- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; 'നൻപകൽ നേരത്ത് മയക്കം' എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'; രചന എസ് ഹരീഷ്
കൊച്ചി: മമ്മൂട്ടിയെ നായകനായി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ വരുന്നു. ചിത്രം പളനിയിൽ ചിത്രീകരണം തുടങ്ങി. 'നൻപകൽ നേരത്ത് മയക്കം' എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേൻ മുവി മൊണാസ്ട്രിയുമാണ്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവുമാണ്.
നാൽപ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളിൽ സിനിമ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. വേളാങ്കണ്ണിയിലാണ് ആദ്യ ദിവസത്തെ ചിത്രീകരണം. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കം. ഭാഷയിലും തമിഴിലും മലയാളവുമുണ്ടാകും. സിനിമ പ്രധാനമായും ചിത്രീകരിക്കുന്ന പഴനിയിലാണ്.
മലയാളത്തിന്റെ നവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനൊപ്പം മമ്മൂട്ടി കൈകോർക്കുന്നുവെന്ന പ്രതീക്ഷയാണ് 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമക്കുള്ളത്. നെറ്റ്ഫ്ളിക്സ് നിർമ്മിക്കുന്ന എം ടി വാസുദേവൻ നായർ കഥകളെ ആധാരമാക്കിയുള്ള ആന്തോളജിയിലെ ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. ശ്രീലങ്കയിലാണ് ഈ സിനിമ പൂർണമായും ചിത്രീകരിക്കുന്നത്.
രാജ്യാന്തര ശ്രദ്ധ നേടിയ ജല്ലിക്കെട്ട് എന്ന സിനിമക്ക് ശേഷം ലിജോ പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. വിനോയ് തോമസിന്റെ കഥക്ക് എസ്.ഹരീഷ് തിരക്കഥയെഴുതിയ ചിത്രമാണ് ചുരുളി. ജെല്ലിക്കെട്ട് എന്ന സിനിമയുടെ സഹതിരക്കഥാകൃത്തും എസ്.ഹരീഷ് ആയിരുന്നു. സോണി ലിവുമായി കരാറിലായി എന്നാണ് പുറത്തുവരുന്ന വിവരം.
എം ടിയുടെ ആത്മകഥാംശമുള്ള കടുഗന്നാവ ഒരു യാത്രാകുറിപ്പ് എന്ന കൃതിയുടെ ചലച്ചിത്രരൂപമാണ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ഒരുക്കുന്നത്. അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തെലുങ്ക് ചിത്രം ഏജന്റ് ബുഡാപെസ്റ്റിൽ പൂർത്തിയാക്കിയാണ് മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൽ ഞായറാഴ്ച ജോയിൻ ചെയ്യുന്നത്.
മറുനാടന് ഡെസ്ക്