സ്ലാം മതം സ്വീകരിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണവുമായി ഹോളിവുഡ് നടി ലിൻഡ്‌സെ ലോഹൻ കുവൈത്തിൽ. ടി.വി. ടോക്ക് ഷോയിൽ പങ്കെടുക്കവെ ഇസ്ലാം മതത്തെക്കുറിച്ചും ഖുറാനെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടാണ് ലിൻഡ്‌സെ ലോഹൻ മതംമാറ്റത്തിന് ഏറെക്കുറെ സ്ഥീരീകരണം നൽകിയത്.

ഷൊയബ് റഷീദിനൊപ്പം സ്വർ ഷൊയബ് എന്ന ടോക്ക് ഷോയിൽ പങ്കെടുക്കവെ, ഇക്കഴിഞ്ഞ റംസാൻ നോമ്പുകാലത്ത് മൂന്നുദിവസം നോമ്പെടുത്ത കാര്യവും ലിൻഡ്‌സെ പങ്കുവച്ചു. ഫോണിൽ ഖുറാൻ വചനങ്ങൾ കേൾക്കുന്നുണ്ടെന്നും തന്റെ ഫോണിൽ ഖുറാൻ ആപ്പ് ഉണ്ടെന്നും നടി വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദിന്റെ വചനങ്ങളും നടി ടോക് ഷോയിൽ ഉദ്ധരിച്ചു.

തന്റെ ഗ്ലാമർ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തിരുന്ന രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ജനുവരിയിൽ ഡിലീറ്റ് ചെയ്ത നടി പുതിയതായി രണ്ട് അക്കൗണ്ടുകൾ തുറന്നിരുന്നു. കുവൈത്തി ടോക്ക് ഷോയുടെ ചിത്രം ഇൻസ്റ്റഗ്രാമിലെ പുതിയ അക്കൗണ്ടിലാണ് ലിൻഡ്‌സെ പോസ്റ്റ് ചെയ്തത്. മീൻ ഗേൾസ്, ഫ്രീക്കി ഫ്രൈഡേ, പേരന്റ് ട്രിപ്പ് തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്ര പശസ്തിയാർജിച്ച ലിൻഡ്‌സെ ഒരുകാലത്ത് മയക്കുമരുന്നുകൾക്കും മദ്യത്തിനും അടിമയായിരുന്നു.