- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവ് കേസിൽ അഴിക്കുള്ളിൽ കിടന്നപ്പോൾ ഭർത്താവിന്റെ കൂട്ടുകാരനോടുള്ള പ്രണയം ഇരട്ടിയായി; ഗുണ്ടാ നേതാവിന്റെ കുട്ടിയുടെ അമ്മയാകാനുള്ള ആഗ്രഹത്തിൽ ആസ്റ്റർ മെഡിസിറ്റിയിൽ ഐവിഎഫ് ചികിൽസ; കൃത്രിമ ഗർഭധാരണത്തിന് പുരുഷ സമ്മതം നേരിട്ട് അറിയിക്കണമെന്ന വ്യവസ്ഥയിൽ തന്ത്രമൊരുക്കി പൊലീസും; കഞ്ചാവ് ഡോൺ ലിജു ഉമ്മനെ കുടുക്കിയത് നിമ്മിയുടെ 'അമ്മ' മോഹം
കൊച്ചി: ലിജു ഉമ്മനെ അഴിക്കുള്ളിലാക്കിയത് നിമ്മിയുടെ അമ്മയാകാനുള്ള മോഹം. ഐവിഎഫ് ചികിൽസാ രീതിയിലൂടെ മുൻ ഭർത്താവിന്റെ കൂട്ടുകാരൻ കൂടിയ ലിജു ഉമ്മന്റെ കുട്ടിയെ പ്രസവിക്കാനായിരുന്നു നിമ്മിയുടെ മനസ്സ് കൊതിച്ചത്. ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായി. ഈ ചികിൽസയ്ക്ക് വേണ്ടിയാണ് ആസ്റ്റർ മെഡിസിറ്റിയിൽ നിമ്മി എത്തിയത്. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ശിശുവായി വളർത്തിയെടുക്കുകയും ചെയ്യുന്ന ചികിൽസാ രീതിയാണ് ഐ.വി.എഫ്.
ലിജു ഉമ്മന്റെ കുഞ്ഞിനെ കിട്ടാനായി കൃത്രിമ ഗർഭധാരണത്തിനായി എത്തിയതാണ് നിമ്മി. ഇത് പൊലീസ് മനസ്സിലാക്കിയതാണ് ലിജു ഉമ്മനെ കുടുക്കിയത്. ആശുപത്രിയിൽ എത്തിയ ലിജു ഉമ്മന് പുരുഷന്റെ സമ്മതത്തോടെ മാത്രമേ ഈ ചികിൽസ നടത്താനാകൂവെന്ന് ആശുപത്രി വിശദീകരിച്ചു. ഇതോടെയാണ് ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യം ലിജു ഉമ്മന് വന്നത്. നിയമപരമായ ഇക്കാര്യം വസ്തുതാപരമായി ശരിയാണെന്ന് ലിജുവും ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിൽ എത്തുമ്പോൾ ചതിയുണ്ടാകില്ലെന്നും ഒന്നും അറിയാതെ ഒപ്പിട്ടു പോകാമെന്നും ലിജു കരുതി. ഈ പ്രതീക്ഷയെയാണ് പൊലീസിന്റെ തന്ത്രങ്ങൾ പൊളിച്ചത്.
ആദ്യം നിമ്മി പിടിയിലായപ്പോഴാണ് ലിജു ഉമ്മൻ ആരെന്നതിനെ കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ കിട്ടിയത്. ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകൾ നിമ്മിയുടെ ഫോണിൽ ഉണ്ടായിരുന്നു. ലിജു ഉമ്മന്റെ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണു നിമ്മി. സേതുവിനും ക്രമിനൽ പശ്ചാത്തലമുണ്ടായിരുന്നു. സേതുവിന്റെ കൂട്ടുകാരനായിരുന്നു ലിജു. സേതു ജയിലിലും മറ്റും പോകുമ്പോൾ നിമ്മിയെ സഹായിക്കാൻ കൂടിയാണ് ഇവർ പരിചയപ്പെടുന്നത്. സേതുവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്ന നിമ്മിയെ ലിജു ഉമ്മനാണു തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചത്. അന്ന് ലിജു ഉമ്മൻ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും അവരുടെ രണ്ടു കുട്ടികളെയും മുൻനിർത്തിയായിരുന്നു.
ലിജു ഉമ്മൻ സ്ഥിരമായി നിമ്മി താമസിക്കുന്ന വാടക വീട്ടിൽ എത്തുമായിരുന്നു. ഭാര്യ ഭർത്താക്കന്മാരാണെന്നാണ് അയൽവാസികൾ ധരിച്ചിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുട്ടികളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഈ അവസരം മുതലാക്കിയായിരുന്നു ലിജു ലഹരി കടത്തിയിരുന്നത്. കഞ്ചാവും മറ്റും ശേഖരിച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തുകയും അവരിലേക്ക് ലഹരി നിമ്മി വഴി എത്തിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്ന് നിന്നൊഴിവാക്കാൻ കാരിയറയി നിമ്മിയെ ഉപയോഗിച്ചുവെന്നാണ് പൊലീസ് അന്ന് കണ്ടെത്തിയത്. നിമ്മിയുടെ ഭർത്താവ് വിദേശത്താണുള്ളത്. ഇദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചത്. അതിതീവ്ര പ്രണയമായിരുന്നു ലിജുവുമായി നിമ്മിക്ക് ഉണ്ടായിരുന്നത്.
നിരവധി കേസുകളിലെ പ്രതിയാണ് മാവേലിക്കര പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിമ്മിയുടെ ഐവിഎഫ് ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 29 നു മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് നിമ്മിയെ അറസ്റ്റ് ചെയ്തത്. ലിജുവിന്റെ സുഹൃത്തായ നിമ്മിയുടെ പേരിലായിരുന്നു വീട് വാടകയ്ക്കെടുത്തിരുന്നത്. അവിടെനിന്നു വാറ്റുചാരായവും വാറ്റുപകരണങ്ങളും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടിയിരുന്നു. അന്ന് ലിജു മുങ്ങി.
ജാമ്യത്തിൽ ഇറങ്ങിയ നിമ്മിയെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് ലിജുവിന്റെ നിമ്മിയുമായുള്ള അടുപ്പം വ്യക്തമായത്. ആസ്റ്റർ മെഡി സിറ്റിയിൽ നിമ്മി പോകുന്നതും മനസ്സിലാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൃത്രിമ ഗർഭധാരണത്തിനുള്ള പദ്ധതി മനസ്സിലാക്കിയത്. കൊച്ചിയിലെ ആശുപത്രിക്ക് സമീപം ചേരാനെല്ലൂരിൽ സഹോദരന്റെ പേരിൽ വാടകയ്ക്കെടുത്ത ഫ്ളാറ്റിലാണു ലിജുഉമ്മനും നിമ്മിയും താമസിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. നിമ്മിയുടെ ചികിത്സാർഥമായിരുന്നു ഇവിടുത്തെ താമസം.
നിമ്മിയുടെ ഫോൺരേഖകൾ പരിശോധിച്ച പൊലീസിന് ഇതേ ആശുപത്രിയിലെ ഒരു നഴ്സിന്റെ ഫോൺ നമ്പർ ലഭിച്ചു. മാവേലിക്കര സ്റ്റേഷനിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ രാംപ്രകാശ് എന്ന വ്യാജപ്പേരിൽ നഴ്സുമായി ഫോണിൽ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ആശുപത്രിയുടെ അഞ്ചാംനിലയിലുള്ള ഐവിഎഫ് വിഭാഗത്തിൽ വനിതാസുഹൃത്തിന്റെ ചികിത്സയ്ക്കായി ലിജുഉമ്മനും എത്താറുണ്ടെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടർന്നു മാവേലിക്കര പൊലീസ് മഫ്ടിയിൽ ആശുപത്രിയിലെത്തിയെങ്കിലും ലിജുഉമ്മൻ വരാതിരുന്നതിനാൽ നിരാശരായി മടങ്ങി.
ഇതിനിടെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ ഐവിഎഫ് തുടർചികിത്സയ്ക്കു ഭർത്താവിന്റെ ഒപ്പുവേണമെന്നു വനിതാസുഹൃത്തിനെ അറിയിച്ചു. തിങ്കളാഴ്ച ഇവർ എത്തുമെന്നറിഞ്ഞ് തൃക്കാക്കര, മരട്, മറൈൻ ഡ്രൈവ്, കളമശ്ശേരി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്നു മുപ്പതിലധികം പൊലീസുകാരെ മഫ്ടിയിൽ ആശുപത്രിയുടെ അഞ്ചാം നിലയിൽ വിന്യസിച്ചു. നിമ്മി ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു രാവിലെ ആശുപത്രിയിലെത്തിയത്. ലിജു ഉമ്മൻ പിന്നീട്, ആശുപത്രി കവാടത്തിൽ എത്തിയെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ മടങ്ങി. ഇതെല്ലാം തത്സമയം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൊലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു മാറ്റിയശേഷം ആശുപത്രിയിലെത്തിയ ലിജുഉമ്മനെ ഇരുപതോളം വരുന്ന പൊലീസുകാർ വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ക്രൈംറെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്പി. എസ്. വിദ്യാധരൻ അവിടെ ലിജുഉമ്മനെ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചു. ലിജു ഉമ്മ (40)ന് തമിഴ്നാട്ടിലെ കമ്പത്ത് കഞ്ചാവ് കൃഷിയുണ്ടെന്ന് പൊലീസിനു സൂചന ലഭിച്ചു കഴിഞ്ഞു.
ലിജു ഉമ്മനെ ചോദ്യം ചെയ്തപ്പോൾ കമ്പം സ്വദേശിയാണു കഞ്ചാവു നൽകിയതെന്നു മൊഴി നൽകി. എന്നാൽ, കമ്പത്ത് മുരുകേശൻ എന്നയാളുമായി ചേർന്ന് ഇയാൾക്കു പച്ചക്കറിക്കൃഷിയും കഞ്ചാവു കൃഷിയുമുണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചത്. പിക്കപ്പ് വാനുകളിൽ കേരളത്തിലേക്കു പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിലാണു കഞ്ചാവ് എത്തിച്ചിരുന്നത്. 2020 ഡിസംബർ 28-നു മാവേലിക്കര തഴക്കരയിലെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവു പിടിച്ചതുമായി ബന്ധപ്പെട്ട കേസിലാണു കഴിഞ്ഞദിവസം ലിജു ഉമ്മനെ പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം സ്വദേശി നിമ്മിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ ആധാർകാർഡ് നിർമ്മിച്ചതിനും ലിജു ഉമ്മനെതിരേ മാവേലിക്കര പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പൊലീസ് പിടിയിലായ ലിജു ഉമ്മന്റെ പഴ്സിൽനിന്നു സ്വന്തം ഫോട്ടോ പതിച്ചശേഷം കുടശനാട് മഠത്തിൽ തറയിൽ സാബു ജോൺസൻ എന്ന വിലാസം രേഖപ്പെടുത്തിയ ആധാർ കാർഡ് ലഭിച്ചിരുന്നു. ഇതേതുടർന്നാണു വ്യാജരേഖ നിർമ്മാണത്തിനു ലിജു ഉമ്മനെതിരേ കേസെടുത്തത്. കായംകുളം സ്വദേശിയാണ് ആധാർ നിർമ്മിച്ചു നൽകിയതെന്ന ലിജു ഉമ്മന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.