കുവൈത്ത്: ജനുവരിയിൽ രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന വിദേശ റിക്രൂട്ട്‌മെന്റ് കർശന മാനദണ്ഡങ്ങളോടെ ആയിരിക്കണമെന്ന് നിർദ്ദേശം. തൊഴിൽ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശിയുടെ പ്രായം 21 വയസ്സിൽ കുറയാൻ പാടില്ലെന്നും തൊഴിലാളികൾക്ക് സാമ്പത്തിക ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറഞ്ഞിരിക്കുന്നു.

 മന്ത്രാലയത്തിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് വിശദ പഠനങ്ങൾക്ക് ശേഷം നിർദേശങ്ങൾ മുന്നോട്ടുവച്ചത്. തൊഴിൽ വിസയിൽ രാജ്യത്തെത്തിക്കുന്ന വിദേശികളുടെ പ്രായം 21 വയസ്സിൽ കുറയരുതെന്നതാണ് സമിതി സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. ഇത് കൂടാതെ പുതുതായെത്തുന്ന തൊഴിലാളികൾക്ക് സാമ്പത്തിക ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്ന നിർദേശവും പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ കരാറിലുള്ള സെക്യൂരിറ്റി ജോലിക്കാർക്കും ക്ലീനിങ് തൊഴിലാളികൾക്കും മാത്രമാണു സാമ്പത്തിക ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.

പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ജോലികൾ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന കമ്പനികൾക്കും തൊഴിൽ ഉടമകൾക്കും തൊഴിലാളികളുടെ വിസാസംബന്ധമായ കാര്യങ്ങൾ ഓൺലൈൻ വഴി പൂർത്തീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. വാണിജ്യവ്യാപാര മേഖലകളുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾക്കു വേണ്ടി പുറത്തു നിന്ന് കൊണ്ടുവരുന്ന വിദേശികളുടെ എണ്ണം മൊത്തം ആവശ്യത്തിന്റെ 25 ശതമാനത്തിൽ കൂടാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന് മുമ്പിലെത്തിയ മറ്റൊരു നിർദ്ദേശം.