- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുക്കൾ ന്യൂനപക്ഷ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ടിട്ടുണ്ടോ? പദവി നിഷേധിക്കപ്പെട്ടാൽ ചോദ്യം ചെയ്യാം; നിർണായക നീക്കവുമായി സുപ്രീംകോടതി; ഹിന്ദുക്കൾ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രവും; അന്തിമ വിധി കേരളത്തിനും നിർണായകം
ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പദവിയുടെ കാര്യത്തിൽ പുനരവലോകനത്തിന് സാധ്യത തുറന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ. ഭാഷാ, മത ന്യൂനപക്ഷങ്ങളുടെ പദവി നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിൽ ആകാമെന്ന നിരീക്ഷണത്തിലേക്കാണ് സുപ്രീംകോടതി കടന്നിട്ടുള്ളത്. ഇതിന് അനുകൂല നിലപാടുമായി കേന്ദ്രസർക്കാറും രംഗത്തുവന്നതോടെ ന്യൂനപക്ഷ പദവിയുടെ കാര്യത്തിൽ ചർച്ചകൾ.
ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജി പരിഗണിക്കവേയാണാണ് സുപ്രീംകോടതി നിർണായക ഇടപെടൽ നടത്തിയത്. അത്തരം സ്ഥലങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടെങ്കിൽ വ്യക്തമായ ഉദാഹരണങ്ങൾ നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രണ്ടാഴ്‌ച്ചക്കുള്ളിൽ റിപ്പോർട്ടു നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജനസംഖ്യ അടിസ്ഥാനത്തിലാണ് ഒരു സമുദായത്തിന് ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഹിന്ദുക്കൾ സംഖ്യാ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി അവകാശപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. അങ്ങിനെ അവകാശപ്പെട്ടിട്ടും നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. അത്തരം സംഭവങ്ങൾ ഉണ്ടെങ്കിൽ വ്യക്തമായ തെളിവുകൾ നൽകണം.
അർഹതയുള്ള സാഹചര്യത്തിൽ പദവി നിഷേധിക്കപ്പെട്ടാൽ നിങ്ങൾക്ക് അത് ചോദ്യം ചെയ്യാം. അതു സംഭവിച്ചിട്ടില്ലെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഇല്ലെന്നു മാത്രമേ കരുതാനാവൂ...' ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 'ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് ന്യൂനപക്ഷാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് ഞങ്ങൾ കാണുന്നില്ല,' ജസ്റ്റിസ് ലളിത് അഭിപ്രായപ്പെട്ടു, ' വിവിധ ഭാഷാ, മത വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ 80 ശതമാനത്തിലും' ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളമുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ, മണിപ്പുർ, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ അശ്വനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
അതേസമയം, ഹിന്ദുക്കൾ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകും. ജില്ലാതലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയാൻ കോടതി ഉത്തരവുകൾ വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. 1993ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകളെയാണ് ഇദ്ദേഹം ചോദ്യം ചെയ്യുന്നത്. ന്യൂനപക്ഷ പദവി അവകാശപ്പെട്ട് നിഷേധിക്കപ്പെടുമ്പോൾ ഹിന്ദുക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. ഹിന്ദുക്കൾക്ക് ന്യൂനപക്ഷമാകാൻ കഴിയില്ലെന്ന ധാരണയുണ്ടെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാർ വാദിച്ചു.
ഈ ഒമ്പത് സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ പ്രത്യേക ഉദാഹരണങ്ങളും എൻസിഎം റിപ്പോർട്ടും സമർപ്പിക്കാൻ ഹരജിക്കാരന് കോടതി ഇപ്പോൾ രണ്ടാഴ്ചത്തെ സമയം നൽകി. ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് സമവർത്തി പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നിർണയാധികാരമുണ്ടെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. മത, ഭാഷാ ന്യൂനപക്ഷങ്ങളെ ് സംസ്ഥാന നിയമസഭകൾക്ക് നിർണയിക്കാം. മഹാരാഷ്ട്രയിൽ യഹൂദരെയും കർണാടകയിൽ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി (ലംബാഡി), ഹിന്ദി, കൊങ്കിണി, ഗുജറാത്തി ഭാഷാവിഭാഗങ്ങളെയും ന്യൂനപക്ഷമായി പ്രഖ്യാപിച്ചത് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തെ മത, ഭാഷാ ന്യൂനപക്ഷം മറ്റൊരു സംസ്ഥാനത്തിൽ ഭൂരിപക്ഷമാണെന്നും അതിനാൽ കേന്ദ്രതലത്തിൽ അത്തരം ന്യൂനപക്ഷപദവി നിശ്ചയിക്കുന്നതിന് പരിമിതിയുണ്ടെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന എന്നീ വിഭാഗങ്ങൾക്കാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ പദവി നൽകിയിട്ടുള്ളത്. അതേസമയം ജില്ലാതലങ്ങളിൽ ന്യൂനപക്ഷപദവി തീരുമാനിക്കാമെന്ന തീരുമാനമുണ്ടായാൽ അത് കേരളത്തിലും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്. കേരളത്തെ സംബന്ധിച്ച് അടക്കം അതീവ നിർണായകമായിരിക്കും ഈ അന്തിമ വിധി എന്ന കാര്യം ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ