നെയ്യാറ്റിൻകര: മകളുടെ വിവാഹം മുടക്കാൻ ഏതറ്റം വരേയും പോയ അച്ഛൻ. എന്നിട്ടും നിശ്ചയിച്ച പോലെ കല്യാണം നടന്നു. ക്ലാമാക്‌സിൽ അച്ഛൻ അഴിക്കുള്ളിലും. തന്റെ ഇഷ്ടപ്രകാരമല്ലാതെ, പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽ പ്രകോപിതനായ ഗൃഹനാഥൻ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കുകയായിരുന്നു. എങ്ങനേയും കല്യാണം മുടക്കാനുള്ള തന്ത്രം.

എന്നാൽ വിട്ടുകൊടുക്കാൻ മകളും തയ്യാറായിരുന്നില്ല. തലയ്ക്കേറ്റ പരിക്കുമായി കതിർമണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഒളിവിൽപ്പോയ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറാലുംമൂട് പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഭാര്യ ശ്രീലത(47), മകൾ ലിജ(25), മകൻ ബെൻ(20) എന്നിവർക്കാണ് വെട്ടേറ്റത്.

ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപിനെ അക്രമത്തിന് പ്രേരിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടർ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. ഒപ്പം ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു.

ഇതിനെ എതിർത്ത് വീട്ടിൽ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാൾ ആക്രമണം നടത്തിയത്. കല്യാണം മുടക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അതിന് ശേഷം കതിർമണ്ഡപത്തിലേക്ക് എത്താൻ ലിജ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ അക്രമമുണ്ടായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽതന്നെ ബുധനാഴ്ച രാവിലെ ലിജയും തൃശ്ശൂർ സ്വദേശിയുമായുള്ള വിവാഹം നടന്നു. അച്ഛനെ പൊലീസ് അറസ്റ്റും ചെയ്തു.