തിരുവനന്തപുരം: ലാത്‌വിയൻ സ്വദേശിനിയായ വിദേശവനിതയെ ബലാത്സംഗം ചെയ്തശേഷം കൊന്ന സംഭവം കേരളത്തിന് തീരാ കളങ്കമാകും. വിഷാദ രോഗത്തിന് ചികിൽസയിലെത്തിയ യുവതിയുടെ മരണം ലോക മാധ്യമങ്ങളിൽ എല്ലാം വാർത്തയാണ്. വിഷാദ രോഗത്തിന് ചികിൽസിക്കാൻ ഇന്ത്യയിൽ പോയ വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയതു കഴുത്തറത്തുകൊന്നുവെന്നാണ് വാർത്തി. ഈ സാഹചര്യത്തിൽ അടിച്ചുപൊളിക്കാൻ കേരളത്തിലേക്ക് പോകരുതെന്ന സന്ദേശമാണ് പല പത്രങ്ങളും നൽകുന്നത്. ഇത് കേരളത്തിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. വിദേശ യുവതിയുടെ കൊലപാതകത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് ശേഷവും വിദേശ മാധ്യമങ്ങൾ പ്രതിഷേഘം തുടരുകയാണ്.

കോവളത്തിനു സമീപം പനത്തുറ സ്വദേശികളും മയക്കുമരുന്ന് സംഘാംഗങ്ങളുമായ ഉമേഷ് (28), ഉദയൻ (24) എന്നിവരുടെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയത്. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന വിദേശ വനിതയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷമായിരുന്നു കൊലയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 14ന് കാണാതായ വിദേശവനിതയുടെ മൃതദേഹം രണ്ടാഴ്ച മുമ്പാണ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച വിവരങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതെയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് നിർബന്ധിച്ച് നൽകൽ തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഉമേഷ് എട്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറ് കേസുകളിലും പ്രതികളാണ്. ഇവർക്ക് മറ്റാരെങ്കിലും സഹായങ്ങൾ ലഭ്യമാക്കിയോ തുടങ്ങിയതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പോത്തൻകോടിന് സമീപത്തെ യോഗ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ 14ന് കാണാതായ വിദേശവനിത അന്ന് രാവിലെ ഒമ്പതോടെയണ് കോവളം ഗ്രോവ് ബീച്ചിലെത്തിയത്. പനത്തുറ ഭാഗത്ത് ഇവരെ കണ്ട പ്രതികൾ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് കണ്ടൽക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മയക്കുമരുന്ന് കലർന്ന സിഗരറ്റ് നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനം തടയുന്നതിനുള്ള ശ്രമത്തിനിടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവരുടെ കഴുത്തിൽ സമീപത്തുണ്ടായിരുന്ന വള്ളികൾ കൊണ്ടുകെട്ടി. തുടർന്ന് രക്ഷപ്പെട്ട ഇരുവരും എല്ലാദിവസവുമെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.

ഏപ്രിൽ 20ന് മൃതദേഹം കണ്ടെത്തുകയും പിന്നീട് ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി വിദേശവനിതയുടേത് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ഉദയൻേറതാണെന്നും പൊലീസ് കണ്ടെത്തി. കാട്ടിൽനിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. അതിനിടെ മാനഭംഗത്തിനിരയായവരുടെ പേരുകൾ മാധ്യമങ്ങൾ വെളിപ്പെടുത്തരുതെന്ന് നിയമമുള്ളതിനാൽ മാധ്യമ പ്രവർത്തകർ വിദേശ യുവതിയുടെ പേര് പരാമർശിക്കുന്നത് ഒഴിവാക്കണമെന്ന് ബെഹ്‌റ അഭ്യർത്ഥിച്ചു.

അതിനിടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. സംസ്‌കാരകർമ്മങ്ങൾ പൂർത്തിയാക്കി ഭർത്താവും സഹോദരിയും പിണറായി സർക്കാർ നൽകിയ വിമാനടിക്കറ്റിൽ ലാത്വിയയിലേക്ക് മടങ്ങും. ലത്തീൻ കത്തോലിക്ക സഭയിലെ വികാരി ജനറൽ യൂജിൻ പെരേരയുടെ കാർമ്മികത്വത്തിൽ പ്രാർത്ഥനകളോടെയായിരുന്നു അന്തിമചടങ്ങുകൾ. ചിതാഭസ്മം ലാത്വിയയിലേക്ക് കൊണ്ടുപോകും. പോകുന്നതിന് മുമ്പ് മരിച്ചുപോയ സഹോദരിക്ക് വേണ്ടി ഞായറാഴ്ച നിശാഗന്ധിയിൽ അനുസ്മരണ സമ്മേളനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം അണിനിരക്കും. വയലിൻസംഗീത നിശയും സ്നേഹസംഗമവുമൊരുക്കും. ഇതിനിടെയിലും കേരളത്തെ അപമാനിക്കുന്ന വാർത്തകളാണ് വിദേശ മാധ്യമങ്ങളിലെത്തുന്നത്.

വ്യാഴാഴ്ച വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ഭർത്താവ് ആൻഡ്രൂസ്, ലാത്‌വിയയിൽനിന്നെത്തിയ ബന്ധുക്കൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു. ബന്ധുക്കൾക്ക് മാത്രമാണ് അന്ത്യോപചാരം അർപ്പിക്കാൻ അവസരം നൽകിയത്. ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോയി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ സൂക്ഷിക്കാനാണ് യുവതിയുടെ ബന്ധുക്കളുടെ തീരുമാനം. വിനോദസഞ്ചാര വകുപ്പാണ് സംസ്‌കാരച്ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്.