ഓണക്കാലത്ത് കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികൾ കടുപ്പിച്ച് പൊലീസ്. ഇതിന്റെ ഭാഗമായി നഗരത്തെ പല മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും പ്രത്യേക പാർക്കിങ് സ്ഥലമുണ്ടാവും. പ്രത്യേക പാർക്കിങ് സ്ഥലത്തല്ലാതെ മറ്റിടങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശനനടപടിയുണ്ടാവുമെന്ന് പൊലീസ് അധികാരികൾ മുന്നറിയിപ്പ് നൽകി. പാർക്കിങ് നടത്തേണ്ട സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. അജാനൂർ ലയൺസ് ക്ലബ്ബാണ് പൊലീസിനു വേണ്ടി സൂചനാബോർഡുകൾ തയ്യാറാക്കിയത്.

ക്ലബ് ട്രഷറർ ഹസ്സൻ യാഫയിൽ നിന്ന് സബ് ഇൻസ്‌പെക്ടർ കെ.ബാലകൃഷ്ണൻ ബോർഡുകൾ ഏറ്റുവാങ്ങി. എഎസ്ഐമാരായ പി.കെ.രാമകൃഷ്ണൻ, കെ.ശശിധരൻ, സി.പി.ഒ ടി.രത്‌നാകരൻ, കെ.വി.രതീഷ്ചന്ദ്രൻ, ക്ലബ് സെക്രട്ടറി കെ.വി.സുനിൽകുമാർ, ലയൺസ് പ്രവർത്തകരായ മനുപ്രഭ, സമീർ ഡിസൈൻസ്, കെ പി. മുസ്തഫ എന്നിവർ സംസാരിച്ചു.