മിന്നലാക്രമണവും മിന്നലേൽക്കലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അതിനിടയിൽ ജക്കാർത്തയിൽ നിന്ന് ഒരു വീഡിയോ വൈറൽ ആവുകയാണ്. മിന്നലാക്രമണത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം.പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജക്കാർത്തയിലെ ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ കാവൽക്കാരനാണ് മിന്നലേറ്റത്. 35 -കാരനായ ഇയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ, മഴയത്ത് കുടയുമായി ഇയാൾ തുറസ്സായ സ്ഥലത്തുകൂടി നടക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അയാൾക്ക് മിന്നലേൽക്കുകയും, ഒരു പൊട്ടിത്തെറി സംഭവിക്കുകയും, തീപ്പൊരികൾ അന്തരീക്ഷത്തിൽ പാറുകയും ചെയ്തു.

ബഹളം കേട്ട്, സഹപ്രവർത്തകർ സഹായത്തിനായി ഓടിക്കൂടുകയും, നിലത്തു വീണു കിടന്നിരുന്ന അദ്ദേഹത്തെ അവരെല്ലാം എടുത്ത് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു, പ്രത്യേകിച്ച് കൈകളിൽ. എന്നാലും, തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം ഇപ്പോൾ വീട്ടിലാണ്, സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.

 

മിന്നലാക്രമണം ഉണ്ടായത് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന വാക്കി ടോക്കി കാരണമാകാമെന്നും, അതല്ല കുട കാരണമായിരിക്കാമെന്നും പല അഭിപ്രായം ഉയർന്ന് വരുന്നുണ്ട്. എന്ത് തന്നെയായാലും, അദ്ദേഹം രക്ഷപ്പെട്ടു എന്നതാണ് ആശ്വാസകരമായ കാര്യം.