കൊച്ചി: കൊച്ചി മെട്രോയെ മലയാളിക്ക് സമ്മാനിച്ച പൊന്നാനിക്കാരൻ. അതുകൊണ്ട് മാത്രമണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇ. ശ്രീധരൻ ഉണ്ടായേ മതിയാകൂവെന്ന് മലയാളികൾ ഒരേ സ്വരത്തിൽ പറഞ്ഞത്. അത് സാധ്യമാവുകയും ചെയ്തു. മോദിക്ക് പോലും ജനമനസ്സിനൊപ്പം നിൽക്കേണ്ടിവന്നു. ശ്രീധരൻ മാജിക്ക് വികസന വഴിയിൽ തുണയാകണേയെന്ന പ്രർത്ഥനയോടെയാണ് ഒരോ മലയാളിയും കൊച്ചി മെട്രോയിൽ കയറുന്നത്. പക്ഷേ കേരളത്തിലെ അധികാരവർഗ്ഗം മാത്രം ഇതെന്നും മനസ്സിലാക്കുന്നില്ല. അങ്ങനെ ശ്രീധരൻ പിടിക്ക് പുറത്തായി. കാണാൻ സമയം ചോദിച്ചിച്ച് മെട്രോ മാനെ കാണാൻ പോലും പിണറായി വിജയൻ കൂട്ടാക്കിയില്ല. മലയാളി ഞെട്ടലോടെയാണ് ഇത് കേട്ടത്. അങ്ങനെ കേരളത്തെ വേദനയോടെ ഉപേക്ഷിക്കുകയാണ് അഴിമതിക്കെതിരെ കർശന നിലപാട് എടുത്ത ഈ മലയാളി. 

കമ്മീഷൻ വ്യവസ്ഥയെ അംഗീകരിക്കാതെ അതിന് വഴങ്ങാതെ മുന്നേറുന്നതാണ് മെട്രോമാനെന്ന് ലോകം അംഗീകരിച്ച ഇ ശ്രീധരനെന്ന എഞ്ചിനിറയറുടെ കരുത്ത്. കൈക്കൂലി വേണ്ടെന്ന് വച്ചാൽ തന്നെ പാതി പ്രശ്നങ്ങൾ തീർന്നെന്ന് ശ്രീധരൻ പറയുന്നു. വിവാഹ സമ്മാനമായി 15 പവൻ സ്വർണം എത്തിച്ചതും അതു മുഴുവൻ തിരികെ നൽകിയതും വ്യക്തമാക്കിയ ശ്രീധരൻ, കോട്ടയംകാരനായ കരാറുകാരൻ വാരികയ്ക്കുള്ളിൽ വച്ചു കൈക്കൂലി നൽകാൻ ശ്രമിച്ച സംഭവവും പുതു തലമുറയ്ക്ക് ആവേശം നൽകുന്നതായിരുന്നു. അച്ചടക്കം, ജോലിയോടുള്ള സ്നേഹം, ആത്മാർഥത, സമയക്ലിപ്തത, പ്രഫഷനൽ മികവ് എന്നിവയാണ് തന്റെ വിജയ രഹസ്യമായി ശ്രീധരൻ മുന്നോട്ട് വയ്ക്കുന്നത്. വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും ഇതെല്ലാം ഇപ്പോഴും നിലനിർത്തുകയാണ് എൺപത്തിയഞ്ച് വയസ് പിന്നിട്ട മലയാളിയുടെ സ്വന്തം ശ്രീധരൻ.

രാജ്യത്തെ ആദ്യ ആധുനിക മെട്രോയായ ഡൽഹി മെട്രോ യാഥാർഥ്യമാക്കി 2011ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷ(ഡിഎംആർസി)ന്റെ പടിയിറങ്ങിയ ശ്രീധരൻ പിന്നീട് ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവായി കൊച്ചി മെട്രോ നിർമ്മാണ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. നാലുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായ കൊച്ചി മെട്രോ കേരളത്തിന്റെ വികസന വഴിയിലെ നാഴിക കല്ലാണ്. പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു.

റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും മാനേജ്മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ലെന്നാണ് സൂചന. കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂർത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിർമ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവിൽ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്നാണ് സൂചന.

ജന്മ നാടിനുള്ള സമ്മാനമായി കൊച്ചി മെട്രോ

കൊച്ചി മെട്രോയ്ക്ക് മുമ്പായി പച്ചാളം മോഡലിലൂടേയും ഇടപ്പള്ളി പാലത്തിലൂടേയും ശ്രീധരൻ തന്റെ വേറിട്ട രീതി മലയാളിക്ക് പകർന്ന് നൽകിയിരുന്നു. പച്ചാളം റെയിൽവേ പാലം നിർമ്മിക്കാൻ 59 കോടിയാണ് വകയിരുത്തിയത്. ഏവരും പ്രതീക്ഷിച്ചത് അത് പൂർത്തിയാകുമ്പോൾ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാൽ എല്ലം കൂടി 39 കോടിക്ക് തീർത്ത് 20 കോടി ഖജനാവിന് തിരിച്ചു നിൽകി ഇ ശ്രീധരൻ. കൊച്ചി മെട്രോ നിർമ്മാണത്തിനിടെ നടന്ന പച്ചാളം റെയിൽവേ മേൽപാലത്തിൽ സംഭവിച്ചത് അൽഭുതമല്ലെന്ന് ഇടപ്പള്ളിയിലും തെളിയിച്ചു ഇടപ്പള്ളി മേൽപ്പാല നിർമ്മാണത്തിലുമുണ്ട് ആർക്കും അവകാശപ്പെടാനാകാത്ത ഈ ശ്രീധരൻ ടച്ച്. ഇടപ്പള്ളി മേൽപാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.എന്നാൽ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്. അടിപ്പാത നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായി. ശ്രീധരൻ ലാഭിച്ച് നൽകിയ 30 കോടിയിൽ അടിപാതയും ഒരുക്കാം.

പദ്ധതി തുകയുടെ ഇരട്ടി വാങ്ങി പാലങ്ങളും റോഡുകളും നിർമ്മിക്കുന്ന കരാറുകാരാണ് കേരളത്തിനുള്ളത്. പണി നീട്ടിക്കൊണ്ട് പോയും മറ്റും ഖജനാവ് കൊള്ളയടിക്കുന്നവർ. ഇവിടെ തടസ്സപ്പെടുന്നത് വികസനമാണ്. നാടിന്റെ മുതലാണ് കൊള്ളയടിക്കുന്നത്. ആർക്കും കമ്മീഷൻ നൽകാതെ വ്യക്തമായ പദ്ധതികളുമായി ശ്രീധരൻ നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ എല്ലാം മാറി മറിയും. അവിടെ പണികൾ കൃത്യമായി നടക്കും. പാഴ് ചെലവ് വരികയുമില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവിൽ പണി തീരും. അങ്ങനെ ഖജനാവിന് നേട്ടവുമാകും ജനങ്ങൾക്ക് വേഗത്തിൽ പദ്ധതി പൂർത്തിയാകുന്നതിന്റെ ആശ്വാസവുമാകും. ഇടപ്പള്ളി പാലത്തിന്റെ നിർമ്മാണ ചെലവിൽ മാത്രം 11 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതു ഡിസൈന്റെ മികവാണ്. മേൽപാലത്തിനൊപ്പം അടിപ്പാതയും ടോൾ ജംക്ഷനിൽ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിർമ്മിക്കാനുള്ള സൗകര്യം ഉൾക്കൊള്ളിച്ചാണു മേൽപാലത്തിന്റെ രൂപരേഖ. മേൽപ്പാലത്തിന്റെ നിർമ്മാണ ഉപകരാർ ഏറ്റെടുത്തത് എൽ ആൻഡ് ടി കമ്പനിയാണ്. 20 മാസം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്

ഡിഎംആർസിയിലൂടെ കേരളത്തിന് നൽകിയത് പുതിയ തൊഴിൽ സംസ്‌ക്കാരം

ഡിഎംആർസിയുടെ രീതികൾ കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലവും ശ്രീധരന്റെ മികവിന്റെ സാക്ഷ്യപത്രമാകുന്നു.

മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്‌നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറയുന്നു. ആലുവ-എറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്.

2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കർമ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരൻ യാഥാർത്ഥ്യമാക്കുന്നത്.

മെട്രോയുടെ ആദ്യഘട്ടത്തിൽ ലാഭിച്ചു നൽകിയത് 300 കോടി

കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടാക്കൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റ് ശ്രീധരന് കൂടിയുള്ളതാണ്. എന്നാൽ, ഡിഎംആർസിയുടെയും കെഎംആർഎല്ലിന്റെയും പരിശ്രമഫലമായാണി എന്നു പറഞ്ഞ് വിനീതനാകുകയാണ് ശ്രീധരൻ. രണ്ടാംഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ആലുവമുതൽ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം.

ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിർമ്മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാൻ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നിൽ നിരന്നു.

കേവലം റിട്ടയേർഡ് റെയിൽവേ സിവിൽ എഞ്ചിനീയറോ വമ്പൻ നിർമ്മാണങ്ങൾക്ക് കെല്പുള്ള അനേകം പ്രോജക്ട് മാനേജർമാരിൽ ഒരാളോ മാത്രമായി ഇ. ശ്രീധരനെ എഴുതിത്ത്ത്ത്ത്ത്തള്ളിയവർക്ക് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ആ അഞ്ചക്ഷരത്തിന്റെ ബലം ശരിക്കും ബോധ്യപ്പെടുകയായിരുന്നു. പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണം മുതൽ കൊങ്കൺ റെയിൽവെയും ഡൽഹി മെട്രോ പാതയും വരെയുള്ള വമ്പൻ നിർമ്മാണങ്ങൾ പൂർത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം.

മോണോറെയിൽ സ്വപ്‌നങ്ങൾക്കും പ്രചോദനമായി

കൊച്ചി മെട്രോയിൽ നിന്നും അപ്പുറത്തേക്ക് കേരളം ചിന്തിച്ചു തുടങ്ങിയതിന് കാരണക്കാരനും മറ്റൊരാൾ ആയിരുന്നില്ല. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയിലിന്റെയും തെക്കു വടക്ക് അതിവേഗ റെയിൽപ്പാതയുടെയും നിർമ്മാണമേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ടു. ആറു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ റെയിൽ സർവീസിലേക്ക് നടന്നുകയറിയ അതേ ചുറുചുറുക്കോടെ ഈ എൺപത്തിയൊന്നാം വയസ്സിലും പുതിയ ചുമതല ഏറ്റെടുത്ത് പൊന്നാനിയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും ബംഗളൂരുവിലേക്കുമെല്ലാം നിരന്തരം യാത്ര ചെയ്തു അദ്ദേഹം. പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ശ്രീധരൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അതിൽ ഒന്നിന്റെ പേരിൽപോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയർന്നിട്ടില്ലെന്ന് അറിയുക.

ശ്രീധരൻ കെട്ടിയുയർത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ-കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്ക് അപവാദമായി മാറി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുപോലും മാതൃകയായ ഡി.എം.ആർ.സിയുടെ സ്ഥാപനമൂല്യങ്ങൾ മനപ്പാഠമാക്കാൻ വിദേശത്തു നിന്നും പോലും ആളുകൾ എത്തി. അന്ന് സത്യസന്ധതയും ആത്മാർത്ഥതയും വെച്ചുപുലർത്തുക എന്ന ഒറ്റക്കാര്യം മാത്രമേ ഇ ശ്രീധരന് എല്ലാവരോടുമായി പറഞ്ഞത്.

പാലക്കാട് ബി.ഇ.എം ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു. സ്‌കൂൾ പഠനത്തിനു ശേഷം പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും, ഇന്നത്തെ ജെ.എൻ.ടി.യു ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്‌നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കു ശേഷം, ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷം ഇന്ത്യൻ റെയിൽവേസിൽ ഒരു സർവ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ആദ്യത്തെ ജോലി 1954ൽ സതേൺ റെയിൽവേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു. പിന്നീട് ഏറ്റെടുത്ത ഉത്തരവാദിത്തമെല്ലാം ഭംഗിയായ നിർവ്വഹിച്ച് ഇന്ത്യയുടെ മെട്രോ മാനായി ശ്രീധരൻ വളർന്നു. 2008ലെ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.