- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നൂറു വർഷം മുമ്പ് സ്വന്തം വീട്ടിൽ പുലയർക്കൊപ്പം ഇലയിട്ടിരുന്ന് ഭക്ഷണം കഴിച്ച് വിപ്ലവം സൃഷ്ടിച്ചു; നമ്പൂതിരി സംബന്ധവും മരുമക്കത്തായവും അനാചാരങ്ങളും ഇല്ലാതാക്കാൻ യത്നിച്ചു; വൈക്കം സത്യാഗ്രഹം മുതൽ വിമോചന സമരം വരെ; മന്നത്ത് പത്മനാഭന്റെ ഐതിഹാസിക ജീവിതത്തിലൂടെ
'സ്വന്തം പിതാവിനെ തൊടാൻ പോലും അവകാശമില്ലാത്ത മക്കൾ. അച്ഛന്റെ സ്വത്തുക്കളിലും മക്കൾക്ക് യാതൊരു അവകാശവുമില്ല. സന്ധ്യമയങ്ങളിയാൽ ഒരു റാന്തൽ വിളക്കുമായി സംബന്ധക്കാരൻ നമ്പൂതിരി, സ്വന്തം ഇല്ലത്തിൽനിന്ന് ഭക്ഷണമൊക്കെ കഴിച്ച് ലൈംഗിക ആവശ്യങ്ങൾക്കുമാത്രമായി ഭാര്യ വീട്ടിൽ എത്തും. പിറ്റേന്ന് കാലത്ത് മടങ്ങുകയും ചെയ്യും. അതിലുണ്ടാവുന്ന മക്കൾ ആവട്ടെ പിതാവിന്റെ യാതൊരു പരിളാനയും കിട്ടാതെയാണ് വളരുന്നത്. ഈ വിചിത്ര ഇടപാടായിരുന്നു 19ാം നുറ്റാണ്ട് തൊട്ട് 20ാം നുറ്റാണ്ടിന്റെ പകുതിവെരെയെങ്കിലും കേരളത്തിലെ നായർ സമുദായത്തിൽ നിലവിലുണ്ടായിരുന്നു'- പ്രശസ്ത ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ റോബിൻ ജെഫ്രി എഴുതിയ 'നായർ മേധാവിത്വത്തിന്റെ പതനം' എന്ന പുസ്കത്തിൽ പറയുന്നതുകേട്ടാൽ ഇന്നത്തെ കുലസ്ത്രീ പരമ്പരകൾ നാണിച്ചപോകും!
അവിടെ തീരുന്നില്ല, വില്യംലോഗനും, പി കെ ബാലകൃഷ്നുമൊക്കെ എഴുതിയ പുസ്തകങ്ങളിൽ അന്നത്തെ ഹീനമായ ജാതി വ്യവസ്ഥയെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നു. 'ശരിക്കും ലൈംഗിക അരാജകത്വം നിലനിന്നിരുന്ന കാലം. നമ്പൂതിരിമാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ വേളി അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ഇതര ക്ഷത്രിയർ, നായർ, അന്തരാളർ, ജാതിമാത്രർ തുടങ്ങിയ മരുമക്കത്തായികളായ ഉന്നത ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. മരുമക്കത്തായികളെ തിരഞ്ഞെടുക്കാൻ കാരണം ഭാര്യക്കും മക്കൾക്കും ചെലവിന് നല്കേണ്ടതില്ല എന്നുള്ളതാണത്രേ.ഉന്നതരും പണ്ഡിതരും സമ്പന്ന കുടുംബാംഗങ്ങളുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.സമ്പന്നരായ അബ്രാഹ്മണ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര മലയാള ബ്രാഹ്മണ തറവാട്ടുകാർക്കും താങ്ങായിരുന്നു. മരുമക്കത്തായം നിലവിലിരുന്ന നായർ, വാരിയർ തുടങ്ങി പല ജാതിക്കാരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കാരണം കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും, ഉന്നതബന്ധവും ലഭിക്കും.
ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനിന്നിരുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി സ്വതന്ത്രവുമായിരുന്നു ഈ ബന്ധം.മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം കാര്യങ്ങൾ നോക്കുകയും രാത്രി ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തില്ലാതെ പുരുഷന്മാർക്ക് ചെലവിനു നൽകുക എന്ന പ്രശ്നം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.
മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന കുറവും എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃബന്ധം, പാതിവ്രത്യം, ഏകപത്നീവ്രതം, ഏകപങ്കാളി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.'- പി കെ ബാലകൃഷ്ൻ കേരള ചരിത്രവും ജാതി വ്യവസ്ഥയും എന്ന പുസ്കതത്തിൽ ഇങ്ങനെയാണ് എഴുതിയത്.
ഈ രീതിയിലുള്ള ദുഷിച്ച സാമൂഹിക വ്യവസ്ഥിതി മാത്രമായിരുന്നില്ല അനാചാരങ്ങളും ആധുനികതയോടുള്ള വിമുഖതയും നായർ സുമുദായത്തെ ഒരുപാട് പിറകോട്ട് അടിപ്പിക്കുന്ന കാലം. അവിടെയാണ് മന്നത്ത് പത്മനാഭൻ എന്ന സാമുദായിക പരിഷ്ക്കർത്താവിന്റെ പ്രസക്തി. നമ്പൂതിരം സംബന്ധം അവസാനിപ്പിച്ചത് തൊട്ട് കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുലകുളി മുതലായ അവസാദിപ്പിക്കുക, പടേനി, ഗുരുഡൻതൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികൾ നിർത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്കരണ സംബന്ധികളുമായ യത്നങ്ങളിൽ മന്നം സജീവമായി ഏർപ്പെട്ടു.
സത്യത്തിൽ പോയകാലത്തെ ഏറ്റവു വലിയ ആചാര ലംഘകനായിരുന്നു മന്നം. ഇന്ന് അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ആചാര സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നതും ചരിത്രത്തിന്റെ കാവ്യനീതി. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി. നമ്പൂതിരി സംബന്ധത്തിന് എതിരെ തിരിഞ്ഞപോലെ, വിധവാ വിവാഹത്തിന് അനുകൂലമായും നിലപാട് എടുത്തു. വിദ്യയിലുടെ ശക്തി പ്രാപിക്കാൻ സ്ഥാപനങ്ങൾ തുടങ്ങി. രാഷ്ട്രീയമായി മന്നത്തോട് വിയോജിപ്പുള്ളവർ പോലും സാമൂഹിക പരിഷ്ക്കരണ മേഖലയിലുള്ള അദ്ദേത്തിന്റെ സംഭാവനകൾ മറക്കാൻ കഴിയില്ല.
ഒരു മന്നം ജയന്തി കൂടി കടന്നുപോകുമ്പോൾ ഭാരത കേസരി സ്ഥാനം നൽകി രാഷ്ട്രപതി ആദരിച്ച, പത്മഭൂഷൺ മന്നത്ത് പത്മനാഭന്റെ ഐതിഹാസികമായ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം.
ദരിദ്രബാല്യം, പക്ഷേ പൊരുതി വളർന്നു
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ 1878 ജനുവരി മാസം രണ്ടാം തീയതി മന്നത്ത് പത്മനാഭൻ ജനിക്കുന്നത്. അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻപിള്ള, മന്നത്തു പരമേശ്വരൻപിള്ള, മന്നത്തു നാരായണൻ.
സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ലാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. അതിനുശേഷം കൈയക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 15ാം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.
പിന്നീട് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിങ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.
രണ്ടാംവാധ്യാർ, ശമ്പളം 5 രൂപ
ദാരിദ്ര്യത്തോടു പടവെട്ടി ഒരുവിധത്തിലാണ് പത്മനാഭൻ ചങ്ങനാശേരി മലയാളം സ്കൂളിൽ പഠിച്ചിറങ്ങി സർക്കാർ കീഴ്ജീവനപ്പരീക്ഷ ജയിച്ചത്. ഇംഗ്ലിഷ് സ്കൂളിൽ ചേർന്നു പഠിക്കണമെന്നു മോഹമുണ്ടായിരുന്നെങ്കിലും കുടുംബഭാരം തലയിലേറ്റിയതിനാൽ ഉദ്യോഗത്തിനു ശ്രമിച്ചു. 16 വയസ്സ് തികയുന്നതിനുമുൻപ് 1893 സെപ്റ്റബറിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപ്പള്ളിക്കൂടത്തിൽ രണ്ടാം വാധ്യാരായി ജോലിയിൽ പ്രവേശിച്ചു. ശമ്പളം 5 രൂപ.
വളരെവേഗം മികച്ച അദ്ധ്യാപകനായി പേരെടുത്തതോടെ 22 ാം വയസ്സിൽ സ്റ്റൈപ്പൻഡോടെ തിരുവനന്തപുരം ശിക്ഷാക്രമപാഠശാലയിൽ പ്രവേശനം നേടി. സംസ്ഥാനത്തു രണ്ടാമനായിട്ടാണു പരീക്ഷ ജയിച്ചത്. പിന്നീടു പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലി നോക്കി. 11 വർഷത്തെ അദ്ധ്യാപനജീവിതത്തിനിടയിൽ കാഞ്ഞിരപ്പള്ളി, മഴുവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ,തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശേരി എന്നിവിടങ്ങളിലെല്ലാം ശിഷ്യസമ്പത്തും ബഹുമാനാദരങ്ങളും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നിട്ടും ഒരു പ്രത്യേക സാഹചര്യത്തിൽ മന്നം ജോലി രാജിവച്ചു. ചങ്ങനാശ്ശേരി മിഡിൽസ്കൂൾ അദ്ധ്യാപകനായിരിക്കുമ്പോൾ പ്രധാനാധ്യാപകനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു അത്.
മിടുക്കനായ അഭിഭാഷകൻ
സമർഥനായ അഭിഭാഷകൻ കൂടിയായിരുന്നു മന്നത്തു പത്മനാഭൻ. ആലപ്പുഴ ജില്ലയിലെ തുറവൂരിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലത്തുതന്നെയാണ് അദ്ദേഹം മജിസ്ട്രേട്ട് പരീക്ഷ ജയിച്ചത്. അന്നത്തെ രീതിയനുസരിച്ച് ഈ പരീക്ഷ ജയിച്ചവർക്ക് ജില്ലാ മജിസ്ട്രേട്ട് കോടതിയിലും കീഴ് മജിസ്ട്രേട്ട് കോടതികളിലും അഭിഭാഷകരാകാം. അദ്ധ്യാപകജോലി ഉപേക്ഷിച്ച വർഷം തന്നെ കോട്ടയം മജിസ്ട്രേട്ട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ആദ്യമൊക്കെ വരുമാനം കുറവായിരുന്നു-മാസം 30 രൂപ. നാലഞ്ചുകൊല്ലം കഴിഞ്ഞതോടെ ഇത് 200 രൂപയായി. ഒപ്പം വക്കീലിനു പേരും പെരുമയുമായി. ചങ്ങനാശേരിയിലെ പൊതുസമ്മതനായ വ്യക്തിത്വമായി മാറാൻ അഭിഭാഷകവൃത്തി അദ്ദേഹത്തെ സഹായിച്ചു.
അന്നു ചങ്ങനാശേരി കോടതിയിൽ പത്തോളം അഭിഭാഷകരുണ്ടായിരുന്നെങ്കിലും കുറഞ്ഞകാലംകൊണ്ട് മന്നം അവരുടെ മുന്നിലെത്തി. അങ്ങനെയാണ് അഭിഭാഷകരുടെ സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയ്ക്ക് സ്വന്തമായി ഒരു ഓഫിസ് കെട്ടിടമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും വിജയിച്ചു. അദ്ധ്യാപക ജോലിപോലെ, ഒരുഘട്ടത്തിൽ അഭിഭാഷകവൃത്തിയും അദ്ദേഹം വലിച്ചെറിഞ്ഞു. സ്ഥലം മാറിയെത്തിയ ഒരു മജിസ്ട്രേട്ടുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കാരണം.
സി.വി. രാമൻപിള്ളയെ വിസ്്മയിപ്പിച്ച നടൻ
അരങ്ങിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു മന്നത്തു പത്മനാഭന്റേത് എന്ന് അധികമാർക്കും അറിയില്ല. 'മാർത്താണ്ഡവർമ'യിൽ സുന്ദരയ്യന്റെ വേഷമണിഞ്ഞ് ഗ്രന്ഥകാരനായ സാക്ഷാൽ സി.വി. രാമൻപിള്ളയെത്തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്, മന്നത്തിലെ കലാകാരൻ.
അന്നത്തെ നാട്ടുനടപ്പനുസരിച്ച് കളരി ആശാന്റെ ശിക്ഷണത്തിൽ എഴുത്തും വായനയും അഭ്യസിച്ചശേഷം 8 വയസ്സുള്ള പത്മനാഭൻ ചങ്ങനാശേരി സർക്കാർ സ്കൂളിൽ ചേർന്നു. സാമ്പത്തിക പരാധീനതമൂലം പഠനം മുടങ്ങി. പ്രവൃത്തിക്കച്ചേരിയിൽ ചെന്നു മലയാളവും തമിഴും പകർത്തിയെഴുതി കാലം തള്ളുമ്പോഴാണ് ചങ്ങനാശേരിയിൽ കുമാരമംഗലസ്സ് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നാടകസംഘം ആരംഭിച്ചത്. ഒട്ടും മടിച്ചില്ല.ബാലനടനായി കൂടെക്കൂടി. രണ്ടു കൊല്ലം കൊണ്ടു മികച്ചനടനെന്നു പേരെടുത്ത പത്മനാഭൻ, 'അഭിജ്ഞാന ശാകുന്തള'ത്തിൽ ഭരതകുമാരൻ, 'കുചേലഗോപാല'ത്തിൽ ബ്രാഹ്മണ ബാലൻ, 'ഉത്തരരാമചരിത'ത്തിൽ ലവൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങി. പിന്നീടാണ് സുന്ദരയ്യന്റെ വേഷമണിയുന്നത്. പത്മനാഭന്റെ അഭിനയം കണ്ടു മനം നിറഞ്ഞ സി.വി പറഞ്ഞതിങ്ങനെ:''ഈ കഥാപാത്രത്തെ സൃഷ്ടിച്ചതിന്റെ സാഫല്യം ഇപ്പോഴാണെനിക്കുണ്ടായത്.''
കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ചരിത്രമുള്ള മന്നം സാഹിത്യരംഗത്തും അത് ആവർത്തിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും വിലപ്പെട്ടത് 'എന്റെ ജീവിത സ്മരണകൾ' എന്ന ആത്മകഥയാണ്. നായർ സർവീസ് സൊസൈറ്റിയുടയും കേരള നവോത്ഥാനത്തിന്റെയും ചരിത്രംകൂടിയാണത്.
എൻഎസ്എസിനു ധനം ശേഖരിക്കാൻ മലയ (ഇന്നത്തെ മലേഷ്യ), സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ എം.എൻ.നായരുമൊന്നിച്ച് നടത്തിയ പര്യടനത്തിന്റെ വിവരണമായ 'ഞങ്ങളുടെ എഫ്എംഎസ് യാത്ര' എന്ന യാത്രാവിവരണഗ്രന്ഥമാണ് മന്നത്തിന്റെ മറ്റൊരു രചന. 'പഞ്ചകല്യാണി-ഒരു നിരൂപണം' എന്ന 14 അധ്യായങ്ങളുള്ള സുദീർഘമായ രചനയാണ് മറ്റൊന്ന്. ചിത്രമെഴുത്ത് കെ.എം.വർഗീസ് എഴുതിയ 'മാർ അത്തനാസ്യോസിന്റെ പഞ്ചകല്യാണി' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിശിതമായ നിരൂപണമാണത്. മന്നത്തു പത്മനാഭന്റെ വിപുലമായ വായനയും പുസ്തകപരിചയവും നർമബോധവും പ്രകടമാക്കുന്നതാണ് ഈ രചനയെന്നു വിലയിരുത്തപ്പെടുന്നു. 'ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം ഒരു ലഘുനിരൂപണം' എന്നതാണു മറ്റൊരു ഗ്രന്ഥം.
താഴേന്നിന്ന് തുടങ്ങിയ നവോത്ഥാനം
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾ വ്യക്തികളിൽനിന്ന് ആരംഭിക്കുകയും പിന്നീട് അത് മഹാ പ്രസ്ഥാനമായി മാറുകയുമാണ് ചെയ്തത്. മിഷണറിമാരുടെ പ്രവർത്തനങ്ങളും ഇത്തരം മുന്നേറ്റത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. അയ്യാ വൈകുണ്ഠനെയും ആറാട്ട്പുഴ വേലായുധപ്പണിക്കരെയും പോലെയുള്ളവരെ നവോത്ഥാനത്തിന്റെ ആദ്യ പഥികരെന്ന് പൊതുവിൽ വിശേഷിപ്പിക്കപ്പെടാറുണ്ട്.നവോത്ഥാന ചിന്തകൾ പിന്നീട് വിപുലപ്പെടുന്നത് ചട്ടമ്പിസ്വാമികളിലാണ്. ജാതീയതയ്ക്കും ബ്രാഹ്മണാധിപത്യത്തിനും എതിരായി നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ കേരളീയ നവോത്ഥാനത്തിന് സവിശേഷമായ സംഭാവന നൽകിയത്.വേദങ്ങളും ഉപനിഷത്തുക്കളും ബ്രാഹ്മണരുടെ കുത്തകയായിരുന്ന കാലത്ത് അതിന് മാറ്റംവരുത്താനുള്ള പ്രവർത്തനം നടത്തി എന്നതാണ് ചട്ടമ്പി സ്വാമികളുടെ പ്രാധാന്യം. കേരളീയ നവോത്ഥാന മുന്നേറ്റത്തിന് അടിത്തറ ഒരുക്കുന്ന ചിന്താഗതികളായിരുന്നു ഇവയെന്ന് കാണാം.
നവോത്ഥാന മുന്നേറ്റങ്ങൾ കേരളത്തെയാകമാനം വ്യാപിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അരുവിപ്പുറം പ്രതിഷ്ഠയും സർവമത സമ്മേളനവും ശിവഗിരി തീർത്ഥാടനവുമെല്ലാം ഈ ദിശയിലുള്ള ശക്തമായ ചുവടുവയ്പ്പുകളായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ നാം കാണുന്നത്. സാധുജന പരിപാലന സംഘം രൂപീകരിച്ച് നവോത്ഥാന ചിന്തകൾക്ക് പുതിയ ദിശാബോധം നൽകുകയായിരുന്നു അയ്യൻകാളി. കർഷക-തൊഴിലാളി സമരത്തെ പോലും നവോത്ഥാനപരമായ മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ അവർണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിൽനിന്നാണ് നവോത്ഥാന ചിന്തകൾ വളർന്ന് വികസിച്ച് മഹാ പ്രസ്ഥാനങ്ങളായി വളർന്നുവന്നത് എന്ന് കാണാം. ആ മാറ്റങ്ങൾ സവർണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിലും വലിയ ചലനങ്ങൾക്ക് ഇടയാവുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലും ഇത് മാറ്റങ്ങൾ വരുത്തി. നമ്പൂതിരി സമുദായത്തിൽ വി.ടിയും എം.ആർ.ബിയും ഇ.എം.എസും നടത്തിയ അതേ പരിഷ്ക്കരണം നായർ സമുദായത്തിൽ അത് പ്രയോഗികമാക്കിയത് മന്നമായിരുന്നു. നാരായണ ഗുരുവിനെയാണ് ഞാൻ മാതൃകമാക്കിയതെന്ന് അദ്ദേഹം പലപ്പോഴും പറയുകയും ചെയ്തിരുന്നു.
സംബന്ധവും മരുമക്കത്തായവും തുലയട്ടെ
കേരളത്തിൽ വളർന്നുവികസിച്ച നവോത്ഥാന ചിന്തകളെ നായർ വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ രംഗപ്രവേശം ചെയ്യുന്നത്. നായർ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ ഏതെല്ലാം സമ്പ്രദായങ്ങളെയും രീതികളെയുമാണ് മന്നത്ത് പത്മനാഭൻ എതിർത്തതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ എൻഎസ്എസ് പ്രസിദ്ധീകരിച്ച 'മന്നത്ത് പത്മനാഭൻ കർമയോഗിയായ കുലപതി' എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.
'കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആർഭാടസമന്വിതങ്ങളും അമിത വ്യയഹേതുക്കളുമായ ആഘോഷങ്ങൾക്ക് വിരാമമിടുക, പടേനി, ഗുരുഡൻതൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികൾ നിർത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്കരണ സംബന്ധികളുമായ യത്നങ്ങളിൽ മന്നം സജീവമായി ഏർപ്പെട്ടു.' (പേജ് -86)
ഇത് കാണിക്കുന്നത് നായർ സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്ന ദായക്രമങ്ങളെയും ആചാര സമ്ബ്രദായങ്ങൾക്കെതിരെയും മന്നത്ത് പത്മനാഭൻ പ്രവർത്തിച്ചിരുന്നു എന്നാണ്. അതോടൊപ്പംതന്നെ ആർഭാടരഹിതമായ തരത്തിൽ ആഘോഷങ്ങൾ നടത്തണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നതും തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയതുമായ ഉത്സവരീതികളെപ്പോലും എതിർത്തുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആചാരങ്ങൾ മാറ്റാൻ പറ്റാത്തതാണെന്ന നിലപാടായിരുന്നില്ല മന്നത്ത് പത്മനാഭന്റേത് എന്നർഥം. മനുഷ്യന്റെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായി നിൽക്കുന്നവയെ മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തം. ഈ നിലപാടും അതിനായുള്ള ഇടപെടലുമാണ് സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ മന്നത്ത് പത്മനാഭന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സ്ഥാനം നേടാനായത്.
നമ്പൂതിരിമാർ നായർ സ്ത്രീകളെ വിവാഹം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന സംബന്ധം സമ്ബ്രദായത്തിനെതിരെയും ശക്തമായ നിലപാട് അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എൻഎസ്എസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇത് സംബന്ധിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ' നമ്പൂതിരിമാരുമായി വിവാഹ ബന്ധമുണ്ടായപ്പോൾ അത് കുടുംബ ശൈഥില്യത്തെ ത്വരിതപ്പെടുത്തി. ഭർത്താവിന് ഭാര്യയെയോ സന്താനങ്ങളെയോ സംരക്ഷിക്കാൻ യാതൊരു ബാധ്യതയും ഇല്ലാത്ത തരത്തിലുള്ള വിചിത്രമായ ബന്ധമായിരുന്നു അത്. നമ്ബൂതിരിയുടെ ആചാരത്വം, പൗരോഹിത്യം എന്നിവയാൽ ദാനധർമാദികൾക്കും മറ്റുമുള്ള നായന്മാരുടെ സാമ്ബത്തിക ബാധ്യത വളരെ വർധിക്കുകയും ചെയ്തു. കുടുംബത്തിൽ വർധിച്ചുവരുന്ന അംഗങ്ങളെ തീറ്റിപ്പോറ്റാനും മറ്റുമായി തറവാട്ടുമുതൽ വിൽക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല.' (മന്നത്ത് പത്മനാഭൻ കർമയോഗിയായ കുലപതി, പേജ് - 87)
ഇത്തരത്തിൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമായി നായർസമൂഹം അനുഭവിച്ച പ്രശ്നങ്ങൾ അക്കാലത്ത് ഏറെ ഗുരുതരമായ ഒന്നായിരുന്നു. അവയ്ക്കെതിരായുള്ള വലിയ സമരമായിരുന്നു മന്നത്ത് പത്മനാഭന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് നമ്ബൂതിരി യോഗക്ഷേമ സഭയുടെ യോഗത്തിൽ മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''സകല കാര്യങ്ങൾക്കും പ്രതിബദ്ധമായി നിൽക്കുന്നത് യഥാസ്ഥിതികന്മാരാണ്. യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവിൽ എന്തർഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാൻ അർഥം കൽപ്പിക്കുന്നത്' അങ്ങനെ യാഥാസ്ഥിതികത്വത്തെ ജീവനില്ലായ്മയായി പ്രഖ്യാപിക്കുകയും അതിനെതിരായി ശക്തമായ സമരം മുന്നോട്ടുവയ്ക്കുകയും ചെയ്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതം എന്ന് കാണാം.
വൈക്കം-ഗുരുവായൂർ സത്യഗ്രഹങ്ങളിലും പ്രധാന പങ്ക്
സാമൂദായിക പരിഷ്കരണത്തിന്റെ ഭാഗമായി സംഘടനയ്ക്ക് രൂപംനൽകാനും അദ്ദേഹം തയ്യാറായി. അതിന്റെ അടിസ്ഥാനത്തിലാണ് 1914ൽ രൂപംകൊണ്ട നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കണ്ടത്. ബ്രാഹ്മണമേധാവിത്വത്തിന്റെ രീതികളെ അദ്ദേഹം ശക്തമായി എതിർത്തു. അക്കാലത്തെ സ്ഥിതിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. 'അക്ഷരാഭ്യാസം സിദ്ദിഖാത്ത നിർധനനായ ഒരു ഉണ്ണി നമ്പൂതിരി സർ. സി ശങ്കരൻനായരെ കണ്ടാലും എഴുന്നേൽക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാൽ കണ്ടാൽ ശങ്കരൻ നായർക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.' ഇങ്ങനെ ജാതി വ്യവസ്ഥയുടെ ഭാഗമായി നിലനിന്ന അടിമ മനോഭാവത്തിനെതിരെയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റേത്.
പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ നാനാഭാഗത്തും കെട്ടിപ്പടുക്കുന്നതിനും ത്യാഗപൂർണമായ ഇടപെടലാണ് അദ്ദേഹം വഹിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എന്നത് നവോത്ഥാന ചിന്തകൾക്കും സാമൂഹ്യ പരിഷ്കരണത്തിനുമായി ഒഴിഞ്ഞുവച്ച ഒന്നായിരുന്നു എന്ന് കാണാവുന്നതാണ്.നവോത്ഥാന നായകർ പൊതുവിൽ ഉയർത്തിപ്പിടിച്ച ഒരു സവിശേഷത അവർ ജനിച്ചുവളർന്ന വിഭാഗത്തിന്റെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ പ്രശ്നങ്ങളെയും സജീവമായി പരിഗണിച്ചു എന്നതാണ്.
അയിത്തോച്ഛാടനത്തിനെതിരായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. വൈക്കം സത്യഗ്രഹത്തിന്റെ കാലത്താണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു സവർണജാഥ വൈക്കത്ത്നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശമാണെന്ന് എഴുതിയ ബോർഡ് വച്ചുകൊണ്ടായിരുന്നു ആ ജാഥ പോയത്. സ്വീകരണ കേന്ദ്രങ്ങളിൽ മന്നത്ത് പത്മനാഭന്റെ പ്രസംഗവും ഉണ്ടായിരുന്നു. അയിത്തമില്ലാതാക്കാനും സഞ്ചാരസ്വാതന്ത്ര്യമുണ്ടാക്കാനും സവർണ ഹിന്ദുക്കൾക്കുള്ള ഉത്തരവാദിത്തം എന്താണെന്നും അവർണ ഹിന്ദുക്കൾ അനുഭവിക്കുന്ന ക്ലേശങ്ങളെയും കുറിച്ചായിരുന്നു ആ ജാഥ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായി ആ ജാഥ മാറുകയും ചെയ്തു.ഗുരുവായൂർ സത്യഗ്രഹത്തിലും മന്നത്ത് പത്മനാഭൻ നേതൃത്വനിരയിൽ തന്നെ പ്രവർത്തിക്കുകയും ചെയ്തു. അതെല്ലാം പലതവണ എഴുതപ്പെട്ടതുമാണ്.
വിമോചന സമര നായകനും
ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിപോലും നവോത്ഥാന നായകൻ ആയി കണക്കാക്കുന്ന മന്നത്തിന് ലോക ചരിത്രത്തിൽ ആദ്യമായി ബാലറ്റിലുടെ തെരഞ്ഞെടുക്കപ്പെട്ട കേരളത്തില കമ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിച്ചതിലും നിർണ്ണായക റോൾ ആളുള്ളത്്. കുപ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധവും.
വിമോചന സമരം ഔപചാരികമായി ഉദ്ഘാടനം ചെയ്തുപോലും മന്നം ആയിരുന്നു. 1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു.
ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ പരിഷ്കരണ നിയമവുമെല്ലാം ചേർന്ന് വന്ന സാമൂഹിക മാറ്റം അട്ടിമറിക്കാനാണ് ഈ നീക്കം എന്ന് അന്നുതാന്നെ ആരോപണം ഉണ്ടായിരുന്നു. പാരമ്പര്യമായി അനുഭവിച്ച് വന്നിരുന്ന ഭൂമി നഷ്ടമാകുമെന്ന് വന്നപ്പോൾ ജന്മിമാർ കൈയും കെട്ടി നോക്കി നിന്നില്ല. കോൺഗ്രസിന്റെയും എൻഎസ്എസിന്റെയും ക്രിസ്തീയ സഭകളുടെയും മുസ്ലിം ലീഗിന്റെയുമെല്ലാം സഹായത്തോടെ അവർ സർക്കാരിനെതിരെ തിരിഞ്ഞു. അതാണ് വിമോചന സമരത്തിലേക്കും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പുറത്താകലിലേക്കും കലാശിച്ചത്. വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകളാണ് രംഗത്തെത്തിയത്. അതിലും എൻഎസ്എസും ക്രിസ്തീയ സഭകളുമായിരുന്നു മുൻപന്തിയിൽ. സ്കൂൾ തുറക്കേണ്ട ജൂൺ 15ന് തങ്ങൾ ഒരു കാരണവശാലും സ്കൂളുകൾ തുറക്കില്ലെന്ന് ക്രിസ്തീയ സഭകളും മന്നത്ത് പത്മനാഭനും പ്രഖ്യാപിച്ചു.
സ്കൂളുകൾ തുറന്നില്ലെങ്കിൽ ഷെഡ്ഡുകൾ കെട്ടി ക്ലാസുകൾ നടത്തുമെന്ന് സർക്കാരും പ്രഖ്യാപിച്ചു. ജനകീയ സ്കൂളിന് കമ്മ്യൂണിസ്റ്റുകാർ നല്ല പ്രചരണം നൽകിയെങ്കിലും അത് പ്രാവർത്തികമായില്ല. 'മന്നം പൂട്ടിയ സ്കൂളു തുറക്കാൻ എംഎന്നു മീശ കിളുർത്തിട്ടില്ല' എന്ന മുദ്രാവാക്യവുമായി സമരക്കാർ സർക്കാർ സ്കൂളുകളും പിക്കറ്റ് ചെയ്തു. പലയിടത്തും കൂടിയും കുറഞ്ഞും അക്രമങ്ങളുണ്ടായി. തിരുവനന്തപുരം ജില്ലയിലെ വെട്ടുകാടും പുല്ലുവിളയിലും പൊലീസ് വെടിവച്ചു. അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തു. അങ്കമാലി കല്ലറയും തിരുവനന്തപുരത്ത് ചെറിയതുറയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച ഫ്ളോറിയെന്ന ഗർഭിണിയുമെല്ലാം ആ വിമോചന സമരത്തിന്റെ ബാക്കിപത്രങ്ങളാണ്.
1959 ജൂൺ 16ന് എഐസിസി ജനറൽ സെക്രട്ടറി സാദിക് അലി തിരുവനന്തപുരത്തെത്തിയിരുന്നു. മന്നത്തു പത്മനാഭനുമായി ദീർഘനേരം സംസാരിച്ച സാദിക് അലി കുറഞ്ഞപക്ഷം സ്കൂൾ പിക്കറ്റിങ് എങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ചോദിച്ചപ്പോൾ സാധ്യമല്ല എന്നാണ് മന്നം അറത്തുമുറിച്ച് പറഞ്ഞത്. കെപിസിസി നമ്പൂതിരിപ്പാടിന് കൊടുത്ത പത്ത് ദിവസത്തെ കാലാവധി ജൂൺ 23ന് അവസാനിക്കുമെന്നും അന്നേയ്ക്കകം രാജിവയ്ക്കാത്ത പക്ഷം പിക്കറ്റിങ് രൂക്ഷമാക്കുമെന്നും മന്നം പരസ്യപ്രസ്താവന നടത്തി*. ഇഎംഎസ് സർക്കാരിനെ ഭരണത്തിൽ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു മന്നത്ത് പത്മനാഭന്റെ നിലപാട്. മന്നത്തിന്റെ തീ തുപ്പുന്ന പ്രസംഗങ്ങൾ കേൾക്കാൻ അന്ന് ആയിരങ്ങളാണ് ഒത്തുകൂടിയത്. പുറമെ പരിഷ്ക്കരണം പറയുമ്പോഴും ഉള്ളിൽ വെറുമൊരും ജാതിവാദി മാത്രമായിരുന്നു മന്നം എന്നതിന് തെളിവായാണ് പലരും വിമോചന സമരത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ചൂണ്ടിക്കാട്ടുള്ളത്.
തിരുവിതാംകൂറിലെ ആദ്യത്തെ എംഎൽഎമാരിൽ ഒരാൾ
തിരുവിതാംകൂറിലെ ആദ്യത്തെ എംഎൽഎമാരിൽ ( മെംബർ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി) ഒരാളായിരുന്നു മന്നത്തു പത്മനാഭൻ എന്നത് ഇന്നു പലരും ഓർക്കുന്നുണ്ടാവില്ല. ദിവാൻ സി.പി.രാമസ്വാമി അയ്യർ രാജിവച്ചൊഴിഞ്ഞതിനുശേഷം തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശപ്രകാരം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പായിരുന്നു 1948ലേത്. കോൺഗ്രസ് നേതൃമണ്ഡലത്തിലേക്കുള്ള മന്നത്തു പത്മനാഭന്റെ രംഗപ്രവേശം പാർട്ടിയുടെ പ്രതിച്ഛായയും ജനസ്വാധീനവും വർധിക്കാൻ സഹായമായെന്നു തിരിച്ചറിഞ്ഞതിനാലാണ് മന്നത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പത്തനംതിട്ടയിലെ കുമ്പഴ-വള്ളിക്കോട് നിയോജകമണ്ഡലമാണ് മന്നത്തിനായി നീക്കിവച്ചത്. ചിറ്റൂർ രാജഗോപാലൻ നായരായിരുന്നു മുഖ്യ എതിരാളി. മന്നത്തോടാണു മത്സരിക്കുന്നതെന്നറിഞ്ഞപ്പോഴേ വിജയപ്രതീക്ഷ നഷ്ടപ്പെട്ട രാജഗോപാലൻ നായർ പിന്മാറി. അങ്ങനെ മന്നം വൻ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു.
വിമർശിക്കപ്പെട്ട ആർഎസ്എസ് സമീപനം
''ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആർഎസ്എസ് ആണ് -മന്നത്ത് പത്മനാഭൻ'' എന്ന തലക്കെട്ടോടെ ആർഎസ്എസ് മുഖപത്രമായ കേസരിയിൽ 20-10-1957ൽ വന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ പിൽക്കാലത്തെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കുന്നതാണ്. ആർഎസ്എസ് നേതാവ് ഗോൾവാൾക്കാർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മന്നം ഈ പ്രസ്താവന നടത്തയതെന്നത് ശ്രദ്ധേയമാണ്. ആർഎസ്എസ് എറണാകുളം ശാഖാ വാർഷികമായിരുന്നു ചടങ്ങ്. ഗാന്ധി വധത്തിന്റെ പേരിൽ ആർഎസ്എസ് പ്രതികൂട്ടിൽനിൽക്കുന്ന സമയത്തായിരുന്നു ഈ പുകഴ്ത്തൽ എന്നും ഓർക്കണം.
കേരളത്തിൽ ദളിത് വിമോചനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവെന്നാണ് മന്നത്തെ ചിലർ വിശേഷിപ്പിക്കുന്നത് കാപട്യമാണെന്നാണ് കെ കെ കൊച്ചിനെയും സണ്ണി കപിക്കാടിനെയും പോലുള്ള ദലിത ചിന്തകർ ചൂണ്ടിക്കാട്ടുന്നത്. ഈഴവ മുഖ്യമന്ത്രിയായ ആർ.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതിൽ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തിയതായി ചരിത്രം പരതിയാൽ വ്യക്തമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ദളിതുകൾക്ക് കേരള മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചപ്പോൾ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകൾ ഇതിന് തെളിവാണ്. മന്നത്തിന്റെ കുപ്രസിദ്ധമായ മുതുകുളം പ്രസ്താവന ഇങ്ങിനെ... 'പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധ്യമല്ല. പേട്ടയിൽ ഒരു സുകുമാനരനും കേരളകൗമുദിയും കിടന്നു കളിക്കുന്നുണ്ട്. എന്റെ പഴയ കാലമായിരുന്നുവെങ്കിൽ...'
ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭൻ വിളിച്ചത്. 1964ൽ കേരള കൗമുദിയിൽ സഹോദരൻ അയ്യപ്പൻ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ' ശങ്കരൻ, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും' എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവൻ പുറത്തുകൊണ്ടുവരുന്നതാണ്. ''ഈഴവൻ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവർക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നൽകിയത് പുനപരിശോധിക്കണം...'. ഈഴവർക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവർത്തിച്ച മന്നത്ത് പത്മനാഭൻ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്.
ഈഴവൻ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാൻ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ലെന്നാണ് സണ്ണി കപിക്കാടിനെപ്പോലുള്ള ദലിത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മന്നതിന്റെ നേതൃത്വത്തിൽ നടന്ന ഉപജാപത്തിനൊടുവിൽ 1964ൽ ശങ്കർ മന്ത്രിസഭ വീണപ്പോൾ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിൽ പ്രസംഗിച്ചത് ഇങ്ങിനെ. ''രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്''. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശങ്കർ മന്ത്രിസഭ വീണതിനെ തുടർന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവർത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: ''എല്ലാം നന്നായി കലാശിച്ചിരിക്കുന്നു. എന്ന് പറഞ്ഞാൽ മുത്തശ്ശി ഭാഷയിൽ പാലുകുടിച്ച് കിണ്ണം താഴത്ത് വെച്ച സംതൃപ്തി''.
നായർ സർവ്വീസ് സൊസൈറ്റിയിലെ തന്നെ പലർക്കും മന്നത്തിന്റെ കടുത്ത ജാതീയ, വർഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂർ സി.എൻ മാധവൻ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയിൽ മന്നത്ത് പത്മനാഭൻ എനി എന്ത് ചെയ്യണം എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നതിങ്ങിനെ.
''ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയർത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വർഷങ്ങൾക്ക് മുമ്പ് സ്വഭവനത്തിൽ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താൻ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയിൽ നായർ, നായർ എന്നുള്ള സങ്കുചിത ആദർശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായർ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്മാർ ഇന്ന് യഥാർത്ഥത്തിൽ ഒറ്റപ്പെട്ട് വരികയാണ്. നായന്മാരോട് ഇന്ന് അത്മാർത്ഥമായ സ്നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂർവ്വം മനസ്സിലാക്കണം.
നായർ സമുദായ നേതാവായിരുന്ന ടി. ഭാസ്കരമേനോൻ എൻ.എസ്.എസിൽ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്...
ശ്രീ മന്നത്ത് പത്മനാഭന്,
അങ്ങയാൽ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയിൽ തഴച്ചുവളർന്നതുമായ നായർ സർവ്വീസ് സൊസൈറ്റിയിൽ ഞാൻ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവർത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാൻ കരുതുന്നു.വ്യക്തി വൈരാഗ്യം കൊണ്ടും തൽക്കാലത്തെ ആവേശം കൊണ്ടും നിങ്ങൾ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായർ സർവ്വീസ് സൊസൈറ്റിയിൽ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുകയും അതുപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നു. എ്ന്റെ 769/ 1490 നമ്പർ കാർഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും- ഇതായിരുന്നു ആ കത്ത്.
മന്നത്ത് പത്മനാഭനെന്ന വ്യക്തിയുടെ ഉണ്ടെന്ന് പറയുന്ന സാമൂഹ്യ പരിഷ്കർത്താവിന് അവസാനം എന്ത് സംഭവിച്ചുവെന്ന് മേൽ ഉദ്ധരിച്ച കാര്യങ്ങളിലൂടെ സുവ്യക്തമാകുന്നുണ്ട്. ആദ്യകാലങ്ങളിൽ മന്നം നടത്തിയ പന്തിഭോജനമടക്കമുള്ള കാര്യങ്ങളെയെല്ലാം സ്വയം തള്ളിപ്പറയുന്ന നിലപാടായിരുന്നു പിന്നീടുണ്ടായത്. പഴയ കാലത്ത് ചെയ്തുപോയ ഇത്തരം പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹത്തിന് കുറ്റബോധവമുണ്ടായിരുന്നിരിക്കാം.
കേരളത്തിൽ അധസ്ഥിതനും പിന്നാക്കക്കാരനും എപ്പോഴെല്ലാം അവകാശത്തിന് വേണ്ടി ശബ്ദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിർപ്പുമായി മന്നം വന്നിട്ടുണ്ട്. അതിപ്പോഴും എൻ.എസ്.എസ് നേതൃത്വം ഭംഗിയായി ചെയ്യുന്നുമുണ്ട്.1949ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉണ്ടാക്കിയ സമയത്ത് എൻ.എസ്.എസ് സമ്മർദത്തിന് വഴങ്ങി അന്ന് ബോർഡിന് വർഷത്തിൽ 51 ലക്ഷം രൂപ സഹായധനമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ദേവസ്വം ബോർഡ് രൂപീകരിക്കപ്പെട്ട അന്ന് ഇന്നത്തെപ്പോലെ ബോർഡ് സമ്പന്നമല്ലായിരുന്നു. എന്നാലും അക്കാലത്തെ 51 ലക്ഷം സർക്കാർ ഖജനാവിൽ നിന്ന് ബോർഡിന് നൽകുന്നതിനെ പലരും എതിർത്തു. ക്രിസ്ത്യൻ സമുദായമായിരുന്നു എതിർപ്പിന് മുന്നിൽ നിന്നത്.
എതിർപ്പ് മറികടക്കാൻ മന്നം ഈഴവനായ ശങ്കറെ കണ്ട് നായർ ഈഴവ ഐക്യത്തെക്കുറിച്ച് ബോധവത്കരിച്ചു. ഒരു നായർ വീട്ടിൽ വന്ന് കയറുമ്പോഴേക്കും ശങ്കർ എൻ.എസ്.എസിന്റെ കഴിഞ്ഞ കാല ചരിത്രം മറന്നു. മന്നത്ത് പത്മനാഭൻ ശങ്കറെയും കൂട്ടി കോട്ടയത്തേക്ക് വണ്ടി കയറി. കോട്ടയത്ത് വെച്ച് ' ആറടി മണ്ണിൽ ക്രിസ്ത്യാനികളെ കുഴിച്ചുമൂടൂ''മെന്ന് മന്നം പ്രഖ്യാപിച്ചത് ചരിത്രം. ഈഴവനായ ശങ്കറിന്റെ പിന്തുണയോടുകൂടി നിർമ്മിച്ച ദേവസ്വം ബിൽ ഒടുവിൽ നിയമമായി വന്നപ്പോൾ അതിൽ നിന്നും ഈഴവർ പുറത്ത് പോയതും ചരിത്രം.
തിരുവിതാംകൂർ ദേവസ്വം ബിൽ ഭേദഗതി ചെയ്ത് അതിൽ ജാതി സംവരണമേർപ്പെടുത്തുന്നതുൾപ്പെടെയുള്ള ശ്രമം നടന്നപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ചത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണ്. ദേവസം ബില്ലിന് മുൻകയ്യെടുത്ത മന്ത്രി ജി.സുധാകരന് ഒടുവിൽ ബില്ല് ദേവസ്വം വകുപ്പ് തന്നെ നഷ്ടപ്പെട്ടു. പുരോഗമനവാദികളായ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഈ നൂറ്റാണ്ടിലും എൻ.എസ്.എസ് തങ്ങളുടെ അജണ്ട നടപ്പാക്കിയതെന്നതും ഇവിടെ ഓർക്കേണ്ടതാണ്.
ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പല നാട്ടുരാജ്യങ്ങളും ഒപ്പം ചേരാൻ തയ്യാറായില്ല. അന്ന് എൻ.എസ്.എസും മന്നത്ത് പത്മനാഭനും ഈ രാജാക്കന്മാർക്കൊപ്പമായിരുന്നു. ഈ രാജഭക്തിയാണ് അവർ ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതും. കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സർക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതിൽ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേൽക്കോയ്മയാണ്.'- ഇങ്ങനെയാണ് ഈ കത്ത് അവസാനിക്കുന്നത്.
ഒരു സാമൂഹിക പരിഷ്ക്കർത്തവായി തുടങ്ങി ജാതിവാദിയായി അവസാനിച്ച വ്യക്തിയെന്നാണ് അതുകൊണ്ടുതന്നെ പലരും മന്നത് പത്മനാഭനെ വിലയിരുത്തുന്നത്. രാഷ്ട്രീയ നിലപാടുകളിൽ അതി കഠിമായി വിയോജിക്കുമ്പോൾ പോലും, മന്നത്തിന്റെ മറ്റ് സേവനങ്ങൾ കാണാതിരിക്കാൻ ആവില്ല എന്നാണ് ഇന്ന് സിപിഎം പോലും പറയുന്നത്. വിമോചന സമരത്തിന് നേതൃത്വം കൊടുത്തതവരിൽ ഒരാൾ മന്നമാണെന്നത് അംഗീകരിച്ചുകൊണ്ടതന്നെയാണ് സിപിഎം ബുദ്ധിജീവികൾ പോലും ഈ നിലപാട് എടുക്കുന്നത്. സിപിഎമ്മിന്റെ നവോത്ഥാന സമ്മേളനങ്ങളിലും മന്നത് പത്മനാഭൻ നടത്തിയ ആചാര ലംഘനങ്ങൾ എടുത്തുപറഞ്ഞിരുന്നു. മന്നം ജയന്തി അവധിദിനം ആക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നീക്കം നടത്തുമ്പോഴും മന്നത്തിന്റെ അവസാനകാലത്തെ ചില നിലപാടുകൾ സോഷ്യൽ മീഡിയിൽ അടക്കം വിവാദമായിരുന്നു. പക്ഷേ ചരിത്രകാരൻ എംജിഎസ് നാരായണനെപ്പോലുള്ളവർ പറയുന്നത് രാഷ്ട്രീയമായും അദ്ദേഹത്തിന്റെ അവസാനകാലത്തെയും നിലപാടുകൾ എന്തുതന്നെയായാലും, സാമൂഹിക പരിഷ്ക്കർത്താവ് എന്ന നിലയിൽ മന്നതിന്റെ സേവനങ്ങൾ വിസ്മരിക്കാൻ കഴിയില്ല എന്നുതന്നെയാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ