- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മാർക്സിസ്റ്റിൽ നിന്ന് മത ഭീകരനിലേക്ക്! സിനിമയും സംഗീതവും ആസ്വദിച്ചിരുന്ന മോഡേണിസ്റ്റായി യൗവനം; മുൻ കോൺഗ്രസുകാരനും ലീഗുകാരനും; ഇസ്ലാം തലക്ക് കയറിയതോടെ മതരാഷ്ട്രവാദി; തികഞ്ഞ ജനാധിപത്യ വിരോധിയും സ്ത്രീ വിരുദ്ധനും; ലോകത്തിലെ ഏറ്റവും അപകടകാരിയ ഇസ്ലാമിസ്റ്റ്; മൗലാന മൗദൂദിയുടെ ജീവിത കഥ
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഇസ്ലാമിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ ഉസാമ ബിൻലാദനും, അബൂബക്കൽ അൽ ബാഗ്ദാദിയും തൊട്ട് ഈയിടെ അമേരിക്ക കൊന്ന അയ്മൽ അൽ സവാഹരി അടക്കമുള്ളവരുടെ മുഖമാണ് പെട്ടെന്ന് ഓർമ്മവരിക. പക്ഷേ അവർ ഒക്കെ ആയുധം എടുത്ത് പോരാടിയവർ ആണ്. പക്ഷേ അവർക്ക് സ്വാധീനിക്കാൻ കഴിഞ്ഞതിനേക്കാൾ എത്രയോ ലക്ഷം ആളുകളെയാണ്, അക്ഷരം എടുത്ത് പോരാടിയ, ഇദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് സാം ഹാരീസിനെപ്പോലുള്ള എഴുത്തുകാർ, എല്ലാ തീവ്രവാദങ്ങളുടെയും അമ്മയായ തീവ്രവാദ ആശയം എന്ന് ഇതിനെ പറയുന്നത്. അതാണ് മൗദൂദിസം! അതിന്റെ ഉപജ്ഞാതാവ് ആവട്ടെ, ഇന്ത്യയിൽ ജനിച്ച് പാക്കിസ്ഥാനിലേക്ക് മാറിയ, ആദ്യം മോഡേണിസ്റ്റായും, പിന്നീട് മാർക്സിസ്റ്റായും, പിന്നീട് കോൺഗ്രസുകാരനായും, ലീഗുകാരനായും മാറി, ഒടുവിൽ ഇസ്ലാമിന്റെ സമഗ്രാധിപത്യത്തിൽ വിശ്വസിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെത്ത മൗലാന അഅ്ലാ മൗദൂദിയാണ്. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
നമ്മുടെ നാട്ടിൽ ജമാഅത്തെ ഇസ്ലാമി മനുഷ്യാവകാശ പ്രവർത്തകരുടെയൊക്കെ പ്രച്ഛന്ന വേഷം ധരിച്ചാണ് എത്തുന്നതെങ്കിലും, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രങ്ങളിൽ ഒന്നും അങ്ങനെയല്ല. അതിനേക്കാൾ ഉപരി താലിബാൻ അടക്കമുള്ള നിരവധി ഇസ്ലാമിക ഭീകരസംഘടനകൾക്ക് പ്രചോദനം ആയതും ഈ മൗദൂദിയൻ ആശയങ്ങളാണ്. മൗദൂദിയുടെ സിദ്ധാന്ത പ്രകാരം മതവും രാഷ്ട്രവും രണ്ടല്ല. മതമേലധികാരി അരാണോ അയാൾ തന്നെയാണ് രാഷ്ട്രത്തലവനും. നോക്കുക, ഈ ആശയം തന്നെയാണ് താലിബാൻ നടപ്പാക്കുന്നതും. ജിഹാദ് എന്ന ആശയത്തെ, ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാവുന്നതുവരെയുള്ള ഒടുങ്ങാത്ത യുദ്ധമായി, മൗദൂദി വ്യാഖ്യാനിച്ചതുതന്നെയാണ് ഐസിസും അൽഖായിദയും നടപ്പാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ലാദനും സവാഹിരിക്കും വേണ്ടി, മരിച്ചവരുടെ എത്രയോ ഇരട്ടി മൗദൂദിക്ക് വേണ്ടി മരിച്ചവർ ഉണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഇസ്ലാമിസ്റ്റായി അദ്ദേഹത്തെ കണക്കാക്കുന്നതും അതുകൊണ്ടുതന്നെ.
ഒരു ജനാധിപത്യ മതേതര രാജ്യത്ത് പുറത്തെടുക്കാൻ പോലും കഴിയാത്ത ആശയങ്ങൾ ഉള്ളതിനാൽ ഇന്ന് ഇന്ത്യയിലെ ജമാഅത്തുകാർ പോലും മൗദൂദിയെ അധികം ആഘോഷിക്കാറില്ല. പക്ഷേ ഇപ്പോൾ അലീഗഢ് സർവകലാശാല എടുത്ത ഒരു നടപടിയിലൂടെ മൗദൂദിസം വീണ്ടും ചർച്ചയാവുകയാണ്. തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തു ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്ലിം സർവകലാശാല ഇസ്ലാമിക വിഭാഗം സിലബസിൽനിന്ന് അബുൽ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുതുബ് എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കിയിരിക്കയാണ്. ഐച്ഛിക കോഴ്‌സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമിയും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിലും, ആരാണ് മൗദൂദി എന്താണ് മൗദൂദിസം എന്നതിനെക്കുറിച്ചും സജീവ ചർച്ചയായിട്ടുണ്ട്.
മോഡേണിസ്റ്റിൽനിന്ന് മാർക്സിസ്റ്റിലേക്ക്
പലരും കരുതുന്നതുപോലെ, വളരെ ചെറുപ്പം മുതലേ ഖുറാനും ഹദീസ് പഠിക്കുകയും, മതം തലയിൽ അടിച്ചേൽപ്പിക്കപ്പെട്ടതുകൊണ്ടും ഉണ്ടായ ഒരു മതഭ്രാന്തൻ ആയിരുന്നില്ല മൗദൂദി. ഒരു ലിബറൽ കൂടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പലവിധ പരിവർത്തനഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവിൽ അദ്ദേഹം തികഞ്ഞ മത ഭീകരനായി രൂപാന്തരണം പ്രാപിക്കായിരുന്നു. ചിത്രശലഭം തിരിച്ച് പുഴുവായതുപോലുള്ള ഒരു റിവേഴ്സ് പരിണാമം!
പ്രശ്സത ഇസ്ലാമിക പണ്ഡിതൻ ഡോ ഹുസൈൻ രണ്ടത്താണി മൗലാദ മൗദൂദിയുടെ ജീവിതം പഠിച്ച് ഇങ്ങനെ എഴുതുന്നു. മൗദൂദി സമ്പന്നമായ ചുറ്റുപാടിൽ വളർന്ന വ്യക്തിയാണ്. ഹൈദരാബാദിലെ ഔറംഗാബാദിൽ 1903ലാണ് ജനിച്ചത്. മുഗളന്മാരെയും നൈസാമുമാരെയും സേവിച്ച ഒരു സയ്യിദ് കുടുംബമായിരുന്നു മൗദൂദിയുടേത്. ആധുനികനായിരുന്ന പിതാവ് അഹ്മദ് ഹസൻ പിൽക്കാലത്ത് സൂഫിയായാണ് ജീവിച്ചത്. മൗദൂദി വീട്ടിൽവച്ചാണ് ഭാഷയും മതകർമങ്ങളുമൊക്കെ പഠിച്ചത്.
പതിനൊന്നാം വയസ്സിൽ ഓറിയന്റൽ ഹൈസ്‌കൂളിൽ ചേർന്ന് പഠിച്ചു.പിന്നീട് അലിഗഢിൽ നിന്ന് പാശ്ചാത്യൻ ചിന്തകൾ പഠിച്ചു. ( പിന്നീട് മൗദൂദി ഇതേ അലീഗഢിനെതിരെ തിരിഞ്ഞു. ഇവിടെ പഠിപ്പിക്കരുത് എന്ന് ആഹ്വാനം ചെയ്തു. ''അലിഗഢ് യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങൾ പടിഞ്ഞാറൻ സമ്പ്രദായം അപ്പടി സ്വീകരിച്ചതിനാൽ അവിടെ കറുത്ത ഇംഗ്ലീഷുകാരെ ഉല്പാദിപ്പിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ അറവുശാലകളാണ്''-മൗദൂദി തുറന്നടിച്ചതിനെ തുടർന്ന് അലിഗഢ് പഠിക്കുന്നവരെ ജമാഅത്ത് നേതാക്കൾ വിലക്കിയിരുന്നു. കാലംമാറിയപ്പോൾ ഇപ്പോൾ അവർ അലീഗഢിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ) ഇവിടെ ബ്രിട്ടീഷ് ഇസ്ലാമിക എഴുത്തുകാരൻ തോമസ് അർണോൾഡായിരുന്നു പ്രധാന ഗുരു. പിന്നീട് കുറച്ചുകാലം മാത്രം ഹൈദരാബാദ് ദാറുൽ ഉലൂമിൽ പഠിച്ചെങ്കിലും പിതാവിന്റെ രോഗാവസ്ഥ കാരണം ഔപചാരിക വിദ്യാഭ്യാസം മതിയാക്കേണ്ടിവന്നു.
ഡൽഹിയിൽ വന്നതിനുശേഷം സർ സയ്യിദിന്റെ കൃതികൾ വായിച്ചു. ഒപ്പം ഇംഗ്ലീഷിലും നല്ല പരിജ്ഞാനം നേടി. സർ സയ്യിദിനെ പോലെ പാശ്ചാത്യ സംസ്‌കാരം മികവുറ്റതാണെന്ന് വിശ്വസിച്ചു. എന്തുകൊണ്ട് പടിഞ്ഞാറിന്റെ രഹസ്യം മനസിലാക്കാൻ ഇന്ത്യയിലെ മതപണ്ഡിതന്മാർ ഇംഗ്ലണ്ടിൽ ചെല്ലുന്നില്ലാ എന്നദ്ദേഹം പരിതപിച്ചു (തജ്ദീദ് വൊ ഇഹ്്യാഉദ്ദീൻ, തർജുമാനിൽ ഖുർആൻ, നവംബർ- ഡിസംബർ, 1940, 345). ഇതു സംബന്ധിച്ചെഴുതിയ ലേഖനത്തിൽ മുസ്ലിങ്ങൾ പാഠമുൾക്കൊള്ളേണ്ട തത്വചിന്തകന്മാരെയും അദ്ദേഹം പരിചയപ്പെടുത്തി.
ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് മൗദൂദി മാർക്സിസവുമായും അടുത്തു. ഡൽഹിയിലെ കമ്യൂണിസ്റ്റുകാരനായിരുന്ന അബ്ദുൽ സത്താർ ഖൈരിയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ നേതാവ്. ഖൈരി മോസ്‌കോയിലെ ബോൾഷെവിക് പ്രചാരക സമിതിയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്നു. മൗദൂദിയുടെ ഭാര്യാസഹോദരൻ ഷഹീദ് സംദിയും ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. ഷഹീദ് ഒരു യൂണിവേഴ്സിറ്റി ടീച്ചർ കൂടിയാണ്. ഇദ്ദേഹം മാർക്സിന്റെ ഒരു കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തയാളാണ്. ഡൽഹിയിലെ ബുദ്ധിജീവികളുമായുള്ള ബന്ധം തന്നെ തികഞ്ഞ പരിഷ്‌കാരിയാക്കി. 1930കളിൽ സിനിമയും സംഗീതവും എല്ലാം ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് വേഷമാണ് സ്വീകരിച്ചതും. പാശ്ചാത്യ സംസ്‌കാരത്തിൽ ആകൃഷ്ടനായ കാലത്താണ് അദ്ദേഹം പച്ചപ്പരിഷ്‌കാരിയായ മഹ്മൂദാ ബീഗത്തെ വിവാഹം ചെയ്യുന്നത്. ഭാര്യാപിതാവ് അക്കാലത്തെ വലിയ ധനികനായിരുന്നു. ക്വീൻസ് മേരി സ്‌കൂളിലാണ് ബീഗം പഠിച്ചത്. എന്നാൽ പിൽക്കാലത്ത് ഇസ്ലാമിസ്റ്റ് ആയതോടെ മൗദൂദി ഇതിനെയൊക്കെ തള്ളിപ്പറഞ്ഞു. ആധുനിക വിദ്യഭ്യാസത്തെപോലും ഹറാമാക്കി.
അതായത് ഐസിസിൽ ചേരാനായി സിറയിയിലേക്ക് പോയ മലയാളികളുടെ പലരുടെയും കഥ കേട്ടിട്ടില്ലേ. അവരിൽ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയുണ്ട്. ആദ്യകാലത്ത് മോഡേൺ ഡ്രസ്സ് ഒക്കെയിട്ട് അടിച്ചുപൊളിച്ച് ജീവിച്ചിരുന്നവരാണ് അവർ. ഇസ്ലാം തലയിൽ കയറിയതോടെ അവർക്ക് സ്വന്തം രാജ്യംപോലും ഹാറാമായി. മൗദൂദിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. പലരും കരുതുന്നതുപോലെ മൗദൂദി ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നില്ല, മറിച്ച് ഇസ്ലാം തലയിൽ കയറിയതോടെ മൗദൂദി തെറ്റിലേക്ക് വീഴുകയായിരുന്നു.
കോൺഗ്രസിൽ നിന്ന് ലീഗിലേക്ക്
തികഞ്ഞ ഒരു പൊളിറ്റിക്കൽ മനുഷ്യനായിരുന്നു മൗദൂദി. കോൺഗ്രസും മുസ്ലിംലീഗിലും പ്രവർത്തിച്ചാണ് അയാൾ അവസാനം ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കുന്നത്. ( നമ്മുടെ നാട്ടിലും ഇത്തരം ആളുകളെ ഇപ്പോഴും കാണാം. സിപിഎം മുതൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ച് അവസാനം പച്ച മതത്തിൽ തലകുത്തി വീഴുന്നവർ)
1920കളിൽ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി മൗദൂദി കോൺഗ്രസിൽ ചേർന്നു. ഖിലാഫത് പ്രസ്ഥാനത്തിലും സത്യാഗ്രഹങ്ങളിലും മൗദൂദി പങ്കെടുത്തു. ഗാന്ധിജിയെക്കുറിച്ച് അദ്ദേഹം എഴുതിയ ലഘുലേഖ ബ്രിട്ടീഷധികാരികൾ കണ്ടുകെട്ടിയിരുന്നു. നോക്കണം ഈ രീതിയിലുള്ള ഒരു മനുഷ്യനാണ് മാറി മറിയുന്നത്. പേനയായിരുന്നു മൗദൂദിയുടെ ആയുധം. കോൺഗ്രസിന്റെ പക്ഷത്ത് സജീവമായിരുന്ന ജംഇയ്യത്തുൽ ഉലമാ ഹിന്ദിന്റെ മുഖ പത്രമായ മുസ്ലിമിന്റെ എഡിറ്ററായി അദ്ദേഹം ചാർജെടുത്തു. 1924 ൽ ഇതേ സംഘടനയുടെ പുതിയ മുഖപത്രമായ അൽ ജംഇയ്യത്തിന്റെ എഡിറ്ററായി.
ഹിന്ദു താല്പര്യങ്ങളുമായുള്ള കോൺഗ്രസിന്റെ അമിതബാന്ധവമാണത്രേ, മൗദൂദി യെ കോൺഗ്രസിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്. കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്താൻ അദ്ദേഹം കൊതിച്ചതാണ്. പക്ഷേ മുസ്ലിം നേതാക്കളെ കോൺഗ്രസ് കാര്യമായി പരിഗണിച്ചില്ല. ഇക്കാര്യം അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞു(തർജുമാൻ, 1938, മാർച്ച്, 165). മൗദൂദി താമസിയാതെ ജംഇയ്യത്തുൽ ഉലമാ ഹിന്ദിനോടും കോൺഗ്രസിനോടും വിട പറഞ്ഞു. പിന്നീട് അദ്ദേഹം മുസ്ലിം ലീഗിലാണ് ആകൃഷ്ടനായത്.
ജിന്നക്ക് മുന്നേ തന്നെ ദ്വിരാഷ്ട്രാവാദം മുന്നോട്ടുവെച്ച നേതാവായും പലരും മൗദൂദിയെ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ ദേശീയത അവിശ്വാസവും (കുഫ്റ്) അറിവില്ലായ്മയും (ജാഹിലിയ്യത്) മാണെന്നാണ് മൗദൂദി പറഞ്ഞത്. ദേശീയതയുടെ അടിസ്ഥാനം മതമാണെന്നും മുസ്ലിങ്ങൾ ഹിന്ദുക്കളെപ്പോലെ തന്നെ വേറിട്ടൊരു രാഷ്ട്രമാണെന്നും മൗദൂദി പ്രസ്താവിച്ചു. ഇന്ത്യ ഹിന്ദു, മുസ്ലിം, സിക്ക്, അധഃസ്ഥിതർ തുടങ്ങിയവർ അടങ്ങുന്ന വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന വിഘടനപരമായ വാദവും അദ്ദേഹം ഉയർത്തി. മുസ്ലിം പ്രശ്നം പരിഹരിക്കാൻ ഇന്ത്യയെ ഒരു ഫെഡറൽ സ്റ്റേറ്റാക്കി മാറ്റണമെന്ന അഭിപ്രായം അദ്ദേഹം പിന്നീട് ശരിവച്ചു. അതിൽ മുസ്ലിങ്ങൾക്ക് സാംസ്‌കാരിക സ്വയംഭരണം അനുവദിക്കുകയും വേണം. അങ്ങനെയാണെങ്കിൽ അവർക്ക് അവരുടെ വിദ്യാഭ്യാസവും സംസ്‌കാരവും പരിരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഹമ്മദലി ജിന്നയും കോൺഗ്രസ് ഭരണം മുസ്ലിങ്ങളെ അവഗണിക്കുന്നുവെന്ന് വിശ്വസിച്ചയാളായിരുന്നു. കോൺഗ്രസിന്റെ പ്രവിശ്യാഭരണത്തിൽ ജിന്നക്ക് അത് വ്യക്തമാവുകയും ചെയ്തു. കോൺഗ്രസ് സർക്കാരുകൾ രാജിവച്ചത് മോചനദിനമായി ആചരിച്ച മുസ്ലിം ലീഗ് മൗദൂദിയുമായി ചങ്ങാത്തം സ്ഥാപിച്ചു. മുസ്ലിം ലീഗുമായി സഹകരിക്കണമെന്ന ആഗ്രഹം മൗദൂദിക്കുണ്ടായിരുന്നു. എന്നാൽ ജനാധിപത്യം മുന്നോട്ടുവച്ച ലീഗിന്റെ നയം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്തായാലും ലീഗുമായി സഹകരിക്കാനുള്ള മൗദൂദിയുടെ ശ്രമം തൽക്കാലം ഫലം കണ്ടു.
മൗദൂദിയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം മുസ്ലിം ലീഗും പിന്നീട് അംഗീകരിച്ചു. പക്ഷേ അല്ലാഹുവിന്റെ രാജ്യം സ്ഥാപിക്കാനുള്ള ഒരു പാർട്ടി വേണമെന്ന ആവശ്യം മൗദൂദി 1940 ഏപ്രിലിലെ തർജുമാനിൽ ഉന്നയിച്ചു. പക്ഷേ കാര്യമായ പ്രതികരണം ഉണ്ടായില്ല. പക്ഷേ ആ ലേഖനം ആയിരുന്നു സത്യത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം.
ജമാഅത്തെ ഇസ്ലാമി രൂപം കൊള്ളുന്നു
പുതിയ പാർട്ടി ഉണ്ടാക്കാനുള്ള പദ്ധതികളൊക്കെ നേരത്തെ തന്നെ മൗദൂദി ആവിഷ്‌കരിച്ചിരുന്നു. 1941 ഓഗസ്റ്റ് 11ന് ലാഹോറിൽ മൗദൂദി പുതിയ സംഘടനയുടെ പ്രഖ്യാപനം നടത്തി. പേര് ജമാഅത്തെ ഇസ്ലാമി. അദ്ദേഹം തന്നെ തലവൻ (അമീർ). ദൈവിക ഭരണം (ഹുകൂമത്തെ ഇലാഹിയ്യ) സ്ഥാപിക്കലാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു(തർജുമാൻ, 1941, മെയ്: 179). ഇതോടെ മുസ്ലിം ലീഗും മൗദൂദിയും തമ്മിലുള്ള ബന്ധങ്ങളിൽ സങ്കീർണതകളുണ്ടായി.
്പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രത്തിന്റെ മാതൃക എങ്ങനെയാവണമെന്നതിലാണ് വിവാദം. ലീഗ് ആഗ്രഹിച്ചത് ഒരു മതേതര ജനാധിപത്യ സ്റ്റേറ്റാണ്. മൗദൂദിയാവട്ടെ ഒരു ഇസ്ലാമിക ഭരണമുള്ള രാജ്യവും. ഈ വാദങ്ങൾ തമ്മിൽ തർക്കം മൂത്തു. കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനത്തിൽ അയവ് വരുത്തി രോഷം മുസ്ലിം ലീഗിനെതിരെ തിരിച്ചു. ലീഗിന്റെ മതേതര സ്റ്റേറ്റ് ഖുർആൻ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് മൗദൂദി വാദിച്ചു. ലീഗിന്റെ നേതാക്കളെല്ലാം പശ്ചാത്യൻ രീതികളെ ആശ്രയിക്കുന്നവരാണെന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാൻ അവരെക്കൊണ്ട് കഴിയില്ലെന്നും മൗദൂദി കുറ്റപ്പെടുത്തി.
ഹുക്കൂമത്തെ ഇലാഹി (മതരാഷ്ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്ട്രനിർമ്മാണത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നല്ല ഭരണമാണ്. ഈ ലക്ഷ്യത്തിൽ അശ്രദ്ധ വരുത്തിയാൽ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതിൽ വീഴ്ച വരുത്തുന്നവൻ വൻകുറ്റം ചെയ്തവനാണ്.
ആരാധനയെ പട്ടാള ചിട്ടയാക്കുന്നുണ്ട് മൗദൂദി. ഈ ലക്ഷ്യത്തിന് (മതരാഷ്ട്രം സ്ഥാപിക്കാൻ) വേണ്ടിയാണ് ഇസ്ലാമിൽ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിർബന്ധമാക്കപ്പെട്ടത്. ഇവയെപറ്റി ഇബാദത്ത് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്. ഇബാദത്ത് എന്നല്ല അടിസ്ഥാന ഇബാദത്തിന് വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന് വേണ്ടിയുള്ള നിർബന്ധ ട്രൈനിങ് കോഴ്‌സാണിത് (ഇസ്ലാമി ജബാദത്ത് പർ തഹ്ഖി ഖി നസർ പേജ് 12) ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തിൽ എഴുതുന്നു. ചുരുക്കത്തിൽ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ച് കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയുക എന്നാണെന്നാണ് മൗദൂദി എഴുതുന്നത്.
എഴുത്തുകാരും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ വിലയിരുത്തുന്നു. ''ഇന്നും തീവ്രാവാദ സംഘടനകളും പിന്തുടരുന്നത് ഈ മതരാഷ്ട്ര വാദം തന്നെയാണ്. സയിദ് ഖുത്തുബും ഇതിൽ പ്രധാന പങ്കുവഹിച്ചു. ഖുത്തുബിന്റെ സഹോദരൻ മുഹമ്മദ് ഖുത്തുബിന്റെ അനുയായി ആയിരുന്നു ബിൻലാദനെന്നും മറന്നുപോകരുത്. ജമാഅത്തെ ഇസ്ലാമി കേവലമൊരു മത സംഘടനയല്ല അത്. കശ്മീരിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാർട്ടിയാണ്. പ്രാദേശിക, ദേശീയ അജണ്ടകൾ കൂടാതെ അന്തർദേശീയ അജണ്ടകളുള്ള ഒരു പ്രസ്ഥാനം. അതുകൊണ്ടുതന്നെ കൃത്യമായ അജണ്ടകളോടുകൂടിയാണ് അവർ ഇന്ത്യയെ പോലെ ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൽ, ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ചു ജനാധിപത്യത്തിൽ നേരിട്ടു ഇടപെടാൻ തീരുമാനിച്ചത്. മതം നേരിട്ടു വിലപ്പോകില്ലെന്ന ബോധ്യത്തിൽ അവർ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകിയെന്നു മാത്രം.''- സാദിഖ് വ്യക്തമാക്കുന്നു.
തീർത്തും ജനാധിപത്യ വിരോധി
തികഞ്ഞ ജനാധിപത്യ വിരോധിയുമാണ് മൗദൂദി. ഹമീദ് ചേന്ദമംഗല്ലരിനെപ്പോലുള്ള എഴുത്തുകാർ ഇത് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ 'ശിർക്ക്' അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മിൽ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു.
ഇന്ത്യാ രാജ്യവുമായി ഒരു നിലയ്ക്കും മുസ്ലിങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് മൗദൂദി കണ്ടെത്തിയത്. അവർ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നതും അതുകൊണ്ടുതന്നെയാണ്. മൗദൂദിയുടെ തലതിരിഞ്ഞ ആശയത്തോട് വിയോജിപ്പുള്ളവരായിരുന്നു അവിഭക്ത ഇന്ത്യയിലെ 99.9 ശതമാനം മുസ്ലിങ്ങളും. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടത്താൻ അവസരമുണ്ടാകില്ലെങ്കിൽ അത്തരം സ്വാതന്ത്ര്യസമരത്തിന് ആയിരംവട്ടം ശാപമെന്നാണ് മൗദൂദി പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമംപോലും ഹറാമാണെന്ന് മൗദൂദി പ്രസ്താവിച്ചു.
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനാണെങ്കിൽ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നുമാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നുസാരം. അസത്യത്തിനുള്ള അടിമത്തം അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിനു സ്വാതന്ത്ര്യമെന്നു പറയുക? (മുസൽമാൻ ഔർ മൗജൂദാ സിയാസീ കശ്മകശ്, പേ: 97, 98). ഇംഗ്ലീഷുകാരനായ അമുസ്ലിമിൽനിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാൻ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോൾ അത് മൂകമായി നോക്കിനിൽക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല' (തഹ്രീകേ ആസാദി ഔർ മുസൽമാൻ, പേ: 81).
സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്; 'പ്രജായത്തം നടപ്പിൽവരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?' ('ഖുതുബാത്ത്', പേ:140) ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയിലെ സ്‌കൂളുകളും കോടതികളുമൊന്നും ഒരു മുസ്ലിമിന് സ്വീകാര്യമാകരുതെന്ന് ശഠിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി. വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്ലിങ്ങൾ ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം തുല്യവിദൂരത പാലിക്കണമെന്നാണ് സംഘടന ആഹ്വാനം ചെയ്തത്.'' അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്ലിങ്ങളുടെ ജീവിതത്തിലേക്ക് നോക്കുക. ദൈവേതരമായ സകലസ്ഥാപനങ്ങളുമായും അവർ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അനിസ്ലാമിക കോടതികളിൽ മുസ്ലിങ്ങൾ ശരണംപ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകളിലേക്ക് തങ്ങളുടെ സന്താനങ്ങളെ അയക്കുന്നു (മൗദൂദി, 'ശിർക്ക്', പേ:212). ഇസ്ലാമികേതര ഭരണവ്യവസ്ഥയ്ക്കു കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതുപോലും മൗദൂദി നിരുത്സഹപ്പെടുത്തി. അത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരുന്നത് 'കൊലാലയങ്ങൾ'എന്നായിരുന്നു ('ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി 27 വർഷം', പേജ്: 61).ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ച് കുറെപ്പേർ അഭ്യസ്തവിദ്യരായതുകൊണ്ട് ഇസ്ലാമിന് ഒരു നേട്ടവുമില്ലെന്നും അദ്ദേഹം നിഗമനത്തിലെത്തി ('മുസ്ലിം ഒരു പാർട്ടി', ഐപിഎച്ച്. പേജ്:10).
നോക്കുക, ഗോൾവാൾക്കറുടെ 'വിചാരധാര'യ്ക്കു തുല്യമാണ് മൗദൂദിയുടെ 'ഖുതുബാത്ത്'. രണ്ടും ഒരേ മുറിയിലിരുന്ന് പരസ്പരം ചർച്ച ചെയ്ത് ഇരുവരും എഴുതിയപോലെ തോന്നും. വിചാരധാരയുടെ മുസ്ലിം വർഗീയ പതിപ്പാണ് 'ഖുതുബാത്ത്'. ഖുതുബാത്തിന്റെ തീവ്രഹിന്ദുത്വ എഡിഷനാണ് 'വിചാരധാര'. രണ്ടും വായിച്ചുനോക്കിയാൽ മതാന്ധതയും വർഗീയതയും ആളിക്കത്തുമെന്നുറപ്പ്. ഇരുവരും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നോക്കിക്കണ്ടതും ഒരേ ദിശയിലായിരുന്നു.
സ്ത്രീവിരുദ്ധത ശക്തം
സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ നഖശിഖാന്തം എതിർത്ത വ്യക്തിയായിരുന്നു മൗദൂദി. ( ഇന്ന് സോളിഡാരിറ്റിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും, അവരുടെ പ്രസിദ്ധീകരണങ്ങും ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം എന്നൊക്കെപ്പറയുമ്പോൾ മൗദുദിയുടെ ആത്മാവ് പിടയുകയാവും എന്നാണ് മുൻ മന്ത്രി കെ ടി ജലിൽ ഒരിക്കൽ പറഞ്ഞത്!) മൗദൂദി രചിച്ച 'പർദ്ദ' എന്ന പുസ്തകം ആണധികാരത്തിന്റേയും പെണ്ണടിമത്ത്വത്തിന്റേയും വേദഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന കൃതിയാനെന്ന് ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നത്.
പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമാണ് പ്രകൃതി ജൈവശാസ്ത്രപരമായി സ്ത്രീകളെ സംവിധാനം ചെയ്തിരിക്കുന്നതെന്നും സാമ്പത്തിക ജീവിതം ഉൾപ്പെടെയുള്ള തുറകളിൽ സ്ത്രീകൾ ഭാഗഭാക്കാകേണ്ടതില്ലെന്നും സമർത്ഥിച്ചുകൊണ്ട് മൗദൂദി എഴുതുന്നു: ''മനുഷ്യവംശത്തിന്റെ തുടർച്ച ഉറപ്പാക്കാൻ പുരുഷൻ ഒന്നേ ചെയ്യേണ്ടൂ-സ്ത്രീയെ ഗർഭിണിയാക്കുക. അതോടെ അവന്റെ ജോലി കഴിഞ്ഞു. അതേസമയം സ്ത്രീ തുടർന്നുള്ള ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്. ഗർഭധാരണം തൊട്ട് കുഞ്ഞിനെ വളർത്തുന്നതടക്കമുള്ള ഉത്തരവാദിത്വം - എന്നിരിക്കെ അവൾ സാമ്പത്തിക മേഖലയിൽ പണിയെടുത്ത് കുടുംബം പോറ്റണമെന്നു പറയുന്നത് ന്യായമാണോ? രാജ്യരക്ഷയ്ക്ക് പുരുഷനോടൊപ്പം അവളും പൊരുതണമെന്നോ വ്യാപാര-വ്യവസായ തുറകളിൽ അവളും പ്രവർത്തിക്കണമെന്നോ പറയുന്നത് നീതിയാണോ? പുരുഷൻ ചെയ്യേണ്ട അത്തരം ജോലികൾ സ്ത്രീകളെ ഏൽപ്പിക്കുന്നത് പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമാണ്. (പർദ ആൻഡ് സ്റ്റാറ്റസ് ഓഫ് വിമൻ ഇൻ ഇസ്ലാം)
മറ്റൊരിടത്ത് ആചാര്യൻ വ്യക്തമാക്കുന്നു. 'വീടിനകത്തെ രാജ്ഞിയാണ് സ്ത്രീ. കുടുംബം പോറ്റേണ്ട ബാധ്യത ഭർത്താവിനാണ്. അയാളുടെ വരുമാനമുപയോഗിച്ച് കുടുംബകാര്യങ്ങൾ നിർവ്വഹിക്കൽ മാത്രമാണ് സ്ത്രീയുടെ ജോലി... വീടിനു പുറത്തുള്ള എല്ലാ മതകാര്യങ്ങളിൽനിന്നും അവൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ചയിലെ സമൂഹപ്രാർത്ഥനയിൽ അവൾ പങ്കെടുക്കേണ്ടതില്ല... ശവസംസ്‌കാര പ്രാർത്ഥനയിൽനിന്നു കൂടി അവൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്... അടുത്ത പുരുഷബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും അവൾക്കില്ല.''
സ്ത്രീയുടെ സാമൂഹിക ചലനങ്ങളിൽ നിരവധി വിലക്കുകൾ ഇസ്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ജമാഅത്ത് ഗുരു ഭരണരംഗം ഉൾപ്പെടെയുള്ള മേഖലകളിൽ പെൺവർഗ്ഗം ശോഭിക്കുകയില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണം സ്ത്രീകളെ ഏല്പിച്ച ഒരു ദേശവും വിജയിച്ചിട്ടില്ലെന്നും കഴിവുകളിൽ ആണും പെണ്ണും തുല്യരല്ല എന്നും ചൂണ്ടിക്കാട്ടിയ ശേഷം മൗദൂദി പറയുന്നു: ''സ്ത്രീകൾ എത്രതന്നെ കഠിനാധ്വാനം ചെയ്താലും അവരിൽനിന്നു അരിസ്റ്റോട്ടിലിനെയോ ഇബ്നു സീനയെയോ കാന്റിനെയോ ഹെഗലിനെയോ ഖയ്യാമിനെയോ ഷെക്സ്പിയറെയോ അലക്‌സാണ്ടറെയോ നെപ്പോളിയനെയോ സലാഹുദ്ദീനെയോ നിസാമുൽ മുൽക്ക് തൂസിയെയോ ബിസ്മാർക്കിനെയോ പോലുള്ള പ്രതിഭകൾ ഉണ്ടാവുക സാധ്യമല്ല.'' ചുരുക്കിപ്പറഞ്ഞാൽ, പൊതുജീവിതത്തിന്റെ യാതൊരു തുറകളിലേക്കും സ്ത്രീകൾ കടന്നുവരേണ്ടതില്ല എന്നാണ് 'പർദ്ദ'യിൽ മൗദൂദി പറഞ്ഞുവെയ്ക്കുന്നത്. - ഹമീദ് ചേന്ദഗംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിക്കുന്നു
ഇന്തക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പാക്കിസ്ഥാനിലേക്ക് പോയ മൗദൂദി ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായാണ് മുന്നോട്ട് പോയത്. ഇന്ത്യക്ക് എന്നപോലെ പാക്കിസ്ഥാനും ഒരു തലവേദയായിരുന്നു അദ്ദേഹം. കാരണം, അത്രയേറെ കഠിനവും കർശക്കശവുമായിരുന്നു മൗദൂദിയൻ ആശയങ്ങൾ.
1947 ആഗസ്റ്റിൽ പാക്കിസ്ഥാനിൽ താമസമാക്കിയ മൗദൂദി അവിടെ ഒരു ഇസ്ലാമിക ഭരണഘടനക്കായി പരിശ്രമിച്ചു. ഭരണാധികാരികൾ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1953ൽ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നൽകി കുറ്റവിമുക്തവാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്. ഒടുവിൽ പാക്കിസ്ഥാനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ എതിർപ്പിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതും റദ്ദാക്കാനും ഭരണകൂടം നിർബന്ധിതമായി. കശ്മീരിലെ പാക് നുഴഞ്ഞുകയറ്റത്തിനെ എതിർത്തതിന്റെ പേരിലും അദ്ദേഹം വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റം ഒരിക്കലും ഇസ്ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇങ്ങനെ കീഴ്ശ്വാസം വിടുന്നതിൽപോലും ഇസ്ലാമിക വിധി നോക്കുന്ന തികഞ്ഞ ഒരു മതഭ്രാന്തനെപ്പോലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലിൽ വർദ്ധിച്ചപ്പോൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ( അപ്പോൾ അമേരിക്ക മൗദൂദിക്ക് പിശാചിന്റെ രാജ്യമല്ല!) ശസ്ത്രക്രിയയെത്തുടർന്ന് 1979 സെപ്റ്റംബർ 22ന് അദ്ദേഹം മരണമടഞ്ഞു. മരിക്കുമ്പോൾ 76 വയസ്സായിരുന്നു. മൃതദേഹം പിന്നീട് പാക്കിസ്ഥാനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പക്ഷേ മൗദൂദി മരിച്ചിട്ടും അദ്ദേഹത്തിന്റെ ആശയങ്ങൾ മരിക്കുന്നില്ല. മതരാഷ്ട്രവാദമെന്ന വിധ്വംസകമായ ആശയം ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലായി പുകഞ്ഞുകൊണ്ടിരിക്കുന്നു.
വാൽക്കഷ്ണം: പക്ഷേ ഇവിടെ മിടുക്കന്മ്മാർ കേരളത്തിലെ ജമാഅത്തുകാരാണ്. അവർ അടിയാന്തരാവസ്ഥ കഴിഞ്ഞപ്പോൾ പതുക്കെ മൗദൂദിയെ അങ്ങോട്ട് മറന്നു. മുമ്പ് സർക്കാർ സർവീസിൽനിന്ന് രാജിവെച്ചിരുന്ന ജമാഅത്തുകാർ, സർക്കാർ ജോലി നേടാൻ തുടങ്ങി. മാധ്യമവും, മീഡിയാവണ്ണും പോലുള്ളവ തുടങ്ങി, ആധുനികതയുടെ വക്താക്കളായി. സോളിഡാരിറ്റി, വെൽഫയർ പാർട്ടി തുടങ്ങിയ സംഘടനകൾ ഉണ്ടാക്കി മനുഷ്യവകാശ പ്രവർത്തകർ ആയി. പക്ഷേ അവർ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ആണെന്നും അവരുടെ ഉള്ളിന്റെ ഉള്ളിലെ മൗദൂദിസം മറച്ചുപിടിക്കയാണെന്നുമുള്ള ആരോപണം വിമർശകർ പലപ്പോഴും ഉന്നയിക്കാറുണ്ട്. ഇടക്കിടെ അത് മറനീക്കി പുറത്തുവറാറുമുണ്ട്.
കടപ്പാട്: ലേഖനങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ- പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂ
ഡോ, ഹുസൈൻ രണ്ടത്താണി, പ ടി മുഹമ്മദ് സാദിഖ്, ഡോ കെ ടി ജലീൽ
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ