ന്മരങ്ങൾ വീഴുമ്പോൾ അതുവല്ലാത്തൊരു വീഴ്ചയായിക്കും. ഹിറ്റ് മേക്കർ ജീത്തുജോസഫിന്റെ ( തന്റെ പേര് ജിത്തുവല്ല, ജീത്തുവാണെന്ന് അദ്ദേഹംതന്നെ പലതവണ പറഞ്ഞിട്ടും മലയാള മാദ്ധ്യമങ്ങൾ ആദ്യത്തേതേ കൊടുക്കൂ) വീഴ്ചയും അതുപോലെത്തെ ഒന്നായി. മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച നാലു ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട ദൃശ്യത്തിനും, അതിന്റെ തമിഴ് പതിപ്പായ 'പാപനാസ'ത്തിനുംശേഷം ജീത്തു ഒരുക്കിയ 'ലൈഫ് ഓഫ് ജോസൂട്ടി' കണ്ടാൽ മൂക്കത്ത് വിരൽവച്ചുപോകും. ഒരു പുതുമയും ഇല്ലാത്ത, ഒരു മ്‌ളേഛനായ മനുഷ്യന്റെ ജീവിത കഥ ഇതാണ് വലിയ ആത്മീയവും ഭൗതികവുമായ ജീവിത പരീക്ഷണമെന്ന ലേബലിൽ, മൂന്നുമണിക്കോറോളം വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു കൊല്ലുന്നു! ചിത്രം പൂർത്തിയായപ്പോൾ തന്നെ പണി പാളിയെന്ന് ജീത്തുവിന് തോന്നിക്കാണും. 'സസ്‌പെൻസില്ല, ട്വിസ്റ്റില്ല ആകെയുള്ളത് ഒരു ജീവിതം മാത്രം' എന്ന് ടാഗ് വെക്കാനുമുള്ള കാരണം അതുതന്നെയാവണം. പക്ഷേ ആ ഒരു ജീവിതം കൃത്യമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ പറയാൻ ജീത്തുവിന് കഴിഞ്ഞിട്ടില്ല.

അവസാനമൊക്കെയാവുമ്പോഴേക്കും ബോറടിച്ച് പണ്ടാരമടങ്ങി ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടണേ എന്ന പ്രാർത്ഥനയിലാണ് പ്രേക്ഷകർ. എഡിറ്റിങ്ങിനുള്ള ഇത്തവണത്തെ അവാർഡ് ഈ പടത്തിന് കൊടുക്കണം! വിരസമായ രംഗങ്ങൾ അരമണിക്കൂർ എഡിറ്റ് ചെയ്ത് ഒന്ന് സ്പീഡാക്കിയിരുന്നെങ്കിൽ അൽപ്പം ആശ്വാസമായേനെ. ( 16കോടി മുടക്കിയെടുത്ത 'ഡബിൾ ബാരലിന്റെ' 20 മിനുട്ടാണ് തീയേറ്റർ റിപ്പോർട്ടിനെ തുടർന്ന് വെട്ടിക്കളഞ്ഞത്. എത്ര അലക്ഷ്യമായാണ് നമ്മുടെ സിനിമക്കാർ കോടികൾ കൊണ്ട് അമ്മാനമാടുന്നത് എന്ന് നോക്കുക).

ഈ ചിത്രത്തെ വലിയൊരു ബോക്‌സോഫീസ് ദുരന്തമാക്കിയതിന് പ്രധാന ഉത്തരവാദി സ്വയം ഒരു പൊട്ടക്കഥയെഴുതി അത് നിർമ്മിക്കാൻ തയാറായ ജയലാലാണ്. പ്രതിഭയില്ലാത്ത നിർമ്മാതാക്കൾതന്നെ കഥയെഴുതുന്ന പ്രാഞ്ചിയേട്ടൻകാലം മലയാളസിനിമയിൽ വന്നാൽ പ്രേക്ഷകർ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നതിന് തെളിവുകൂടിയാണിത്. തിരക്കഥയെഴുതിയ രാജേഷ് വർമ്മക്കാകട്ടെ പാതി അശ്‌ളീലമായ കുറെ തമാശകൾ കുത്തിത്തിരുകാൻ കഴിഞ്ഞുവെന്നല്ലാതെ, മനസ്സുനിറയുന്ന ഒരു രംഗംപോലും സൃഷ്ടിക്കാനായിട്ടില്ല. ഏത് വൺലൈനും പൊളിച്ച് പണിത് ജനപ്രിയ സിനിമയാക്കാനുള്ള വൈഭവം നന്നായുള്ള വ്യക്തിയാണ് ജീത്തു. എന്നാൽ ഇവിടെ സിനിമയെ ദൃശ്യപരിചരണംകൊണ്ട് ഉയർത്താൻ ജീത്തുവും, കാമറാൻ രവിചന്ദ്രനും ശ്രമിക്കുന്നത് വെളുക്കാൻതേച്ചത് പാണ്ടാകുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ആകാശത്തുനിന്ന് ഒരാൾ ഭൂമിയിലേക്ക് നോക്കുന്നപോലുള്ള രീതിയിലാണ് പലപ്പോഴും പടം പോവുന്നത്. ഒരു കുടുംബ കഥയുടെ ട്രീറ്റ്‌മെന്റിന് ഇത് തീർത്തും യോജിക്കുന്നില്ല.ഒന്നുപറഞ്ഞ് രണ്ടാമത്തെതിന് ഏരിയൽ ഷോട്ടിലേക്ക് കാമറ കയറുകയാണ്. അതുകൊണ്ടുതന്നെ ഇടുക്കിയുടെയും ന്യൂസിലാന്റിന്റെയും പ്രകൃതി ഭംഗിയുടെ ആകാശകാഴ്ച കണ്ടതുമാത്രമാണ് ഈ പടം കൊണ്ടുള്ള ഗുണം ( രാജ്യങ്ങളും ഭൂപ്രകൃതിയും കാണിക്കയാണ് സിനിമയെങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സീഡിയും ചലച്ചിത്ര അവാർഡിന് അയക്കാം) ലക്ഷങ്ങൾ പൊടിച്ചുള്ള ഹെലിക്യാം ഷോട്ടുകളും, സ്റ്റഡി ക്യാം ആംഗിളുകളുടെയും അയ്യരുകളിയാണ് ഈ ചിത്രത്തിൽ. ഒരു പീരിയഡ് മൂവിയൊ, എപ്പിക്ക് മൂവിയൊക്കെയാവുമ്പോൾ ഇങ്ങനെയാക്കെയാവാം. പക്ഷേ ഈ കുടുംബകഥയിൽ 'സഫാരി ചാനൽ' കയറ്റിയത് മനസ്സിലാവുന്നില്ല.

ഇതിനെയാണ് മൊത്തത്തിൽ 'വ്യത്യസ്തതാ സിൻഡ്രോം' എന്നു പറയുക. മലയാള സംവിധായകർക്ക് ബാധിച്ചുകൊണ്ടിരിക്കുന്ന മാനസിക രോഗമാണിത്.ഒരു സിനിമയെടുത്താൽ അടുത്തതിന് ആദ്യത്തേതുമായി യാതൊരു ബന്ധവും പാടില്ലത്രേ. അങ്ങനെ ഒരു വ്യത്യസ്തതക്കായാണ്, പണ്ടൊരു സിനിമയിൽ ഡാൻസ്മാസ്റ്ററായ സലീംകുമാർ മൊത്തം സ്‌മോക്കിട്ടതുപോലെ, ആകാശത്ത് ക്യാമറ വട്ടംകറങ്ങുന്ന കുടുംബചിത്രമെടുത്തത്!

ഒരു നാണംകെട്ടവന്റെ ജീവിത കഥ

'ലൈഫ് ഓഫ് പൈ' എന്ന പേര് അനുകരിച്ചുകൊണ്ട്, 'ലൈഫ് ഓഫ് ജോസൂട്ടിയെന്ന' പേര് കാണുമ്പോൾ നാം കരുതുക, 'പൈ പട്ടേലിന്റെ' അത്രയൊക്കെ വരില്‌ളെങ്കിലും എന്തെല്ലാമോ ചില വ്യതിരിക്തമായ ജീവിതാനുഭവങ്ങൾ ഉള്ള കഥയാണ് അതെന്നാവും. പക്ഷേ ഒരു പണിക്കുംപോവതെ, സ്വന്തമായി ഒരു തീരുമാനവുമില്ലാതെ, അച്ചിവീട്ടിലെ സ്വത്ത് മോഹിച്ച് ജീവിക്കുന്ന ഒരു നാണംകെട്ടവനെ ആദർശവത്ക്കരിക്കുന്ന കഥയാണിത്! ഇത്രയും മ്‌ളേഛനായ ഒരു നായകനാവാൻ ദിലീപ് എങ്ങനെ ഡേറ്റ് കൊടുത്തു എന്നതാണ് അത്ഭുദം. ഇതിനർഥം ജോസൂട്ടി ഒരു നെഗറ്റീവ് കാരക്ടറാണ് എന്നല്ല. അങ്ങനെയായിരുന്നെങ്കിൽ നന്നായേനെ. ( 'മേരിക്കുണ്ടൊരുകുഞ്ഞാട്' എന്ന സിനിമയിൽ ദിലീപ് ചെയ്ത പേടിത്തൊണ്ടന്റെ റോൾ ഓർത്തുനോക്കുക) യാതൊരു വ്യക്തിത്വവുമില്ലാത്ത ഒരു വഷളനാണ് ജോസൂട്ടിയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസ്സിലായിട്ടില്ല! സീരിയസായി കോമഡിചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ മാതിരി, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ജോസൂട്ടിയെ പൈങ്കിളി നന്മ തിന്മ കഥകളിൽ കുരുക്കി ആദർശ നായകനാക്കുകയാണ് ഈ പടം.

ഇനി കഥയിലേക്കുവരാം. 'ലൈഫ് ഓഫ് പൈ'യിലെപ്പോലെ ജോസൂട്ടി, ബാല്യം തൊട്ടുള്ള തന്റെ ജീവിതം പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ജോസൂട്ടിയുടെ വോയ്‌സ്ഓവറിൽ അയാൾ നന്മനിറഞ്ഞവനും സന്മാർഗനിഷ്ഠനും അപ്പനെ അനുസരിക്കുന്നവനുമായ ഉത്തമനായ മകനാണ്. എന്നാൽ കാണിക്കുന്ന സീനുകൾവച്ച് നാം പ്രേക്ഷകർ വിലയിരുത്തുമ്പോഴാണ് ജോസൂട്ടിയുടെ തനിനിറം മനസ്സിലാവുക.ആറാം ക്‌ളാസിൽ തോറ്റ് പഠിപ്പു നിർത്തിയ ജോസൂട്ടി, 30ാംവയസ്സിലും കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചും, കാമുകിയോട് സല്ലപിച്ചും സമയം കളയുന്നു എന്നല്ലാതെ എന്തെങ്കിലുമൊരു ജോലിക്ക് പോവുന്നതായി ചിത്രം പറയുന്നില്ല. കൃഷിക്കാരനായ അയാളുടെ അപ്പന് ( ഹരീഷ് പേരോടി) വയസ്സായി വന്നിട്ടും ഒരു ഉത്തരവാദിത്വവും ജോസൂട്ടി ഏറ്റെടുക്കുന്നില്ല. വീട് കടത്തിൽ മുങ്ങി നിൽക്കയാണ്. ഒരു പെങ്ങളെ കെട്ടിക്കാനുണ്ട്. മൂത്ത പെങ്ങളുടെ ഭർത്താവ് ( സുരാജ് വെഞ്ഞാറമൂട്) സ്ത്രീധന ബാക്കിക്കായി നിരന്തരം വീട് കയറിയിറങ്ങി തെറിപറയുന്നു. ഈ സാമൂഹിക അവസ്ഥയിലും കുളിച്ചുകുട്ടപ്പനായി പൗഡറിട്ട് യാതൊരു പണിക്കും പോവതെ ജോസൂട്ടി പ്രേമിച്ച് നടക്കയാണ്. ( 'പത്താംക്‌ളാസിൽ തോറ്റപേപ്പർ എഴുതാത്തെതെന്ത്? വല്ല കലക്ടർ ഉദ്യോഗത്തിനും ശ്രമിക്കാമായിരുന്നില്ലേ,' എന്ന് 'കിരീടത്തിൽ' മോഹൻലാൽ ജഗതിയോട് പറഞ്ഞതാണ് ഓർമ്മവരുന്നത്) പക്ഷേ സിനിമ പറയുന്ന ദൈവഭയമുള്ള നല്ല മകനാണ് ഇയാളെന്നാൺ

പണമില്ലാത്തവന് പ്രേമിക്കാനേ പാടില്ല എന്നില്ല. പക്ഷേ നട്ടെല്ലില്ലാത്തവൻ അതിന് നിൽക്കരുത്.തന്നെ ജീവനുതുല്യം പ്രേമിച്ച അയൽക്കാരി ജെസ്സിയോട് ( രചന നാരായണൻകുട്ടി) നീതിപുലർത്താൻ അയാൾക്ക് സാധിച്ചോ.ഒരുവേള അവൾ തന്റെ വീട്ടകാരെ ഉപേക്ഷിച്ച് ഒളിച്ചോടാനായി ജോസൂട്ടിയുടെ വീട്ടിലത്തെുന്നു. അപ്പോൾ ഒരു പള്ളീലച്ചനെപ്പോലെ അവളെ ഉപദേശിച്ച് മടക്കി അയക്കയാണ് നട്ടെല്ലില്ലാത്ത ഈ ആദർശനായകൻ. അവിടെയും കഥാകൃത്തിന്റെയും, സംവിധായകന്റെയും, കണ്ണിൽ ജോസൂട്ടി നന്മ നിറഞ്ഞവനാണ്. ഇരുവീട്ടുകാരടെയും കണ്ണീര് കാണാൻ കഴിയാത്തതിനാലാണ് അയാൾ അത്തെരമൊരു നിലപാട് എടുത്തത്. അല്ലാതെ മേലനങ്ങി അധ്വാനിച്ച് ഒരു കുടുംബം പോറ്റാനുള്ള പ്രാപ്തിയില്ലാഞ്ഞിട്ടല്ല. ഇതേ ജോസൂട്ടിതന്നെ, പിന്നീട് ജെസ്സി മറ്റൊരാളെ വിവാഹം കഴിച്ച് അടിക്കടി ഗർഭിണിയാവുമ്പോൾ ഇത് എന്നോടുള്ള പ്രതികാരമാണോ എന്നൊക്കെ സ്ത്രീവിരുദ്ധമായി തമാശിക്കുന്നുണ്ട്.

പച്ചമലയാളത്തിൽ പറഞ്ഞാൽ ശുദ്ധ ഏഭ്യത്തരം കാട്ടിയാണ് ജോസൂട്ടിയും കുടുംബവും കരപിടിക്കുന്നത്. കടക്കെണിയിൽനിന്ന് രക്ഷനേടാൻ കണ്ടത്തെിയ മാർഗം ന്യൂസിലൻഡിൽ നഴ്‌സായ ഒരു രണ്ടാം കെട്ടുകാരിയെക്കൊണ്ട് ജോസൂട്ടിയെ കെട്ടിക്കയെന്നതാണ്. രണ്ടാം കെട്ടുകാരി റോസ് ( ജ്യോതികൃഷ്ണ) അയാളുടെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും തീർത്തുകൊടുക്കും. ഇളയ അനുജത്തിയുടെ കല്യാണവും നടത്തിക്കൊടുക്കും. ജോസൂട്ടി ന്യൂസിലാൻഡിലേക്ക് ഭർത്താവ് ഉദ്യോഗവുമായി വരണമെന്ന് മാത്രം. ഇത്തരം ഉളുപ്പില്ലാത്ത ഈ വിത്തുകാള ജന്മങ്ങളുടെയൊക്കെ ചെപ്പക്കുറ്റിക്ക് ഒന്ന് പൂശാനാണ് സാധാരണ പ്രേക്ഷകർക്ക ് തോന്നുക. പക്ഷേ സിനിമ അതും ജോസൂട്ടിയുടെ മഹത്വമായാണ് അവതരിപ്പിക്കുന്നത്. കടുംബം രക്ഷിക്കാൻ ജോസൂട്ടിചെയ്യുന്ന ത്യാഗം! വലിയ നീതിമാനെപ്പോലെ ഡയലോഗ് അടിക്കുന്ന അയാളുടെ അപ്പൻപോലും, കാളച്ചന്തയേക്കാൾ മാന്യത കുറഞ്ഞ ഈ വിലപേശൽ കല്യാണത്തിന് കൂട്ടനിൽക്കുന്നു. അമ്മയും പെങ്ങളും ഒഴികെ എല്ലാവരും, നാട്ടുകാരും സുഹൃത്തുക്കളും ഒരേ നിലയിൽ ജോസൂട്ടിയെ പ്രോൽസാഹിപ്പിക്കയാണ്. നിനക്ക് കിട്ടിയ ഭാഗ്യമാണ് ഇതെന്ന്! ഈ നമ്പർ ടു പരിപാടിക്ക് പോകുന്നതിന് പകരം ഇടുക്കി ഡാമിൽ ചാടുകയാണെന്ന് ഒരുത്തനും പറയുന്നില്ല. ഒരു സമൂഹത്തെ മൊത്തമായി അന്തസ്സും അത്മാഭിമാനവും ഇല്ലാത്തവരായി അവതരിപ്പിക്കയും എന്നിട്ട് അതിനെ ആദർശവത്ക്കരിക്കുകയും ചെയ്യുന്ന ജീത്തുജോസഫിനും കൂട്ടർക്കും തലക്ക് വല്ല അസുഖമുണ്ടോയെന്ന് തോന്നിപ്പോവും!

സത്യത്തിൽ മധ്യതിരുവിതാംകൂർ ഭാഗത്ത് വ്യാപകമായ ഇത്തരം കല്യാണങ്ങളെ സക്കറിയയുടെ കഥകളിലും, രഞ്ജിത്തിന്റെ 'കടൽ കടന്ന് ഒരു മാത്തുക്കുട്ടിയിലുമൊക്കെ' വിമർശനാത്മകമായി ചിത്രീകരിക്കുന്നുണ്ട്. ഒരു പണിയുമില്ലാതെ, കുട്ടികളെ നോക്കിയും തുണിയലക്കിയും ജർമ്മനിയിലും യു.കെയിലുമൊക്കെ ഭർത്താവുദ്യോഗം നയിക്കുന്ന മലയാളികൾ നിരവധിയാണ്. ഭാര്യയുടെ അടിവസ്ത്രംപോലും താൻ കഴുകിയിട്ടുണ്ടെന്ന് ജോസൂട്ടിതന്നെ സിനിമയിൽ പറയുന്നുണ്ട്.ലിംഗ നീതിയനുസരിച്ച് ഭാര്യയും ഭർത്താവും വീട്ടുജോലികൾ പങ്കുവെക്കുന്നത് നല്ലതാണ്. പക്ഷേ അത് ഭാര്യയെ കറവപ്പശുവാക്കി പണം സമ്പാദിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാവുമ്പോഴാണ് പ്രശ്‌നം. ഈ സിനിമ ഇതും ജോസൂട്ടിയുടെ ത്യാഗത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഉച്ചപ്പണിയെടുക്കുന്ന ഒരു ബംഗാൾ തൊഴിലാളിക്കുപോലും അഞ്ചൂറുരൂപ കിട്ടുന്ന കേരളത്തിൽ, സ്വന്തമായി അധ്വാനിച്ച് കടംവീട്ടാൻ ജോസൂട്ടി ഒരു ശ്രമവും നടത്തുന്നില്ല. ഈ സിനിമ പ്രസരിപ്പിക്കുന്ന മാലിന്യങ്ങളിൽ ഒന്ന് ഈ അധ്വാന വിരുദ്ധതയാണ്.വേലക്കാരിയെ പിരിച്ചുവിട്ട് ആ പണി, ഭാര്യ ജോസൂട്ടിയെ ഏൽപ്പിക്കുമ്പോൾ അയാൾ അഭിമാനിക്കയാണ്. ആദ്യമായി തനിക്ക് ഒരു തൊഴിൽ കിട്ടിയെന്ന്. അപാര ജന്മംതന്നെ!

ന്യൂസിലാൻഡിൽ എത്തിയതോടെ കാര്യങ്ങൾ ആകെ അട്ടിമറിയയാണ്. അത് പ്രേക്ഷകർ കണ്ട് അറിയട്ടെ.പക്ഷേ അങ്ങനെയാക്കെ സംഭവിച്ചതിൽ നല്‌ളൊരു പങ്ക് ജോസൂട്ടിയുടെ തൻേറടക്കുറവാണെന്ന് സിനിമ പറയുന്നില്ല. മറിച്ച് അപ്പനെപ്പോലെ നല്ലവനായി നടന്നാൽ എവിടെയും എത്തില്‌ളെന്ന് അറിഞ്ഞ് ജോസൂട്ടി തിന്മയിലേക്ക് തിരിയുകയും സമ്പന്നനാവുകയും ചെയ്യുന്നു. അപ്പോൾ പിന്നെ അതുവരെ സിനിമ പറഞ്ഞ നന്മയും ആദർശവും എവിടെപ്പോയി. ഇതുതന്നെയാണ് ഏറ്റവും വലിയ അവസരവാദം.നന്മ ദാരിദ്രവും, തിന്മ സമ്പത്തുമാണെന്ന പൈങ്കിളി ചിന്ത വിഷലിപ്തമാക്കിയ ഒരു മനസ്സിൽനിന്നാണ് ഈ കഥയുണ്ടായതെന്ന് വ്യക്തം. 

ചുരുക്കിപ്പറഞ്ഞാൽ അടിമുടി വഷളനായ ഒരു മനുഷ്യനെ ആദർശവത്ക്കരിച്ചുകൊണ്ട് ഒരു കഥ. സ്വന്തം പിതാവിനോടല്ലാതെ ആരോടും നീതി പുലർത്താനാവാത്ത വ്യക്തിയാണ് ജോസൂട്ടി. മൂന്ന് സ്ത്രീകൾ എങ്ങനെ ജോസൂട്ടിയുടെ ജീവിതത്തിൽ ഇടപെടുന്നുവെന്നും അയാൾ എങ്ങനെ അത് അതിജീവിക്കുന്നുവെന്നുമാണ് കഥയുടെ രത്‌ന ചുരുക്കം. ഇടക്ക് ഇതൊക്കെ ചുമ്മാ ജാഡയിൽ ആത്മീയ ഭൗതിക പ്രതിസന്ധിയാക്കാനുള്ള ശ്രമവും ചിത്രം നടത്തുന്നുണ്ട്.ദിലീപിന്റെ ഒട്ടുമിക്ക സിനിമകളെയുംപോലെ അടിമുടി സ്ത്രീവിരുദ്ധവുമാണ് ഈ പടപ്പും. ട്വിസ്റ്റും സസ്‌പെൻസുമില്ല എന്നു പറഞ്ഞിട്ടും അവസാനം നയൻതാര ജോസൂട്ടിക്കായി എത്തുന്നുമുണ്ട്.
ജീത്തുജോസഫ് ആദ്യമായി മറ്റൊരാളുടെ കഥ സ്വീകരിച്ചതിന്റെ എല്ലാ കുഴപ്പവും ഇതിലുണ്ട്.മാത്രമല്ല,നിർമ്മാതാവുതന്നെ കഥയെഴുതിയാൽ അത് മാറ്റിമറിക്കാനും പ്രയാസമാണല്ലോ! ഇനി ആന്റണി പെരുമ്പാവൂരും, ആന്റോ ജോസഫുമൊക്കെ ഇത്തരം നല്ല നല്ല കഥകളുമായി വന്ന് മലയാള സിനിമാ സാഹിത്യത്തെ പരിപോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം!

നടന മികവ് ദിലീപിന് തന്നെ

ഥാപാത്രത്തിന്റെ വികാസത്തെക്കുറിച്ച് വിരുദ്ധ അഭിപ്രായം ഉള്ളവർക്കും ദിലീപിന്റെ അഭിനയത്തികവിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാവില്ല. അപ്പൻ മരിച്ച വിവരം അറിയുന്ന രംഗങ്ങളിലൊക്കെ മികച്ച നിലവാരത്തിലേക്ക് ദിലീപിന്റെ ഭാവാഭിനയം മാറുന്നുണ്ട്. സത്യത്തിൽ അയുസ്സിന്റെ നല്ല ഭാഗവും ഉദയകൃഷ്ണസിബിമാരുടെയൊക്കെ ചവറുറോളുകളിൽ അഭിനയിച്ച് പാഴായിപോയ ദിലീപിന് മികച്ച അഭിനയമുഹൂർത്തങ്ങളുള്ള വേഷങ്ങൾ കിട്ടയാൽ അദ്ദേഹം തകർക്കുമെന്ന് ഇടക്കെപ്പോഴോ ഈ പടം ഓർമ്മിപ്പിക്കുന്നു.മൂന്നു മണിക്കൂറിന്റെ അസഹനീയമായ ബോറടിക്കിടയിലും ഇറങ്ങി ഓടാൻ തോന്നാഞ്ഞത് പലപ്പോഴും ദിലീപിന്റെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. നോബിയും, സുരാജും, സാജു നവോദയയും കോമഡികൊണ്ട് ഭീകരാക്രമണം നടത്തിയില്ല എന്ന കാരണത്താൽ പ്രേക്ഷകർ അവരോട് നന്ദിയുള്ളവരാണ്.

വളിപ്പാണെങ്കിലും കോമഡി തനി തറയായിട്ടില്ല. നായികമാരിൽ ഒരാളായ രചന നാരായണൻ കുട്ടിക്ക് ടെലിവിഷൻ കോമഡി പരമ്പരകൾ സൃഷ്ടിച്ച ഹാങ്ങോവറിൽനിന്ന് കരകയറാൻ ഇനിയും ആയിട്ടില്ല. സങ്കടരംഗങ്ങളിൽപോലും രചനയുടെ മുഖത്ത് ഒരു പുഛഭാവം നിഴലിക്കുന്നു! ജോസൂട്ടിയുടെ പിതാവിന്റെ വേഷമിട്ട ഹരീഷ്‌പേരോടിയും നാടക സ്റ്റേജിൽനിന്ന് താഴെ ഇറങ്ങിയിട്ടില്ല. പലരംഗങ്ങളിലും ഓവർ ആക്ഷൻ കടന്നുവരുന്നുണ്ട്. 'ഞാൻ' എന്ന രഞ്ജിത്ത് സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത ജ്യോതികൃഷ്ണയും, ഇപ്പോൾ ക്യാരക്ടർ റോളുകൾ ചെയ്ത് കയറിവരുന്ന ചെമ്പിൽ അശോകനും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയിട്ടില്ല.പശ്ചാത്തലവും സംഗീതവും ശരാശരിക്കപ്പുറം എത്തുന്നില്ല.

വാൽക്കഷ്ണം: ദിലീപ് ചിത്രങ്ങളിൽ ഇത്രമാത്രം സ്ത്രീവിരുദ്ധത കടന്നുവരുന്നത് എങ്ങനെയാണെന്നാണ് ഈ സിനിമ കഴിഞ്ഞപ്പോൾ തോന്നിയ മറ്റൊരു ചിന്ത. ബാലൻ.കെ നായരും കെ.പി ഉമ്മറും, നായികമാരെ പുഷ്പംപോലെ ബലാൽസംഗം ചെയ്യുന്ന കാലത്തുപോലും ഇത്രയും സ്ത്രീ വിരുദ്ധമായ സംഭാഷണങൾ ചലച്ചിത്രങ്ങളിൽ ഉണ്ടായിട്ടില്ല. ജെസ്സിയുടെ ഗർഭം തൊട്ട് തുടങ്ങുന്ന പരിഹാസം സൃഹൃത്തുക്കളുടെ വിവിധ സംഭാഷണങ്ങളിലൂടെ അങ്ങ് പെരുക്കുകയാണ്.സ്വവർഗാനുരാഗിയായ ഒരാളെ ചാന്തുപൊട്ടെന്നും, തുളവടയെന്നും, ഒമ്പതെന്നും പരിഹസിക്കുന്നത് തൊട്ട് ലിംഗവിരുദ്ധത ഈ ചിത്രത്തിൽ ഉടനീളം കടന്നുവരുന്നു. (ന്യൂസിലാൻഡിലാണ് ഈ ചിത്രം റിലീസ് ചെയ്തതെങ്കിൽ ഇക്കാരണത്താൽ മാത്രം ജീത്തു കോടതി കയറിയേനെ.) ആരോ പറഞ്ഞ് എഴുതിക്കുന്നതുപോലുണ്ട്.തന്റെ വ്യക്തി ജീവിതത്തിലെ തിരച്ചടികൾമൂലമുണ്ടായ പ്രശ്‌നങ്ങൾ ദിലീപ് ഇങ്ങനെ കരഞ്ഞുതീർക്കുകയാണോയെന്ന് ഫേസ്‌ബുക്കിൽ ഒരു വിരുതൻ ചോദിച്ചതിലും കാര്യമുണ്ട്.