തിരുവനന്തപുരം: സിനിമയിൽ എല്ലോഴും ഹീറോ തന്നെയാണ് ശ്രദ്ധേയ കേന്ദ്രം. നായകന്റെ വീരശൂര പരാക്രമങ്ങൾ കണ്ട് പ്രക്ഷേകർഡ കൈയടിക്കും. എന്നാൽ ഇങ്ങനെ നായകന്റെ അടിയേറ്റു വാങ്ങാനായി മാത്രം ജനിച്ച ചിലരുണ്ട്. പ്രധാന വില്ലന്റെ അനുചരനോ ഗുണ്ടാ നേതാവോ ആയിരിക്കും ഇത്. അങ്ങനെയുള്ള വേഷങ്ങൾ ഏറ്റവു ചെയ്ത നടനാണ് അജിത്തുകൊല്ലം. മോഹൻലാലിന്റെ ആക്ഷൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അജിത്ത്. ലാലിന്റെ ഇടികൊള്ളാൻ തന്നെയാണ് എപ്പോഴും അജിത്തിന്റെ വിധി. എന്നാൽ ലാലിന്റെ ഇടികൊണ്ടില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്നതു കൊണ്ട് ഇടി നിർത്തല്ലേയെന്നാണ് ഈ പാവം വില്ലന്റെ പ്രാർത്ഥനയും.

അജിത്തിന്റെ കുത്തിന് പിടിച്ച് മോഹൻലാൽ ഇടിച്ചാൽ ആ സിനിമ ഹിറ്റാകുമെന്നൊരു അന്ധവിശ്വാസവും സിനിമയിൽ ഉണ്ട്. അതേക്കുറിച്ചുള്ള അനുഭവങ്ങൾ അജിത് ഒരു മാഗസിനോട് പങ്കുവച്ചത് ഇങ്ങനെയാണ്: ഒരിക്കൽ മോഹൻലാൽ ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലം അജിത്തിനെ തേടി ഫോൺകോളുകൾ പറന്നു. സെറ്റിൽ ഉടനെയെത്തണം. അജിത്ത് ഓടിയെത്തി. മേക്കപ്പിട്ട് ക്യാമറയ്ക്കു മുന്നിലേക്ക്. ലാൽ വന്ന് അജിത്തിന്റെ കുത്തിനു പിടിച്ച് ഒന്നു പൊട്ടിച്ചു. ഈ അടിക്ക് പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. ലാൽ ഏതൊക്കെ സിനിമയിൽ അജിത്തിന്റെ കുത്തിനു പിടിച്ച് ഇടിച്ചിട്ടുണ്ടോ ആ സിനിമകളെല്ലാം ഹിറ്റാകുമെന്നതാണ് ചരിത്രം. ഇരുപതാം നൂറ്റാണ്ട് തൊട്ട് തുടങ്ങിയ വിശ്വാസമാണത്. അത് ഇപ്പോഴും തുടർന്നുപോരുന്നു.

മക്കൾ ഇടയ്ക്ക് അജിത്തിനോട് തന്നെ ചോദിക്കാറുണ്ട്. ഇങ്ങനെ ഇടികൊണ്ട് നടന്നാൽ മതിയോ എന്നെങ്കിലുമൊക്കെ നായകനാകണ്ടെയന്നും. അച്ഛൻ നായകനാകണമെന്നാണല്ലോ ഏതൊരു മക്കളും ആഗ്രഹിക്കുക. +2വിന് പഠിക്കുന്ന മകൾ ഗായത്രിയും ഏഴാംക്ലാസിൽ പടിക്കുന്ന ശ്രീഹരിയും ഇടയ്ക്കിടെ ഈ ചോദ്യം ചോദിക്കും. എന്റെ മക്കൾ ഓർമ്മവച്ച കാലംതൊട്ട് കാണുന്നത് അച്ഛൻ ഇടിവാങ്ങിക്കൂട്ടുന്നതാണ്. ആ ഒരു സങ്കടംകൊണ്ട് ചോദിക്കുന്നതാണ് അച്ഛന് നായകനായിക്കൂടേയെന്ന്. അപ്പോൾ ഞാനവരോട് പറയാറ് നിങ്ങൾ നല്ല ഭക്ഷണം കഴിക്കുന്നു, നല്ല സ്‌ക്കൂളിൽ പഠിക്കുന്നു, നല്ല വസ്ത്രം ധരിക്കുന്നു ഇതൊക്കെ അച്ഛൻ വാങ്ങിച്ച ഇടിക്കുകിട്ടിയ പ്രതിഫലമാണ്. അതുകൊണ്ട് മക്കൾ സങ്കടപ്പെടരുത് എന്ന്.

സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് അജിത് ഇടികൊള്ളാനായി തുനിഞ്ഞിറങ്ങിയതും. കൊല്ലം കടപ്പാക്കടയിൽ ഞങ്ങളുടെ വീടിനടുത്തുള്ള കടപ്പാക്കട ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ വൈകുന്നേര സിനിമാചർച്ചകളാണ് തന്നെ സിനിമാക്കാരനാക്കിയതെന്ന് അജിത് പറയുന്നു. അരവിന്ദൻ, അടൂർ, പിഎ ബക്കർ, കെജി ജോർജ് തുടങ്ങിയവരുടെയൊക്കെ സിനിമകൾ കണ്ടുവന്ന് എല്ലാവരും കൂടിയിരുന്ന് ചർച്ച ചെയ്യും. ഇത്തരം ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അജിത്. കൈയിൽ കിട്ടുന്ന പൈസ മുഴുവൻ സിനിമ കാണാനാണ് ഞാൻ ചെലവഴിച്ചത്. പിന്നെപ്പിന്നെ പത്മരാജൻ സിനിമകളോടായി കമ്പം. സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണം എന്നാഗ്രഹിക്കുന്നത് അങ്ങനെയാണ്.

ഇങ്ങനെ സിനിമയിൽ എത്തിയപ്പോൾ അജിത്തിനെ തേടിയെത്തിയത് വില്ലൻ വേഷങ്ങൾ. ഒടുവിൽ ഇടികൊണ്ട് കുറേകഴിപ്പോഴാണ് സംവിധായകന മോഹം തുടങ്ങുന്നത്. നല്ലൊരു പ്രമേയം മനസ്സിൽ വന്നപ്പോൾ അതു സിനിമയാക്കിയാലോ എന്നുതോന്നി. രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തൂക്കുകയർ കാത്തുകഴിയുന്ന ഒരാളുടെ ജീവിതം. ബ്ലാക്ക് ഫയർ എന്നുപേരിട്ട് സിനിമയുടെ പൂജയും നടത്തി. പക്ഷേ നിർമ്മാതാവിനെ തേടിയുള്ള അലച്ചിൽ ദുരനുഭവം തന്നെയായിരുന്നു. നല്ല കുറച്ചു നടിമാരെ പരിചയപ്പെടുത്തിത്തന്നാൽ നിർമ്മിക്കുന്ന കാര്യം ആലോചിക്കാം എന്നാണ് ഒരാൾ പറഞ്ഞത്. അങ്ങനെയെങ്കിൽ താനെന്റെ പടം നിർമ്മിക്കേണ്ട എന്നു പറഞ്ഞു. ഒടുവിൽ പ്രോജക്ട് തന്നെ ഉപേക്ഷിച്ചു. ഇപ്പോൾ പുതിയൊരു ആശയം വന്നപ്പോൾ കോളിങ് ബെൽ എന്ന സിനിമയുണ്ടായി. അജിത്ത് തന്നെ സ്‌ക്രിപ്ട് എഴുതി സംവിധാനം ചെയ്ത ചിത്രം റിലീസിംഗിന് കാത്തിരിക്കയാണ്.