ആലപ്പുഴ: അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് ശരണ്യയുടെ ഹോബി. വേഗത്തിൽ വണ്ടി ഓടിച്ചതിന്റെ പേരിൽ പതിനാലോളം കേസുകൾ. കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെല്ലാം കനകകുന്ന്, തൃക്കുന്നപുഴ പൊലീസ് സ്‌റ്റേഷനുകളിൽ. കേസ് തീർക്കാൻ ചെന്നത് പൊലീസുമായി ചങ്ങാത്തം കൂടാൻ വഴിയൊരുക്കി.

തട്ടിപ്പ് നടത്തി പണം കുമിഞ്ഞുകൂടിയപ്പോൾ ശരണ്യയുടെ കണ്ണ് മഞ്ഞളിച്ചു. പിന്നീട് ഒന്നും നോക്കിയില്ല. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് വീട്ടിലെത്തി. ആറുമാസമായി അച്ഛനമ്മമാരോടൊപ്പം സുഖവാസം. അധികനാൾ എത്തും മുമ്പെ ഭർത്താവ് കിട്ടിയ കാശിന്റെ കണക്കുപറഞ്ഞു തുടങ്ങി. പണം കൊടുക്കില്ലെന്ന നിലപാടിൽ ശരണ്യയെത്തിയപ്പോൾ തട്ടിപ്പിന്റെ കഥ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ശരണ്യ സുരേന്ദ്രന്റെ ജീവിതം ഇങ്ങനെ.

പല്ലനയിലെ ഹോട്ടൽ നടത്തിപ്പുകാരനായ ശരണ്യയുടെ അച്ഛൻ സുരേന്ദ്രൻ ഏറെ സാമ്പത്തികശേഷിയുള്ള ആളായിരുന്നില്ല. അതുകൊണ്ടുതന്നെ +2 പഠനം പൂർത്തിയാക്കിയ ശരണ്യ എല്ലാവരെയും പോലെ തൊഴിലന്വേഷകയായി മാറി. അന്വേഷണത്തിന്റെ ഒടുവിലാണ് തട്ടിപ്പ് പണി കണ്ടെത്തിയത്. പത്രങ്ങളിലും മറ്റും വന്ന, പൊലീസ് മിലിട്ടറി ഫോഴ്‌സുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് ശരണ്യയ്ക്ക് പ്രചോദനമായത്.

അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങിയ പരിചയം തട്ടിപ്പിന് ഉപയോഗിച്ചു. ഇതിനായി ഏറെ പരിചയമുള്ള തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെ വലയിലാക്കി. പിന്നീട് ഡിവൈ എസ് പി ചമഞ്ഞ് പ്രദീപ് ഉദ്യോഗാർത്ഥികളെ നിയന്ത്രിച്ചു തുടങ്ങി. തട്ടിപ്പിനായി ശരണ്യയെ സഹായിച്ചിരുന്നത് ഭർത്താവ് സീതത്തോട് സ്വദേശിയായ പ്രദീപായിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി പ്രദീപ് ശരണ്യക്കൊപ്പമില്ല. പണം സമ്പാദിക്കുന്നതിനായി ശരണ്യ മറ്റു മാർഗങ്ങൾ സ്വീകരിച്ചതാണ് പ്രദീപ് വിട്ടുപോകാൻ കാരണമെന്ന് പൊലീസ് പറയുന്നു.

എന്നാൽ വീതം വെപ്പിലെ തർക്കം മൂത്തപ്പോഴാണ് ശരണ്യ പ്രദീപിനെ കൈവിട്ടതെന്നാണ് പുറം സംസാരം. ഇപ്പോൽ കേസിന്റെ തീവ്രത കുറയ്ക്കാൻ പൊലീസ് ശരണ്യ പണം ഉണ്ടാക്കാൻ വഴിവിട്ടു സഞ്ചരിച്ചിരുന്നതായി പ്രചരിപ്പിക്കുകയാണ്. ഏകദേശം രണ്ടു കോടിയെന്നു പറഞ്ഞിരുന്ന കേസ് ഇപ്പോൾ 40 ലക്ഷത്തിൽ ഒതുക്കി. തൃക്കുന്നപുഴയിലെ ഒരു സബ് ഇൻസ്‌പെക്ടർക്കും ശരണ്യയുമായി വഴിവിട്ട ബന്ധമാണുള്ളതെന്ന് പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്തെ കുപ്രസിദ്ധിയാർജിച്ച രണ്ടു സ്റ്റേഷനുകളാണ് കനകകുന്നും തൃക്കുന്നപ്പുഴയും. കരിമണൽ , മയക്കുമരുന്ന്, കുബേര എന്നിവ നിറഞ്ഞാടുന്ന സ്ഥലം. കനകക്കുന്നു സ്റ്റേഷനിൽ വാദികൾക്ക് രക്ഷയില്ല. പ്രതികൾക്കാണ് പദവി. പ്രതികളെ സംരക്ഷിക്കുന്ന സ്റ്റേഷൻ എന്ന പേര് നേരത്തെ തന്നെ ഈ സ്റ്റേഷന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെ മൂക്കിനുതാഴെയാണ് ഈ പൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്. ഇതിനിടെ പണമുണ്ടാക്കിത്തുടങ്ങിയതോടെ ശരണ്യയിൽ ഒരു സിനിമാ നടിയാകാനുള്ള ഉൾവിളിയും ആരംഭിച്ചു. ഇതിനായി കോമഡി താരങ്ങളെ വളച്ച് ഇവരോടൊപ്പം കഴിഞ്ഞ് അഭ്രപാളിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനായി കൊല്ലം സ്വദേശിയായ ഒരു കോമഡി കലാകാരനുമായി ശരണ്യയ്ക്ക് ഏറെ നാളെത്തെ ബന്ധമുള്ളതായി അറിയാൻ കഴിഞ്ഞു. ഇയ്യാൾ ശരണ്യയുടെ ഇംഗിതത്തിന് വഴങ്ങാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്.

ഇതൊക്കെയാണെങ്കിലും രണ്ടു പൊലീസ് സ്റ്റേഷനുകളിലും ശരണ്യയ്ക്ക് വലിയ സ്വാധീനമാണുള്ളത്. ഉന്നതന്മാരെല്ലാം ശരണ്യക്കൊപ്പമാണ്. വീട്ടിൽ നടന്ന ശരണ്യയുടെ ബർത്ത് ഡേ പാർട്ടിയിൽ പൊലീസിന്റെ വലിയനിര തന്നെയാണ് കാണാൻ കഴിഞ്ഞത്. മാത്രമല്ല ശരണ്യയ്ക്കു മുമ്പെ പിടിയിലായ സഹായി രാജേഷിനെ പൊലീസ് ആരോരുമറിയാതെ കോടതിയിലെത്തിക്കുകയായിരുന്നു. സാധാരണഗതിയിൽ പ്രമാദമായ കേസുകളിലെ പ്രതികളെ പിടിച്ചാൽ മാദ്ധ്യമ പ്രവർത്തകർക്കു മുന്നിലെത്തിച്ച് നിജസ്ഥിതി വ്യക്തമാക്കുന്ന പതിവ് പൊലീസിന് ഉണ്ടായിരുന്നു. എന്നാൽ ഈ കേസിൽ അതുണ്ടാകാതിരുന്നതും കൂടതൽ ദുരൂഹത പടർത്തി. ശരണ്യയും കഴിഞ്ഞ അഞ്ചുദിവസമായി പൊലീസിന്റെ കസ്റ്റഡിയിൽ സുഖവാസത്തിലായിരുന്നു. ഇന്നലെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കാണാൻ തരക്കേടില്ലാത്ത ശരണ്യ ഉപഭോക്താവിനെ വെട്ടിലാക്കുന്നതിൽ അതിസമർത്ഥയാണെന്നാണ് അറിവ്. ഇതേ കഴിവുതന്നെയായിരുന്നു സരിതയ്ക്കും. സോളാറിൽ സരിത മുഖ്യമന്ത്രിയെ കരുവാക്കിയെങ്കിൽ ശരണ്യ ആഭ്യന്തര മന്ത്രിയെയാണ് മറയാക്കിയത്. ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസിലും തിരുവനന്തപുരത്തും ശരണ്യ കയറിയിറങ്ങിയതായാണ് സൂചന. ശരണ്യയെ രക്ഷിക്കാൻ പൊലീസിൽ ഉന്നതരുടെ ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നതായി പൊലീസിലെ തന്നെ ചില പ്രമുഖർ പറയുന്നു. ഇപ്പോൾ തട്ടിപ്പിനിരയായവർക്ക് പണം കൊടുത്ത് കേസൊതുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നറിയുന്നു. ഇതിനായി പരാതിക്കാരിൽ പലരെയും സ്വാധീനം ചെലുത്താൻ കഴിയുന്നവർവഴി ബന്ധപ്പെട്ടുെകാണ്ടിരിക്കുകയാണ്. സോളാർ തട്ടിപ്പു കേസിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് ശരണ്യയുടെ കേസിലും പൊലീസ് പ്രാവർത്തികമാക്കുന്നത്. സോളാർ കേസിലെ മുഴുവൻ അന്വേഷണം പൂർത്തീകരിച്ചപ്പോൾ സരിത നായർ വെറും ചെക്കുകേസ് പ്രതിമാത്രമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ശരണ്യയുടെ പിതാവ് സുരേന്ദ്രൻ (56) മാതാവ് അജിത (48) ബന്ധു ശംഭു (21) എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാന്റിലാണ്. സരിതയെ പോലെ ശരണ്യയും മലയാളികളുടെ ഫാനാകുമോയെന്ന കാത്തിരുന്ന് കാണാം.