തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നിന്നും ഇം​ഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ച ശേഷം നേരേ പോയത് ഒരു ക്ഷേത്രത്തിലെ മേൽശാന്തിയായി. സാമാന്യ ജനത്തിന് അത്ര പെട്ടെന്ന് ദഹിക്കാത്ത വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ആ പ്രവർത്തിക്ക് പിന്നിലുള്ളത് സ്വന്തം അമ്മ ദൈവത്തിന് നൽകിയ വാക്കാണ്. സ്വന്തം ജന്മരഹസ്യം പേറുന്ന വാക്ക്. അമ്മയുടെ അപേക്ഷ ദൈവം കേട്ടപ്പോൾ, അമ്മ നൽകിയ വാക്ക് മകൻ പതിറ്റാണ്ടുകൾക്കിപ്പുറം പാലിക്കുകയായിരുന്നു.

1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. അമ്മയുടെ ആറാമത്തെ കുട്ടിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. മരിച്ചശേഷം ജനിച്ചവരോ ജനിച്ചയുടൻ മരിച്ചവരോ ആയിരുന്നു മുമ്പുണ്ടായ അഞ്ചുകുഞ്ഞുങ്ങളും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന് ആ അമ്മ ശ്രീവല്ലഭക്ഷേത്രനടയിൽ ചെന്നുനിന്ന് കണ്ണീരോടെ പ്രാർത്ഥിച്ചുവത്രെ. വെറുതേ പ്രാർത്ഥിക്കുക മാത്രമായിരുന്നില്ല. ഭഗവാന് ഒരു താക്കീതു നൽകുകകൂടിയായിരുന്നു. 'ഈ ഉണ്ണിയെ കിട്ടിയില്ലെങ്കിൽ ഇവിടത്തെ കാരാൺമ മുടങ്ങും; ഓർത്തോളണം'. ഇതായിരുന്നു ആ താക്കീത്. ഇല്ലത്തെ മൂത്തമകന്റെ മകനാണ് കാരാൺമ ഏറ്റെടുക്കേണ്ടത്. അങ്ങനെ ഒരാളില്ലെന്നുവന്നാൽ പിന്നെ കാരാൺമ എങ്ങനെ തുടരും. ഏതായാലും ആറാമത്തെ കുഞ്ഞ് ജീവിച്ചു. കേരളം അറിയപ്പെടുന്നവനായി. ഒടുവിൽ അമ്മ ദൈവത്തിന് നൽകി വാക്ക് പാലിക്കാൻ വിഷ്ണുനാരായണൻ എന്ന ബഹുമുഖ പ്രതിഭ തിരുവവന്തപുരത്ത് നിന്നും വീണ്ടും തിരുവല്ലയിലേക്ക് തിരിച്ചു. മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.

സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അദ്ധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അദ്ധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. കുട്ടിക്കാലം മുതൽ കവിതകൾ സ്വയമുണ്ടാക്കിച്ചൊല്ലുമായിരുന്നു. 1956 ൽ എസ്ബി കോളജ് മാഗസിനിലും 1962 ൽ വിദ്യാലോകം മാസികയിലും കവിതകൾ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തിൽ സജീവമായി. ഭാരതീയ ദർശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതകയുടെ ഭാവുകത്വം കവിതയിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനായി. കാളിദാസന്റെ കവിതകളെയും കാൾ മാർക്സിന്റെ ദർശനങ്ങളെയും തന്റെ കവിതകളിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 'ശോണമിത്രൻ' മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ഉത്കൃഷ്ടമായ രാഷ്ട്രീയകവിതകളിൽ ഒന്നായി പരി​ഗണിക്കപ്പെടുന്നു.

യാത്രകളും പ്രിയമായിരുന്ന കവി അമേരിക്ക, ഇംഗ്ലണ്ട്, അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കു പോയി. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎൻഎ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം), കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം), പുതുമുദ്രകൾ, വനപർവം, സ്വതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ (സമ്പാദനം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭൂമിഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1979), മുഖമെവിടെയ്ക്ക് ഓടക്കുഴൽ അവാർഡ് (1983), ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994,) ആശാൻ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങമ്പുഴ പുരസ്കാരം (1989) ഉള്ളൂർ അവാർഡ് (1993), സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛൻ പുരസ്കാരം (2014) തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ; സാവിത്രി, മക്കൾ: അദിതി, അപർണ