പെരുമ്പാവൂർ: എട്ടു സംസ്ഥാനങ്ങൾ പിന്നിട്ട് ദിവസവുമൊരു ലൈൻബസ്. അതും നമ്മുടെ പെരുമ്പാവൂരിൽ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കു. അവിശ്വസനീയമെന്നു തോന്നുമെങ്കിലും സംഭവം സത്യമാണ്. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ബിഹാർ, ഒഡീഷ, ബംഗാൾ, അസം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലൂടെയാണ് ബസ് കടന്നുപോകുന്നത്.3 ദിവസമെടുക്കുന്ന സർവീസിൽ പിന്നിടുന്ന ദൂരം 3500 കിലോമീറ്റർ. ബംഗാൾ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സർവീസ്.

ലോക്ഡൗൺ കാലത്തു മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളെ തിരികെക്കൊണ്ടുവരാൻ ഇതര സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ച ടൂറിസ്റ്റ് ബസ് സർവീസുകളാണു സ്ഥിരം സർവീസാകുന്നത്. ട്രെയിനിൽ നാട്ടിലേക്കു പോയാൽ സ്റ്റേഷനുകളിൽ നിന്നു ബസിൽ മണിക്കൂറുകൾ യാത്ര ചെയ്താണു തൊഴിലാളികൾക്കു വീട്ടിലെത്താൻ കഴിഞ്ഞിരുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ഉൾഗ്രാമങ്ങളിൽ നിന്നു വരുന്ന തൊഴിലാളികൾക്കു വീടിനു സമീപത്തുള്ള ചെറുടൗണുകളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുമെന്നതാണു ബസ് യാത്രയുടെ സവിശേഷത.

ജില്ലയിൽ നിന്ന് ഇത്തരം നൂറോളം ബസുകളാണു സർവീസ് നടത്തുന്നത്. പെരുമ്പാവൂരിൽ നിന്നു ബംഗാളിലെ ഡോംകുലിലേക്കു വിമാന ടിക്കറ്റിന്റെ നിരക്കായിരുന്നു ബസിനും ആദ്യം. ഇന്നു കുറഞ്ഞ ചെലവിൽ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിൽ നിന്നു സർവീസുണ്ട്.ലോക്ഡൗൺ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നു ഒരാൾക്കു ടിക്കറ്റ് ചാർജ്. സർവീസ് സ്ഥിരമായതോടെ ചാർജ് മൂവായിരത്തിൽ താഴെയായി കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഗുവാഹത്തിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയായിരുന്നു.

കോവിഡ് കാലത്തു തിരികെ യാത്രക്കാരില്ലാതിരുന്നതാണു ചാർജ് വർധിക്കാൻ കാരണം. ഇപ്പോൾ തിരികെ യാത്രക്കാരുള്ളതിനാൽ ട്രെയിൻ ടിക്കറ്റിന്റെ ചാർജേ ഉള്ളൂ. ട്രെയിൻ സർവീസ് പൂർണമായി പുനരാരംഭിച്ചാലും ബസ് യാത്ര തുടരാനാണു ഭൂരിപക്ഷം അതിഥിത്തൊഴിലാളികൾക്കും താൽപര്യം.