കണ്ണൂർ: തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ല എന്ന മൊഴി അന്വർത്ഥമാക്കുകയാണ് കണ്ണൂർ താഴെചൊവ്വയിലെ ചെമ്മിണിയാൻ വീട്ടിൽ സി.സി. അശോക് കുമാർ. ആദർശരാഷ്ട്രീയത്തിന്റെ സഹയാത്രികനായി ഒരു ജന്മം ചെലവഴിച്ച ശേഷം ഇപ്പോൾ വെറുമൊരു തറവാട്ടുകാവിന്റെ കാര്യദർശിയിലൊതുങ്ങുന്ന ജീവിതം. ജനനം മുതൽ രാഷ്ട്രീയ പ്രവർത്തകരേയും സ്വാതന്ത്ര്യസമര സേനാനികളേയും കണ്ടു വളർന്ന അശോകൻ അധികാരത്തിന്റെ പിന്നാലെ സഞ്ചരിച്ചതേയില്ല.

മുൻ കേന്ദ്രമന്ത്രിമന്ത്രിമാരായ എ.കെ. ആന്റണിയുടേയും കെ.പി. ഉണ്ണികൃഷ്ണന്റേയും വിശ്വസ്തനെന്നു വിശേഷിപ്പിക്കപ്പെടുന്ന അശോക് കുമാർ അധികാരത്തിനു വേണ്ടി കുറുക്കുവഴി തേടിപ്പോയില്ല. ആദർശത്തിന്റെയും അഭിപ്രായത്തിന്റെയും പേരിൽ അവരുമായി ഇണങ്ങിയും പിണങ്ങിയും പോരടിച്ചും കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം. അതുകൊണ്ടു തന്നെ കോൺഗ്രസ്സുകാരിൽ ഇങ്ങനെയും ഒരാൾ ജീവിക്കുന്നുണ്ടെന്ന് അധികമാരും അറിയില്ല. വോട്ടവകാശം നേടും മുമ്പ് 16- ാം വയസ്സിൽ കോൺഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ച അശോകൻ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായും കെ.പി.സി. സി. അംഗമായും പ്രവർത്തിച്ചിരുന്നു. കെപിസിസി. യോഗത്തിനു പോയി തിരിച്ചു വരാൻ എ.കെ. ആന്റണി പ്രസിഡണ്ടായ കാലത്ത് കെപിസിസി.യിൽ നിന്നും 20 രൂപ വൗച്ചർ എഴുതി വാങ്ങാൻ ആന്റണി നിർദേശിച്ച ഏകവ്യക്തി അശോക് കുമാറായിരുന്നു. ഇപ്പോഴും എ കെ ആന്റണി വന്നാൽ അശോക് കുമാറിനെ കാണാതെ പോകില്ല.

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയന്റെ പ്രസിഡണ്ടാണ് അശോക് കുമാർ. ഏറെക്കാലമായി ഈ പദവിയിലിരുന്നുകൊണ്ട് സർക്കസ് ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. ഐ.എൻ.ടി.യു.സി.യിൽ അഫിലിയേറ്റ് ചെയ്ത സംഘടനയാണെങ്കിലും കോൺഗ്രസ്സിൽ നിന്ന് കാര്യമായ പിൻബലമൊന്നും ഈ സംഘടനക്ക് ലഭിക്കുന്നില്ല. ഇന്ന് സർക്കസ് ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പെൻഷനും അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമാണ്. രാജ്യത്തെ വിപ്ലവപാർട്ടികളുടെ തൊഴിലാളി സംഘടനകളൊന്നും തിരിഞ്ഞു നോക്കാത്ത ഈ മേഖലയിൽ അശോക് കുമാർ വിളിച്ചാൽ 1500 ഓളം പേർ ഓടിയെത്തുമെന്നുള്ളതാണ് ഇദ്ദേഹത്തിന്റെ സംഘാടനമികവ്. 1970 ൽ തലശ്ശേരിയിൽ സിപിഐ. നേതാവ് എൻ ഇ. ബാലറാം മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലക്കാരനായിരുന്നു അശോക് കുമാർ. 71 ൽ സി.കെ. ചന്ദ്രപ്പൻ, 77 ൽ കെ.പി. ഉണ്ണികൃഷ്ണൻ, എന്നിവർ ലോകസഭയിലേക്ക് മത്സരിച്ചപ്പോഴും അശോക് കുമാർ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലാണ് അശോകൻ പിറന്നു വീണത്. അച്ഛന്റെ സഹോദരൻ പി.സി. കോരൻ മാസ്റ്റർ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അച്ഛന്റെ വീട്ടിൽ എന്നും ഇരുപതും മുപ്പതും ആളുകൾ. എ.കെ.ജി, വിഷ്ണു ഭാരതീയൻ തുടങ്ങിയവർ ഇടയ്ക്കിടെ സന്ദർശിക്കും. അതുകൊണ്ട് ഓർമ്മ വച്ച നാൾമുതൽ അശോകൻ കോൺഗ്രസ്സുകാരനായി. ആറാം വയസ്സിൽ തന്നെ നേതാക്കന്മാരെ അശോകനറിയാം. ഒടുവിൽ അലീഗഢ് യൂനിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടി അച്ഛൻ പി.സി. രാമുണ്ണിയും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട്്് അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ.

മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശം തലശ്ശേരി സന്ദർശിക്കാനെത്തി. അലീഗഢിൽ സഹപാഠിയായിരുന്ന രാമുണ്ണി പ്രകാശത്തെ കാണാൻ തന്നേയും കൂട്ടി തലശ്ശേരിയിലെത്തി. അച്ഛനെ കണ്ട ഉടൻ കാറുപേക്ഷിച്ച മുഖ്യമന്ത്രി സമ്മേളനവേദിയിലേക്ക് ഒപ്പം നടന്ന അനുഭവം അശോകന് ആവേശം പകർന്നു. അന്ന്് പ്രായം 11. അച്ഛന്റെ വീട് പോലെത്തന്നെ തലശ്ശേരി കോടതിക്ക് സമീപത്തെ അമ്മയുടെ വീടും സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു. അമ്മാവൻ കെ.സി. ഗോപാലനും അമ്മ എം. സി.നാരായണിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകർ.

തലശ്ശേരി കോടതിക്ക്് ബോംബുവച്ച കേസിൽ അമ്മാവനെ ആലിപ്പൂർ ജയിലേക്ക് കൊണ്ടുപോയി തടവിലിട്ടു. അതോടെ അമ്മയും സജീവ രാഷ്ട്രീയക്കാരിയായി. തലശ്ശേരിയിലെ മഹിളാ പ്രവർത്തകരായ ലളിതാ പ്രഭു, ശാന്താ റാവു എന്നിവർക്കൊപ്പം വില്പന നികുതി ഓഫീസ് പിക്കറ്റ് ചെയ്്്ത കേസിൽ ജയിലിലായി. സ്വാതന്ത്ര്യാനന്തരം തലശ്ശേരി സെന്റ് ജോസഫ് സ്്്്്്ക്കൂളിൽ 9- ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരണാസമരത്തിൽ അശോക് കുമാർ ആകർഷിക്കപ്പെട്ടത്. അതിലൂടെ ഇൻഡിപെന്റ്്്്്് സ്റ്റുഡൻസ് യൂനിയനിൽ അംഗമായി. 57 ലെ വിമോചന സമരത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിലും പങ്കെടുത്തു. എസ്.എസ്്്.എൽ. സി കഴിഞ്ഞ്്് ഐ.ടി.ഐ.യിൽ പഠനം ആരംഭിച്ചപ്പോഴും സമരങ്ങളോടൊപ്പം തുഴയാനായിരുന്നു അശോകനിഷ്ടം. 150 യുവാക്കളെ സംഘടിപ്പിച്ച് വടക്കേ മലബാറിലെ ഏറ്റവും വലിയ യൂത്ത് ക്ലബ്്് സ്ഥാപിച്ചു കൊണ്ടായിരുന്നു അശോകന്റെ തുടക്കം.

വിവിധ രാഷ്ട്രീയ അഭിപ്രായമുള്ളവർ പിന്നീട് കോൺഗ്രസ്സുകാരായി. തുടർന്ന് തലശ്ശേരിയിലെ സതേൺ വിനേഴ്‌സ് ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് യൂനിയനുണ്ടാക്കി. അശോകനിൽ വിശ്വാസമർപ്പിച്ച്്് മറ്റ് യൂനിയനുകൾ പിരിച്ചുവിട്ട് ഒറ്റ യൂനിയനായതും ചരിത്രം. വരദരാജൻ നായർ ധനമന്ത്രിയായപ്പോൾ ബി.ഡി. സിഗാർ മിനിമം വേജസ് കമ്മിറ്റിയിൽ അശോകനെ പരിഗണിച്ചു. എന്നാൽ ഇത് നിഷേധിച്ച അശോകനെ കണ്ണുരുട്ടിയാണ് അദ്ദേഹം അംഗീകരിപ്പിച്ചത്. ചുമട്ടു തൊഴിളാളി ക്ഷേമനിധി ബോർഡിലും അശോകൻ പ്രവർത്തിച്ചിരുന്നു. സ്ഥാനമാനങ്ങളും അധികാരങ്ങളും തേടിപ്പോകാത്തത് നഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ അശോകൻ ക്ഷോഭിക്കുകയാണ്.

നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരുടെ നഷ്ടം എന്താണെന്ന് അറിയുമോ? അദ്ദേഹം തിരിച്ചടിച്ചു. അശോകനെ മറികടന്ന് എത്രയോ പേർ മുകളിലെത്തി. അതിലൊന്നും അദ്ദേഹത്തിന് പരിഭവമില്ല. നയപരമായി കെ.കരുണാകരനോടും ആന്റണിയോടും ഉണ്ണികൃഷ്ണനോടും ഇടയാറുള്ള അശോകൻ ഇന്നും ശോകമില്ലാത്തവനായി നിലനിൽക്കുന്നു. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അശോകൻ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ രക്തസാക്ഷിയാണ്. 72- ാം വയസ്സിലും രാഷ്ട്രീയം മറന്ന് അശോകന് മറ്റൊരു ജീവിതമില്ല.