- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019-20ൽ മാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കിൽ കോവിഡ് ഭീഷണി നിലനിന്നിരുന്ന കാലത്ത് മാസം 1034 കോടിയുടെ മദ്യം കുടിച്ചു; കൊറോണയ്ക്കും മദ്യാസക്തിയെ കുറയ്ക്കാനായില്ല; ഏപ്രിൽ മുതൽ ജനുവരി വരെ കുടിച്ചത് 10,340 കോടിയുടെ മദ്യം
കൊച്ചി: കോവിഡ് പ്രതിസന്ധിയിലാക്കിയ 2020 ഏപ്രിൽമുതൽ ഈ വർഷം ജനുവരിവരെയുള്ള കാലത്ത് മലയാളി കുടിച്ചത് 10,340 കോടിയുടെ മദ്യം. ലോക്ഡൗണിനെ തുടർന്ന് ബാറുകൾ ഏറെനാൾ അടഞ്ഞുകിടന്നിട്ടും വാർഷിക കണക്കുകളിൽ വിൽപ്പനയിൽ കുറവില്ല. കോവിഡ് ഭീഷണി ഇല്ലാതിരുന്ന 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ 14,700 കോടിയുടെ മദ്യമാണ് മലയാളി ഉപയോഗിച്ചത്.
2019-20ൽ മാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കിൽ കോവിഡ് ഭീഷണി നിലനിന്നിരുന്ന കാലത്ത് മാസം 1034 കോടിയുടെ മദ്യം കുടിച്ചു തീർത്തു. 2016 ഏപ്രിൽ മുതൽ 2021 ജനുവരിവരെ 64,627 കോടി രൂപയുടെ മദ്യം വിറ്റുവെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ അധികരത്തിലിരുന്ന 2011 ഏപ്രിൽമുതൽ 2015 മാർച്ചുവരെ വിറ്റത് 47,624 കോടിയുടെ മദ്യമായിരുന്നു. എറണാകുളം സ്വദേശിയും പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം.കെ. ഹരിദാസിനാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ലഭിച്ചത്.
പിണറായി സർക്കാർ അധികരത്തിൽ വന്നശേഷം ആറുതവണ മദ്യത്തിന്റെ വില വർധിപ്പിച്ചു. ഇതിൽ മൂന്നുതവണ വിൽപ്പനനികുതിയിനത്തിലും ഒരുതവണ എക്സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വർധിപ്പിച്ചത്. എക്സൈസ് ഡ്യൂട്ടി ഇനത്തിലുള്ള വർധന 2018 ഓഗസ്റ്റ് മുതൽ 100 ദിവസത്തേക്കായിരുന്നു. രണ്ടുതവണ മദ്യവിതരണ കമ്പനികൾക്കുള്ള വിലയിനത്തിലുമാണ് വർധന.
ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, 2019 ഒക്ടോബർ 14 വരെ 540 ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. പിണറായി സർക്കാർ 200 ഹോട്ടലുകൾക്ക് പുതിയതായി ബാർ ലൈസൻസ് നൽകി. ഒമ്പത് ക്ലബ്ബുകൾക്കും ഈ കാലയളവിൽ മദ്യം വിളമ്പാൻ ലൈസൻസ് നൽകി.
പിണറായി സർക്കാരിന്റെ കാലത്ത് മദ്യവിൽപ്പന (കോടിയിൽ)
2016-17 12,142
2017-18 12,937
2018-19 14,508
2019-20 14,700
2020-21 10,340 (ജനുവരിവരെ)