ന്യൂഡൽഹി: ഇ വർഷത്തെ പത്മപുരസ്‌കാര വിതരണം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്.ചടങ്ങ് പുരോഗമിക്കവെ പുരസ്‌കാരം സ്വീകരിക്കാനായി വന്ന ഒരു വയോധികൻ പ്രധാമന്ത്രിയുടെ അടുത്തെത്തി കാൽമുട്ട് കുത്തി വണങ്ങി.തുടർന്നാണ് ഇയാൾ പുരസ്‌കാര സ്വീകരണത്തിനായി വേദിയിലെക്കത്തിയത്.കാശിയിൽ നിന്നുള്ള യോഗാചാര്യൻ സ്വാമി ശിവാനന്ദയായിരുന്നു അ വ്യക്തി.ഇ സംഭവത്തോടെ ചടങ്ങിന്റെ മുഴുവൻ ശ്രദ്ധയും അദ്ദേഹത്തിലേക്ക് തിരിഞ്ഞു.

പിന്നിടാണ് 125 വയസ്സ് പ്രായമുള്ള ഈ യോഗാചാര്യൻ ആരാണെന്നും ഇദ്ദേഹത്തിന്റെ സമാനതളില്ലാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ അന്വേഷണം തുടങ്ങിയത്.ഒരു വിട്ടുവീഴ്‌ച്ചയും ചെയ്യാതെ താൻ കൊണ്ടുനടന്ന ജീവിത രീതി തന്നെയാണ് അദ്ദേഹത്തിന്റെ ഈ ജീവിതത്തിന്റെ ഏറ്റവും പ്രധാന അടിത്തറ.അരക്കയ്യൻ ജുബ്ബയും മുട്ടറ്റം നീളുന്ന മുണ്ടുമായിരുന്നു ശുഭ്ര വസ്ത്രധാരിയായ അദ്ദേഹത്തിന്റെ വേഷം.വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രിയുടെ മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ചു. പ്രധാനമന്ത്രിയും എഴുന്നേറ്റ് കൈകൂപ്പി തൊഴുതു. തുടർന്ന് രാഷ്ട്രപതിയുടെ അടുത്തെത്തി ഇതുതന്നെ ആവർത്തിച്ചുകൊണ്ടാണ് രാജ്യം തനിക്ക് നൽകിയ പത്മശ്രീ ആ യോഗി വര്യൻ ഏറ്റു വാങ്ങിയത്.

ബംഗ്ലാദേശിലെ സിലത്ത് ജില്ലയിൽ 1896 ഓഗസ്റ്റ് എട്ടിനാണ് ശിവാനന്ദ ജനിച്ചത്. ആറുവയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തുടർന്നുള്ള ജീവിതം തന്റെ ഗുരുവായ ഓകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തിൽ ചിലവഴിച്ചു. യോഗ അഭ്യസിച്ചതും അവിടെ നിന്നുമായിരുന്നു. അറുന്നൂറിലധികം കുഷ്ഠരോഗികൾക്ക് തന്റെ ജീവിതത്തിലൂടെ അദ്ദേഹം സാന്ത്വനമേകി. യോഗയ്ക്കും മാനുഷിക മൂല്യങ്ങൾക്കും സമർപ്പിക്കപ്പെട്ട ജീവിതമാണ് സ്വാമി ശിവാനന്ദയുടേത്. തന്റെ ജീവിതരീതികൊണ്ടുതന്നെ അദ്ദേഹം ഇക്കാര്യം തെളിയിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ ജീവിതം കാണുമ്പോൾ ഒന്നു അനുകരിച്ചാലോ എന്ന് തോന്നാമെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല.പുലർച്ചെ മൂന്ന് മണിക്ക് ഉണരുന്ന ശിവാനന്ദയുടെ ഭക്ഷണരീതികൾ തന്നെ അനുകരിക്കാൻ അൽപം പ്രായസമുള്ളതാണ്. എണ്ണയോ മസാലയോ ചേർത്ത ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. പാലും പഴവർഗങ്ങളും നിഷിദ്ധം. ചോറും ഡാൽ കറിയുമാണ് ആഹാരം. കൂടാതെ, ദിവസും രണ്ടോ മൂന്നോ പച്ചമുളകും നിർബന്ധമാണ്. ഈ ജീവിതരീതികൊണ്ടുതന്നെ ഒരു തരത്തിലുള്ള രോഗവും ശിവാനന്ദയെ തേടി വരാൻ ധൈര്യം കാണിച്ചിട്ടില്ല.

സ്വാമി ശിവാനന്ദയുടെ ജീവിതത്തിന് പ്രചാരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം തേടി ലോകത്തെമ്പാടുമുള്ള പ്രശസ്തരായ ഡോക്ടർമാർ ഗവേഷണങ്ങളിൽ മുഴുകി. യോഗയിൽ അധിഷ്ഠിതമായ ജീവിതവും ഭക്ഷണക്രമവും തന്നെയാണ് ഈ 125ആം വയസിലും ശിവാനന്ദയെ ഊർജസ്വലനായി മുന്നോട്ടു നയിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വാരണാസി, പുരി, ഹരിദ്വാർ തുടങ്ങിയ ഇടങ്ങളിലായി അധഃസ്ഥിതരെ സേവിക്കുന്ന ദൗത്യം അദ്ദേഹം പിന്തുടരുന്നു. ഇതാണ് ശിവാനന്ദയെ പത്മ പുരസ്‌കാരത്തിനർഹനാക്കിയത്. അമ്പത് വർഷത്തോളമായി പുരിയിലെ 600 ഓളം കുഷ്ഠരോഗ ബാധിതരായ ഭിക്ഷാടകർക്കായി സേവനം നടത്തുന്നുണ്ട്.