- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ ബാറുകൾ തുറന്നിട്ടും മദ്യവിൽപ്പന കൂടുന്നില്ല! മദ്യവിൽപ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി വിധിയും അനുസരിക്കണം; മദ്യാസക്തി മദ്യവർജനത്തിലൂടെ കുറക്കുമെന്ന പ്രകടന പത്രിക വാഗ്ദാനം മറക്കും; കൂടുതൽ ബാറുകളും ഔട്ട് ലെറ്റുകളും തുറക്കും; പബ്ബും വന്നേക്കും; മദ്യ നയം പിണറായിയുടെ പരിഗണനയിൽ
തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി മദ്യവർജനത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുക എന്നതാണ് ഇടതു പ്രകടന പത്രികയിലെ നയപ്രഖ്യാപനം. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും പറയുന്നു. എന്നാൽ അധികാരത്തിൽ എത്തിയാൽ വേറൊരു തരം ഇടപെടലാണ് ഉണ്ടാകുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ മദ്യനയത്തിന് അന്തിമരൂപമായേക്കും. മദ്യനയത്തിന്റെ ഏകദേശ രൂപം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ്. ഇടതുപക്ഷത്ത് കൂടി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
സർക്കാരിന്റെ പുതിയ മദ്യനയം മദ്യവർജനത്തിന് അപ്പുറം പ്രോത്സാഹിപ്പിക്കലിന് വഴി വയ്ക്കുമെന്നാണ് ആശങ്ക. ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കുന്ന നയം തുടരുമെന്നാണ് സൂചന. ബിവറേജസ് കോർപ്പറേഷന് കൂടുതൽ മദ്യക്കടകൾ അനുവദിക്കുന്നത് പരിഗണനയിലുണ്ട്. അതായത് കേരളം മുഴുവൻ മദ്യക്കടകൾ ഉയരും. സംസ്ഥാന ഖജനാവിലേക്ക് നികുതിയായി ഒഴുകിയെത്തുന്നത് മദ്യ കച്ചവടത്തിൽ നിന്നുള്ള നികുതിയാണ്. അത് കൂട്ടാനാണ് ഈ നീക്കം.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവരുമ്പോൾ 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമായി ബാർലൈസൻസ് നൽകിയിരുന്ന യു.ഡി.എഫിന്റെ മദ്യനയം തിരുത്തിയ എൽ.ഡി.എഫ്. സർക്കാർ, ത്രീ സ്റ്റാർ പദവിയുള്ള സ്ഥാപനങ്ങൾക്ക് ബാർ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബാറുകളുടെ എണ്ണം കുത്തനെ വീണ്ടും ഉയർന്നു.
യുഡിഎഫ് സർക്കാർ പൂട്ടിയ 712 ബാറുകളിൽ ത്രീ സ്റ്റാർ പദവി നേടിയവർക്ക് ബാർ ലൈസൻസിന് അർഹതയുള്ള വിധത്തിൽ മദ്യനയത്തിൽ മാറ്റംവരുത്തി. 188 പുതിയ ബാറുകളും 46 ബിയർ-വൈൻ പാർലറുകളും പുതുതായി അനുവദിച്ചു. നിലവിൽ 665 ബാറുകളാണ് സംസ്ഥാനത്തുള്ളത്. ഇത് ഇനിയും കൂടും. ഇതിനൊപ്പം ബിവറേജസ് ഔട്ട് ലെറ്റുകളും. അങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം കിട്ടുന്ന സ്ഥിതി വരുമെന്നാണ് വിലയിരുത്തൽ.
ബാർ ലൈസൻസ് ലക്ഷ്യമിട്ട് 20-ഓളം സ്ഥാപനങ്ങൾ അടുത്തിടെ നക്ഷത്രപദവി നേടിയിട്ടുണ്ട്. ഇവ ഉടൻ അപേക്ഷനൽകും. കൂടുതൽ ബാറുകൾ തുറന്നിട്ടും മദ്യവിൽപ്പന കൂടുന്നില്ല. അതിനാൽ ബാറുകളുടെ കാര്യത്തിൽ നയംമാറ്റേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. പുതിയ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ് ഫീസും സർക്കാരിന് വരുമാനമാണ്. അങ്ങനെ ഖജനാവിന് കരുത്താകുന്ന തീരുമാനവുമായി മുമ്പോട്ട് പോകാനാണ് നീക്കം.
മദ്യവിൽപ്പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി വിധിയെ ഗൗരവത്തോടെയാണ് സർക്കാര് കാണുന്നത്. അതുകൊണ്ട് തന്നെ പ്രകടന പത്രികയിലെ മദ്യവർജനം മറക്കും. ഈ കോടതി ഉത്തരവ് ചർച്ചയാക്കി ബിവറേജസുകളുടെ എണ്ണവും കൂട്ടും. തിരക്ക് കുറഞ്ഞില്ലെങ്കിൽ കുറയുന്നതു വരെ കൂട്ടും. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൂട്ടിയതുൾപ്പെടെ 267 ഷോപ്പുകൾ തുറക്കാൻ അനുമതിതേടി ബിവറേജസ് കോർപ്പറേഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. നേരത്തേ പൂട്ടിപ്പോയവയുടെ വിശദാംശങ്ങൾ നൽകാൻ കഴിഞ്ഞയാഴ്ച കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
പഴവർഗങ്ങളിൽനിന്നു വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതു പരിഗണനയിലുണ്ട്. ഐ.ടി. മേഖലയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും മദ്യഷോപ്പുകൾ അനുവദിക്കുന്നതിലും ചർച്ച പുരോഗമിക്കുന്നു. പബ്ബുകളും വന്നേക്കും. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പലപ്പോഴായി ചർച്ചയാക്കിയ നിർദ്ദേശമാണ്.
മറുനാടന് മലയാളി ബ്യൂറോ