ഡൽഹി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോക്‌സഭ തിരഞ്ഞെടു്പപ് നേരിട്ട് ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസിന്റെ അഴിമതി ഭരണത്തിന് ജനം നൽകിയ മറുപടിയെന്നും പ്രതീക്ഷയെന്നും വിശേഷിപ്പിക്കപ്പെടട് മോദി സർക്കാരിന് പക്ഷേ ഇപ്പോൾ ആദ്യകാലത്തെ മൈലേജ് ഇല്ലെന്ന് പാർട്ടി അനുഭാവികൾ പോലും രഹസ്യമായി സമ്മതിക്കും. എന്ന് കരുതി ബിജെപിയെ എഴുതി തള്ളാൻ വരട്ടെ. പ്രതിപക്ഷത്തെ ഐക്യപ്പെടുത്തി ബിജെപിയെ അധികാരത്തിൽ നിന്ന് തുടച്ച് മാറ്റാം എന്നാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വപ്‌നം കാണുന്നതെങ്കിലും അത് നടക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സർവ്വേ ഫലം സൂചിപ്പിക്കുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 300 സീറ്റുകൾ നേടി പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപിയുടെ സർവേഫലം. എൻഡിഎ 360 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എൻഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 12% അധികവോട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകളും എൻഡിഎ 336 സീറ്റുകളുമാണു നേടിയത്. ഇന്ധനവില വർധന, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങൾക്കു നടുവിലേക്കാണു പുതിയ സർവേയുമായി ബിജെപി എത്തുന്നത്.

കഴിഞ്ഞ തവണ മുഴുവനായും ഒപ്പം നിന്ന സംസ്ഥാനങ്ങൾ ഇത്തവണയും തുണയ്ക്കുമെന്നും ബിജെപി സർവ്വേഫലം പറയുന്നുണ്ട്. ഇതിന് പുറമെ തൃപുര ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പാർട്ടിക്ക് നേട്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ. പാർട്ടി ദുർബലമായ കേരളത്തിൽ പോലും മൂന്ന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ജനദ്രോഹ നയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുെട ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ പുറത്ത് വന്ന സർവ്വേ ഫലം എന്നും അഭിപ്രായമുയരുന്നുണ്ട്. ജനദ്രോഹ നയങ്ങളിൽ പൊറുതിമുട്ടിയ പല പാർട്ടി പ്രവർത്തകരും ഇപ്പോൾ പഴയ ആവേശത്തിലല്ല. തിരഞ്ഞെടുപ്പിന് മുൻപ് പ്രവർത്തകരിൽ ആവേശം നിറയ്ക്കാൻ വേണ്ടിയാണ് ഇപ്പോള് തന്നെ സർവ്വേ ഫലം പുറത്ത് വിടുന്നത്.

എന്നാൽ ഇതിനു മുൻപു മറ്റുള്ളവർ നടത്തിയിട്ടുള്ള സർവേകൾ എൻഡിഎയ്ക്ക് 300ൽ താഴെ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മെയ്‌ മാസത്തിൽ എബിപി ന്യൂസ് നടത്തിയ 'രാജ്യത്തിന്റെ വികാരം' എന്ന സർവേയിൽ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ എൻഡിഎ 274 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകൾ നേടുമെന്നും സർവേഫലം പറഞ്ഞു. 47% ആളുകളും മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും കണ്ടെത്തി.

ജൂലൈ മാസത്തിൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ 2019ൽ എൻഡിഎ 282ഉം യുപിഎ 122ഉം സീറ്റുകളും നേടുമെന്നാണു കണ്ടെത്തിയത്. കോൺഗ്രസിനു ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സർവേ കണ്ടെത്തി. മോദി എന്ന ബ്രാൻഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാൻ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോൺഗ്രസ് പൂർണ പരാജയമായിരുന്നുവെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നത്. 2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എൻഡിഎയ്ക്കു ഭരണ തുടർച്ച ഉണ്ടാകുമെന്നും മോദി അവകാശപ്പെട്ടിരുന്നു.

'അജയ്യ ഭാരതം, അടൽ ബിജെപി' എന്ന പുത്തൻ പ്രതീക്ഷകളുമായി ഭരണനേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അൽപം കൂടി കടന്ന് പാർട്ടി 50 വർഷം രാജ്യം ഭരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷായും അവകാശപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 50 പോയിട്ട് 2019 ൽ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.