മെൽബൺ: ശക്തമായ കാറ്റിലും മഴയിലും പെട്ട് മെൽബൺ നഗരവാസികൾ വലയുന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റിൽ ഗതാഗതം പരക്കെ താറുമാറായിരിക്കുകയാണ്. ട്രെയിൻ, വിമാനം, റോഡ് ഗതാഗതങ്ങളെല്ലാം തന്നെ തടസപ്പെട്ടു.

സിറ്റിയിൽ രണ്ടു തവണ ശക്തമായി കാറ്റ് വീശിയതിനെത്തുടർന്ന് സിറ്റി ലൂപ്പിലൂടെയുള്ള ട്രെയിൻ സർവീസ് ഇടയ്ക്ക് നിർത്തി വച്ചിരുന്നു. കാറ്റിനൊപ്പം ഇടിമിന്നലും ശക്തിയായതോടെ പലയിടങ്ങളിലും സിഗ്നൽ സംവിധാനം താറുമാറാകുകയും ചെയ്തു. തുടർന്ന് സർവീസിൽ 40 മിനിറ്റോളം തടസമുണ്ടായതായി മെട്രോ ട്രെയിൻ അറിയിച്ചു. സിഗ്നലുകൾ കൂടാതെ ട്രാക്ക് സൈഡ് റെയിൽ എക്വുപ്‌മെന്റുകളും ഇടിമിന്നലിൽ കേടുപറ്റി.

രാവിലെ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിനെത്തുടർന്ന് മെൽബൺ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം തന്നെ വൈകി. എയർപോർട്ടിനു സമീപം തന്നെ ഇടിമിന്നൽ അനുഭവപ്പെടുന്നതിനാൽ ലാൻഡിംഗും ടേക്ക് ഓഫുമെല്ലാം വൈകിപ്പിച്ചിരിക്കുകയാണെന്ന് മെൽബൺ എയർപോർട്ട് വക്താവ് അറിയിച്ചു. ഇടിമിന്നലിനെത്തുടർന്ന് ഏറെ സുരക്ഷാക്രമീകരണങ്ങൾ എയർപോർട്ടിൽ ചെയ്തുവരുന്നതായും വക്താവ് അന്ന ഗില്ലെറ്റ് അറിയിച്ചു.

ഇടിമിന്നലിൽ മെൽബണിന്റെ പ്രാന്തപ്രദേശങ്ങളിലൊരിടത്ത് വീടിനു തീപിടിച്ചതായും റിപ്പോർട്ടുണ്ട്. 850,000 ഡോളറിന്റെ നാശനഷ്ടമാണ് ഇതുമൂലമുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ഇടിമിന്നലിൽ തീപിടിച്ച വീട്ടിൽ ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.  ചിലയിടങ്ങളിൽ മരച്ചില്ലകൾക്കും തീപിടിച്ചതായി പറയപ്പെടുന്നു. ഈ മേഖലകളിലുള്ള വീടുകളിൽ നിന്ന് താമസക്കാരെ മൂന്നു മണിക്കൂർ നേരത്തെക്ക് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

മെൽബൺ നോർത്ത് ഈസ്റ്റ് മേഖലകളിൽ ഇടിമിന്നലിനെത്തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. എണ്ണൂറോളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലാണിപ്പോൾ. മെൽബൺ മെട്രോപൊലീറ്റനിൽ 12,000 വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. നാലു പവർ കമ്പനികളുടേയും കണക്ഷനുകളെ ഇടിമിന്നൽ ഒരുപോലെ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ട്രാഫിക് ലൈറ്റുകളും കേടായി. ഗ്ലെൻ വാവർലിയുടെ ചില മേഖലകളിൽ ചെറിയ തോതിൽ മിന്നൽ പ്രളയമുണ്ടായതായും റിപ്പോർട്ടുണ്ട്.

പുലർച്ചെ ഒരു മണിക്കും മൂന്നു മണിക്കും ഇടയ്ക്കാണ് ആദ്യം ശക്തമായി കാറ്റുവീശിയത്. പിന്നീട് രാവിലെ ആറിനും ശക്തമായ രീതിയിൽ കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. രാവിലെ പത്തോടെ കാറ്റിന് അല്പം ശമനമുണ്ടായിട്ടുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി സീനിയർ ഫോർകാസ്റ്റർ സ്റ്റീഫൻ കിങ് അറിയിച്ചു. മെൽബണിൽ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.