഹിതബന്ധത്തിന്റെ പേരിലായിരുന്നു ബോറിസിന്റെ ഭാര്യ മറീന ബന്ധം വേർപെടുത്തിയതും.

ഇപ്പോഴത്തെ പത്നി കാരി സിമ്മണ്ട്സും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതുമായി ഉയർന്ന വിവാദങ്ങളിൽ പ്രധാന പങ്ക് കാരിക്കായിരുന്നു. ടോറി നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വഞ്ചനയും രാജ്ഞിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നതുമുൾപ്പടെ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പിന്നെയും നിരവധി തവണയാണ് ബോറിസ് ജോൺസന് താൻ പറഞ്ഞ നുണകളുടെ പേരിൽ മാപ്പ് പറയേണ്ടി വന്നത്.

കോളേജ് വിദ്യാഭാസകാലത്ത് മയക്ക് മരുന്ന് ഉപയോഗിച്ചതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖം, പിന്നീട് പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ട് ഉരുണ്ടുകളിച്ച് ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമായിരുന്നു. ജെന്നിഫർ ആർകുറി എന്ന സ്ത്രീ, ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്ന കാലത്ത് നാലുവർഷം അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്നു എന്ന് അവകാശപ്പെട്ടു. ബോറിസ് രണ്ടാം തവണ ലണ്ടൻ മേയർ ആയിരുന്ന സമയത്തായിരുന്നു ഈ ബന്ധം എന്നാണ് അവർ പറഞ്ഞത്. അക്കാലത്ത് തന്റെ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ, ഇതുവരെ ഇക്കാര്യത്തെ പറ്റി ബോറിസ് ജോൺസൺ ഒരു പരസ്യ പ്രതികരണം നടത്തിയില്ല.

1987ൽ ഓക്സ്ഫോർഡിൽ നിന്നും ബിരുദമെടുത്തതിനു ശേഷം ബോറിസ് ജോൺസൺ ടൈംസ് പത്രത്തിൽ ട്രെയിനീ ജേർണലിസ്റ്റായി ജോലിക്ക് കയറിയിരുന്നു. അന്ന് തെംസ് നദിക്കരയിൽ എന്നോ ഇല്ലാതെ പോയ എഡ്വേർഡ് രണ്ടാമൻ രാജാവിന്റെ കൊട്ടാരത്തെ കുറിച്ചുള്ള ഒരു ലേഖനം തയ്യാറാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ ലേഖനത്തിന് എരിവും പുളിയും ചേർക്കാൻ രാജകുടുംബാംഗങ്ങൾ സ്വവർഗ്ഗരതിക്കാരാണെന്നുവരെ അദ്ദേഹം വരുത്തിതീർത്തു. മാത്രമല്ല, തന്റെ വാക്കുകൾക്ക് കൂടുതൽ ആധികാരികത നൽകാൻ ഓക്സ്ഫോർഡ് പ്രൊഫസർ സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്ന രീതിയിൽ ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു.

തികച്ചും ചരിത്രവിരുദ്ധമായ കാര്യങ്ങളായിരുന്നു സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്നപേരിൽ ബോറിസ് എഴുതിപ്പിടിപ്പിച്ചത്. തുടർന്ന് ലൂക്കാസ് പരാതിപ്പെട്ടതിനെ തുടർന്ന് ബോറിസ് ജോൺസനെ ടൈംസ് പിരിച്ചുവിടുകയായിരുന്നു. ബ്രെക്സിറ്റിന്റെ സമയത്തും ബോറിസ് നിരവധി നുണകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ട്. ബ്രെക്സിറ്റ് എൻ എച്ച് എസിന് പ്രതിവാരം 350 മില്യൺ ലാഭമുണ്ടാക്കും എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതുപോലെ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറിയില്ലെങ്കിൽ 80 മില്യൺ തുർക്കികൾ ബ്രിട്ടനിലെത്തുമെന്ന് അദ്ദേഹം പറഞ്ഞതായും ആരോപണമുയർന്നിരുന്നു.

കൈവിട്ട വാക്ക്, വാ വിട്ട ആയുധം

മാധ്യമങ്ങൾക്കും, പാപ്പരാസികൾക്കും എന്നും ചാകരയാണ് ബോറിസ് ജോൺസൻ. അദ്ദേഹം വാ തുറന്നാൽ വാർത്തയാണ്. മനസ്സിലുള്ളത് അതുപോലെ തുറന്നടിക്കും. യുക്രൈൻ യുദ്ധസമയത്ത് പുടിനെ തുറന്ന് വിമർശിച്ചത് നോക്കുക. പക്ഷേ ചിലപ്പോൾ തനി പടിഞ്ഞാറൻ മനസാണ് ബോ ജോയുടേതെന്ന് പൊതുവെ ആക്ഷേപമുണ്ട്. പർദയിട്ട മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള ഒരു പരാമർശമൊക്കെ വൻ വിവാദമാണ് ക്ഷണിച്ചു വരുത്തിയത്. എന്നാൽ ഇന്ത്യയോട് അദ്ദേഹത്തിന് ഒരു മമതയുണ്ട്. കാൽ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന ഇന്ത്യൻ വംശജയായ രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാം.

ബോറിസിന് ഇന്ത്യയെ ഇഷ്ടപ്പെടാൻ സ്വന്തം കുടുംബത്തിൽ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. സ്വഭാവത്തിൽ ഇരു ധ്രുവങ്ങളിൽ ആണെങ്കിൽ സ്വന്തം അനുജൻ ജോ ജോൺസൻ, ഏറെക്കാലം ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളയാളാണ്. അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്ന പേരിൽ അറിയപ്പെടുന്നയാളും. ഏറെകാലം ഫിനാൻഷ്യൽ ടൈംസിന് വേണ്ടി കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോൺസൻ. ഒരിക്കൽ ഇന്ത്യ വിഷയത്തിൽ ചേട്ടനും അനുജനും വ്യത്യസ്ത നിലപാട് എടുത്തപ്പോൾ വീട്ടിൽ ഇതു പറഞ്ഞു തമ്മിൽ തല്ലരുത് എന്ന് പിതാവ് സ്റ്റാൻലി ജോൺസൻ താക്കീത് നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ട്രംപുമായി അടുത്ത സാദൃശ്യം ഉള്ളയാളാണ് ബോറിസ്. രണ്ടു പേർക്കും തലക്കെട്ടുകൾ സൃഷ്ട്ടിക്കാൻ അപാരമായ താൽപ്പര്യമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ലണ്ടനിൽ പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു ട്രംപ് പറഞ്ഞപ്പോൾാ വിഡ്ഢിത്തം പറയുന്ന ആൾക്കുള്ള സ്ഥലമല്ല അമേരിക്കൻ പ്രസിഡന്റ് ഓഫിസ് എന്നാണ് ബോറിസ് മറുപടി നൽകിയത്. എന്നാൽ ട്രംപ് പ്രസിഡന്റ് ആയ ശേഷം അയാളിൽ നിന്ന് ബ്രിട്ടന് ഏറെ പഠിക്കാൻ ഉണ്ടെന്നാണ് ബോറിസ് പറഞ്ഞത്. ട്രംപ് തോറ്റ് പുറത്തായിട്ടും അവരുടെ വ്യക്തി ബന്ധം തുടരുന്നു.

പ്രസംഗത്തിൽ മാത്രമല്ല പരിഹാസ കവിത എഴുതി കയ്യടി നേടാനും ബോറിസ് മിടുക്കാനാണ്. തുർക്കി പ്രസിഡന്റ എർദോഗനെ കളിയാക്കി കവിത എഴുതി ആയിരം പൗണ്ട് സമ്മാനം നേടിയ ജോൺസൻ യാതൊരു ചമ്മലും ഇല്ലാതെ അദ്ദേഹത്തെ കണ്ടതും നേരത്തെ വാർത്തയായതാണ്. തുർക്കിയിലെ 80 മില്യൺ ആളുകൾ കൂടി യൂറോപ്യൻ യൂണിയനിൽ ചേരാൻ തുനിഞ്ഞതാണ് ബോറിസ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചതും ബ്രെക്‌സിറ്റ് റഫറണ്ടത്തിലേക്കു ബ്രിട്ടനെ എത്തിച്ചതും. എന്നാൽ ബോറിസിന് തുർക്കിയുമായും ഒരു കുടുംബ ബന്ധം ഉണ്ടെന്നത് മറക്കാനാകില്ല പിതാമഹൻ അലി കെമാൽ ടർക്കിഷ് മന്ത്രിസഭയിലെ അംഗം ആയിരുന്നു. എന്നാൽ ജനക്കൂട്ട കൊലയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുക ആയിരുന്നു. തുർക്കിയെ വെറുക്കാൻ ഇതും ബോറിസിന് ഇതും ഒരു കാരണമായി.

നീണ്ട കാലം കോളമെഴുത്തു നടത്തിയ വകയിൽ മറ്റു ലോക രാജ്യങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കിയും ബോറിസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പാപുവ ന്യു ഗിനിയ നരഭോജികളുടെ നാടാണെന്ന് ബോറിസ് തട്ടി വിട്ടത്. ഇന്നേവരെ ബോറിസ് കണ്ടിട്ടില്ലാത്ത രാജ്യം കൂടിയാണ് പാപുവ ന്യു ഗിനിയ. ബോറിസിന്റെ അറിവില്ലായ്മയ്ക്കു എന്ത് മറുപടി നൽകാൻ ആണെന്നാണ് അന്ന് ലണ്ടനിൽ ഹൈ കമ്മീഷണർ ജീൻ എൽ അഭിപ്രായപ്പെട്ടത്.

അപാരമായ മനസാന്നിധ്യം ഉള്ള വ്യക്തികൂടിയാണ് ആരാധകരുടെ ബോ ജോ. കോവിഡ് വന്ന് മരണാസന്നനായി കിടക്കുമ്പോഴും, അദ്ദേഹം ഒട്ടും പതറിയില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകത്ത് എവിടെ നിന്നും ആശങ്കാജനകമായ വാർത്തകൾ വരുമ്പോഴും, സിനിമ കണ്ടും സുഡോകു കളിച്ചും അദ്ദേഹം ആശുപത്രിയിൽ സമയം കൊല്ലുകയായിരുന്നു.

പ്രഖ്യാപിത സ്ത്രീലമ്പടൻ

ഔദ്യോഗികമായി മൂന്ന് ഭാര്യമാരേ ഉള്ളുവെങ്കിലും ഒരു ഡസനിലേറെ ബന്ധങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പത്രം ഡെയിലി മെയിൽ പറയുന്നത്. അതിൽ ഗാർഡിയനിലെയും, ന്യൂയോർക്ക് ടൈംസിലെയുമൊക്കെ പ്രഗൽഭരായ മാധ്യമ പ്രവർത്തകകൾ കൂടിയുണ്ട്. വിവാഹതേരബന്ധത്തെക്കുറിച്ച് നുണ പറഞ്ഞതിന് പ്രതിപക്ഷത്തിലിരിക്കെ അദ്ദേഹത്തെ ഒരിക്കൽ കൺസർവേറ്റീവ് പാർട്ടിയുടെ നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു.

പ്രണയത്തിന് പ്രായമില്ല. പ്രായമെന്നത് വിവാഹത്തിന് തടസ്സവുമല്ല. ഇനി കുട്ടികളുണ്ടാകാൻ പ്രത്യേക പ്രായമുണ്ടോ. അതുമില്ല എന്നാണ് അദ്ദേഹത്തിന്റെ നയം. ഇത് ഒരു ചാനൽ അഭിമുഖത്തിൽ ബോറിസ് തുറന്ന് പറഞ്ഞിരുന്നു. തനിക്ക് 57 ാം വയസ്സിൽ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കിടവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൂന്നാമത്തെ ഭാര്യ കാരി സിമോൺസാണ് ഇപ്പോൾ ജീവിതപങ്കാളി. ബോറിസിന്ററെയും കാരിയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. 2020 ഏപ്രിലിലാണ് ഇവരുടെ ആദ്യത്തെ കുട്ടിയായ വിൽഫ്രഡ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കാരിയും ബോറിസും വിവാഹിതരാകുന്നത്. 2019 ജൂണിൽ കാരിയുമായി വീട്ടിലുണ്ടായ കലഹം വൻ വാർത്താപ്രാധാന്യം നേടി. രാത്രി വീട്ടിനുള്ളിൽ നടന്ന കശപിശ തീർക്കാൻ അയൽവാസികൾ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ബോറിസിന്റെ മൂന്നാം വിവാഹമാണിത്. രണ്ടാമത്തെ വിവാഹത്തിൽ നാല് കുട്ടികളാണ് ബോറിസിനുള്ളത്. രണ്ട് തവണ ഇദ്ദേഹം വിവാഹമോചനം തേടിയിട്ടുണ്ട്. 3 ഭാര്യമാരികളിലുമായി ജോൺസണ് 7 മക്കളുണ്ട്.

1987ൽ ബോറിസ്, കലാചരിത്രകാരനായ വില്യം മോസ്റ്റിൻ-ഓവന്റെയും ഇറ്റാലിയൻ എഴുത്തുകാരനായ ഗായ സെർവാഡിയോയുടെയും മകളായ അല്ലെഗ്ര മോസ്റ്റിൻ ഓവനെ വിവാഹം കഴിച്ചു. ആ ബന്ധം 1993ൽ വിവാഹമോചനത്തിൽ അവസാനിച്ചു. വെറും 12 ദിവസത്തിന് ശേഷം ജോൺസൺ, പത്രപ്രവർത്തകനും ബ്രോഡ്കാസ്റ്ററുമായ ചാൾസ് വീലറുടെ മകളും ബാരിസ്റ്ററുമായ മരീന വീലറെ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ചാഴ്ചയ്ക്ക് ശേഷം, കുട്ടിയുണ്ടായി. അതായത് ആദ്യഭാര്യ ഉള്ളപ്പോൾ തന്നെ കാമുകി ഗർഭിണിയായിരുന്നെന്ന് ചുരുക്കം. പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്ന മറീനയെ ഇന്ത്യൻ വേരുകളോടെ അറിയപ്പെടാൻ തുടങ്ങിയത്. പക്ഷേ ബോറിസ് തന്നെ ചതിച്ചു എന്നറിഞ്ഞ മറീന തന്നെയാണ്, കാൽ നൂറ്റാണ്ടിന് ശേഷം ആ ദാമ്പത്യം അവസാനിപ്പിച്ചത്. എന്നാൽ താനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ഉടൻ മറ്റൊരു കാമുകിയെ കൂടെ കൂട്ടുക ആയിരുന്നു ബോറിസ് .

ബോറിസ് ജോൺസൺ എഡിറ്ററായിരിക്കെ സ്‌പെക്ടേറ്ററിന്റെ കോളമിസ്റ്റ് പെട്രോനെല്ല വ്യാറ്റുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും വാർത്തകൾ വന്നിട്ടുണ്ട്. അതിന്റെ ഫലമായി അബോർഷൻ ഉണ്ടായിരുന്നെന്നും പറയുന്നു. അങ്ങനെ അസംഖ്യം ബന്ധങ്ങളിലൂടെയാണ് ഇയാൾ കടന്നുപോയത്. പദവിയിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയും ഇദ്ദേഹത്തിനാണ്. ബോറിസ് ഒരു കത്തോലിക്കനാണെങ്കിലും ഒരു കടുത്ത വിശ്വാസിയല്ല. തന്റെ വിശ്വാസം 'വരുന്നു, പോകുന്നു' എന്നും അതിൽ വലിയ കാര്യമൊന്നുമില്ല എന്നാണ് അദ്ദേഹം പറയുന്നത്.

പാർട്ടിഗേറ്റ് വിവാദത്തിൽ ഇമേജ് തകർന്നു

പക്ഷേ ബോറിസിന്റെ ഇമേജ് നന്നായി തകർത്തത് പാർട്ടി ഗേറ്റ് എന്ന പേരിൽ കുപ്രസിദ്ധമായ വിവാദം ആയിരുന്നു. ലോക്ഡൗണിൽ ജനം വീട്ടിലിരുന്നപ്പോൾ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ ഓഫിസുകളിലുമായി നടത്തിയത് 17 ആഘോഷപാർട്ടികളാണ്! ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിനു പിഴയടയ്ക്കേണ്ടി വന്ന ജോൺസൺ, സ്ഥാനത്തിരിക്കെ നിയമലംഘനം നടത്തിയ ആദ്യ പ്രധാനമന്ത്രിയെന്ന 'ബഹുമതിയും' ബോറിസ് നേടി. വെള്ളമടിക്ക് പെറ്റിയടിക്കപ്പെട്ട പ്രധാനമന്ത്രി എന്ന രീതിയിലാണ് ഇത് മറ്റിടങ്ങളിൽ വാർത്തയായത്. വിവാദ ആഘോഷപാർട്ടികൾ സംബന്ധിച്ച ആരോപണങ്ങളിൽ വിശദാന്വേഷണം നടത്തിയ സൂ ഗ്രേയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ വസതിയിൽ ലോക്ഡൗണിൽ മദ്യപിച്ച് അഴിഞ്ഞാടിയ സ്റ്റാഫ് അംഗങ്ങളിൽ ചിലർ അടിയുണ്ടാക്കുകയും വസതിയിലെ സാധനങ്ങൾക്കു കേടുവരുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവരുമെന്നും ബ്രിട്ടനിലെ സാമ്പത്തിക അസമത്വങ്ങൾക്ക് അറുതി കുറിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോൺസൻ 2019ൽ അധികാരത്തിലെത്തിയത്. 2020 ഫെബ്രുവരി ഒന്നിന് ബ്രെക്സിറ്റ് യാഥാർഥ്യമായെങ്കിലും സാമ്പത്തികമേഖലയിൽ ഉൾപ്പെടെ അത് സൃഷ്ടിച്ച പ്രശ്‌നങ്ങൾക്ക് പ്രധാനമന്ത്രിയുടെ കൈയിൽ പരിഹാരമുണ്ടായിരുന്നില്ല. കോവിഡിനെ തുടക്കത്തിൽ അലംഭാവത്തോടെ നേരിട്ടത് മരണസംഖ്യയേറാൻ കാരണമായി. ബ്രെക്സിറ്റിൽ ഒപ്പംനിന്നവരും കൈയൊഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ മരിക്കുമെന്നായതോടെ രാജ്യം അടച്ചിട്ടു. കോവിഡിൽ ആയിരങ്ങൾ മരിച്ചു.

കോവിഡ് പ്രതിസന്ധി കൂടിയായതോടെ രാജ്യത്തിന്റെ സാമ്പത്തികരംഗം കൂടുതൽ വഷളായി. വിലക്കയറ്റം 40 വർഷത്തെ ഏറ്റവും ഉയർന്ന സ്ഥിതിയിലെത്തി. വേതനവർധന ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ തൊഴിൽസമരം പതിവായി. ജൂണിൽ ജീവനക്കാർ മൂന്നുദിവസം പണിമുടക്കിയത് റെയിൽവേയെ സ്തംഭിപ്പിച്ചു. അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ആരോഗ്യ, ഗതാഗത, വ്യോമയാന മേഖലകളിൽ ഉൾപ്പെടെ തൊഴിലാളികൾ പണിമുടക്കിയിരുന്നു. ഇതോക്കെ ബോറിസിന്റെ ഇമേജ് തകർത്തു.

പക്ഷേ ഇന്ത്യയുമായി വളരെ അടുത്തബന്ധം പുലർത്തിയ പ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെ സവിശേഷബന്ധം എന്നുവിശേഷിപ്പിക്കാറുള്ള ജോൺസന്റെ നേതൃത്വത്തിലാണ് ഇന്ത്യ-യു.കെ. ബന്ധം സുദൃഢമാക്കുന്ന ഇന്ത്യ-യു.കെ. സ്ട്രാറ്റെജിക് കരാർ ഉടലെടുക്കുന്നത്. ബ്രെക്സിറ്റിനു ശേഷം പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിൽ ബോറിസ് ജോൺസൺ പ്രഥമ പരിഗണന നൽകിയത് ഇന്ത്യയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ നഷ്ടമാണ് ഈ വീഴ്ച.

വാൽക്കഷ്ണം: അതിനിടെ ബോറിസ് ജോൺസന് പിൻഗാമിയാകാൻ, ഇന്ത്യൻ വംശജനും, ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനുമായ ഋഷിസുനകിന് കളം ഒരുങ്ങുന്നതായി സൂചനയുണ്ട്. ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജിപരമ്പരയ്ക്ക് തുടക്കമിട്ടത് ഋഷി സുനക്കായിരുന്നു. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാവും എന്ന് പറഞ്ഞപോലെ, ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടന്റെ അധിപൻ എന്ന പദവി ഒടുവിൽ ഒരു ഇന്ത്യൻ വംശജന് ലഭിക്കുമോ?