- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖജനാവ് നിറയ്ക്കാൻ വീണ്ടും മദ്യപരെ പിഴിയാൻ ഒരുങ്ങി സർക്കാർ; മദ്യവില കൂട്ടണമെന്ന് ബെവ്‌കോ സർക്കാരിന് ശുപാർശ നൽകി; നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്താൻ നിർദ്ദേശം; ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും
തിരുവനന്തപുരം: കോവിഡ് കാലത്ത് അടക്കം സംസ്ഥാന സർക്കാർ കാര്യങ്ങൾ നിർവ്വഹിച്ചു പോകുന്നത് മദ്യം വിറ്റു കിട്ടുന്ന പണം കൊണ്ടാണ്. തെരഞ്ഞെടുപ്പു അടുത്തതോടെ നിരവധി വാഗ്ദാനങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിനായി പണം കണ്ടെത്താൻ മദ്യം വിൽക്കുകയല്ലാതെ മറ്റു വഴിയും സർക്കാറിനില്ല. അതുകൊണ്ട് തന്നെ മദ്യപർക്ക് തിരിച്ചടിയാകുന്ന മറ്റൊരു നടപടി കൂടി വരാനിരിക്കയാണ്. സംസ്ഥാനത്തെ മദ്യവില കൂട്ടാൻ ഒരുങ്ങുകയാണ് ബെവ്‌കോ.
വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി. മദ്യ കമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാർശ. നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്താനാണ് ബെവ്‌കോയുടെ ശുപാർശ. ഇതുനടപ്പായാൽ ആനുപാതികമായി നികുതിയും കൂടുന്നതോടെ സംസ്ഥാനത്ത് മദ്യവില ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും.
മദ്യനിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20-30 ശതമാനം വില വർധിപ്പിക്കണമെന്നായിരുന്നു മദ്യകമ്പനികൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന ബെവ്‌കോ ഡയറക്ടർ ബോർഡ് യോഗത്തിൽ ഏഴ് ശതമാനം വില വർധന അംഗീകരിക്കുകയായിരുന്നു.
മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കാട്ടി നേരത്തെ ബെവ്‌കോ എംഡിക്ക് മദ്യകമ്പനികൾ കത്ത് നൽകിയിരുന്നു. മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതാണ് ഇത്തരമൊരു കത്തുനൽകാൻ മദ്യകമ്പനികളെ പ്രേരിപ്പിച്ചത്. മദ്യനിർമ്മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികൾ ബെവ്‌കോ എംഡിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ