കൊച്ചി: ഒന്നിന് പുറകേ ഒന്നായി ലിജിമോളെ തേടി എത്തുകയാണ് ദുരിതങ്ങൾ. ഒരു വർഷം മുമ്പ് ലൈഫ് പദ്ധതിയിൽ വീട് കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നു. അന്ന് ആ വിഷയം മാധ്യമങ്ങൾ എല്ലാം ഏറ്റെടുത്തു. റേഷൻ കാർഡ് നഷ്ടപ്പെട്ട് പോയതിനെ തുടർന്ന് റേഷൻ വാങ്ങാനാവാതെ കഷ്ടപ്പെടുകയാണ് ആലുവ സ്വദേശിയായ ലിജി. കാർഡ് കിട്ടാതെ വിഷമിച്ചിരിക്കുക്കുമ്പോഴാണ് ഉമ്മർ എന്നൊരാൾ അത് മൂന്നു മാസമായി ഉപയോഗിക്കുന്നതായി വിവരം കിട്ടിയത്. റേഷൻ വാങ്ങാൻ ചെല്ലുമ്പോൾ കടക്കാർ കൈമലർത്തും. കാരണം ലിജിയുടെ പേരിലുള്ള കാർഡിലെ റേഷൻ ആരോ വാങ്ങി പോയിരിക്കുന്നു.

ഇതെ തുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിലും, സപ്ലൈകോ വിജിലൻസിലും ലിജി പരാതി കൊടുത്തു. ഏതായാലും ബുധനാഴ്ച തട്ടിപ്പുകാരൻ കാർഡുമായി റേഷൻ കടയിൽ പോയപ്പോൾ കുടുങ്ങി. കടക്കാർ പിടിച്ചുവച്ചെങ്കിലും അയാൾ വിജിലൻസ് വരും മുമ്പേ വെട്ടിച്ചുമുങ്ങി എന്ന് ലിജി പറയുന്നു. മൂന്നു മാസമായി ലിജി ഡ്യൂപ്ലിക്കേറ്റ് കാർഡാണ് ലിജി ഉപയോഗിക്കുന്നത്. തട്ടിപ്പുകാരന്റെ പക്കൽ നിന്നും കാർഡ് കിട്ടിയെങ്കിലും, ഇനി വിജിലൻസ് ഓഫീസിൽ സമർപ്പിക്കുന്നതടക്കം നടപടിക്രമങ്ങൾ ബാക്കിയാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഏറെ നാളത്തെ പ്രയത്‌നത്തോടെ ലൈഫ് ഭവനപദ്ധതിയിലുടെ വീട് വയ്ക്കാനുള്ള ഭൂമി വാങ്ങാൻ സർക്കാർ അനുവദിച്ച നാലരലക്ഷം രൂപക്കൊപ്പം ബാക്കി തുകക്കുള്ള നെട്ടോട്ടത്തിലായിരുന്നു ലിജിമോൾ. പത്തൊൻപതുകാരിയായ മകൾക്കും തനിക്കും സുരക്ഷിതമായി താമസിക്കാൻ ലഭിച്ച സാഹചര്യം കയ്യിൽ നിന്ന് നഷ്ടപ്പെടുമെന്ന ഭയത്തിലായിരുന്നു.

അന്ന് ആത്മഹത്യ ചെയ്യേണ്ടതിനെ കുറിച്ച് വരെ ചിന്തിച്ചു. അനാഥാലയത്തിൽ കഴിഞ്ഞ ലിജിമോൾക്ക് മകളല്ലാതെ ബന്ധുക്കളായി ആരുമില്ല. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയപ്പോൾ തനിച്ചായ ലിജിയും മകളും കടന്ന് വന്നത് കഷ്ടതകൾ മാത്രം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ്. നേരത്തെ ചാലക്കുടിയിലെ ഒരു വീട്ടിൽ മകളുമായി താമസിച്ച് ജോലി ചെയ്യുകയായിരുന്നു ലിജിമോൾ.

സാമ്പത്തികമായി മാത്രമല്ല, ആരോഗ്യപരമായും ലിജിമോൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എല്ലിന്റെ തേയ്മാനം ശരീരമാകെ വ്യാപിച്ചതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങൾ ലിജിമോൾക്കുണ്ട്. ഒരിക്കൽ വഴിയിൽ തളർന്നു വീണപ്പോൾ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചില സുമനസുകളുടെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. ഗർഭപാത്രം നീക്കം ചെയ്തതോടെ ശാരീരികമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

മകൾ ഐശ്വര്യ ശ്രീക്കുട്ടി മിടുക്കിയായി പഠിക്കുന്ന കുട്ടിയാണെന്ന് ലിജിമോൾ പറയുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്കോടെയാണ് പാസായത്. ഐഎഎസുകാരിയാവുകയെന്നാണ് മകളുടെ ലക്ഷ്യം. വീട്ടു ജോലി ചെയ്തും റോഡു പണിയെടുത്തും ഹോട്ടലിൽ ജോലി ചെയ്തുമാണ് ഇത്രയും വർഷം കഴിഞ്ഞത്.