തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും വഴി കൂടുതൽ മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ. ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ നിർമ്മിത വിദേശ മദ്യം ബാറുകൾ വഴി വിൽക്കാനും അനുമതി നൽകി. ബിയർ-വൈൻ പാർലറുകൾ വഴി വിദേശ നിർമ്മിത വൈനുകളും നിലവിൽ വിൽക്കാനും ഭാവിയിൽ ബിയർ എത്തിയാൽ അവ വിൽക്കുന്നതിനുള്ള അനുമതി നൽകാനും തീരുമാനിച്ചു.

ബിവറേജസ് കോർപറേഷൻ ഗോഡൗണുകൾ വഴി വിൽക്കുന്ന വിദേശ നിർമ്മിത വിദേശ മദ്യം ബാറുകൾ വഴിയും വിൽപന നടത്താമെന്ന ബാറുടമകളുടെ വാദം അംഗീകരിച്ചു എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. ബാറുകൾ വഴി വിദേശ നിർമ്മിത വിദേശ മദ്യം വിൽപന നടത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണു ഇതു വിൽപന നടത്താൻ ബാറുകൾക്കും അനുമതി നൽകി എക്‌സൈസ് കമ്മീഷണർ സർക്കുലർ പുറത്തിറക്കിയത്. ഇതോടെ വിദേശ നിർമ്മിത വിദേശ മദ്യം ബാറുകൾ (എഫ്എൽ- മൂന്ന്) വഴി വിൽപന നടത്താൻ അനുമതിയായി.

പ്രളയത്തിന് ശേഷമുള്ള പുനർനിർമ്മാണത്തിനും മറ്റ് അനുബന്ധകാര്യങ്ങൾക്കും പണം ലഭിക്കാതെ വലയുകയാണ് സംസ്ഥാന സർ്കകാർ. വേണ്ടതിന്റ പത്തിലൊന്ന് തുക പോലും സംസ്ഥാന സർക്കാരിന്റെ പക്കലില്ല. മദ്യ വിൽപ്പനയിൽ നിന്ന് വലിയ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർ്ക്കാർ ഇപ്പോൾ നയത്തിൽ തന്നെ വ്യത്യാസം കൊണ്ട് വന്നതോടെ വലിയ രീതിയിൽ നേട്ടം ഉണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. പ്രളയകാലത്ത് ദുരിതം അനുഭവിച്ച പലരും ഇപ്പോഴും ആനുകൂല്യങ്ങൾ കിട്ടാതെ വലയുകയാണ്. ഇതിൽ സംസ്ഥാന സർക്കാരിന് പരിമിധികളുമുണ്ട്.

ബാറുകളിലൂടെ വിദേശമദ്യവും ബീയർ പാർലറുകളിലൂടെ വിദേശ ബീയറും വൈനും വിൽക്കാം. ബാർ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പനയിലൂടെ ബവ്‌റിജസ് കോർപ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സർക്കാർ ഖജനാവിലുമെത്തും.

2018 19ലെ ബജറ്റ് നിർദ്ദേശം അനുസരിച്ച് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിന്റെ ഇ ടെണ്ടർ പോർട്ടൽ വഴി മദ്യ കമ്പനികളിൽനിന്നും ഡീലർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി 28നാണ്. പരിശോധനകൾക്കുശേഷം 17 സ്ഥാപനങ്ങൾക്ക് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. 227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്.