- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അദ്ധ്യാപകനായും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓഫിസറായും പ്രവർത്തിച്ചു; തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ചേർന്നപ്പോൾ ഉദിച്ച സിനിമാ മോഹം; നീലക്കുയിലിന്റെ വിജയത്തോടെ സത്യൻ യുഗത്തിന്റെ ആരംഭം; സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നടൻ; ലുക്കീമിയയെ പുറത്തുനിർത്തിയ അഭിനയ മുഹൂർത്തങ്ങൾ; മഹാനടന്റെ വിടവാങ്ങലിന് അൻപതാണ്ട്
തിരുവനന്തപുരം: സിനിമയിലെ നായകൻ ആണെങ്കിൽ വെളുത്ത് സുന്ദരനാകണം എന്ന ചിന്തയുള്ള കാലത്ത് അത്തരം സൗന്ദര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സ്വാഭാവിക പൗരുഷ അഭിനയത്താൽ മലയാള സിനിമയിൽ വിസ്മയങ്ങൾ തീർത്ത നടനാണ് മഹാനടൻ സത്യൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ. അഭിനയ മികവും കൊണ്ട് സ്വന്തമയാി ഫാൻബേസ് ഉണ്ടാക്കിയ താരം. താരജാഢകൾ ഒന്നുമില്ലാതെ ഒരുപോലെ യുവനായകന്റെയും പടുവൃദ്ധന്റെയും വേഷം അഭിനയിച്ചു വെള്ളിത്തിരയിൽ അത്ഭുതം തീർത്ത അഭിനേതാവ്. ഇന്ത്യൻ സിനിമയിൽ മലയാളത്തിന് മേൽവിലാസം നേടിത്തന്ന നടന്മാരിൽ ഒരാൾ. താരസിംഹാസനത്തിൽ നിൽക്കുമ്പോഴും സാധാരണക്കാരനായി ജീവിച്ച മലയാളത്തിന്റെ മഹാനടൻ സത്യൻ മാസ്റ്റർ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് അൻപതാണ്ട് പൂർത്തിയാകുകയാണ്.
ലുക്കീമിയ രോഗബാധിതനായിരിക്കുമ്പോഴും ഷൂട്ടിങ് സൈറ്റിലെത്തി മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട് അദ്ദേഹം. തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'ശരശയ്യ' അദ്ദേഹം ഒടുവിൽ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. രോഗം കലശലായിരുന്നിട്ടു പോലും അദ്ദേഹം ആരോടും അതിന്റെ തീവ്രത വെളിപ്പെടുത്തിയിരുന്നില്ല. 1971 ജൂൺ 15ന് അന്തരിച്ചപ്പോളാണ് 'ലൂക്കീമിയ' പോലുള്ള ഗുരുതരമായ രോഗവുമായി അദ്ദേഹം പൊരുതുകയായിരുന്നു എന്നു പോലും സിനിമാ രംഗത്തുള്ളവർ പോലും അറിഞ്ഞത്.
നാടകരീതിയിൽ ചുറ്റിത്തിരിഞ്ഞ മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയത് സത്യനിലൂടെ ആയിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് എന്നും ആ പൊൻതിളക്കമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നും പഠനവിഷയമാണ് സത്യന്റെ അഭിനയരീതി. ഓടയിൽ നിന്നിലെ കഥാപാത്രത്തിലും ചെമ്മീനിലെ പളനിയിലുമെല്ലാം ആ അഭിനയ മികവ് ദൃശ്യമായിട്ടുണ്ട്. അതിനാടകീയതയും പ്രകടനപരതയും നിറഞ്ഞുനിന്ന അൻപതുകളിലും അറുപതുകളിലും സിനിമയ്ക്ക് സ്വാഭാവികത കൈവന്നത് സത്യനിലൂടെയായിരുന്നു.
അദ്ധ്യാപകൻ, ആർമി ഓഫീസർ, പൊലീസുകാരൻ..
സിനിമാ മോഹങ്ങൾ സാധാരണക്കാരന് അന്യമായിരുന്ന കാലത്താണ് സത്യനിലെ നടൻ ജനിക്കുന്നതും ഉയരങ്ങൾ കീഴടക്കിയതും. 1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ (ഇന്നത്തെ തിരുവനന്തപുരത്തെ) തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. വിദ്യാഭ്യാസം നേടുന്നവർ ചുരുക്കമായിരുന്ന അക്കാലത്ത് അന്നത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായിരുന്നു സത്യൻ.
വിദ്വാൻ പരീക്ഷ പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് അന്നത്തെ ഹുജൂർ കച്ചേരിയിൽ(ഇന്നത്തെ സെക്രട്ടറിയേറ്റ്) ജോലി ലഭിച്ചു. ഉദ്യോഗസ്ഥനായ കുറച്ചുകാലം അവിടെ ജോലി നോക്കിയെങ്കിലും അവിടെയും ചുവടുറപ്പിച്ചില്ല അദ്ദേഹം. സെക്രട്ടറിയേറ്റിലെ ഉദ്യോഗത്തിന് ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനം അനുഷ്ടിച്ചിരുന്നു.
കുറച്ചുകാലത്തെ പട്ടാള സേവനത്തിന് ശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂർ പൊലീസിൽ പേരുകയായിരുമായിരുന്നു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അഭിനയത്തിന് പുറത്തുള്ള സത്യനെ ഇങ്ങനെയാണ് അറിയപ്പെടുന്നത്.
പൊലീസിലായിരുന്നപ്പോഴാണ് സത്യൻ സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പൊലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അങ്ങനെ മാനുവേൽ സത്യനേശൻ നാടാർ തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. അഭിനയ ജീവിതത്തിൽ നിരവധി നായികമാർ ഉണ്ടായിരുന്ന സത്യന് ജീവിതത്തിൽ ജെസ്സിയായിരുന്നു നായിക. 1946 മെയ് 3നായിരുന്നു ജെസ്സിയുമായുള്ള വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു.
ആദ്യ ചിത്രം വെളിച്ചം കണ്ടില്ല, ആത്മസഖിയിലൂടെ തുടങ്ങിയ സിനിമാ പ്രയാണം
പൊലീസുകാരനായി ജോലി ചെയ്തു ജീവിതം മുന്നോട്ടു പോകേയാണ് സത്യനിൽ സിനിമാ മോഹം ഉദിക്കുന്നത്. അന്ന് സിനിമയിലെല്ലാം മദ്രാസ് കേന്ദ്രീകരിച്ചായിരുന്നു. തനിക്ക് പരിചയമുള്ള സിനിമാക്കാർക്കായി ചുറ്റിത്തിരിഞ്ഞ അദ്ദേഹം ആദ്യമായി സിനിമയിൽ അഭിനയിച്ചത് 1951ൽ ത്യാഗസീമ എന്ന ചിത്രത്തിലായിരുന്നു. ഈ സിനിമ വെളിച്ചം കണ്ടില്ലെങ്കിലും 1952 ൽ നാൽപതാം വയസിൽ 'ആത്മസഖി'യിലൂടെ ആ മഹാനടൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു. തുടർന്നിങ്ങോട്ട് സത്യന്റെ സിനിമായുഗമായിരുന്നു.
ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തെങ്കിലും സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മുടിയനായ പുത്രൻ, ഭാര്യ,പുതിയ ആകാശം പുതിയ ഭൂമി, പാലാട്ടുകോമൻ,തച്ചോളി ഒതേനൻ തുടങ്ങിയ ചിത്രങ്ങളിലെ ഒന്നിനൊന്നുവിഭിന്ന കഥാപാത്രങ്ങളിലൂടെ സത്യൻ താരമായിമാറി. തുടർന്നങ്ങോട്ട് സ്നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. ചില ചിത്രങ്ങളിൽ സത്യനിലെ നടൻ എല്ലാവരെയും വിസ്മയിപ്പിച്ചു. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു ഒരുദാഹരണം മാത്രം ചെമ്മീനിലെ പളനിയെ ആർക്കാണ് മറക്കാനാകുക. കായംകുളം കൊച്ചുണ്ണി, സ്റ്റേഷൻ മാസറ്റർ, റൗഡി, പോസ്റ്റ്മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സത്യൻ വെള്ളിത്തിരയിൽ നിറഞ്ഞു.
കെ.പി.എ.സിയുടെ പ്രശസ്ത നാടകങ്ങൾ സിനിമയാക്കിയപ്പോൾ അഭിനയത്തിൽ നാടകീയത ഒട്ടുമുണ്ടായില്ല. ആ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുകയാണ്. സിനിമയിൽ നായകനടൻ എന്ന നിലയിൽ ഒട്ടേറെ പരിമിതികളുള്ള ആളായിരുന്നു സത്യൻ. നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം തുടങ്ങി പ്രതികൂലഘടകങ്ങൾ പലതായിരുന്നു. ശാരീരികമായി ആകർഷം ഒന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും സത്യൻ മലയാളികളുടെ പ്രിയങ്കരാനായത് സ്വാഭാവിക അഭിനയപാടവം ഒന്നുകൊണ്ടു മാത്രമായിരുന്നു.
മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടൻ
മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടനായിരുന്നു സത്യൻ മാസ്റ്റർ. സംസ്ഥാന അവാർഡുകളിലും ശരിവെച്ച പ്രകടനമായിരുന്നു സത്യന്റേത്. തിയറ്ററുകളിൽ അതിനു മുന്നേ സത്യന്റെ നടനവൈഭവം പ്രേക്ഷകർ തലകുലുക്കി അംഗീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ മികച്ച നടനുള്ള അവാർഡ് ആദ്യമായി നൽകിയത് സത്യനായിരുന്നു. ദേശീയതലത്തിലും അംഗീകാരം കിട്ടിയ നീലക്കുയിലിലെ അഭിനയത്തോടെ സത്യൻ മലയാള സിനിമയിലെ വിജയ നായകപട്ടം തലയിലണിഞ്ഞു.
രാമു കാര്യാട്ട്- പി ഭാസ്കരൻ ടീം സംവിധാനം ചെയ്ത നീലക്കുയിലിൽ ശ്രീധരൻ പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു സത്യൻ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായി നീലക്കുയിൽ മാറിയതോടെ സത്യനും അഭിനയകുലപതിയായി. സിനിമിയിലെ ഗാനങ്ങളുടെ വിജയവും സത്യനെ പ്രിയങ്കരനാക്കി. തുടർന്നങ്ങോട്ട് കെ എസ് സേതുമാധവൻ, എ വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം നായകനായി മാറുകയും തന്റെ സ്വാഭാവികാഭിനയം തേച്ചുമിനുക്കുകയും വിജയം കൊയ്യുകയും ചെയ്തു സത്യൻ.
ചലച്ചിത്ര അവാർഡുകൾ സംസ്ഥാന സർക്കാർ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു. കടൽപ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യൻ മികച്ച നടനായത്. സത്യൻ ഇരട്ടവേഷത്തിലായിരുന്നു കടൽപ്പാലത്തിൽ അഭിനയിച്ചത്. അച്ഛനും മകനുമായിട്ടായിരുന്നു സത്യൻ കടൽപ്പാലത്തിൽ അഭിനയിച്ചത്. സത്യന് പകരം വയ്ക്കാൻ മറ്റൊരു നടൻ അത്തവണ ഇല്ലായിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കരകാണാക്കടൽ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാർഡ് കിട്ടിയത്. സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്.
മരണത്തെ മുന്നിൽ കണ്ടപ്പോൾ സ്വന്തം കാറോടിച്ച് ആശുപത്രിയിൽ കയറി
സിനിമാ യാത്രകളിലെല്ലാം സ്വന്തം കാറോടിക്കുന്ന വ്യക്തിയായിരുന്നു സത്യൻ. ലുക്കൂമിയ രോഗം ബാധിച്ചപ്പോഴും അഭിനയത്തോട് സത്യന്റെ സമീപനം നോകോംപ്രമൈസ് എന്നതായിരുന്നു. പലപ്പോഴും ഷൂട്ടിങ് വേളയിൽ അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും രക്തം വന്നു. അതു തുടച്ചു കളഞ്ഞ് തന്റെ കഥാപാത്രത്തിലേക്ക് അദ്ദേഹം പരകായ പ്രവേശം നടത്തുകയായിരുന്നു. 1971 ജൂൺ 15നായിരുന്നു സത്യന്റെ അന്ത്യം സംഭവിച്ചത്. മദ്രാസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
മദ്രാസിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കവേ ആ ഷൂട്ടിങ് സൈറ്റിൽ നിന്നും സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. മദ്രാസിലെ കെ.ജെ. ഹോസ്പിറ്റലിലേക്ക് സത്യൻ സ്വയം കാറോടിച്ചു പോകുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഒരു സഹപ്രവർത്തകനെ റെയിൽവേ സ്റ്റേഷനിൽ സ്വന്തം കാറിൽ കൊണ്ടാക്കിയ ശേഷം നേരെ ആശുപത്രിയിലെത്തുകയായിരുന്നു അദ്ദേഹം. കാർ പാർക്കു ചെയ്തശേഷം താക്കോലും എടുത്തു നടന്ന് ഡോക്ടറുടെ മുറിയിലെത്തി. അവിടെ ഡോക്ടറുമായി സംസാരിച്ചിരിക്കുമ്പോഴാണ് അദ്ദേഹം ബോധരഹിതനായത്.
അവസാന നിമിഷം വരെയും എന്തു വന്നാലും കൂസലില്ലാതെ നേരിടാൻ കഴിയുമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവായിരുന്നു ഇത്. പിന്നീട് ആശുപത്രിയിൽ ഗുരുതരവാസ്ഥയിലായി അന്തരിക്കുയായിരുന്നു. ചെന്നൈയിൽ നിന്നം മൃതദേഹം തിരുവനന്തപുരത്ത് ആറ്റുകാലിലെ 'സിതാര' എന്ന സ്വന്തം വീട്ടിലെത്തിയപ്പോൾ താരങ്ങളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പാളയം എൽഎംഎസ് പള്ളിയിലേക്ക് വിലാപയാത്രയിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളാണ് അന്ന് പാങ്കാളികളായത്.
ഷൂട്ടിങ് കാര്യത്തിലെ കൃത്യനിഷ്ഠത, പ്രേംനസീറിന്റെ ഉറ്റചങ്ങാതി
ഷൂട്ടിങ് കാര്യത്തിൽ കൃത്യനിഷ്ഠത പുലർത്തുന്ന നടനായിരുന്നു സത്യൻ. രാവിലെ ഏഴ് മണിക്കാണ് ഷൂട്ടിങ് എങ്ങിൽ 6:30തിന് തന്നെ ലൊക്കേഷനിൽ എത്തുന്നവ്യക്തിത്വം. ഇക്കാര്യം കൂടെ അഭിനയിച്ച പലരും വ്യക്തമാക്കിയിട്ടണ്ട്. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ പറയുന്നത് ഇങ്ങനെ: താൻ കാരണം ആരും കാത്തിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബദ്ധം ഉണ്ടായിരുന്നു. 'വാഴ്വേ മായ'ത്തിലെ അഭിനയത്തിന് കൊല്ലത്തെ ഒരുസംഘടന മികച്ച നടനുള്ള പുരസ്കാരം പപ്പായ്ക്കാണ് പ്രഖ്യാപിച്ചത്. അടൂർ ഭാസിക്കായിരുന്നു ഹാസ്യതാരത്തിനുള്ള അവാർഡ്. ഭാസി സാറും ഞാനും ഒരുമിച്ചാണ് പോയത്. യാത്രയിലുടനീളം പപ്പയെ കുറിച്ചായിരുന്നു സംസാരം. ആ യാത്രയിൽ രസകരമായ ഒരു സംഭവ കഥ അദ്ദേഹം പറഞ്ഞു.
ഒരേ ദിവസം രണ്ടു പടത്തിന് കാൾഷീറ്റ് കൊടുക്കുമായിരുന്നു അടൂർ ഭാസി. എന്നിട്ട് മൂന്നാമതൊരു പടത്തിൽ അഭിനയിക്കും. നസീർ സാറ്, ഷീല, ശാരദ ഇവരൊക്കെയുള്ള പടത്തിന്റെ ക്ലൈമാക്സ് ഷൂട്ട്. അടൂർ ഭാസി മാത്രം ഇല്ല. ഭരണി സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിലായിരുന്നു അടൂർ ഭാസി. സ്റ്റുഡിയോയിൽ വിളിച്ച് അടൂർ ഭാസിയെ ലൈനിൽ വേണമെന്ന് പപ്പ ആവശ്യപ്പെട്ടു. ഫോൺ എടുത്തപ്പോൾ അപ്പുറത്തുനിന്ന് പ്ഫാ... താനാർക്കെങ്കിലും ഇന്ന് കാൾ ഷീറ്റ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യം. സാർ കൊടുത്തിട്ടുണ്ട്. പത്തുമിനിറ്റിനകം ഇവിടെ എത്തിയിരിക്കണം എന്ന് പപ്പയുടെ ഓർഡർ. ഫോൺ വച്ചിട്ട് അവിടുത്തെ സംവിധായകനോടോ നിർമ്മാതാവിനോടോ പറയാതെ അടൂർ ഭാസി ടാക്സിയിൽ നേരെ ഷൂട്ടിങ് സ്ഥലത്തേക്ക്.
മെയ്ക്കപ്പൊന്നും മായ്ച്ചിരുന്നില്ല. അവിടെ ചെന്ന് കൈകൂപ്പി നിൽക്കണോ ഓച്ഛാനിച്ച് നിൽക്കണോ എന്നറിയാതെ വിഷമിച്ച് പേടിച്ച് നിൽക്കുകയാണ്. പ്രൊഡ്യൂസർമാർ കടം മേടിച്ചും പലിശയ്ക്ക് വാങ്ങിച്ചുമൊക്കെയാണ് പടം പിടിക്കുന്നത്. പടം സമയത്തിന് തീർത്തില്ലെങ്കിൽ ഒരു ദിവസം അവർക്ക് എത്ര രൂപയുടെ നഷ്ടമാണെന്ന് തനിക്ക് വല്ലോം അറിയോ.' മേലാൽ ഇതാവർത്തിക്കരുതെന്ന് പപ്പ പറഞ്ഞു. അതിനുശേഷം സത്യൻപടത്തിന്റെ കാൾ ഷീറ്റുണ്ടെങ്കിൽ ഒമ്പതുമണിക്കാണ് ഷൂട്ടിങ്ങെങ്കിൽ ഞാൻ എട്ടുമണിക്കേ അവിടെ പോയിരിക്കുമെന്ന് അടൂർ ഭാസി പറഞ്ഞു.
വലിയ കൂട്ടായിരുന്നു പപ്പയും നസീർ സാറും. ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമാണ് അദ്ദേഹത്തിന് ഉള്ളത്. പ്രേംനസീറും പപ്പിയും ആദ്യമായി അഭിനയിക്കുന്നത് ത്യാഗസീമ എന്ന ചിത്രത്തിലാണ്. കെ ബാലകൃഷ്ണനായിരുന്നു തിരക്കഥയും സംവിധാനവും. നടൻ രവികുമാറിന്റെ അച്ഛനായ കെ എം കെ മേനോനായിരുന്നു നിർമ്മാതാവ്. പക്ഷേ ചിത്രം പൂർത്തിയായില്ല. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആരോ സ്റ്റുഡിയോയ്ക്ക് തീയിട്ടു. അനുഭവങ്ങൾ പാളിച്ചകളിലെ ആ ചെല്ലപ്പനും ഗോപാലനും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ്. പപ്പയ്ക്ക് ഒരു അപകടം ഉണ്ടായപ്പോൾ ആദ്യം വീട്ടിലെത്തിയത് നസീർ സാറാണ്. മോനേ പപ്പയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചാണ് വീട്ടിലേയ്ക്ക് കയറി വന്നത്. മണിക്കൂറോളം അന്ന് പപ്പയ്ക്ക് ഒപ്പം ഇരുന്നിട്ടാണ് പോയത്. പപ്പ മരിച്ച സമയവും എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ നടത്തി തന്നത് നസീർ സാറാണ്. അദ്ദേഹത്തിന്റെ മകന്റെ വിവാഹം ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് അപ്പുറം സൗഹൃദമായിരുന്നു അവർ ഇരുവരും.
സത്യന്റെ ബയോപിക്ക് സിനിമക്കായി അണിയറയിൽ ചർച്ച
മലയാള സിനിമയിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് അറുപതാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ബയോപിക്ക് സിനിമയാക്കാൻ വേണ്ടി അടുത്തകാലത്ത് ചില ചർച്ചകളും നടന്നിരുന്നു. ഏറെ നാടകീയത നിറഞ്ഞ സത്യന്റെ ജീവിതം മലയാളത്തിൽ സിനിമാ രൂപത്തിൽ എത്തിയിരുന്നില്ല. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. പിന്നീട് സത്യൻ വിടവാങ്ങി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ മുഹൂർത്തങ്ങളെല്ലാം ഒരു സിനിമയെ വെല്ലുന്നതായിരുന്നു. സത്യന്റെ കഥ വെള്ളിത്തിരയിലേക്ക് എത്താൻ ശ്രമം നടത്തിയപ്പോൾ അവിടെയും നാടകീയതകൾ ഏറെയുണ്ടായി.
ശ്യാമപ്രസാദും മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമും ചേർന്ന് മാസങ്ങൾ നീണ്ട കൂടിയാലോചനകളിലൂടെയാണ് സത്യന്റെ കഥ സിനിമയാക്കാൻ നീക്കം നടത്തുന്നത്. സത്യനെ അതേ പോലെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാരണം കുടുംബത്തിന്റെ അനുമതി അനിവാര്യമായിരുന്നു. ഇതിനുള്ള റൈറ്റ് നേടിയെടുക്കാൻ നീക്കം നടക്കുമ്പോൾ അപ്രതീക്ഷിതമായി കളികൾ നടന്നു. തുകയെല്ലാം പറഞ്ഞുറപ്പിച്ചപ്പോൾ അതിന് മുകളിൽ പണം നൽകി റൈറ്റ് മറ്റൊരു സംവിധായകൻ സ്വന്തമാക്കി. ഫ്രൈഡേ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ കഥ സിനിമയാക്കാനുള്ള അവകാശം നേടിയത്. ഇതോടെ ശ്യാമപ്രസാദും വിനു എബ്രഹാമും നിരാശരുമായി. ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടതും വിവാദമായിരുന്നു.
വിജയ് ബാബുവിന്റെ മനസിലെ നായകൻ ജയസൂര്യയാണ്. ശ്യാമ പ്രസാദും വിനു എബ്രഹാമും മനസ്സിൽ കണ്ടതും ജയസൂര്യയെയാണ്. ഫുട്ബോളർ സത്യന്റെ ജീവിതം ക്യാപ്ടനിലൂടെ അനശ്വരമാക്കിയ ജയസൂര്യയ്ക്ക് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള അവാർഡ് കിട്ടിയിരുന്നു. വിജയ് ബാബുവിന്റെ ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് ഉറപ്പായിട്ടുണ്ട്. സിനിമയെ പറ്റിയുള്ള പ്രഖ്യാപനം തമസിയാതെ ഉണ്ടാകും.
ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് മരിച്ചു. സതീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സതീഷും ജീവനുമായാണ് ചിത്രത്തിന്റെ റൈറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഈ സിനിമയുടെ തുടർ ചർച്ചകൾ ഇപ്പോഴും അണിയറയിൽ നടക്കുകയാണ്.
മറുനാടന് ഡെസ്ക്