നായകൻ ആയിരുന്നവർ പൊടുന്നനെ വില്ലന്മാർ ആവുകയും, കൊടിയ വില്ലന്മാർ കൊമേഡിയന്മാർ ആവുകയും ചെയ്യാറുള്ളത് സിനിമയിൽ മാത്രമല്ല. ജീവിതത്തിലും പലപ്പോഴും അത് അങ്ങനെയാണ്. ഓർമ്മയില്ലേ, 2016ൽ മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസർക്ക് കേരളം കൈയടിച്ചത്. പാപ്പാത്തിച്ചോലയിലെ 'കുരിശുകൃഷി' തടഞ്ഞപ്പോഴൊക്കെ, അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ഒരു യുവ ഹീറോയുടെ പ്രതിഛായ ആയിരുന്നു ഈ മനുഷ്യൻ ഉണ്ടാക്കിയെടുത്ത്. കട്ടത്താടിയും വച്ച് ബുള്ളറ്റുമോടിച്ച് നടക്കാറുള്ള ദേവികുളം സബ് കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, കേരളത്തിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

വെള്ളിത്തിരയിൽ കൈയടി നേടിയ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനും, ഭരത് ചന്ദ്രൻ ഐപിഎസിനുമൊക്കെ ഒപ്പമായി ആരാധകരുടെ മനസിൽ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനം. സിനിമകളെയും പുസ്തകങ്ങളെയും യാത്രകളെയും പ്രണയിക്കുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന് കേരളത്തിൽ ആരാധകർ ഏറി. ലൈഫ് സ്റ്റെൽ മാഗസിനുകളും, സെലിബ്രിറ്റി വ്ളോഗർമാരും അദ്ദേഹത്തിന്റെ ജീവിത കഥ വാഴ്‌ത്തിപ്പാടി. മോട്ടിവേഷൻ സ്പീക്കർ, യൂത്ത് ഐക്കൺ എന്ന നിലയിലൊക്കെ, കേരളത്തിലെ കാമ്പസുകളിൽ ശ്രീറാം ക്ഷണിക്കപ്പെട്ടകാലം. ഒരു സിനിമാ നടന് കിട്ടുന്ന സ്വീകാര്യതയായിരുന്നു, അവിടെയൊക്കെ അയാൾക്ക് കിട്ടിയത്.

പക്ഷേ ഇന്ന് അതേ ശ്രീറാം വെങ്കിട്ടരാമൻ, ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേൽക്കുമ്പോൾ, കരിങ്കൊടി പ്രകടനമാണ് നടന്നത്. സ്വന്തം ഫേസ്‌ബുക്ക് പേജിന്റെ കമന്റ്ബോക്സ് ഓണാക്കാനുള്ള ധൈര്യം പോലും ഈ കലക്ടർക്കില്ല. യൂത്ത് ഐക്കണിനിൽനിന്ന് ലൂസിഫറിലേക്ക് അയാൾ മാറിക്കഴിഞ്ഞു. കെ എം ബഷീർ എന്ന പാവം മാധ്യമ പ്രവർത്തകനെ, മദ്യപിച്ച് മദോന്മ്മത്തനായി, അമിതവേഗതയിൽ വാഹനമോടിച്ച് ശ്രീറാം, അരച്ച് കളഞ്ഞത് ആർക്കും മറക്കാനാവില്ല. വിചാരണ നടക്കുന്നതിനിടെയാണ്, കലക്ടർ പദവി ശ്രീറാമിനെ തേടിയെത്തുന്നത്. ഒരു കാലത്തെ അഴിമതിവിരുദ്ധ പോരാളി ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ എടുത്ത കള്ളക്കളികൾ നാണിപ്പിക്കുന്നതാണ്.

രണ്ടാം റാങ്കോടെ സിവിൽ സർവീസിലേക്ക്

സുവോളജി പ്രൊഫസറായ ഡോ. പി ആർ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂർത്തിയുടെയും മകനായി 1986 നവംബർ 28ന് എറണാകുളത്തെ പനമ്പിള്ളിനഗറിൽ ഒരു ബ്രാഹ്മണ കൂടുംബത്തിലാണ് ശ്രീറാമിന്റെ ജനനം. ചെറുപ്പത്തിലേ പഠിക്കാൻ മിടുമിടുക്കനായിരുന്നു. നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770ാം റാങ്കോടെയാണ് ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. തുടർന്ന് എം ഡി പഠനത്തിനായി ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കൽ കോളേജിലും പഠിച്ചു. എന്നാൽ പഠനത്തിന്റെ പാതിവഴിയിൽ വച്ച് തന്നെ മെഡിക്കൽ മേഖലയല്ല, സിവിൽ സർവീസ് ആണ് തന്റെ കർമരംഗമെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നാണ് അയാൾ ഒരു അഭിമുഖത്തിൽ പറയുന്നത്. മെഡിക്കൽ ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി.

2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി. പ്രത്യേക പരിശീലത്തിന് പോവാതെ സിവിൽ സർവീസിൽ രണ്ടാം റാങ്ക് കിട്ടിയതും, അന്ന് അത്ഭുദമായിരുന്നു. ഇതേതുടർന്ന് നിരവധി മോട്ടിവേഷൻ സ്പീച്ചുകളിലും, കരിയർ ഓറിയൻഡഡ് ക്ലാസുകളിലമൊക്കെ ശ്രീറാം മുഖ്യാതിഥി ആയിരുന്നു. എല്ലാവരിൽനിന്നും വ്യത്യസ്തമായ നിർദ്ദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെത്. ഒരിക്കൽ വായനെയെക്കുറിച്ച് ശ്രീറാം പറഞ്ഞത് വൻ വിവാദമായി. ''വായന അതിരു കടന്ന ശീലമാണ്. ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറുകളായ മണിക്കൂറുകളൊക്കെ കളഞ്ഞു കളിക്കുന്നതിനേക്കാൾ എത്രയോ നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ചെയ്യാൻ കഴിയും' എന്നാണ് ശ്രീറാം പറഞ്ഞത്. ഇതിനെ വിമർശിച്ചും പരിഹസിച്ചും എൻഎസ് മാധവൻ അടക്കമുള്ള പ്രമുഖർ രംഗത്ത് എത്തി. സോഷ്യൽമീഡിയ കാടടച്ച് വിമർശനങ്ങൾ ഉതിർത്തു. പക്ഷെ അപ്പോഴും ഒരു പാട് പേർ ശ്രീറാമിനൊപ്പം നിന്ന്. ഇന്ന് അറിവ് ് സമ്പാദിക്കുന്നതിനുള്ള ഏക മാർഗം വായന മാത്രമല്ലെന്നും, കാലം മാറുന്നതിനൊപ്പം രീതികളും മാറണം എന്നും പലരും അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയിൽ അസിറ്റന്റ് കലക്ടറായി ആയിരുന്നു ആദ്യ പോസ്റ്റിങ്ങ്. ഇവിടെ ഒരു വർഷം ജോലിനോക്കി. തുടർന്ന് തിരുവല്ല ആർഡിഒ ആയി പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു. ഇതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ അറിയപ്പെടാൻ തുടങ്ങിയത്.

കുരിശ് എന്ത് പിഴച്ചുവെന്ന് പിണറായി

2016 ഒക്ടോബറിൽ മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങിയതോടെയാണ് ശ്രീറാം മാധ്യമങ്ങളുടെ തലക്കെട്ടുകളിലേക്ക് വരുന്നത്. ആര് എതിർത്താലും, എന്ത് സംഭവിച്ചാലും കൈയേറ്റ ഭൂമി ഒഴിപ്പിച്ചേ താൻ മടങ്ങൂ, എന്ന നിലപാട് പൊതുസമൂഹത്തിൽ കൈയടി നേടി. പാപ്പാത്തിച്ചോലയിൽ സ്പിരിച്ച്വൽ ടൂറിസത്തിന്റെ മറവിൽ നൂറിലേറെ ഏക്കർ ഭൂമിയാണ്, തൃശൂർ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കൈയേറി കുരിശ് സ്ഥാപിച്ചത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ കുരിശ് സ്ഥാപരിച്ച ഈ ഭൂമി ഒഴിപ്പിക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. രണ്ടു തവണ ഇതേ കാര്യത്തിന് റവന്യൂ അധികൃതർ ഇവിടെ എത്തിയെങ്കിലും അവരെ ഭൂമാഫിയ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഒടുവിൽ ശ്രീറാം എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോൾ, പാപ്പാത്തി ചോലയിലെ കോൺക്രീറ്റിൽ ഉറപ്പിച്ച കൂറ്റൻ കുരിശ് നിലംപൊത്തി. തുടർന്ന് കയ്യേറ്റഭൂമിയിലെ കുടിലുകൾ പൊളിച്ചു നീക്കപ്പെട്ടു.

ഈ സംഭവത്തിൽ പ്രദേശത്തെ രണ്ട് എംഎൽഎമാരും ഒരു എംപിയും ശ്രീറാമിനെതിരെ തിരിഞ്ഞു. അദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക യൂണിറ്റ് ആർഡിഒ ഓഫീസിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും അത്ഭുദകരമായിരുന്നു. കുരിശ് എന്തു പിഴച്ചുവെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ജീവൻ പണയം വെച്ച് കൈയേറ്റം ഒഴിപ്പിച്ച ജില്ലാ ഭരണകൂടത്തെ പിണറായി പരസ്യമായി ശാസിക്കയാണ് ചെയ്തത്.-''വലിയൊരു വിഭാഗം കുരിശിൽ വിശ്വസിക്കുന്നുണ്ട്. ഈ കുരിശ് എന്ത് പിഴച്ചു. അതിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സർക്കാർ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സർക്കാരിനു കുരിശുവഹിക്കാൻ താൽപര്യമില്ല. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നു.''- മുഖ്യമന്ത്രി ഇങ്ങനെയാണ് പ്രതികരിച്ചത്.

ഇതോടെ മൂന്നാറിൽ പണ്ട് കൈയേറ്റം ഒഴിപ്പിക്കാൻ പോയ വിഎസിന്റെ മൂന്ന് പൂച്ചകളുടെ അതേ ഗതി വന്നു ശ്രീറാമിനും. അയാൾ അവിടെ നിന്ന് തെറ്റിച്ചു. തുടർന്ന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായാണ് നിയമിച്ചു. ഈ ചുമതലയേറ്റതിനു പിന്നാലെയാണ് അപകടത്തിന്റെ രൂപത്തിൽ പുതിയ വിവാദം അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.

മദ്യലഹരിയിൽ അരച്ചുകളഞ്ഞ ജീവിതം

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. കുടിച്ചു കൂത്താടി അമിതവേഗത്തിൽ വണ്ടിയോടിച്ച ശ്രീറാം വെങ്കിട്ടരാനാണ് ബഷീറിനെ ഇടിച്ചിട്ടതെന്ന് സാക്ഷിമൊഴികളിൽനിന്ന് വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ, സ്‌കൂട്ടറിൽ ആശുപത്രിയൽ എത്തിക്കാനായിരുന്നു, ഒരു ഡോക്ടർ കൂടിയായ ശ്രീറാം ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടൽ ജീവനക്കാരനായ ജിത്തുവിനോടാണ് ബഷീറിനെ സ്‌കൂട്ടറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. ആക്ടിവ സ്‌കൂട്ടറിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന് ജിത്തു പറഞ്ഞു. ഈ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമുണ്ടാക്കിയപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കാറിൽ ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ മൊഴിയിലുണ്ട്. മദ്യത്തിന്റെ മണമുണ്ടായിരുന്നതിനാൽ ശ്രീറാമിനോട് പതുക്കെ പോകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വേഗത്തിലാണ് വണ്ടിയോടിച്ചതെന്നാണ് വഫ പറയുന്നത്.

വഫയുടെ മൊഴി ഇങ്ങനെ: എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാൻ ബഹറിനിൽനിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം സുഹൃത്താണ്. രാത്രി ഞാൻ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കൾക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ അപകടം നടന്ന ദിവസം രാത്രി പ്രതികരിച്ചു. വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാൻ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറിൽ വരാൻ പറഞ്ഞു. ഞാൻ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങി. കവടിയാർ പാർക്കിന്റെ ഭാഗത്തെത്തിയപ്പോൾ ശ്രീറാം ഫോണിലായിരുന്നു. ഫോൺ ചെയ്തശേഷം കാറിൽ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോൾ ഞാൻ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങൾക്ക് വാഹനം ഓടിക്കണമെങ്കിൽ ആകാമെന്നു ഞാനും പറഞ്ഞു. ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാൻ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്.

സിഗ്നൽ ലൈറ്റില്ലാത്തതിനാൽ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാൻ ഞാൻ പല പ്രാവശ്യം പറഞ്ഞു. എന്നാൽ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുള്ള വഴിയിൽ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. തങ്ങളുടെ കാർ വളരെ വേഗത്തിലായിരുന്നതിനാൽ ബൈക്കിനെ ഇടിച്ചു. വളയ്ക്കാൻ ശ്രമിച്ചുവെങ്കിലും കാർ ബൈക്കിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ബൈക്കും കാറും കൂടിയാണ് മതിലിൽ ഇടിച്ചത്. ഉടൻ ശ്രീറാമുമായി പുറത്തേക്കിറങ്ങി. ഡോർ തുറക്കാൻ പാടായിരുന്നുവെങ്കിലും വലിച്ചു തുറന്നു. എയർബാഗ് ഓപ്പൺ ആയിരുന്നു. ശ്രീറാം അപകടത്തിൽ പെട്ടയാളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടുവന്നു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല. പൊലീസ് വന്നു. എന്നോട് വീട്ടിൽ പോകാൻ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടിൽപോയി 2 മണി ആയപ്പോൾ ഞാൻ സ്റ്റേഷനിൽ തിരിച്ചുവന്നു. കാർ ഞാൻ ഓടിച്ചിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാർ ഓടിച്ചിരുന്നത്''- ഇങ്ങനെയാണ് വഫ മറുപടി നൽകിയത്.

അട്ടിമറി നീക്കം തുടക്കം മുതൽ

ഐഎസിന്റെ പ്രിവിലേജ് വെച്ച്, കേസ് അട്ടിമറിക്കാനും ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാമുള്ള നീക്കങ്ങളാണ് തുടക്കംമുതൽ നടന്നത്. അപകടം നടന്ന് ഉടൻ തന്നെ ശ്രീറാമിന്റെ വൈദ്യ പരിശോധന നടന്നില്ല. ഒൻപത് മണിക്കൂറിന് ശേഷം ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് രാസപരിശോധനയിൽ കണ്ടെത്തിയത്.

ദേഹപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതായി ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ക്രൈംനമ്പർ ഇടാതെയാണ് ശ്രീറാമിനെ ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രൈംനമ്പർ ഇല്ലാതിരുന്നതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടത്. കൈയ്ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാം ഡോക്ടറോട് ഉടൻ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് പോകാതെ ശ്രീറാം സുഹൃത്തായ ഡോക്ടർ ശ്രീജിത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോയി. അവിടെ എത്തിയ ശ്രീറാമിനെ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയില്ല. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറഞ്ഞ ശേഷം രക്ത പരിശോധന നടത്തി തെളിവ് നശിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും സുഹൃത്ത് വഫാ ഫിറോസിനെ രണ്ടാം പ്രതിയാക്കിയുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ശ്രീറാമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. ഇതിന് 10വർഷം വരെ തടവുശിക്ഷ ലഭിക്കാം. വഫയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പിലെ 184, 185, 188 എന്നീ വകുപ്പുകൾ ചുമത്തി. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതാണ് കുറ്റം. ആറുമാസത്തെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. വഫ തുടർച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാൽ ശിക്ഷ രണ്ടുവർഷം വരെ ഉയരാം. പക്ഷേ കേസ് അന്തമായി നീളുകയാണ്.

ഒപ്പം വ്യാജ മറവി രോഗവും

ശ്രീറാമിന് അപൂർവമായ മറവിരോഗം ബാധിച്ചെന്നാണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തിയത്. ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചെന്നാണ് പറയുന്നത്. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിത്. സംഭവത്തെ കുറിച്ച് എന്നെന്നേക്കുമായി മറന്നുപോവാനോ സമ്മർദ്ദം ഒഴിയുമ്പോൾ സാവധാനം ഓർത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. എന്നാൽ നിയമനടപടികളിൽ നിന്ന് രക്ഷപെടാനുള്ള ശ്രീറാമിന്റെ തന്ത്രമായിരുന്നു ഇതെന്ന് ആരോപണം ഉയർന്നു.

അപകടത്തിനു ശേഷം ബഷീറിനെ താങ്ങിയെടുത്ത് റോഡിലെത്തിച്ചതും വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചതും ശ്രീറാമായിരുന്നു. ഈ സമയത്തൊന്നും അയാൾക്ക ഒരു മറവി രോഗവും ഉണ്ടായിരുന്നില്ല. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കബളിപ്പിച്ച് സ്വകാര്യാശുപത്രിയിലേക്ക് കടന്നുകളയുകയും ചെയ്തു. നിയമനടപടികളിൽ നിന്ന് രക്ഷപെടാൻ രക്തപരിശോധനയ്ക്കും വിരലടയാളമെടുക്കാനും ശ്രീറാം വിസമ്മതിച്ചതും, ഇതേസമയം തന്നെ വക്കാലത്ത് ഒപ്പിട്ടു നൽകിയതും പൂർണബോധത്തോടെയായിരുന്നു. മറവിരോഗമുണ്ടായാൽ ഐഎഎസ് ഉദ്യോഗസ്ഥന്റെ ജോലിക്ക് ശ്രീറാം അയോഗ്യനാവാം. ഇതൊഴിവാക്കാൻ മറവിരോഗം താത്കാലികമാണെന്നാണ് പറയുന്നത്. മെഡിക്കൽ ബോർഡിലുള്ള ശ്രീറാമിന്റെ സുഹൃത്തായ ഡോക്ടറായിരുന്നു മറവിരോഗമെന്ന കള്ളക്കളിക്ക് പിന്നിലെന്നാണ് മാധ്യമ പ്രവർത്തകർ ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്‌പി ഷാനവാസാണ് 65 പേജുള്ള കുറ്റപത്രം ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ സമർപ്പിച്ചത്. 50 കിലോമീറ്രർ വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡിൽ 100 കിലോമീറ്രറിലേറെ വേഗതയിൽ അലക്ഷ്യമായും അപകടകരമായും ശ്രീറാം വാഹനമോടിച്ചു. സഹയാത്രികയും സുഹൃത്തുമായ വഫ ഇതിന് ശ്രീറാമിനെ പ്രേരിപ്പിച്ചു. ഇങ്ങനെയാണ് കേസ് മുന്നോട്ടുപോകുന്നത്.

എന്നാൽ കേസ് സുഹൃത്ത് വഫ ഫിറോസിന്റെ പിരടിക്ക് ഇട്ട് രക്ഷപ്പെടാനാണ് ശ്രീറാം ശ്രമിച്ചത്. വഫയാണ് വാഹനം ഓടിച്ചതെന്ന് വരുത്താൻ ശ്രീറാം ശ്രമിച്ചു. വഫ ഓടിച്ച വാഹനത്തിന്റെ ഇടതുവശം ഇരുന്നതിനാലാണ് തനിക്ക് മുറിവുകൾ സംഭവിച്ചതെന്നാണ് ശ്രീറാം ഡോക്ടർമാരോട് പറഞ്ഞിരുന്നത്.

എല്ലാം നഷ്ടപ്പെട്ട് വഫ

പക്ഷേ ഈ കേസിൽ ശ്രീറാം വെങ്കിട്ടരാമനേക്കാൾ കുപ്രസിദ്ധി കിട്ടിയത് കൂടെയുണ്ടായിരുന്നു വഫ ഫിറോസ് എന്ന യുവതിക്കാണ്. നിറം പിടിപ്പിച്ച കഥകളാണ് ഇവരെ കുറിച്ച് അന്നുമുതൽ പ്രചരിച്ചത്. സാമൂഹിക മാധ്യമമായ ടിക് ടോക്കിൽ അമ്പതിനായിരം സ്ഥിരം കാഴ്ചക്കാരുള്ളയാളായിരുന്നു വഫ . ശ്രീറാമുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവർക്ക്. പാതിരാത്രിയിൽ ശ്രീറാം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ കാറുമായി മദ്യപിച്ച് ലക്കുകെട്ട അയാളെ കൂട്ടാൻ പോയത്.

ആ ഒറ്റ രാത്രികൊണ്ട് വഫ ഫിറോസ് എന്ന യുവതി വിവാദ നായികയായി.അപകടം നടന്ന ദിവസം അതിരാവിലെ മുതൽതന്നെ ആരാണ് വഫ എന്നുള്ള തിരച്ചിലുകൾ ആരംഭിച്ചതായി ഗൂഗിൾ ട്രെൻഡ് ഫലങ്ങൾ കാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് അന്ന് വഫയെ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്. യുഎഇ ആയിരുന്നു തിരച്ചിലിൽ ഒന്നാമത്. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. ആറാം സ്ഥാനത്ത് ഇന്ത്യയാണ്.

വഫ ഫിറോസ് മോഡൽ, വഫ മോഡൽ, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡൽ ഫോട്ടോസ് എന്നിങ്ങനെ നീളുന്നു തിരച്ചിൽ കീവേഡുകൾ. ഫേസ്‌ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവർ നിരവധി. തിരച്ചിലിൽ കിട്ടിയ ചിത്രങ്ങളെടുത്ത് വഫ ഫിറോസിന്റേത് എന്ന് വ്യാജമായി പ്രചരിപ്പിച്ച വിരുതന്മാരും അന്ന് കുറവല്ല.

അങ്ങനെ പുതിയ വിവാദങ്ങളായി കാലം കുറേ കഴിഞ്ഞു. വഫ ജയിലിലും കിടന്നു. ഒടുവിൽ ശ്രീറാമും അവരെ കൈവിട്ടു. ഭർത്താവും ഡിവോഴ്‌സ് ചെയ്തു. ശ്രീറാം വെങ്കിട്ടരമാൻ എല്ലാ ആരോപണങ്ങളിൽനിന്നും പുല്ലുപോലെ രക്ഷപ്പെട്ടപ്പോൾ, മദ്യപാനി, അഹങ്കാരി, താന്തോന്നി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകളാണ് വഫക്ക് കിട്ടിയത്കെ. എം ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയിരുന്നു. വഫ അന്ന് ശ്രീറാമിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കയാണ്.-''ഞാനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവർ ഇല്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങൾ അതേപോലെ പറഞ്ഞ വ്യക്തിയാണ് ഞാൻ. എനിക്കെന്താണ് നാളെ സംഭവിക്കുക എന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു''- പഴയ വീഡിയോയിൽ വഫ പറയുന്നു.

ശ്രീറാം തന്റെ സഹൃത്ത് മാത്രമാണെന്നാണ് വഫ പറയുന്നത്. പക്ഷേ അവളുടെ വിശദീകരണങ്ങൾ ഒന്നും ആരും ചെവിക്കൊണ്ടില്ല. പുരുഷനെന്നും ഐഎഎസുകാരനെന്നുമുള്ള പ്രിവിലേജ്വെച്ച് ശ്രീറാം എല്ലാ രീതിയിലും ഉയരുമ്പോൾ, എല്ലാ നഷ്ടങ്ങളും വ്യക്തിഹത്യകളും അനുഭവിക്കേണ്ടി വന്നത് വഫക്ക് മാത്രമാണ്. പാതിരാത്രി തനിക്ക്വേണ്ടി ഇറങ്ങിന്ന വന്ന യുവതിയുടെ പേരിലേക്ക് കേസ് മാറ്റി തടിയൂരാൻ ശ്രമിക്കുന്ന ഒരാൾ എത്രമാത്രം അപകടകാരിയാണെന്ന് വ്യക്തമാണ്.

കൊലക്കേസ് പ്രതി ജില്ലാ മജിസ്ട്രേറ്റ്?

വഫ പറഞ്ഞുപോലെ ആയിരുന്നു കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. വൈകാതെ സസ്പെൻഷൻ റദ്ദായി, ശ്രീറാം സർവീസിൽ തിരിച്ചെത്തി. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ കോർപ്പറേഷൻ എംഡിയുമായി. വഫയുടെ കുടുംബജീവിതം തകർന്നപ്പോൾ, ശ്രീറാമിന്റെ വിവാഹിതനായി. ഏതാനും മാസങ്ങൾക്ക് മുമ്പാണ്, ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസും ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണുരാജ് ഐഎസഎസും വിവാഹിതരായത്. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറയി പ്രവർത്തിക്കവെയാണ് സിവിൽ സർവീസ് നേടുന്നത്. അടുത്തടുത്ത വർഷങ്ങളിലാണ് ഇരുവരും ഐഎഎസ് നേടിയത്. ശ്രീറാം വെങ്കിട്ടരാമൻ 2013ലും രേണുരാജ് 2014ലും. ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചത് വാർത്തയായിരുന്നു. ഇപ്പോൾ രേണുരാജിൽനിന്നാണ് ശ്രീറാം ചുമതലലേറ്റത്. ആലപ്പുഴ ജില്ലാ കലക്ടർ രേണു രാജിനെ എറണാകുളം ജില്ലാ കലക്ടർ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴക്ക് മാറ്റിയത്.

ശ്രീറാമിന്റെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം ഇങ്ങനെയായിരുന്നു- 'സസ്‌പെൻഷനിലായാലും ശ്രീറാമിന് ശമ്പളം നൽകണം. വെറുതെ ശമ്പളം വാങ്ങേണ്ട. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.''പക്ഷേ മുഖ്യമന്ത്രി പറഞ്ഞപോലെ അത്ര ലളിതമാണോ കാര്യങ്ങൾ. ഒരു സാധാരണക്കാരനാണ് മദ്യലഹരിയിൽ ഇതുപോലെ ഒരു അപകടം ഉണ്ടാക്കിയതെങ്കിൽ അയാളുടെ അവസ്ഥ എന്താകുമായിരുന്നു. അതുപോലെ തുടക്കം മുതൽ വൈദ്യപരിശോധനപോലും നടത്താതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതും നാം കണ്ടു. ഈ രീതിയിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒരു മനുഷ്യന് എങ്ങനെയാണ് ഒരു ജില്ലയുടെ നിയമവാഴ്ച ഉറപ്പുവരുത്താൻ കഴിയുക. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലകൂടി ഉള്ള ആളല്ലേ ജില്ലാ കലക്ടർ.

മരിച്ച ബഷീറിന്റെ കുടുംബവും, മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കളും ചോദിക്കുന്നത്, അതുതന്നെയാണ്. വെറുമൊരു ആക്സിഡന്റ് അല്ല ബഷീറിന സംഭവിച്ചത്. മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ചുണ്ടായ കൊലയാണ് അത്. എത്ര വെളുപ്പിച്ചാലും ശ്രീറാം കൊലയാളി ആവാതിരിക്കുന്നില്ല. ഈ രാജ്യത്ത് പണവും പദവിയും ഉണ്ടെങ്കിൽ ആർക്കും ഏത് കേസ് അട്ടിമറിക്കാം എന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് ഈ സംഭവം.

വാൽക്കഷ്ണം: കെ എം ബഷീർ കാന്തപുരം സുന്നി വിഭാഗം നടത്തുന്ന സിറാജ് പത്രത്തിന്റെ പ്രതിനിധി ആയിരുന്നു. അതുകൊണ്ട് ശ്രീറാമിനെ നിയമിച്ചതിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തി, കാന്തപുരം സുന്നികൾ നടത്തുന്ന ഒരു പ്രകടനം ഇപ്പോൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'തിരിച്ചിറക്കും, തിരിച്ചിറിക്കും' എന്ന് പറഞ്ഞുകൊണ്ട്. ബഷീറിന്റെ മരണം സുന്നികളുടെ മാത്രം പ്രശ്നമല്ല. വിശാലമായ മനുഷ്യാവകാശത്തിന്റെയു നീതിനിഷേധത്തിന്റെയും വിഷയമാണ്. ഇത്തരം മത ഗിമ്മിക്കുകൾ ആന്ത്യന്തികമായി ശ്രീറാമിന് തന്നെയാണ് ഗുണം ചെയ്യുക.