തിരുവനന്തപുരം: വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് വിദേശവനിതയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊഴിഞ്ഞയിടത്ത് തല വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കോവളത്തുവെച്ച് കാണാതായ ലിത്വേനിയൻ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎൻഎ ഫലം എന്ന സാങ്കേതികത്വം മാത്രമാണ് ബാക്കി. സ്ത്രീസുരക്ഷയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നടന്ന വിദേശവനിതയുടെ തിരോധാനവും ഒരു മാസത്തിനിപ്പുറമുണ്ടായ ദുരൂഹമരണവും ഏറെ ചർച്ചയാവുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പീഡനങ്ങൾക്കും സ്ത്രീസുരക്ഷയില്ലായ്മക്കുമെതിരേ ശക്തമായി നിലപാടറിയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിദേശവനിതയുടെ മരണം സംബന്ധിച്ച് ഒരക്ഷരം പോലും ശബ്ദിച്ചിട്ടില്ല. ലിഗയുടെ സഹോദരി എലീസയും ഭർത്താവ് ആൻഡ്രൂ ജോനാഥനും പൊലീസിനെതിരേ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളോട ്പ്രതികരിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നും പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമായിരുന്നു അവരുടെ വാക്കുകൾ.

കാണാതായി ആദ്യ 24 മണിക്കൂറാണ് പ്രധാനമെന്ന് പോലും അറിയാത്ത പൊലീസുകാരാണോ ഇവിടെ ഉള്ളതെന്നും മനുഷ്യന്റെ ഫീലിങ്‌സ് ഇവർക്ക് മനസ്സിലാകില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് എലീസ പറഞ്ഞു. ലിഗയെ കാണാതായ വിവരം ഓരോ പൊലീസ് സ്റ്റേഷനിലും ക്യാമറയ്ക്ക് മുന്നിലും കരഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ തന്നെ പരിഹസിക്കുകയായിരുന്നു പൊലീസുകാർ എന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പുറത്തുവന്നിട്ടും സംഭവത്തെക്കുറിച്ചന്വേഷിക്കാനോ പൊലീസുകാർക്കെതിരേ നടപടിയെടുക്കാനോ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. ഒരു വാക്കുപോലും ഇതുസംബന്ധിച്ച് അദ്ദേഹം മിണ്ടിയിട്ടുമില്ല.

ഒരു വിദേശ വനിതയെ ഒരു മാസത്തോളമായി കാണാതായിട്ടും പൊലീസിന് അവരെ കണ്ടെത്താൻ സാധിച്ചില്ല എന്നത് അന്താരാഷ്ട്ര തലത്തിൽ ഗൗരവതരമായ ചർച്ചകൾക്ക വഴിവച്ചിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികൾക്കിടയിലും മരണം ഞെട്ടലുണ്ടാക്കി. പൊലീസിന്റെ നിസംഗത തന്നെയാണ് അവർക്കിടയിലെ പ്രധാന ചർച്ച. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലും കേരള പൊലീസിന്റെ നടപടി ഈ നിസംഗതയായിരിക്കുമെന്ന ചർച്ചകളും പുരോഗമിക്കുന്നു. വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട കോവളത്തുനിന്നുപോലും ഒരു സഞ്ചാരിയെ കാണാതായാൽ പൊലീസ് നിലപാട് ഇതാണെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

വിഷാദരോഗത്തിനുള്ള ചികിത്സക്കുവേണ്ടി സഹോദരി എലീസിനൊപ്പം ഫെബ്രുവരി 21 നാണ് ലിഗ സ്‌ക്രോമാൻ എന്ന ലിത്വേനിയൻ യുവതി കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദരോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14 ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. ഇവിടെ വച്ചാണ് ലിഗയെ കാണാതാവുന്നത്. തുടർന്ന് എലീസയും ആൻഡ്രൂ ജോനാഥനും പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ ഇരുവരും സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ കേരളത്തിലുടനീളം പോസ്റ്ററൊട്ടിച്ചും ഫോട്ടോ കാണിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി കാസർഗോട് എത്തിയപ്പോഴാണ് തിരുവല്ലം വാഴോമുട്ടത്തുനിന്ന് മൃതശരീരം കണ്ടെത്തിയത്. ഉടൻ ഇരുവരും ഇവിടെയെത്തുകയും മൃതദേഹം ലിഗയുടേതാണെന്ന ഉറപ്പിക്കുകയുമായിരുന്നു.