ഭോപ്പാൽ: വഴിയരികിൽ കാറു നിർത്തി ഗ്രാമീണരോട് കുശലം പറയുന്ന മുഖ്യമന്ത്രി. ലാളിത്യത്തിന്റെ പ്രതീകമായ ചിരിക്കുന്ന നേതാക്കളിൽ ഒരാൾ. പടിയറങ്ങുന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ്ങ് ചൗഹാനെകുറിച്ച് അഞ്ചുവർഷം മുമ്പുവരെ എല്ലാവർക്കും നല്ലതെ പറയാനുണ്ടായിരുന്നുള്ളൂ.ചൗഹാന്റെ ഇമേജ് തന്നെയായിരുന്നു ഒരുകാലത്ത് മധ്യപ്രദേശിൽ ബിജെപിയുടെ മുതൽക്കൂട്ടും. പക്ഷേ ഭരണത്തിന്റെ അവസാനനാളുകളിൽ ഒന്നൊന്നായി അഴിമതികഥകൾ പുറത്തുവന്നതും, പാർട്ടിയിലെ ഗ്രൂപ്പിസവും, രൂക്ഷമായ കർഷക-ആദിവാസി രോഷവും ഈ നേതാവിന്റെ അടിതെറ്റിച്ചു.

തീർത്തും പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽനിന്ന് പടിപടിയായി ഉയർന്നുവന്ന് സംസ്ഥാന മുഖ്യമന്ത്രി പദം വരെ എത്തിയ വ്യക്തിയാണ് ശിവരാജ്.മധ്യപ്രദശിലെ ജാട്ട് ഗ്രാമമായ സെഷോറിൽ ജനിച്ച ഇദ്ദേഹത്തിന് പഠനത്തിലെ മിടുക്കാണ് തുണയായത്. സ്‌കൂൾതലത്തിൽ തന്നെ സംഘപരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചൗഹാൻ അതേപാതയിലുടെയാണ് ആർഎസ്എസിൽ എത്തുന്നത്. എം എ ഫിലോസഫി സ്വർണ്ണമെഡലോടെ പാസ്സായ ഈ യുവനേതാവിനെ അപ്പോഴേക്കും ബിജെപിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭോപ്പാൽ ജയിലിൽ കിടന്ന അനുഭവവും ഇദ്ദേഹത്തിനുണ്ട്.

91ൽ ബുധനിയിൽ നിന്ന് എംപിയായ അദ്ദേഹം പിന്നീട് തുടർച്ചയായ നാലുവർഷവും മണ്ഡലം കാത്തു. മികച്ച പാർലിമെന്റേറിയൻ എന്ന പേരും പിന്നീട് മുഖ്യമന്ത്രി പദത്തിലേക്ക് ചൗഹാന് കൂട്ടായി. ബിജെപിയിലെ ആഭ്യന്തരപ്രശന്ങ്ങളെ തുടർന്ന് 2005ൽ മുഖ്യമന്ത്രിയാവു്മ്പോൾ കടുത്ത അദ്വാനി പക്ഷക്കാരനായിരുന്നു ചൗഹാൻ. ബുധനിയിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ മുപ്പത്തി ആറായിരത്തിൽ പരം വോട്ടിനാണ് ആദ്യഘട്ടത്തിൽ അദ്ദേഹം ജയിച്ചു കയറിയത്. 2008ലും വൻഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. ഈ ഭരണത്തിൽ അടിസ്ഥാനമേഖലയിലെ ഇടപെടലാണ് ചൗഹാന് കീർത്തിനേടികൊടുത്തത്.

അദ്വാനിയുടെ അടിയുറച്ച പിന്തുണ അക്കാലത്ത് ചൗഹാനുണ്ടായിരുന്നു. ഒരുവേള മോദിക്ക് ബദലായി അദ്വാനി പക്ഷം ചൗഹാനെ ഉയർത്തിക്കാട്ടുകയും ചെയതു. മോദിയുമായി നിശ്ചിത അകലം എക്കാലവും പാലിച്ചിരുന്ന ചൗഹാൻ കഴിഞ്ഞതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ മോദി ഭരണത്തെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നതും വിവാനമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ അടവുകളും പിഴച്ചതോടെ അദ്ദേഹം മോദിയെ സ്തുതിപാടുകയും ചെയ്തു.

ദൈവം ഇന്ത്യയ്ക്ക് നൽകിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ചൗഹാന്റെ ഇലക്ഷൻ കാമ്പയിനിടെ അഭിപ്രായപ്പെട്ടത്. നാശോന്മുഖമായ കോൺഗ്രസ് പാർട്ടി ബിജെപിക്ക് ഒരു ശക്തമായ എതിർപക്ഷമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയിൽ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല. പൊതുജനങ്ങളുടെ പുരോഗതിയും ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.' - ചൗഹാൻ വ്യക്താമാക്കി.കോൺഗ്രസ് രാജാക്കന്മാരുടെയും വ്യവസായികളുടെയും പാർട്ടിയാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും കമൽനാഥിനെയും പരോക്ഷമായി ലക്ഷ്യംവച്ച് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനാവില്ല. ജനങ്ങളെ പ്രജകളായി കാണുന്ന രാജാക്കന്മാർ മാത്രമാണ് അവർ. മധ്യപ്രദേശിലെ ജനങ്ങൾ തന്നെ സഹോദരനായോ അമ്മാവനായോ ആണ് കണക്കാക്കുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ചൗഹാന്റെ ഈ ആത്മവിശ്വാസമൊക്കെ ജനരോഷത്തിൽ തട്ടി ഇല്ലാതാവുകയായിരുന്നു.

വില്ലനായി ജാതിസമവാക്യങ്ങളും കർഷക രോഷം

മുന്നോക്ക പിന്നോക വിഭാഗങ്ങളുടെ വോട്ടുകൾ സമർഥമായി കൂട്ടിക്കെട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ആ ബാലൻസ് തെറ്റിയതും ബിജെപിക്ക് കടുത്ത ആഘാതമായി. ജാതി വ്യവസ്ഥകൾ നിർണായക സ്വാധീനം ചെലുത്തുന്ന മധ്യപ്രദേശ് പോലൊരു സംസ്ഥാനത്ത്, പാർലമെന്റിൽ ജൂലൈയിൽ ഭേദഗതി ചെയ്യപ്പെട്ട പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡന നിയമം തകർത്തത് ഈ സമവാക്യമായിരുന്നു. ഈ നിയമ ഭേദഗതിക്കെതിരേ സെപ്റ്റംബറിൽ സംസ്ഥാനത്തെ ഒട്ടേറെ ജില്ലകളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മേൽതട്ട വിഭാഗക്കാരുടെ പുതിയ സംഘടനയായ സപാക്സ്, രജപുത്കർണി സേന തുടങ്ങിയവർ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. വർഷങ്ങളായി ബിജെപിയെ പിന്തുണച്ചുവരുന്ന ഇത്തരം മേൽത്തട്ട് വിഭാഗക്കാരുടെ വേട്ട് ഇത്തവണ മലക്കം മറിഞ്ഞു.ആദിവാസികൾക്കിടയിൽ 2003-നു ശേഷം ബിജെപി നേടിയ സ്വാധീനം ഇത്തവണ ഇടിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് കോൺഗ്രസിനുണ്ടായിരുന്ന ആധിപത്യമാണ് പിന്നീട് ബിജെപി പിടിച്ചെടുത്തത്. എന്നാൽ ഇന്ന് ആദിവാസി സമൂഹം ഏറെ അസ്വസ്ഥരും ബിജെപി വിരുദ്ധരായി.

സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനവും കർഷകരാണ്. വർക്കിങ് പോപ്പുലേഷനിൽ 83 ശതമാവും. രാജ്യത്തെ കാർഷിക മേഖലാ വളർച്ചയിൽ മുമ്പന്തിയിൽ നിൽക്കുന്നതും മധ്യപ്രദേശ് തന്നെ. കാർഷിക മേഖലയുടെ വളർച്ചയിലും മറ്റും കിസാൻപുത്ര ആയ ശിവാരാജ് ചൗഹാൻ ഏറെ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും 2003 മുതൽ പതിനായിരത്തിലധികം കർഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത് എന്നതും ഒരു സത്യമാണ്. വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ മൻസോർ ജില്ലയിൽ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസ് വെടിവയ്പിൽ ആറു പേർ കൊല്ലപ്പെടുകയും ചെയ്തത് പ്രശ്നങ്ങൾ രൂക്ഷമാക്കി.

എന്നാൽ ഈ സാഹചര്യം മുതലെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിനായി. കർഷകരുടെ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കാൻ ഈ വർഷം ആറിന് മൻസോറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കുകയും ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക ഇലക്ഷൻ പ്രചാരണത്തിന് ഇതായിരുന്നു തുടക്കം.2015-16 കാലഘട്ടങ്ങളിൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 40ശശതമാനവും ഉൾമേഖലകളിൽ 44 ശതമാനവുമായിരുന്നു. സംസ്ഥാനത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 43 ശതമാനവും.

അടിതെറ്റിയത് അഴിമതിയിൽ

നിരവധിപേർ കൊല്ലപ്പെട്ട വ്യാപം അഴിമതിപോലുള്ളവ ചൗഹാന്റെ ഇമേജ് പൂർണ്ണമായും തകർത്തു.വ്യാപം അഴിമതി തന്റെ ജീവൻപോലും അപകടത്തിലാക്കിയിരിക്കുകയാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാഭാരതി ഒരിക്കൽ രംഗത്തെത്തിയിരുന്നു. ചോദ്യക്കടലാസ് ചോർത്തിക്കൊടുക്കൽ, ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതിക്കൽ, ഉത്തരക്കടലാസ് മാറ്റിവെയ്ക്കൽ തുടങ്ങിയ പലതരം തട്ടിപ്പുകളിലൂടെ രണ്ടായിരം കോടിയോളം രൂപയുടെ അഴിമതിനടന്ന മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡൽ (വ്യാപം) കുംഭകോണം രാജ്യം കണ്ട ഏറ്റവും വിപുലവും ഭീകരവുമായിമാറി. തുടർച്ചയായ ദുരൂഹമരണങ്ങൾ ഈ കേസ്സിന്റെ നടുക്കം കൂട്ടുന്നു. വ്യാപം കുംഭകോണത്തിലൂടെ നിയമനം ലഭിച്ച വനിതാ സബ്ഇൻസ്‌പെക്ടർ അനാമിക ശികർവാർ എന്ന 25-കാരിയാണ് ഏറ്റവുമൊടുവിൽ മരിച്ചത്. പരിശീലനകേന്ദ്രത്തിനടുത്തുള്ള കുളത്തിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

76 ലക്ഷത്തോളം വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ട സംഭവം ശിവ്രാജ് സിങ് ചൗഹാൻ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാവില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത്. 2009-ൽ പ്രാഥമികാന്വേഷണം തുടങ്ങിയത് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ്. അന്വേഷണത്തിന് 2009 ഡിസംബറിൽ സമിതിക്ക് രൂപം കൊടുത്തെങ്കിലും 13 മാസത്തിനുശേഷമാണ് യോഗം ചേർന്നത്. റിപ്പോർട്ട് കൊടുത്തത് രണ്ടു വർഷത്തിനു ശേഷവും. 2011 മേയിൽ രൂപം കൊടുത്ത രണ്ടാം സമിതി രണ്ടരവർഷത്തിനുശേഷം നൽകിയ റിപ്പോർട്ട് പുറംലോകംകണ്ടിട്ടില്ല. രാഹുൽഗാദ്ധിയും ജോതിരാദിത്യസിന്ധ്യയുമടക്കമുള്ള നേതാക്കൾ ഇവയെല്ലാം ശക്തമായി പ്രചരിപ്പിച്ച ചൗഹാൻ പ്രതിക്കൂട്ടിലാവുകയായിരുന്നു.