സ്മാർട്ട്ഫോണുകളുടെ ബാറ്ററിക്ക് അധികം ആയുസില്ലെന്നത് കസ്റ്റമർമാരുടെ സ്ഥിരം പരാതികളിലൊന്നാണ്. തങ്ങളുടെ പുതിയ ഫോണായ ഐഫോൺ 7ന്റെ ബാറ്ററി ലൈഫ് മുൻ മോഡലുകളിലുള്ളതിനേക്കാൾ വളരെ കൂടുതലാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

എന്നാൽ സ്മാർട്ട് ഫോൺ ബാറ്ററികളുടെ ആയുസ് വർധിപ്പിക്കാൻ ചില കാര്യങ്ങളിൽ മുൻകരുതലെടുക്കേണ്ടതുണ്ടെന്നും കെമിസ്റ്റുകൾ കർക്കശമായി നിർദ്ദേശിക്കുന്നു. ഇനി പറയുന്ന കാര്യങ്ങളിൽ ചിലത് ശ്രദ്ധിച്ചാൽ സ്മാർട്ട് ഫോണിന്റെ ബാറ്ററി വാഗ്ദാനം ചെയ്ത കാലത്തേക്കാൾ നീട്ടാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിലൊരു പ്രധാനപ്പെട്ട നിർദ്ദേശമാണ് ഫോണിന്റെ ബാറ്ററി ചൂടാകാൻ അനുവദിക്കാതിരിക്കുകയെന്നത്. അതായത് ബാറ്ററി പൂർണമായും തീരുന്നതിന് മുമ്പ് സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബാറ്ററിയിൽ നിന്നും പവർ പൂർണമായും ഒഴുകി പോകുന്നത് വരെ അത് വീണ്ടും ചാർജ് ചെയ്യാൻ കാത്തിരിക്കരുതെന്ന് ചുരുക്കം.

മിക്ക സ്മാർട്ട്ഫോണുകളിലും ലിഥിയം അയേൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവയിൽ നിന്നും മേൽപ്പറഞ്ഞ രീതിയിൽ പവർ പൂർണമായും ചോർന്ന് പോയാൽ അവയുടെ കപ്പാസിറ്റി കുറയുമെന്നാണ് കെമിസ്റ്റുകൾ മുന്നറിയിപ്പേകുന്നത്. കൂടാതെ നിങ്ങളുടെ ഡിവൈസ് കൂടുതൽ കാലം ഓഫ് ചെയ്തിടരുതെന്നും അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ചുരുങ്ങിയത് 50 ശതമാനമെങ്കിലും ചാർജ് ചെയ്യണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ചൂടുള്ള കാലാവസ്ഥകളിൽ ബാറ്ററി ചൂടാകാതിരിക്കാൻ ഫോണുകളെ കഴിയുന്നതും കടുത്ത ചൂടിൽ നിന്നും അകറ്റി നിർത്തേണ്ടതാണ്. ചൂടുള്ള കാലാവസ്ഥകളിൽ ചൂട്കാരണം ബാറ്ററികളിലെ കെമിക്കൽ റിയാക്ഷനുകൾ വർധിക്കാനിടയാവുകയും അത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ചെയ്യുമെന്നാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റ് പുറത്തിറക്കിയ ഒരു വീഡിയോ സമർത്ഥിക്കുന്നത്.

ലിഥിയം ബാറ്ററികളുടെ കെമിസ്ട്രി അനുസരിച്ച് അവ തീരെ പവർ ഇല്ലാത്ത അവസ്ഥയാക്കുന്നത് അവയുടെ ആയുസ് കുറയ്ക്കാനിടയാക്കുമെന്നും വിദഗ്ദ്ധർ കടുത്ത മുന്നറിയിപ്പേകുന്നുണ്ട്. ഇതിന് മുമ്പ് ഫോണുകളിലെ ബാറ്ററികളിൽ നിക്കലായിരുന്നു ഉപയോഗിച്ചിരുന്നതെന്നും അവയുടെ കപ്പാസിറ്റി പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അവയിൽ നിന്നും പൂർണമായും ചാർജ് തീർന്നതിന് ശേഷം ചാർജ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഇതേ രീതി ഇന്നത്തെ ലിഥിയം ബാറ്ററികളിൽ ചിലർ പ്രയോഗിക്കുന്നത് അവയെ നശിപ്പിക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ലിഥിയം ബാറ്ററിയിൽ നിന്നും ചാർജ് പൂർണമായും ഒഴുക്കിക്കളഞ്ഞ് അത് ചാർജ്ചെയ്താൽ ബാറ്ററിയുടെ കപ്പാസിറ്റി ഇതിലൂടെ ഇല്ലാതാവുകയാണ് ചെയ്യുന്നതെന്നും കെമിസ്റ്റുകൾ മുന്നറിയിപ്പേകുന്നു. ഫോണുകളുടെ ബാറ്ററി ചാർജ് ചെയ്യാതെ അവ ദീർഘകാലം ഉപയോഗിക്കാതെ ഇടുന്നത് ഫോണുകൾക്കും ബാറ്ററിക്കും ഒരു പോലെ ദോഷമാണെന്നും നിർദ്ദേശമുണ്ട്.

ഇതിന് പുറമെ ബാറ്ററി ലൈഫും ചാർജും നിലനിർത്താൻ മറ്റ് നിരവധി പൊടിക്കൈകളുണ്ട്. സ്മാർട്ഫോണിലെ ആവശ്യമില്ലാത്ത ആപ്പുകൾ ഷട്ട്ഡൗൺ ചെയ്യുകയാണ് അതിലൊന്ന്. പോക്കി മോൻ പോലുള്ള ആപ്പുകൾക്ക് വളരെ കൂടുതൽ ബാറ്ററി ചാർജ് വേണ്ടി വരും.അതിനാൽ അവ ഉപയോഗിക്കാത്ത വേളയിൽ ഷട്ട് ഡൗൺ ചെയ്യുക. ജിപിഎസ് പോലുള്ള ലൊക്കേഷൻ സർവീസുകൾക്ക് വളരെയധികം ബാറ്ററി വേണ്ടി വരും. ആവശ്യമില്ലെങ്കിൽ ഇവ ഓഫ് ചെയ്തിടുക. പുഷ് നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്താലും ബാറ്ററി വൻ തോതിൽ ലാഭിക്കാം. പുതിയ ഇമെയിലുകൾ, ഫേസ്‌ബുക്ക് , ട്വിറ്റർ പോലുള്ളവയിലെ പുതിയ അപ്ഡേറ്റുകൾ തുടങ്ങിയവയ്ക്കുള്ള നോട്ടിഫിക്കേഷനുകൾ ഓഫാക്കിയാൽ ബാറ്ററി തീരുന്നത് കുറയ്ക്കാൻ സാധിക്കും.ഫോണുകളെ പവർ സേവിങ് മോദിലേക്ക് മാറ്റിയും ബാറ്ററി ലാഭിക്കാം. ബ്ലൂടൂത്ത് ഉപയോഗിക്കാത്ത വേളകൽ ഓഫ് ചെയ്താൽ ബാറ്ററി പെട്ടെന്ന് ചോർന്ന് പോകുന്നത് തടയാം. സ്‌ക്രീനിന്റെ ബ്രൈറ്റ്നെസ് കുറച്ചും പവർ ലാഭിക്കാം. മൊബൈൽ നെറ്റ് വർക്ക് കണക്ഷനേക്കാൾ കുറച്ച് പവർ മാത്രമേ വൈഫൈയിലൂടെ ഡാറ്റ സ്വീകരിക്കാൻ വേണ്ടൂ.അതിനാൽ അതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ വൈഫൈ ഉപയോഗിക്കുക.