രു റിയാലിറ്റിഷോയിലെ മത്സരാർഥിക്കുവേണ്ടി എഴുത്തുകാരും, ചലച്ചിത്ര സംവിധായകരും, സോഷ്യൽമീഡിയാ ആക്റ്റീവിസ്റ്റുകളുമൊക്കെ പ്രചാരണം നടത്തുക. പൊതുവേ പ്രബുദ്ധം എന്ന് കരുതുന്ന കേരളത്തിൽ, കേട്ടുകേൾവിയില്ലാത്ത കാര്യമാണ്് കഴിഞ്ഞ ദിവസങ്ങളിലായി ബിഗ്ബോസ് സീസൺ 4ലെ ഒരു മത്സരാർഥിക്കുവേണ്ടി നടന്നത്. അതാണ് റിയാസ് സലീം എന്ന 24കാരന്റെ മിടുക്ക്. എന്താണ് എൽജിബിടിക്യൂ പ്ലസ് എന്ന് വിശദീകരിച്ചുകൊണ്ട് ബിഗ്ബോസ് ഷോക്കിടെ നടത്തിയ ഒറ്റ പ്രസംഗം വൈറലായതോടെ, റിയാസ് തുല്യതക്ക്വേണ്ടി വാദിക്കുന്നവരുടെ പോസ്റ്റർ ബോയിയായി!

പരുഷത്വത്തെ ആഘോഷിക്കുന്ന, പരമ്പരാഗത പാട്രിയാർക്കൽ ചിന്തയിൽ നിന്ന് ഏറെയൊന്നും മാറാത്ത സമൂഹമാണ് നമ്മുടേത്. സീരിയൽ ടൈമിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് പരിപാടിയുടെ പ്രേക്ഷകരിൽ ഏറെയും ഈ യാഥാസ്ഥിക പക്ഷം തന്നെയാണ്. ഇവിടെയാണ് ഭിന്നലിംഗക്കാർക്കും, സ്ത്രീകൾക്കുമൊക്കെവേണ്ടി വാദിച്ചുകൊണ്ട് റിയാസ് സലീം കടന്നുവരുന്നത്. ടോക്സിക്ക് മസ്‌ക്യുലാനിറ്റി ഉയർത്തുന്നവർക്കെതിരെ അയാൾ ഹൗസിനകത്ത് നിരന്തരം കലഹിച്ചു. ചലച്ചിത്ര സംവിധായകൻ ജിയോബേബി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' ഒരു ടാസ്‌ക്കിൽ എൽജിബിടി ക്യൂ എന്താണ് എന്ന ചോദ്യത്തിന് റിയാസിന്റെ മറുപടി മാത്രം മതി ന്യൂ നോർമൽ എന്ന് മോഹൻലാൽ വിശേഷിപ്പിച്ച നാലാം സീസണിന്റെ തലക്കെട്ട് അർത്ഥ പൂർണ്ണമാക്കാൻ! മലയാളികളെ പുതിയ ലിംഗപാഠങ്ങൾ പഠിപ്പിക്കുന്നതിൽ റിയാസിന് ഒരു പരിധിവരെ വിജയിക്കാൻ കഴിഞ്ഞു.''

എഴുത്തുകാരികളായ ശാരദക്കുട്ടി, മൃദുലാദേവി, സാമൂഹിക പ്രവർത്തകരുമായ ദിയ സന, ദേവിക തുടങ്ങി ഒട്ടേറെപേർ റിയാസിനു വോട്ട് ചെയ്യാൻ വേണ്ടി പോസ്റ്റിട്ടത് ഈ തവണത്തെ പ്രത്യേകതയാണ്. ബിഗ്ബോസ് ഇതുവരെ കാണാത്ത ഒരുപാട്പേരെ ഷോയിലേക്ക് എത്തിക്കാൻ റിയാസിന് കഴിഞ്ഞുവെന്ന്, പരിപാടിയുടെ അവതാരകനായ മോഹൻലാലും അഭിപ്രായപ്പെടുന്നു. പക്ഷേ ഫൈനലിൽ അയാൾ പരാജയപ്പെട്ടു. ഇന്നലെ നടന്ന ബിഗ്ബോസ് ഫിനാലെയിൽ ദിൽഷ പ്രസന്നൻ എന്ന ഡാൻസർ വിജയിച്ചപ്പോൾ, മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി എന്ന പാട്ടുകാരനാണ് രണ്ടാമത് എത്തിയത്. ഇവർക്ക് പിന്നിൽ മൂന്നാമതായാണ് റിയാസ് ഫിനീഷ് ചെയ്തത്.

പക്ഷേ മത്സരം തോറ്റിട്ടും സോഷ്യൽ മീഡിയ ബിഗ്ബോസ് സീസൺ ഫോറിന്റെ യഥാർ വിജയിയായി ഉയർത്തിക്കാട്ടുന്നത് റിയാസ് സലീമിനെയാണ്. 50 ലക്ഷം നേടിയ ദിൽഷ പ്രസന്നൻ അല്ല, തോറ്റ റിയാസ് ഉയർത്തിയ ആശയങ്ങളാണ് ചർച്ചയാവുന്നത്. താൻ പറയുന്ന ആശയങ്ങൾ പൊതുബോധത്തിന് എതിരാണെന്നും, അതുകൊണ്ടുതന്നെ തോൽക്കുന്ന യുദ്ധത്തിനാണ് താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും റിയാസിനും നന്നായി അറിയാമായിരുന്നു. അയാൾ അത് ഇടക്ക് പറയുകയും ചെയ്തു.

ഇല്ലായ്മക്കിടയിലും വലിയ സ്വപ്നങ്ങൾ

'നിങ്ങൾക്ക് ഒരു വലിയ സ്വപ്നം ഉണ്ടെങ്കിൽ അത് പുർത്തീകരിക്കായി ഈ ലോകം മുഴുവൻ കുടെ നിൽക്കുമെന്ന്', പാവ്ലോ കൊയ്ലോ എഴുതിയത് അന്വർഥമാക്കുന്ന രീതിയിലാണ് റിയാസിന്റെ ജീവിതം. കൊല്ലം കരിക്കോട് സ്വദേശിയായ റിയാസ് സോഷ്യൽ മീഡിയയിൽ ഇൻഫ്ളുവൻസറും മോട്ടിവേഷൻ സ്പീക്കറുമായാണ് ബിഗ്ബോസിന് മുമ്പ് അറിയപ്പെട്ടിരുന്നത്. തന്റെ ജീവിയ കഥ ബിഗ്ബോസ് ഹൗസിൽവെച്ച് റിയാസ് പറയുമ്പോൾ സഹമത്സരാർഥികളുടെ കണ്ണു നിറഞ്ഞിരുന്നു.

ദാരിദ്രത്തിനിടയിലും നിറമുള്ള സ്വപ്നങ്ങൾ ആയിരുന്നു ആ ബാലൻ കണ്ടിരുന്നത്. ഉമ്മ വീട്ടുജോലിക്ക് പോയാണ് റിയാസിനെ വളർത്തിയത്. ബാപ്പ രോഗിയായിരുന്നു. പക്ഷേ അദ്ദേഹവും തുഛമായ ശമ്പളത്തിന് സെക്യൂരിറ്റി ജോലിക്ക് പോകുന്നുണ്ട്. ചെറുപ്പകാലത്തുള്ള ചില ദുശ്ശീലങ്ങൾ ബാപ്പയെ രോഗിയാക്കിയെന്നാണ് റിയാസ് പറഞ്ഞത്. സ്വന്തമായി ഒരു വീടില്ല. വീട്ടുവാടകയും അത്യാവശ്യം ചെലവും കഴിഞ്ഞാൽ ഒന്നും ബാക്കിയില്ലാത്ത രീതിയിൽ അരഷ്ടിച്ചാണ് ആ കടുംബം കഴിഞ്ഞത്.

പക്ഷേ പഠിക്കാൻ ചെറുപ്പത്തിലേ അവർ മിടുക്കനായിരുന്നു. സ്‌കോളർഷർഷിപ്പോടെയായിരുന്നു, യുപി തലം തൊട്ടുതന്നെ പഠനം. ഈ തുക ചേർത്തുവെച്ച് ഉമ്മയ്ക്ക് ഒരു ഫോൺ വാങ്ങിയ കഥ നൊമ്പരത്തോടെയാണ് റിയാസ് പറഞ്ഞത്. 'ഞാൻ വലിയ വലിയ സ്വപ്നങ്ങൾ കണ്ട് നടക്കുമ്പോഴും ഉമ്മ വീട്ടുജോലിക്കുപോയാണ് എന്നെ പഠിപ്പിച്ചത്. ഞാൻ ഇപ്പോൾ പെർഫ്യം അടിച്ച് നടക്കുന്നുണ്ടെങ്കിൽ അതും എന്റെ ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്''- ബിഗ്ബോസ് ഹൗസിൽ ഒരിക്കൽ സഹമത്സരാർഥി ലക്ഷ്മിപ്രിയയോട് പ്രതികരിക്കവെ റിയാസ് വികാരാധീനായി. ''കോളജിൽ പഠിക്കുമ്പോൾ ഞാൻ ധരിച്ചുവരുന്ന വലിയ വിലകൂടിയ ബ്രാൻഡഡ് ഷർട്ടുകൾ കാണുമ്പോൾ പലരും അത്ഭുദപ്പെടുമായിരുന്നു. പക്ഷേ അതെല്ലാം ഉമ്മ ജോലിക്കുപോകുന്ന വീട്ടിലെ സുഹൃത്തുക്കൾ തരുന്ന ഒരു തവണ ഉപയോഗിച്ച സാധനങ്ങൾ ആയിരുന്നു''- റിയാസ് ഇങ്ങനെയാണ് തന്റെ ഗതകാലം അനുസ്മരിച്ചത്.

എന്നാൽ പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ റിയാസ് ട്യൂഷനെടുത്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ തുടങ്ങി. പിന്നീട് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് ചേർന്നപ്പോഴും ട്യൂഷൻ തുടർന്നു. കോവിഡ് കാലത്തിന് മുമ്പുവരെ റിയാസിന്റെ വീട്ടിൽ കുട്ടികളുടെ വലിയ തിരക്കായിരുന്നു. കോവിഡ് ലോക്ഡൗണിനുശേഷം ട്യൂഷൻ കുറഞ്ഞപ്പോൾ റിയാസ് ബന്ധുവിന്റെ തുണിക്കടയിൽ ജോലിക്കുപോയി. അത് കഴിഞ്ഞ് രാത്രി മടങ്ങിയെത്തുമ്പോഴാണ് അയാൾ ഹിന്ദി ബിഗ്ബോസൊക്കെ കണ്ട് മനസ്സിലാക്കിയത്. മെക്കാനിക്കൽ എഞ്ചിനയറിങ്ങും നല്ല മാർക്കിനാണ് പാസായത്. അങ്ങനെ ജോലിക്ക് ശ്രമിച്ച് നിൽക്കുന്നതിന് ഇടയിലാണ്, തന്റെ സ്വപ്നമായ ബിഗ്ബോസിലേക്കുള്ള വിളി എത്തുന്നത്.

വന്നു, കണ്ടു, കീഴടക്കി....

ശരിക്കും പ്രിപ്പയർ ചെയ്ത് ബിഗ്ബോസിലേക്ക് വന്നയാളാണ് റിയാസ്. എങ്ങനെയെങ്കിലും ഹൗസിന് അകത്ത് എത്തിക്കഴിഞ്ഞാൽ പിന്നെ ഞാൻ ഇത് സ്ഥിരമായി കാണാറില്ല എന്നൊക്കെ പറയുന്ന മത്സരാർഥികളെപോലെ അല്ല അവൻ. ഹൗസിലെ അടുത്ത സുഹൃത്തും സഹ മത്സരാർഥിയുമായ റോൺസൺ വിൻസന്റ് പറഞ്ഞത് ' ബിഗ്ബോസിന്റെ എക്കാലത്തെയും ബ്രാൻഡ് അംബാസഡർ ആക്കാൻ പറ്റിയ ആളാണ് റിയാസ്' എന്നാണ്. കാരണം ഹിന്ദി ബിഗ്ബോസിലെ അടക്കം ഓരോ സീനുകളും റിയാസിന് നന്നായി അറിയാം. ഈ ഷോയിലെ അയാളുടെ സ്വപ്ന സക്ഷാത്ക്കാരമായിരുനനു.

ബിഗ്ബോസ് സീസൺ ഫോർ 42ാം ദിവസമായപ്പോൾ, വൈൽഡ് കാർഡ് എൻട്രിയായാണ് റിയാസ് എത്തുന്നത്. ഇത്രയും വൈകി എത്തിയതുകൊണ്ടുതന്നെ പുറത്തുള്ള ട്രെൻഡ് എന്താണെന്ന് അവന് നന്നായി അറിയാമായിരുന്നു. എന്നാൽ ജനം കുടെ നിൽക്കുന്ന മത്സരാർഥികൾക്ക് നേർ വിപരീതമായും, പൊതുബോധത്തിന് എതിരായുമുള്ള നിലപാടാണ് റിയാസ് കൈക്കൊണ്ടത്. എൻട്രിവേളയിൽ ഇതുവരെ കണ്ടതിൽ നിന്ന് ഇഷ്ടപ്പെട്ട മത്സരാർഥികൾ ആരൊക്കെയെന്ന ലാലേട്ടന്റെ ചോദ്യത്തിന് ഒരാളുടെ പേര് മാത്രമാണ് റിയാസ് പറഞ്ഞത്. ജാസ്മിൻ എം മൂസ എന്ന, ലെസ്‌ബിയൻ ആണെന്നും എത്തീസ്റ്റ് ആണെന്നും പരസ്യമായി പ്രഖ്യാപിച്ച ഒരു പൊരുതുന്ന വനിതയുടെ പേർ ആയിരുന്നു അത്. തന്റെ ടാർഗറ്റുകളായി ആറ് പേരുടെ പേരുകളും റിയാസ് അന്ന് പറഞ്ഞു. റോബിൻ, ബ്ലെസ്ലി, ദിൽഷ, സൂരജ്, ധന്യ, ലക്ഷ്മിപ്രിയ എന്നിവരായിരുന്നു ശത്രുപക്ഷത്ത്.

ന്യൂ നോർമൽ എന്ന വാചകത്തെ എല്ലാ അർത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാർത്ഥിയായിരുന്നു റിയാസ്. പുപ്പുലികളായ ജാസ്മിനും റോബിനും ഒരേ ആഴ്ച തന്നെ പുറത്താതോടെ പിന്നീട് നിശബ്ദമായിപോകുമെന്ന് പലരും കരുതിയ ബിഗ് ബോസ് വീടിനെ ജീവിനോടെ നിലനിർത്തയത് റിയാസിന്റെ മിടുക്ക് ആയിരുന്നു.


തുടക്കത്തിൽ വില്ലൻ

മലയാളത്തിലെ മുൻ സീസണുകളെ അപേക്ഷിച്ച് തുടക്കത്തിലേ മത്സരാർഥികൾക്ക് ഇടയിൽ അഭിപ്രായ സംഘർഷങ്ങളും പൊട്ടിത്തെറികളും ആരംഭിച്ച സീസൺ ആയിരുന്നു ഇത്. റോബിൻ, ജാസ്മിൻ, ഡെയ്സി, ലക്ഷ്മിപ്രിയ അങ്ങനെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയൊന്നുമില്ലാത്ത മത്സരാർഥികളുടെ നീണ്ട നിര ഈ സീസണിന്റെ പ്രത്യേകതയായിരുന്നു. അതിനാൽത്തന്നെ തുടക്കം മുതൽ ബിഗ് ബോസ് ഹൗസ് ഒരു പോർക്കളം കൂടിയായിരുന്നു. പലപ്പോഴും സംഘർഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഡോ. റോബിൻ ആയിരുന്നു. ആൻഗ്രി യങ്ങ്മാൻ എന്ന പ്രതിഛായ റോബിന് വലിയ തോതിലുള്ള ആരാധകരെ സൃഷ്ടിച്ചു. പ്രത്യേകിച്ച് കൗമാരക്കാർ ആയിരുന്നു, 92.0000ത്തോൾ വരുന്ന റോബിൻ ആർമിയിലെ പ്രധാനികൾ.

ആ അവസ്ഥയിലാണ് താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് റിയാസ് സലിമിന്റെ കടന്നുവരവ്. സീക്രട്ട് റൂമിൽ ഒരു ദിവസം ചിലവഴിച്ചിട്ടാണ് റിയാസും ഒപ്പമുണ്ടായിരുന്ന വൈൽഡ് കാർഡ് ആയ വിനയ് മാധവും ഹൗസിലേക്ക് കയറുന്നത്. ആ വാരം ഈ സീസണിലെ ഏറ്റവും സംഘർഷഭരിതമായ ആഴ്ചകളിൽ ഒന്നായിരുന്നു. അതിലെ കോടതി ടാസ്‌കിൽ ഇവർ ഇരുവരുമായിരുന്നു ന്യായാധിപന്മാർ. ആ ടാസ്‌ക് തന്നെ അഭിപ്രായ സംഘർഷങ്ങളുടെ അരങ്ങായി മാറി. റിയാസിന്റെ പെരുമാറ്റത്തിലെ അയവില്ലായ്മയോട് മിക്ക മത്സരാർഥികളും തങ്ങളുടെ അതൃപ്തി പ്രകടമാക്കി. റോബിനെ കോടതി ടാസ്‌ക്കിൽ ശിക്ഷിച്ചുകൊണ്ട് റിയാസ് കളിതുടങ്ങി. വന്ന ആദ്യ ആഴ്ച തന്നെ റിയാസ് ജയിലിലായി. റിയാസിന്റെ ജഡ്ജിയായുള്ള ടാസ്‌ക്കിലെ പെരുമാറ്റത്തിൽ പക്ഷപാതിത്വം ഉണ്ടെന്ന് സഹ ജഡ്ജിയായിരുന്നു വിനയ് മാധവും ആരോപിച്ചു.

ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു അയാൾ ഇടക്കിടെ ആ ഭാഷതന്നെ പ്രയോഗിക്കുന്നതും പ്രശ്നമായി. ഒരിക്കൽ 'നീ മലയാളം മീഡിയം സ്‌കൂളിൽ അല്ലേ പഠിച്ചത്' എന്ന് റോബിൻ പൊട്ടിത്തെറിക്കുന്ന അവസ്ഥപോലും ഉണ്ടായി. പക്ഷേ റിയാസ് ഇങ്ങനെതന്നെയാണ് പുറത്തും സംസാരിച്ചിരുന്നത് എന്നായിരുന്നു യാഥാർഥ്യം. അതുപോലെ ഇംഗ്ലീഷിൽ പതിവായി ഉപയോഗിക്കുന്ന 'ഫക്ക്' എന്ന വാക്ക് ദേഷ്യം വരുമ്പോൾ കയറിവരുന്നും റിയാസിന് വിനയായി. ഇംഗ്ലീഷിലെ ബിഗ്ബ്രദർ ഷോയിലൊന്നും ഈ വാക്ക് ഒരു തെറിയായി കാണുന്നില്ലായിരുന്നു. പക്ഷേ നമ്മുടെ നാട്ടിൽ അത് മ്യൂട്ടടിച്ചാണ് കാണിച്ചത്. ഇതിന്റെ പേരിൽ അവതാരകൻ മോഹൻലാലിൽ നിന്ന് വഴക്കും റിയാസ് കേട്ടു. റോബിനുമൊത്ത് ജയിലിൽ പോയപ്പോൾ ജയിൽ ടാസ്‌ക്ക് ചെയ്യാത്തതും പ്രശ്നമായി. അതിനും ശിക്ഷ കിട്ടി. അങ്ങനെ തുടക്കത്തിൽ റിയാസിനും ശരിക്കും ഒരു വില്ലൻ ഇമേജ് തന്നെയാണ് ഉണ്ടായിരുന്നത്.

റോബിൻ ആർമിയിൽനിന്ന് ആക്രമണം

ബിഗ്ബോസ് ഷോയിൽ എറ്റവും വലിയ ഫാൻ ബേസുള്ള, ഡോ റോബിൻ രാധാകൃഷ്ണന്റെ പുറത്താകലിന് കാരണമായതിന്റെ പേരിൽ റിയാസിനുനേരെ അതിശക്തമായ സൈബർ ആക്രമണവും ഉണ്ടായി. ഒരു ടാസ്‌ക്കിനിടയിൽ റിയാസിനെ, മനഃപൂർവമല്ലെങ്കിലും, ശാരീരികമായി ആക്രമിച്ചതിന്റെ പേരിലാണ് റോബിൻ പുറത്തായത്. അതിനുമുമ്പുതന്നെ റിയാസിനെ മാനസികമായി തകർക്കുന്ന മറ്റൊരുകാര്യവും സംഭവിച്ചു. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ജാസ്മിൻ എം മൂസ് ഷോയിൽ നിന്ന് സ്വയം പുറത്തുപോയി.

തന്റെ മാനസിക ആരോഗ്യം മോശമാണെന്നാണ് ജാസ്മിൻ പറഞ്ഞ കാരണമെങ്കിലും, റോബിനെ തിരിച്ചുകൊണ്ടുവരാൻ നടക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ചും, ഈ ഹൗസിലെ മറ്റ് അംഗങ്ങൾ റിയാസിന് നേരെ ഉണ്ടായ ശാരീരിക അക്രമണത്തിൽ കാര്യമായി പ്രതിഷേധിക്കാത്തതും ആയിരുന്നു ജാസ്മിന്റെ യഥാർഥ പ്രശ്നം. റോബിന്റെ പൂച്ചെട്ടികൾ തല്ലിപ്പൊട്ടിച്ചും, സ്ത്രീകൾ മാത്രം സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്യുന്ന ടോക്സിക്ക് മല്ലു പുരുഷന്മാർക്കുള്ള മറുപടി എന്നോണം, ഹൗസിന്റെ മുന്നിലുടെ സിഗരറ്റ് വലിച്ച് പുകയൂതി വിട്ട് സിനിമാ സ്റ്റെലിൽ ആയിരുന്നു ജാസ്മിൻ വീടു വിട്ടുത്.

ഇതോടെ ഹൗസിനുള്ളിൽ ശരിക്കും റിയാസ് ഒറ്റപ്പെട്ടു. റോബിൻ പോയതിന്റെ പ്രതികാരം എന്നോണം, അയാളുടെ സുഹൃത്തുക്കൾ ആയ ദിൽഷയും, ബ്ലെസ്ലിയും, ലക്ഷ്മിപ്രിയയും റിയാസിന് എതിരെ ആക്രമണം ശക്തമാക്കി. പുറത്ത് ആ സമയത്ത് റോബിൻ ആർമിയെന്ന ഫാൻസുകാർ റിയാസിന് എതിരെ സമാനകൾ ഇല്ലാത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അയാൾ ചാന്ത്പൊട്ട് ആണെന്നും ആണുപെണ്ണും കെട്ടവൻ ആണെന്നും, 'കുണ്ടനാണെന്നും', അടുത്ത തവണ കൂട്ടമായി വോട്ട്ചെയ്ത് പറഞ്ഞുവിടണം എന്നൊക്കെയായിരുന്നു ഇവർ പ്രചരിപ്പിച്ചത്. റിയാസിന്റെ ഫെമിനൈൻ ടച്ചുള്ള ശരീരഭാഷയെ റോബിൻ ഫാൻസ് ശരിക്കും ബോഡി ഷെയിം ചെയ്തു. പരിഹാസങ്ങളും സൈബർ ആക്രമണങ്ങളും സഹിക്കവയ്യാതെ റിയാസിന്റെ പിതാവിനെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യേണ്ടി വന്നു. റിയാസിന്റെ ഉമ്മക്കുനേരെയും തെറിവിളികൾ ഉണ്ടായി. ആ സമയത്തൊക്കെ ഫോൺ അറ്റൻഡുചെയ്യാൻ പോലും പേടിച്ചായിരുന്നു റിയാസിന്റെ കുടുംബം കഴിഞ്ഞിരുന്നത്. പക്ഷേ കാര്യങ്ങൾ മാറിമറിയാൻ വെറും ഒരു ആഴ്ചയേ വേണ്ടി വന്നുള്ളൂ.


ഒറ്റപ്പെടുത്തലും കളിയാക്കലും അതിജീവിച്ചു

ആദ്യദിനങ്ങളിൽ ജാസ്മിന്റെ നിഴൽപോലെയാണ് റിയാസ് നീങ്ങിയത്. പക്ഷേ പിന്നീട് അയാൾ ബിഗ്ബോസിലെ ഗെയിം ചേഞ്ചർ ആയി. വന്ന ആഴ്ചയിൽ തനിക്കുണ്ടായിരുന്ന, പെരുമാറ്റത്തിലെ അയവില്ലായ്മ പതിയെ കുറച്ചുകൊണ്ടുവരുന്ന റിയാസിനെയാണ് പിന്നീട് കണ്ടത്.

പുറത്ത് റിയാസിനെ അടുത്ത ഘടത്തിൽ പുറത്താക്കാനായിരുന്നു റോബിൻ ആർമിയുടെ പരിപാടി. അതിനായി മറ്റ് മത്സരാർഥികൾക്ക് വോട്ട് മറിച്ചു നൽകി, റിയാസിനെ ്ഏറ്റവും അവസാനമാക്കി പുറത്താക്കാനാണ് പദ്ധതിയിട്ടത്്. പക്ഷേ അപ്പോഴേക്കും റിയാസിന് പ്രേക്ഷക പിന്തുണ കൂടുന്നത് അവർ അറിഞ്ഞില്ല. വോട്ടുഭിന്നിച്ചപ്പോൾ സംഭവിച്ചത് ആവട്ടെ മികച്ച മത്സരാർഥിയായ അഖിൽ പുറത്തായി എന്നതാണ്! റിയാസ് അടക്കമുള്ളവർ തുടരുകയും ചെയ്തു.

ശരിക്കും ഒറ്റ പ്രസഗം കൊണ്ട് ഹീറോയായ വ്യക്തിയാണ് അയാൾ. ബിഗ്ബോസിലെ ഫോൺ ടാസ്‌ക്കിൽ എന്താണ് എൽജിബിടിക്യൂ എന്ന ബ്ലെസ്ലിയുടെ ചോദ്യത്തിന് റിയാസ് നൽകിയ കൃത്യമായ മറുപടി വൈറലായി. ഇതോടെ റിയാസിനെ കേരളം ശ്രദ്ധിക്കാൻ തുടങ്ങി. പുരുഷധിപത്യത്തിനും സത്രീകൾതന്നെ സ്ത്രീകൾക്കെതിരെ പറയുന്ന സ്ത്രീവിരുദ്ധതയും അവൻ കൃത്യമായി ചൂണ്ടിക്കാട്ടി. ഹോമോഫോബിക് ആശയങ്ങൾക്കെതിരെ ശബ്ദമുയർത്തി. ബിഗ്ബോസിന്റെ ചരിത്രത്തിൽ നാളിതുവരെ ഒരാളും അങ്ങനെ ചെയ്തിട്ടില്ലായിരുന്നു. അവർ ഗെയിമിനെ ഒരു ആശയപോരാട്ടം ആക്കിയില്ല. അതോടെ റിയാസ് ശരിക്കും തരംഗമായി. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരല്ലാത്ത, എഴുത്തുകാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരിൽ പലരും റിയാസിന് ക്യാമ്പെയിൻ നടത്തുന്നതിലേക്ക് എത്തി കാര്യങ്ങൾ.

ബോഡിഷെയിമിങ്ങ് ബിഗ്ബോസിനകത്തും റിയാസ് അനുഭവിച്ചു. ലക്ഷ്മിപ്രിയ റിയാസിന്റെ സൈത്രണമാർന്ന ചലനങ്ങൾ തീർത്തും ആക്ഷേപാർഹമായി അവതരിപ്പിക്കുകയും, അതിനെ മാനുഫാക്ച്ചറിങ്ങ് ഡിഫക്റ്റ് എന്ന് വിശേഷിപ്പിക്കുയും ചെയ്തു. അതിനു പുറമെ അയാളുടെ മാതാപിതാക്കളെ കൂടി വിഷയത്തിലേക്ക് വലിച്ചിട്ടു. റിയാസിനെ അയാളുടെ മതം ചേർത്തെന്നപോലെ 'കാക്ക' എന്ന വിളിക്കാനും, 'കാ,കാ,കാ...' എന്ന് പറഞ്ഞ് കാറി അപമാനിക്കാൻ ശ്രമിക്കുകയും ചെത്തു. പക്ഷേ ഇത്തരം കളിയാക്കലുകൾ താൻ ചെറുപ്പം മുതലേ കേട്ടിരിക്കുള്ളതാണെന്നും, അതിനെയൊക്കെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയത് എന്നതുമായിരുന്നു റിയാസിന്റെ മറുപടി.

എതിരാളികൾക്കെതിരെ അതിഭീകരമായ ആക്രമണമായിരുന്നു റിയാസും പുറത്തെടുത്തത്. ക്രിസ്റ്റൽ ക്ലിയർ ആയി കാര്യങ്ങൾ പറയാനുള്ള മിടുക്കായിരുന്നു അവന്റെ ഏറ്റവും വലിയ പ്രത്യേകത. വാക്കുകൾ ചാട്ടൂളിപോലെ ഉപയോഗിച്ച് റിയാസ് ലക്ഷ്മിപ്രിയയെയും, ദിൽഷയെയും, ബ്ലസ്ലിയെും, ധന്യയെയും പഞ്ഞിക്കിട്ടു. ആരും നോമിനേറ്റ് ചെയ്യാത്ത സൂരജിനെവരെ നോമിനേറ്റ് ചെയത് പ്രകോപിപ്പിച്ചു. 'ആൾമാറാട്ടം' ടാസ്‌ക്കിൽ ലക്ഷ്മിപ്രിയായി വേഷം മാറിയുള്ള ആ പ്രകടനത്തിലുടെ നമ്പർ വൺ എന്റർടെയിനർ ആണെന്നും തെളിയിച്ചു. അതോടെ ഹൗസിനകത്തെയും സമവാക്യങ്ങൾ മാറി. വ്യക്തിപരമായ വിദ്വേഷം കളഞ്ഞ് ലക്ഷ്മിപ്രിയ റിയാസിനോട് കോമ്പ്രമൈസ് ആയി. റിയാസ് ദിൽഷയോടും സോറി പറഞ്ഞു. ട്രയാങ്കിൾ ലവ് സ്റ്റോറിയെന്ന് പറഞ്ഞ് ദിൽഷയെ പ്രകോപിച്ചിതിൽ മുന്നിൽനിന്നത് റിയാസ് ആയിരുന്നു. താൻ ഒരു നന്മമരം ഒന്നുമല്ലെന്നും താനും പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും റിയാസും തുറന്നുപറഞ്ഞു. അവരോട് ക്ഷമചോദിച്ചു.

റിയാസിന്റെ ജനപ്രീതി വർധിച്ചതോടെ വീട്ടുകാരുടെ ഭീതിയും മാറി. കൊല്ലത്തെ റിയാസിന്റെ വാടകവീട്ടിലേക്ക് യൂട്ഊബർമാരുടെ ഒഴുക്കായി. റിയാസിനെപ്പോലുള്ള ഒരു മകൻ ഉള്ളത് നിങ്ങളുടെ അഭിമാനമാണെന്ന് അവർ പറയുമ്പോൾ മാതാപിതാക്കളുടെ കണ്ണ് നിറയുകയാണ്.


തോറ്റിട്ടും 'ജയിച്ച' ഒരു താരം

ബിഗ്ബോസ് ഫിനാലെയിലേക്ക് അടുത്തതോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് റിയാസ് സലീം എന്ന ഒറ്റയാൾ ആയിരുന്നു. മുമ്പ് രജത്കുമാർ ആർമി ചെയ്തപോലെ, ഹോട്ട് സ്റ്റാർ ബഹിഷ്‌ക്കരിക്കാനും ഏഷ്യാനെറ്റിനെ തകർക്കാനും, ലാലേട്ടന്റെ സിനിമകൾ ബഹിഷ്‌ക്കരിക്കാനുമൊക്കെ റോബിൻ ആർമിയും ആഹ്വാനം ചെയ്തിരുന്നു. റോബിൻ പോയതോടെ ഷോ റേറ്റിങ്ങിൽനിന്ന് താഴും അവസാനം അവർ റോബിനെ തിരിച്ചുവിളിക്കും എന്നാണ് ആർമിക്കാർ കരുതിയത്. പക്ഷേ റിയാസിന്റെ ഇടപെടൽ അതെല്ലാം മാറ്റിമറിച്ചു. പക്ഷേ ഫൈനലിൽ തോറ്റിട്ടും അയാൾ എന്തുകൊണ്ടുതോറ്റു എന്നതും സജീവ ചർച്ചയാണ്. ഇവിടെ തോറ്റത് സത്യത്തിൽ പുരുഷ കേന്ദ്രീകൃതമായ യാഥാസ്ഥിതിക കേരളം തന്നെയാണ് എന്നാണ് പല സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളുടെയും വിലയിരുത്തൽ.

ആർ എസ് ഹരികൃഷ്ണൻ എന്ന സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് ഇങ്ങനെ എഴുതുന്നു. '' പരുഷാധിപത്യ കുടുംബ വ്യവസ്ഥയുടെ അടിമകളാക്കപ്പെട്ട സ്ത്രീകളാണ് യഥാർത്ഥ ഫെമിനിസ്റ്റുകളെന്നൊക്കെയുള്ള ബെൻവലന്റ് സെക്സിസം എന്ന സ്ത്രീവിരുദ്ധത പറയുന്ന, എന്റെ ഉള്ളിലുള്ളത് ക്ഷത്രിയ രക്തമാണെന്ന് പറയുന്ന ലക്ഷ്മിപ്രിയയെപ്പോലൊരു വ്യക്തിക്ക് മലയാളി പ്രേക്ഷകഭൂരിപക്ഷത്തിനിടയിൽ സ്വീകാര്യത കിട്ടുമെന്ന് ഉറപ്പാണ്. 'അമ്മയും അച്ഛനും ചൂണ്ടിക്കാണിച്ചു തരുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ' എന്ന് പറയുന്ന ദിൽഷയെ നോക്കുക. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെക്കാളും സ്വാതന്ത്ര്യത്തെക്കാളും എനിക്ക് വലുത് വീട്ടുകാർ കണ്ടുപിടിച്ചു തരുന്ന കല്യാണകമ്പോളത്തിലെ പ്രോഡറ്റാവുക എന്ന് പറയുന്ന ദിൽഷക്കായിരിക്കും ഭൂരിപക്ഷത്തിന്റെ കൈയടി മുഴുവൻ. 'എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ. ഒരാണായിപ്പോയി കരയാനും പറ്റില്ല' എന്ന് ദിൽഷയോട് പറയുന്ന ബ്ലെസ്ലി. 'ആണിനും പെണ്ണിനും തുല്യസ്വാതന്ത്ര്യം കൊടുക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെയീ ഫെമിനിസത്തിന്റെയൊക്കെ ആവശ്യമെന്താണ്' എന്ന് ദിൽഷയോട് പറയുന്ന റോബിൻ. ഇത്രയും പേരുടെ നടുവിലേക്കാണ് നെഞ്ച് വിരിച്ച് മസില് പിടിച്ച് നടക്കാത്ത, സ്വയം പ്രഖ്യാപിത ആൺവീരന്മാരുടെ ഭാഷയിൽ പറഞ്ഞാൽ 'പെണ്ണുങ്ങളെപ്പോലെ' കുണുങ്ങി കുണുങ്ങി നടക്കുന്ന റിയാസ് കയറി വരുന്നത്.''- ഹരികൃഷണൻ ചൂണ്ടിക്കാട്ടി.

ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് താമസിപ്പിച്ചിരുന്ന റൂമിലിരുന്ന് വിനയും റിയാസും നടത്തുന്ന സംസാരം ഇങ്ങനെയാണ്. 'അകത്തുചെന്നാൽ ആണുങ്ങളെപ്പോലെ കളിക്കണ'മെന്ന് വിനയ് മാധവ്. 'ആണുങ്ങളെപ്പോലെ കളിക്കുക എന്നത് ഒരു സെക്സിസ്റ്റ് വർത്തമാനമാണ്'. എന്നുപറഞ്ഞ് തന്നെക്കാൾ പ്രായത്തിന് ഒരുപാട് മുതിർന്ന വിനയയെ പറഞ്ഞു തിരുത്തുകയാണ് റിയാസ് സലിം. അകത്തു കയറിക്കഴിഞ്ഞ് ഇതേ വിനയ് തന്നെ പറഞ്ഞ 'രണ്ടും കെട്ട കോലം' എന്ന ഒരു സ്റ്റേറ്റ്മെന്റ് എങ്ങനെ ട്രാൻസ്ഫോബിയ ആകുന്നുവെന്ന് വിശദീകരിച്ചു കൊടുത്ത് അത് വിനയെ കൊണ്ട് തിരുത്തിക്കുന്ന റിയാസ്. 'ആണുങ്ങൾക്ക് കുടുംബം നോക്കാനും കുട്ടികളെ നോക്കാനും പെണ്ണുങ്ങളുടെയത്ര കഴിവില്ലെന്ന് പറഞ്ഞ ലക്ഷ്മിപ്രിയയോട്, 'കുട്ടികളെ ദത്തെടുത്തു കുടുംബമായി ജീവിക്കാൻ ഇന്നാട്ടിലെ സ്വവർഗാനുരാഗികളായ ആണുങ്ങൾക്ക് കഴിയില്ല എന്ന പൊതുബോധത്തിന് വളം വയ്ക്കുകയല്ലേ നിങ്ങൾ എന്നും, സ്വവർഗ്ഗവിവാഹം ലീഗൽ ആകാത്തതിനെ പിന്തുണക്കുകയല്ലേ?' എന്നും ചോദിക്കച്ച് ലക്ഷ്മിപ്രിയയുടെ സനാതനധർമത്തെ പൊളിച്ച് കൊടുത്ത റിയാസ്. അതുപോലെ നിനക്ക് പ്രസവിക്കാൻ കഴിയുമോ എന്ന് ചോദിച്ച് വിമൺ കാർഡ് പുറത്തെടുത്ത ലക്ഷ്മി പ്രിയയോട് നിങ്ങൾക്ക് പ്രസവിപ്പിക്കാൻ കഴിയുമോ എന്ന് തിരിച്ചുചോദിച്ച റിയാസ്. 'കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ഗർഭപാത്രത്തിന്റെ കോശങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന ചോരയാണ് ആർത്തവരക്തമെന്നും മറ്റേതൊരു മുറിവിൽ നിന്നും വരുന്ന രക്തം പോലെയേ ആർത്തവരക്തവുമുള്ളൂ' എന്നും ബ്ലെസ്ലിക്ക് പറഞ്ഞ് കൊടുക്കുന്ന റിയാസ്. ഇഷ്ടമല്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തുന്നതിലെ ശരികേടിനെപ്പറ്റി ബസ്ലിക്ക് പറഞ്ഞുകൊടുത്ത റിയാസ്. ഇങ്ങനെ കേരള ഭൂരിപക്ഷത്തിന് ഒട്ടും ദഹിക്കാനിടയില്ലാത്ത നിലപാടുകളാണ് താനവിടെ പറയാൻ പോകുന്നത് എന്നറിഞ്ഞിട്ടും, സ്പഷ്ടമായും വ്യക്തമായും ഒരിടർച്ചയും പതർച്ചയുമില്ലാതെ തനിക്ക് പറയാനുള്ള ജെൻഡർ പൊളിറ്റിക്സ് പറഞ്ഞുകൊണ്ടിരുന്നു.

ഷോയിൽനിന്ന് പുറത്തായി മോഹൻലാലിന് അടുത്ത് എത്തിയപ്പോഴും റിയാസ് പറയുന്നത് നോക്കുക. ഗെയിം ചേഞ്ചർ ആണ് റിയാസ് എന്ന് പറഞ്ഞാൽ എന്താണ് പ്രതികരണം എന്നാണ് മോഹൻലാൽ ആരാഞ്ഞത്. ''ഗെയിം ഷോ ആയിട്ട് ഞാൻ കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. ഞാൻ ഇവിടെ റിയൽ ആയിരുന്നു. പല ആൾക്കാരെയും പോലെ മാസ്‌കിട്ട് കളിച്ച് പ്രേക്ഷക പിന്തുണ നേടാൻ ശ്രമിച്ചിട്ടില്ല. ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും അത് ആൾക്കാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് പറയണമായിരുന്നു''- വ്യക്തമായിരുന്നു റിയാസിന്റെ മറുപടി. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ സംസാരങ്ങൾ മാഞ്ഞുപോയാലും റിയാസിന്റെ വാക്കുകൾ ഏറെക്കാലം ഇവിടെ നിലനിൽക്കുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ഇത്തവണ ബിഗ്ബോസിനും നൽകണം ഒരു വലിയ കൈയടി. ഈ ഭൂമി എല്ലാവർക്കും ജീവിക്കാൻ ഉള്ളതാണ്. സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും അടക്കം എത് ഭിന്ന ലൈംഗികത ഉള്ളവർക്കും ഇവിടെ തുല്യ അവകാശങ്ങളാണ് ഉള്ളതെന്നുള്ള ശക്തമായ സാമൂഹിക സന്ദേശം നൽകിയാണ് ബിഗ് ബോസ് സീസൺ 4 അവസാനിക്കുന്നത്. ന്യൂനോർമൽ എന്ന തലക്കെട്ട് തന്നെ അസാധാരമാണ്.