ലണ്ടൻ: യുദ്ധം ഭയന്ന് പഴങ്ങൾ സൂക്ഷിക്കുന്ന പെട്ടിയുടെ പലകകൊണ്ടുണ്ടാക്കിയ കൊച്ചു കട്ടിലിൽ കിടത്തി പഴംതുണികൊണ്ട് പൊതിഞ്ഞ് നാടുകടത്തിയ ബാലൻ പിന്നീട് വളർന്ന് വലുതായപോൾ നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ച് യുദ്ധത്തിലെ വീരനായകൻ ആകുന്ന ഒരു അപൂർവ്വ കഥയാണ് ഫിലിപ്പ് രാജകുമാരന്റെ ജീവിതം. ഗ്രീക്ക് രാജകുടുംബത്തിലെ ബാലൻ തികച്ചും ഒരു അനാഥനെ പോലെ ബ്രിട്ടനിലെത്തിച്ചേർന്ന ബാല്യത്തിന്റെ കറുത്തസ്മരണകളെ പക്ഷെ ഒരിക്കലും തന്റെ ജീവിതത്തെ വേട്ടയാടുവാൻ രാജകുമാരൻ അനുവദിച്ചിട്ടില്ല.

ബ്രിട്ടനിലെത്തി ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, സുന്ദരനും കായികതാരവുമായ 18 കാരനായ ഗ്രീക്ക് രാജകുമാരൻ 13 കാരിയായ ഒരു സുന്ദരി രാജകുമാരിയുടെ ഹൃദയം കവർന്നു. എന്നാൽ, യുദ്ധം വന്നതോടെ അവരുടെ പ്രണയത്തിന് താത്ക്കാലിക വിരാമമായി. പിന്നീട് ആഴ്‌ച്ചയിലാഴ്‌ച്ചയിൽ കത്തുകളിലൂടെയായിരുന്നു അവർ പ്രണയം പങ്കുവച്ചിരുന്നത്. തന്റെയും, ലോകത്തിന്റെ മുഴുവനും കഷ്ടപാടുകളൊക്കെ പ്രണയസ്മരണയിൽ മറക്കുന്നു എന്നെഴുതിയ ആ യോദ്ധാവ് പിന്നീട് വിവാഹദിനത്തിൽ തന്റെ കാമുകിയുടെ അമ്മയോട് പറഞ്ഞത് അവൾ മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ഏക യാഥാർത്ഥ്യം എന്നായിരുന്നു.

വിവാഹശേഷം തന്റെ പ്രണയകുസുമം രാജ്ഞിയായി സ്ഥാനാരോഹണം ചെയ്തപ്പോൾ, കാമുകിക്കും തനിക്കഭയം നൽകിയ ബ്രിട്ടനും പ്രാധാന്യം നൽകി, തന്റെ ജോലിയിൽ നിന്നും വിരമിച്ച് രാജ്ഞിക്ക് പൂർണ്ണപിന്തുണയേകുന്ന ജീവിതം നയിച്ചു. ഒന്നും രണ്ടുമല്ല, നീണ്ട 73 വർഷക്കാലം.

ഒരു മാനസികാരോഗാശുപത്രിയിലെ അന്തേവാസിനിയായ അമ്മ, പലപ്പോഴും കാണാൻ പോലുമാകാത്ത, നാടുകടത്തപ്പെട്ട പിതാവ്, ഇവർക്കിടയിൽ പല പല ബന്ധുക്കൾക്കൊപ്പമായിരുന്നു ഫിലിപ്പ് രാജകുമാരന്റെ ബാല്യകാലം. ഇത്രയധികം ദുരന്തങ്ങൾ നേരിടേണ്ടി വന്ന ബാലൻ പക്ഷെ അത്രയെളുപ്പം കീഴടങ്ങുന്നവൻ ആയിരുന്നില്ല. ആരോടും പരിഭവം പറയാതെ, എന്തിനധികം, വിധിയേപ്പോലും കുറ്റപ്പെടുത്താതെ ആ ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിക്കാൻ, ജന്മനാ ലഭിച്ച ആ നിശ്ചയദാർഢ്യം തന്നെ അധികമായിരുന്നു.

21 വയസ്സുള്ളപ്പോൾ റോയൽ നേവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് സ്തുത്യർഹമായ സേവനമായിരുന്നു കാഴ്‌ച്ചവച്ചത്. 1943-ജൂലായിൽ ശത്രുവിമാനത്തിന്റെ ഗതി തിരിച്ചുവിട്ട് എച്ച് എം എസ് വാലസ് എന്ന യുദ്ധക്കപ്പലിലുണ്ടായിരുന്ന അനേകം നാവികരുടെ ജീവൻ രക്ഷിച്ചതും അദ്ദേഹമായിരുന്നു.

ഗ്രീസിലേയും ഡെന്മാർക്കിലേയും രാജകുമാരനായിരുന്ന ആൻഡ്രൂ രാജകുമാരന്റെയും ബാറ്റെൻബെർഗ് രാജകുമാരി ആലിസിന്റെയും അഞ്ചാമത്തെ മകനായി 1921 ജൂൺ 10 നായിരുന്നു രാജകുമാരന്റെ ജനനം. നാല് സഹോദരിമാരാണ് അദ്ദേഹത്തിനുള്ളത്. ഗ്രീസ്, ഡെന്മാർക്ക്, റഷ്യ, പ്രഷ്യ എന്നീ രാജകുടുംബങ്ങളുടെ പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റെ അച്ഛനുണ്ടായിരുന്നതെങ്കിൽ വിക്ടോറിയ രാജ്ഞിയുടെ ചെറുമകളായിരുന്നു അദ്ദേഹത്തിന്റെ മുത്തശ്ശി. അങ്ങനെ എലിസബത്ത് രാജ്ഞിയുടെ മൂന്നാം കസിൻ കൂടിയാണ് ഇദ്ദേഹം.

ഗ്രീസിലെ രാജകുടുംബത്തിൽ അന്നത്തെ രാജാവ് കോൺസ്റ്റന്റൈൻ ഒന്നമനൊപ്പമയിരുന്നു ഇവരുടെ താമസം. എന്നാൽ ഗ്രീക്കിലുണ്ടായ രാഷ്ട്രീയ അസ്ഥിരതയും പട്ടാള വിപ്ലവവും രാജ്യം വിട്ടോടാൻ രാജാവിനെ നിർബന്ധിതനാക്കി. അന്ന് ഗ്രീക്ക് സൈന്യത്തിൽ ലെഫ്റ്റനന്റ് ജനറലായിരുന്ന ഫിലിപ്പിന്റെ പിതാവിനെ ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി സൈന്യത്തിൽ നിന്നും പുറത്താക്കി.

പഴപ്പെട്ടിയിൽ കിടത്തിയ കുഞ്ഞ് ഫിലിപ്പുമായി അവർ അവിടെനിന്നും രക്ഷപ്പെട്ട് ബ്രിട്ടീഷ് നാവിക കപ്പലായ എച്ച് എം എസ് കാലിപ്സോയിൽ എത്തിച്ചേർന്നു. അവിടെനിന്നും പാരീസിലെത്തിയ കുടുംബം ഫിലിപ്പിന്റെ അമ്മായി ജോർജ്ജ് രാജകുമാരിയുടെ വസതിയിൽ താമസമാരംഭിച്ചു. തികച്ചും അനാഥത്വം അസ്ഥിരതയും പേറിയതായിരുന്നു ഫിലിപ്പിന്റെ ബാല്യകാലം. സ്ഥിരമായി ഒരു വീടുപോലും ഉണ്ടായിരുന്നില്ല. എട്ടു വയസ്സുള്ളപ്പോൾ സറേയിലെ ചീം സ്‌കൂളിൽ ചേർത്തെങ്കിലും പിന്നീട് ജർമ്മനിയിലേക്ക് താമസം മാറ്റി.

അധികം താമസിയാതെ ബ്രിട്ടനിൽ തിരിച്ചെത്തിയ ഫിലിപ്പ് സ്‌കോട്ട്ലാൻഡിലെ ഒരു ബോർഡിങ് സ്‌കൂളിൽ വിദ്യാഭ്യാസം തുടർന്നു. മതാപിതാക്കളെ വിരളമായി മാത്രം കാണാൻ കഴിയുന്ന ഫിലിപ്പിന്റെ ബാല്യകാലം തികച്ചും ഒറ്റപ്പെട്ട ഒന്നായിരുന്നു. എന്നാൽ, തകർച്ചകളിലും ഒറ്റപ്പെടലുകളിലും തോൽക്കാൻ തയ്യാറാകാതെ കൊച്ചു ഫിലിപ്പ് മുന്നോട്ട് തന്നെ നീങ്ങി. സ്‌കൂളിൽ ഹോക്കി ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവൻ കൂടിയായ, ബ്രിട്ടനിലെ എക്കാലത്തേയും മികച്ച നാവികൻ മൗണ്ട്ബാറ്റൻ പ്രഭു ഫിലിപ്പ് രാജകുമാരന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി.

സ്‌കൂൾ പഠനത്തിനു ശേഷം ബ്രിട്ടാനിയ റോയൽ നേവൽ കോളേജിൽ ചേർന്നുകൊണ്ടാണ് ഫിലിപ്പ് രാജകുമാരൻ തന്റെ നാവിക ജീവിതം ആരംഭിക്കുന്നത്. അവിടെനിന്നും ബെസ്റ്റ് കേഡറ്റ് എന്ന അവാർഡ് നേടിയാണ് അദ്ദേഹം പഠിച്ചിറങ്ങുന്നത്. പ്രശസ്തമായ രീതിയിൽ അദ്ദേഹം നാവിക സേവനം നടത്തി. ലോകമഹായുദ്ധത്തിൽ ജർമ്മൻ, ഇറ്റാലിയൻ, ജപ്പാൻ ശക്തികൾക്കെതിരെ അവിസ്മരണീയമായ പോരാട്ടം കാഴ്‌ച്ചവച്ചു. യുദ്ധാനന്ത്രരം ഗ്രീക്ക് വാർ ക്രോസ്സ് ഓഫ് വാലർ ബഹുമതി അദ്ദേഹത്തിന് ലഭിച്ചു.

1943 ലായിരുന്നു അദ്ദേഹം എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടുന്നത്. പിന്നീട് യുദ്ധമുഖത്തേക്ക് തിരിച്ചുപോയ ഇവർ തമ്മിൽ എഴുത്തുകളിലൂടെയായിരുന്നു സംവേദിച്ചിരുന്നത്. കാര്യമറിഞ്ഞ രാജാവിന് വിവാഹത്തിന് സമ്മതമായിരുന്നു, എന്നാൽ എലിസബത്തിന് 21 വയസ്സാകുന്നതുവരെ കാത്തിരിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. 26-)0 വയസ്സിൽ വിവാഹിതനാകുമ്പോൾ ഫിലിപ്പിന് തന്റെ ഭൂതകാലം മുഴുവനുമായും നഷ്ടപ്പെട്ടിരുന്നു.

1944-ൽ ചൂതുകളിച്ച് വരുത്തിയ ഭീമൻ കടങ്ങളുമായി അദ്ദേഹത്തിന്റെ പിതാവും മരണമടഞ്ഞു. വീട്, പേര്, പൗരത്വം , ഇടവക അങ്ങനെ കുട്ടിക്കാലവുമായി ബന്ധിപ്പിക്കുന്ന എല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാവികസേനയിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് മരണം വരെയും എലിസബത്ത് രാജ്ഞിക്ക് താങ്ങായും തണലായും നിന്നു.