- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയാൽ 40 ശതമാനം വരെ ലാഭം; കടത്ത് തടയേണ്ട എക്സൈസ് വിഭാഗത്തിനുള്ളത് നസീർ കാലഘട്ടത്തിലെ ജീപ്പും; കാസർകോട്ടെ എക്സൈസ് ഉദ്യോഗസ്ഥരുടെ ജീപ്പ് ഇടിച്ചു തകർത്തു കള്ളക്കടത്ത് സംഘം
ഉപ്പള: എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാർ എക്സൈസ് ജീപ്പിലിടിച്ചു. മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കും കാറിലെ രണ്ടുപേർക്കും പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം. കാസർകോട് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, ജീപ്പ് ഡ്രൈവർ ദിജിത്ത് എന്നിവരെയും കാറിലുണ്ടായിരുന്ന രണ്ടുപേരേയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 110 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടിച്ചെടുത്തു. സ്വിഫ്റ്റ് ഡിസയർ കാറിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സോങ്കാലിൽ പരിശോധനക്ക് എത്തിയത്. അതിനിടെ അമിത വേഗതയിൽ എത്തിയ കാറിന് കുറുകെ എക്സൈസ് ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിലിടിച്ച് രക്ഷപ്പെടാൻ മദ്യക്കടത്ത് സംഘം ശ്രമിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറും ജീപ്പും തകർന്നു. അകത്തുണ്ടായിരുന്ന രണ്ടുപേരേയും പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരേയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കർണാടകയിൽ മദ്യത്തിന് 40 ശതമാനത്തോളം വില കുറവുള്ളതിനാൽ വലിയ രീതിയിൽ കള്ളക്കടത്തണ് കാസർകോട് കേന്ദ്രീകരിച്ച് നടക്കുന്നത്.
നൂറുരൂപയ്ക്ക് 250 മില്ലി ലിറ്റർ ലഭിക്കുന്ന വിസ്കിയുടെ ഫ്രൂട്ടി രൂപത്തിലുള്ള പാക്കറ്റ് നാണ് ഏറ്റവും ആവശ്യക്കാർ ഉള്ളത് . ദിവസവും ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് ഇങ്ങനെ കാസർകൊട് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ ഇതിനെ തടയേണ്ട എക്സൈസ്- പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളതാകട്ടെ നസീർ കാലഘട്ടത്തിലെ ജീപ്പുകളും സമാനരീതിയിലുള്ള മറ്റു വാഹനങ്ങളുമണ്. ഒന്നോ രണ്ടോ നല്ല വാഹനങ്ങൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും കാലപ്പഴക്കത്താൽ ഉപേക്ഷിക്കേണ്ട ഘട്ടം കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിൽ വളരെ പിന്നോക്കം നിൽക്കുമെങ്കിലും കുറ്റകൃത്യങ്ങൾ തടയുന്നതിൽ കാസർകോട് എക്സൈസ് വകുപ്പ് വളരെ മുൻപന്തിയിലാണ്.
കേരളത്തിന്റെ അതിർത്തി ജില്ലയായ കാസർകോടിന് ഗൗരവമായ പരിഗണന നൽകേണ്ടപ്പോൾ ഇങ്ങനെ ഒരു ജില്ല ഉള്ളതായിട്ട് കേരള സർക്കാരിന് അറിയുമോ എന്നാണ് ജനം ചോദിക്കുന്നത്. കാസർഗോഡ് പൊലീസ് ഉപയോഗിക്കുന്ന പെട്രോളിങ് വാഹനങ്ങൾ നാട്ടുകാർക്ക് ചിരിക്കാനുള്ള ഒരു പറക്കും തളിക മാത്രമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്