തിരുവനന്തപുരം: പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് നടപ്പാക്കുന്നതെന്ന് ഏപ്പോഴും ആവർത്തിക്കുന്നവരാണ് പിണറായി സർക്കാർ. കെ റെയിലിൽ പോലും ഇത് പറയും. എന്നാൽ മദ്യനയത്തിൽ പ്രകടന പത്രികയിലെ മദ്യവർജ്ജന നയം അട്ടിമറിക്കുകയും ചെയ്യും. അതാണ് പിണറായി സർക്കാർ. സംസ്ഥാനത്ത് മദ്യോത്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടാനും ബ്രുവറി (വൈൻ-ബിയർ പോലുള്ള മദ്യം ഉത്പാദിപ്പിക്കുന്ന ശാലകൾ) ലൈസൻസ് അനുവദിക്കാനും തീരുമാനിക്കുമ്പോൾ അട്ടിമറിക്കുന്നത് വർജ്ജനത്തിലെ പ്രഖ്യാപനങ്ങളാണ്. ഐ.ടി. പാർക്കുകളിൽ മദ്യവിതരണത്തിന് പ്രത്യേക ലൈസൻസ് അനുവദിക്കും. ഇതടക്കമുള്ള മദ്യനയം ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു.

പുതിയ മദ്യനയത്തോടെ മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുഞ്ഞ മദ്യവുമെത്തും. പുതുതായി 170 ഓളം ഔട്ട്‌ലറ്റുകൾ ആരംഭിക്കണമെന്ന ബിവ്‌റജസ് കോർപറേഷന്റെ നിർദ്ദേശത്തിനും അനുമതിയായി. കൂടാതെ ഐടി മേഖലയിൽ മദ്യശാലകൾക്ക് അനുമതിയായി. ഐടി പാർക്കുകളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. 10 വർഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസൻസ് നൽകുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്‌ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.

ക്രൈസ്തവ സഭകളും മറ്റ് മത സംഘടനകളും മദ്യനയത്തെ എതിർക്കുമെന്ന് ഉറപ്പാണ്. മദ്യവർജ്ജനത്തെ അട്ടിമറിക്കുന്നതാണ് നയമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യവർജ്ജനത്തിൽ നിന്നു കൊണ്ടു തന്നെ പുതിയ മദ്യനയ ന്യായീകരണങ്ങൾ സർക്കാർ വിശദീകരണത്തിന് തയ്യാറാക്കുന്നുണ്ടെന്നാണ് സൂചന. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയവയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം, വൈൻ ഉത്പാദിപ്പിക്കുന്നതിന് അനുമതിനൽകുമെന്ന തീരുമാനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് സർക്കാർ പറയുന്നു. വിദേശമദ്യവിൽപ്പന ശാലകളിൽ ക്യൂ ഇല്ലാതെ മദ്യം വാങ്ങിപ്പോകുന്നതിന് സംവിധാനമൊരുക്കും. ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്ന പ്രശ്‌നത്തിന് പരിഹാരമായാണ് നിലവിലുള്ളവയിൽ ഉത്പാദനം വർധിപ്പിക്കാനും പുതിയ യൂണിറ്റുകൾ ആരംഭിക്കാനുമുള്ള തീരുമാനം. തൊഴിലവസരങ്ങൾ കൂടുമെന്നും സർക്കാർ കരുതുന്നു.

ഐ.ടി. പാർക്കുകളിൽ പ്രത്യേകം നീക്കിവെക്കുന്ന സ്ഥലങ്ങളിൽ കർശനമായ വ്യവസ്ഥകളോടെയാകും മദ്യം നൽകുന്നതിന് അനുമതിനൽകുക. സംസ്ഥാനം നിക്ഷേപസൗഹൃദമാക്കുന്നതിന് ഇത്തരം ലൈസൻസുകൾ ആവശ്യമാണെന്നും മദ്യനയം വ്യക്തമാക്കുന്നു. ട്രാവൻകൂർ ഷുഗേഴ്സിലെ ജവാൻ റം ഉത്പാദനം കൂട്ടാനും മലബാർ ഡിസ്റ്റിലറിയിൽ മദ്യോത്പാദനം ആരംഭിക്കാനും നടപടി സ്വീകരിക്കും.

ചില്ലുകുപ്പികളിലും കാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് വർധിപ്പിക്കില്ല. 2023-24 വർഷംമുതൽ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിതരണംചെയ്യാൻ അനുവദിക്കില്ല. വിദേശമദ്യവിൽപ്പനശാലകളിലെ തിരക്കൊഴിവാക്കുന്നതിന്, പൂട്ടിപ്പോയവ പ്രീമിയം ഷോപ്പുകളായി തുറക്കും. ഇതോടെ മുക്കിലും മൂലയിലും മദ്യശാലകളാകും. ഖജനാവിന് ആശ്വാസം മദ്യത്തിൽ നിന്നുള്ള നികുതിയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എട്ടു താലൂക്കുകളിൽ എക്സൈസ് സർക്കിൾ ഓഫീസുകൾ. കൂടുതൽ വാഹനങ്ങളും 100 പിസ്റ്റളുകളും വാങ്ങും. ബാർ ലൈസൻസ് ത്രീസ്റ്റാർ ഹോട്ടലുകൾക്ക് മാത്രം. കള്ളുചെത്ത് വ്യവസായ വികസന ബോർഡ് പ്രവർത്തനം തുടങ്ങും. ബോർഡ് പ്രവർത്തനസജ്ജമാകാത്തതിനാൽ 2022-23 വർഷംകൂടി നിലിലെ ലൈസൻസികൾക്ക് ഷാപ്പുകൾ നടത്തുന്നതിന് അനുമതി നൽകും. കള്ളിന്റെ ഉത്പാദനം, അന്തർജില്ലാ/അന്തർ റെയ്ഞ്ച് നീക്കം എന്നിവ നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം ഏർപ്പെടുത്തും.

മദ്യോത്പാദനവുമായി ബന്ധപ്പെട്ട അനുബന്ധവ്യവസായങ്ങൾ ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കും. മദ്യവിൽപ്പന കൂടുമ്പോഴും ബിവറേജസ് കോർപ്പറേഷന്റെ ലാഭം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എക്സൈസ് വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളും ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ വഴി ലഭ്യമാക്കും. വിദേശമദ്യവിൽപ്പനശാലകളിൽ കംപ്യൂട്ടർവത്കരണം നടപ്പാക്കും.

പൊതുജനങ്ങൾക്ക് അനധികൃത ലഹരിവസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവയെക്കുറിച്ച് ഓൺലൈനായി പരാതിസമർപ്പിക്കുന്നതിന് പീപ്പിൾസ് ഐ എന്നപേരിൽ ആപ്പ് വികസിപ്പിക്കും. വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തികകൾ വർധിപ്പിക്കും. അധികതസ്തിക സൃഷ്ടിച്ച് പട്ടികവർഗവിഭാഗത്തിൽപ്പെട്ട 100 യുവജനങ്ങളെ സമിവിൽ എക്സൈസ് ഓഫീസർമാരായി നിയമിക്കും.

മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന നയത്തിൽ നിന്നു എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ലെന്നും സംസ്ഥാനത്തിപ്പോൾ മദ്യത്തിന്റെ ഉപഭോഗം കുറവാണെന്നും എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിൽ 78 ഔട്ട്ലെറ്റുകൾ കുറവാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെവ്കോ ഔട്ട്ലറ്റിലെ തിരക്ക് കുറക്കുകയാണ് പുതിയ മദ്യ നയത്തിന്റെ ലക്ഷ്യമെന്നും ക്യൂ ഒഴിവാക്കി, പരമാവധി സൗകര്യമുള്ള ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകൾ തുടങ്ങുകയെന്നും കാർഷിക ഉത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കാർഷിക ഉൽപന്നങ്ങളിൽ നിന്നു ലഹരി കുറഞ്ഞ മദ്യവും വൈനും ഉൽപാദിപ്പിക്കുമെന്നും കപ്പയിൽ നിന്നു മദ്യം ഉൽപാദിപ്പിക്കാനാകുമോ എന്നും പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഓർത്തഡോക്‌സ് സഭ എതിര്

പുതിയ മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്സ് സഭ രംഗത്ത്. കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ പറഞ്ഞു. മദ്യവർജനമാണ് സഭ കാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാ തർക്കത്തിൽ നിയമനിർമ്മാണം നടത്തിയാൽ നിയമപരമായി നേരിടുമെന്നും സുപ്രിംകോടതി വിധിക്ക് മുകളിൽ നിയമനിർമ്മാണം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണം എന്തിനാണ് എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഹസിച്ച് എസ് ഡി പി ഐ

ഇടതു സർക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ. മദ്യശാലകളുടെ എണ്ണം കൂട്ടി മദ്യവർജ്ജനം സാധ്യമാക്കുന്ന വൈരുദ്ധ്യാത്മക ഭരണപരിഷ്‌കാരമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ ശക്തമായ പ്രചരണം നടത്തി ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ - വിമുക്തിക്ക് രൂപം നൽകിയ സർക്കാരാണ് ഐടി മേഖലയിലുൾപ്പെടെ മദ്യം സുലഭമാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

നാട്ടിൽ മുഴുവൻ മദ്യശാലകൾ തുറന്ന ശേഷം മദ്യാസക്തിക്ക് അടിമപ്പെട്ടവർക്ക് ചികിൽസ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ എല്ലാ ജില്ലകളിലും അനുവദിച്ച സർക്കാരിന്റെ അതിസാഹസികത പരിഹാസ്യമാണ്. കൂടുതൽ ബ്രുവറി ലൈസൻസ് അനുവദിക്കാനും മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബിവറേജസ് കോർപറേഷൻ വഴി ആരംഭിക്കാനുമുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കാർഷിക വിളകളിൽ നിന്ന് മദ്യ ഉൽപ്പാദിപ്പിച്ച് കാർഷിക മേഖലയെ രക്ഷപ്പെടുത്താനുള്ള തീരുമാനം മറ്റൊരു ദുരന്തമായി മാറും. നീര ഉൽപ്പാദനം എവിടെയെത്തിയെന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. മദ്യ ഉൽപ്പാദനവും വിപണനവും വർധിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഇടതു സർക്കാർ വാദം അപഹാസ്യമാണ്. മദ്യം സുലഭമാക്കാനുള്ള തീരുമാനം സ്ത്രീകളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണെന്നും കേരളത്തിന്റെ സമാധാനത്തിന് ഭീഷണിയായി മാറുമെന്നും എ കെ സലാഹുദ്ദീൻ പറഞ്ഞു.