തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്തു കണ്ടെത്തിയ വിദേശവനിതയുടെ മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടായിരുന്നു. മൃതദേഹം ലാത്വിയ സ്വദേശി ലിഗ(33)യുടെതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. മാർച്ച് 14നാണ് അവരെ കണ്ടെത്തിയത്. ഇതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ മരിക്കാൻ സാധ്യതയുമുണ്ട്. അത്തരമൊരു മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നതാണ് സംശയത്തിന് ഇട നൽകുന്നത്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്ന പൊലീസ് വിലയിരുത്തൽ പലരും ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. അഴുതി തുടങ്ങിയ മൃതദേഹം തിരിച്ചറിഞ്ഞത് പോലും വസ്ത്രങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നു. അത്തരം മൃതദേഹത്തിൽ പരിക്കില്ലെന്ന് പൊലീസ് ഒറ്റനോട്ടത്തിൽ എങ്ങനെ പറയുമെന്നാണ് ഉയരുന്ന ചോദ്യം

ശരീരത്തിൽ ആയുധംകൊണ്ടു മുറിവേറ്റ പാടുകളില്ലെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നില്ലെന്ന് ഉറപ്പിക്കാനാണ് ശരീരത്തിൽ പോറലില്ലെന്ന് പറയാൻ ശ്രമിക്കുന്നത്. ലിഗയുടെ കഴുത്തിലോ ശരീരഭാഗങ്ങളിലോ കുത്തോ വെട്ടോ ഏറ്റിട്ടില്ല. മരിച്ച് ഏറെനാളായതിനാൽ തലയ്ക്കു മുകളിലുള്ള ഭാഗങ്ങൾ അഴുകി വേർപെട്ടതാകാമെന്നാണു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ സംശയിക്കുന്നത്. മാർച്ച് 14ന് ആണു ലിഗയെ കാണാതാകുന്നത്. ഇവർ കോവളത്ത് ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇവിടെനിന്നു തീരംവഴി നടന്നാകും വാഴമുട്ടത്തെ കണ്ടൽക്കാടു പ്രദേശമായ ചേന്തിലക്കരിയിൽ എത്തിയതെന്നാണു നിഗമനം. ഇവിടെ ഒതളമരം വ്യാപകമായുണ്ട്. മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ള ലിഗ ഒതളങ്ങ കഴിച്ചിരിക്കാനുള്ള സാധ്യതയാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്ന തിയറി. പീഡിപ്പിച്ചു കൊന്നുവെന്ന തരത്തിൽ വാർത്തകൾ എത്തുന്നത് പൊലീസിനെ അലോസരപ്പെടുത്തുന്നു.

ശരീരത്തിൽ മുറിവുകൾ കണ്ടെത്താത്തതിനാൽ കൊലപാതകത്തിനുള്ള സാധ്യതയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണ്ടിവരും. മരിച്ചതു ലിഗയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചുവെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനു ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ഇന്നു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ അയയ്ക്കും. അതിന് ശേഷമാത്രമേ മൃതദേഹം ലിഗയുടേതാണെന്ന് പോലും സ്ഥിരീകരിക്കൂ. ലിഗയുടെ മരണത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് എങ്ങനേയും അത്മഹത്യാക്കി മാറ്റാൻ ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു വിശദ അന്വേഷണമെന്നു ഡിജിപി: ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി അവരുടെകൂടി സംശയങ്ങൾ തീർക്കുന്നവിധമാകും അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു കുടുംബാംഗങ്ങളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അടിയന്തര സഹായമായി അഞ്ചുലക്ഷം രൂപയും നൽകും.

അതിനിടെ കോവളത്തെത്തിയ ലിഗ സ്‌ക്രൊമേന ആരും കാണാതെ എങ്ങനെ ചെന്തിലാക്കരിയിൽ എത്തി എന്നതിന് പൊലീസിന് ഉത്തരമില്ല. ഇൽസി സ്‌ക്രൊമേന ഈ പ്രദേശത്ത് ഇന്നലെ യാത്ര ചെയ്തിരുന്നു. സംശയത്തോടെയാണ് സഹോദരി അവിടേക്ക് യാത്രചെയ്തെത്തിയത്. നാട്ടുകാർപോലും വരാന്മടിക്കുന്ന സ്ഥലത്ത് ലിഗയ്ക്ക് ഒറ്റയ്ക്കെത്താനാവില്ലെന്ന ഉറപ്പോടെയായിരുന്നു ഇൽസിയുടെ യാത്ര. ഒരുഭാഗത്ത് പൊലീസിന്റെ അന്വേഷണം നടക്കുമ്പോൾ ഇൽസി തന്റെ സഹോദരി ഇവിടെയെത്തിയ വഴികൾ അന്വേഷിക്കുകയായിരുന്നു. മൃതദേഹം കണ്ടതിനു പരിസരത്തായി അവർ എന്തോ കണ്ടെത്താനെന്നപോലെ നടന്നു. കോവളത്തുനിന്നാണ് ഇൽസി ചെന്തിലാക്കരിയിലേക്കെത്തിയത്. ചില സഹായികളും ഒപ്പമുണ്ടായിരുന്നു. ഒറ്റയ്ക്ക് നടന്നെത്താൻ ഏറെ ബുദ്ധിമുട്ടി. കോവളം കടൽത്തീരത്തുനിന്ന് ചെന്തിലാക്കരിയിലേക്ക് ആർക്കും ഒറ്റയ്ക്ക് നടന്നെത്താനാകില്ലെന്നാണ് വിലയിരുത്തൽ.

പിന്നെ എത്താനാവുന്നത് ബോട്ടിലോ വഞ്ചിയിലോ ആണ്. അങ്ങനെയെങ്കിൽ അതുകൊലപാതമാണെന്ന സംശയം ഉറപ്പിക്കാമെന്നും അവർ സഹായികളോട് പറഞ്ഞു. ചെന്തിലാക്കരിയിലേക്ക് റോഡ് മാർഗം എത്തിയാൽ സമീപവാസികൾ അത് ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ, നാട്ടുകാരോട് സംസാരിച്ചതിൽ അത്തരത്തിൽ ഒരു സൂചനയും ഇൽസിക്ക് ലഭിച്ചില്ല. ഇതും കൊലപാതകമെന്ന സംശയം കൂട്ടുന്നു. മുൻപൊരിക്കൽ ഈ ഭാഗത്ത് ഒരു അസ്ഥികൂടം കണ്ടതുമായി ബന്ധപ്പെട്ട് പലതവണ പൊലീസ് സമീപവാസികളെ ചോദ്യംചെയ്തിരുന്നു. ലിഗയുടെ പങ്കാളി ആൻഡ്രൂ ജോർദാൻ തികച്ചും തകർന്ന അവസ്ഥയിലാണ്. ഇൽസിക്കൊപ്പമുണ്ടായിരുന്ന അദ്ദേഹം പിന്നീട് താമസസ്ഥലത്തേക്കുപോയി.

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിഗ മുൻപ് രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായാണ് സൂചന. അന്ന് അവർ അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സ്വയം ഇല്ലാതാകാൻ അവർ ശ്രമിച്ചിരുന്നെങ്കിൽ ഈ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്ന് സഹോദരി ഉറപ്പിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടും അവർ അതിന് തുനിഞ്ഞില്ലെന്ന പരാതി കഴിഞ്ഞദിവസവും ഇൽസി ഉന്നയിച്ചിരുന്നു.

വിദേശി പുറത്തിറങ്ങിയാൽ പാസ്‌പോർട്ടോ കോപ്പിയോ കൈവശം വെക്കണം.എന്നാൽ ലിഗയുടെ കൈവശം ഇതൊന്നും ഇല്ലായിരുന്നു. ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവൻ പൊലീസ് പരിശോധിച്ചു. ംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്. മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയിൽ കണ്ടെത്തിയത്. ഒരു പാദവും വേർപെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാൽ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങൾ പരിശോധനക്കായി കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.